ADVERTISEMENT

ലോക് ഡൗണില്‍ അടഞ്ഞു കിടക്കുന്ന ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും കണ്ട് നെടുവീര്‍പ്പിടുകയാണ് പലരും. ഒന്ന് മുടിവെട്ടി സുന്ദരനാകാമെന്ന് വച്ചാലോ, നടപ്പുള്ള കാര്യവുമല്ല. താടിയും മുടിയും വളര്‍ത്തി ലോക് ഡൗണും കൊറോണയും ഒഴിഞ്ഞു പോകുന്ന നല്ല നാളിനായി കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഈ സാഹചര്യത്തിലാണ് കെട്ട്യോന്‍മാരെ മുടിവെട്ടി സുന്ദരന്‍മാരാക്കാനുള്ള ഡ്യൂട്ടി ഭാര്യമാര്‍ ഏറ്റെടുക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് വിരാട് കോഹ്ലിയെ മുടിവെട്ടി സുന്ദരനാക്കിയ അനുഷ്‌കയായിരുന്നു കേരളത്തിലെ യുവതികളുടേയും വഴികാട്ടി. സംഭവം വൈറലായതോടെ പല ഭാര്യമാരും ട്രിമ്മറും കത്തിയുമായി ഭര്‍ത്താക്കന്‍മാരുടെ തലമുടി ലക്ഷ്യമാക്കി പാഞ്ഞു. അങ്ങനെയുള്ള മുടിവെട്ട് കഥയില്‍ അമളി പിണഞ്ഞാല്‍ എങ്ങനെയിരിക്കും. അക്കഥയാണ് ആര്‍ജെ ആല്‍ബിയും ഭാര്യ സാനിയ ജോര്‍ജും പങ്കുവയ്ക്കുന്നത്. 

വിരാടിനെ പോലെ സുന്ദരനാക്കാം എന്ന് വാക്കു നല്‍കിയാണ് സാനിയ ആല്‍ബിയുടെ 'തലയില്‍ കൈവയ്ക്കുന്നത്.' പക്ഷേ പാതിക്കു വച്ച് ഡ്രിമ്മറിന്റെ ചാര്‍ജ് പോയതോടെ പണിപാളി. രസകരമായ ആ നിമിഷം ചിത്രമായി സോഷ്യല്‍ മീഡിയക്കു മുന്നിലേക്കെത്തിയതോടെ ചിരിപൊട്ടുകയായിരുന്നു. സംഭവം സരസമായി പങ്കുവച്ച ആല്‍ബിയുടെ കുറിപ്പ് ഇങ്ങനെ. 'അനുഷ്‌ക ശര്‍മ്മ വിരാട് കോലിയുടെ മുടി വെട്ടിയത് പോലെ വെട്ടാം എന്ന് പറഞ്ഞു തുടങ്ങീതാ... പെരുന്തച്ചനാക്കി നിര്‍ത്തീട്ട് ചാര്‍ജ് തീര്‍ന്നെന്ന്.' എന്തായാലും ഭര്‍ത്താക്കന്‍മാരെ സുന്ദരന്‍മാരാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഭാര്യമാര്‍ക്ക് ഇത് അനുഭവ പാഠം ആകുമെന്നാണ് ലഭിക്കുന്ന കമന്റുകള്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT