Friday 29 June 2018 11:11 AM IST : By സ്വന്തം ലേഖകൻ

‘പറമ്പിന്റെ ഓരത്തു നിന്നും ആ മധുര സ്വരം’; ചന്ദ്രലേഖയെ വൈറലാക്കിയ സോഷ്യൽ മീഡിയ ഇപ്പോൾ ഈ ഗായകനു പിന്നാലെ–വിഡിയോ

rakesh-singer

ചന്ദ്രലേഖയെ അറിയില്ലേ? അടുക്കളയുടെ ഓരത്ത് നിന്ന് തന്റെ കുഞ്ഞിനെ ഒക്കത്തിരുത്തി മധുര സ്വരം പങ്കുവച്ച ഗായിക. `രാജഹംസമായ്` വന്ന് മലയാളക്കരയുടെ മനം കവർന്ന ആ വീട്ടമ്മ ഇന്ന് ഏവരും അറിയുന്ന ഒരു പിന്നണിഗായിക കൂടിയാണ്. മലയാളക്കരയും കടന്ന് തമിഴകം വരെയെത്തി ആ മധുരസ്വരം.

നേരമൊന്നിരുട്ടി വെളുക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയ താരമാക്കിയ എത്രയോ പേരുണ്ട്. അതിലെ പല ഉദാഹരണങ്ങളിൽ ഒരാൾ മാത്രമാണ് ചന്ദ്രലേഖ. പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കുന്ന, ആരാലും അറിയപ്പെടാത്ത ഒരുപിടി കലാകാരൻമാർ അകലെയെവിടെയോ മറഞ്ഞിരിപ്പുണ്ടാകും. അവരുടെ ‘നമ്പരെത്തിയാൽ’ അവരും സ്റ്റാറാകും. സോഷ്യൽ മീഡിയയിലൂടെ അവരെയും ലോകമറിയും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഒരു ഗായകനു പിന്നാലെയാണ്. ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ആ കലാകാരന്റെ പേര് രാകേഷ്. പത്തനംതിട്ട നൂറനാട് സ്വദേശിയാണ്. നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണി.

സാധാരണക്കാരിൽ സാധാരണക്കാരനായ രാകേഷ് ജോലി ചെയ്യുന്ന പറമ്പിന്റെ ഓരം ചേർന്നിരുന്ന് പാടിയ ഒരു പാട്ടിലാണ് സോഷ്യൽ മീഡിയയുടെ കണ്ണും കാതും ഉടക്കിയിരിക്കുന്നത്. കമൽഹാസൻ ചിത്രം വിശ്വരൂപത്തില്‍ ശങ്കർ മഹാദേവൻ പാടി ഹിറ്റാക്കിയ ‘ഉനൈ കാണാത്’ എന്ന ഗാനമാണ് രാകേഷ് പാടുന്നത്.

രാകേഷിന്റെ മധുര സ്വരത്തെ ഇരു കൈയ്യും നീട്ടിയാണ് കാഴ്ച്ചക്കാർ സ്വീകരിച്ചിരിക്കുന്നത്. ആരാലും അറിയപ്പെടാത്ത അനുഗ്രഹീത ഗായകനെന്ന ഖ്യാതിയാണ് സോഷ്യൽ മീഡിയ രാകേഷിന്റെ പാട്ടിനൊപ്പം ചേർത്തു വച്ചിരിക്കുന്നത്. സാധാരണ കൂലിത്തൊഴിലാളിയായ രാകേഷ് എത്തിയ വഴി മാറിപ്പോയി എന്ന് കമന്റെ് ചെയ്യുന്നവരും കുറവല്ല.

രാകേഷിന്റെ ഗാനം കേൾക്കാം;