Saturday 27 April 2019 04:30 PM IST

‘കൈയും കാലും ചുണ്ടുമൊക്കെ എല്ലാ ഷോട്ടിലും ഒരുപോലെ ഇരിക്കണം; ‘പാപ്പ’ എനിക്ക് വലിയ വെല്ലുവിളിയായിരുന്നു!’

Ammu Joas

Sub Editor

pappa4356
ഫോട്ടോ: നീൽ

മമ്മൂട്ടിയുടെ ‘പാപ്പ’, സാദന ലക്ഷ്മി വെങ്കടേഷ് ഇതാ...

റാമിന്റെ ചെല്ലമ്മ

ദുബായിലെ വീട്ടിലേക്ക് ഒരു ഫോൺ കോൾ. ഫോണെടുത്തതും ‘ചെല്ലമ്മ, നെക്സ്റ്റ് നാഷനൽ അവാർഡ് വാങ്ക ടൈമാച്ച്’ എന്നായിരുന്നു ആദ്യ ഡയലോഗ്. ‘എന്റെ പുതിയ സിനിമ ‘പേരൻപി’ൽ നീയാണ് നായിക. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക മാനസ്സിക അവസ്ഥ ബാധിച്ച പാപ്പ എന്ന കുട്ടിയാണ് കഥാപാത്രം. ’ സംവിധായകൻ റാമങ്കിൾ പറഞ്ഞു. 

എട്ടാം വയസ്സിൽ ‘തങ്കമീങ്കൾ’ സിനിമയുടെ ഒഡിഷനു പോയ നാൾ മുതൽ റാമങ്കിളിനോട് അച്ഛനെപ്പോലെ സ്നേഹമാണ് എനിക്ക്. നാഷനൽ അവാർഡ് സമ്മാനിച്ച ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് ചെല്ലമ്മ. ഞാൻ കണ്ണും പൂട്ടി ‘യെസ്’ പറഞ്ഞു. ശരിക്കും ഞെട്ടിയത് അടുത്ത ഡയലോഗിലാണ്...

മമ്മൂക്കയുടെ ചെല്ലക്കുട്ടി

‘പാപ്പയുടെ അച്ഛന്‍ അമുതവനായി അഭിനയിക്കുന്നത് മമ്മൂട്ടി സാറാണ്’ എന്നു പറഞ്ഞതും എന്റെ കിളി പോയി. ഇത്രയും വലിയ ആക്ടിങ് കരിയറുള്ള മെഗാസ്റ്റാറിനൊപ്പം വെറും രണ്ടാമത്തെ സിനിമ ചെയ്യുന്ന ഞാൻ ലീഡ് റോളിൽ? വിശ്വസിക്കാനായില്ല. പിന്നീടിങ്ങോട്ട് ഷൂട്ടിന്റെ 80 ദിവസങ്ങൾ, ഫിലിം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്ര അനുഭവങ്ങൾ തന്നു. ചില ഷോട്ടിൽ മമ്മൂക്ക സാർ ചുമ്മാ പോയി നടന്നു വന്നതുപോലെയേ ഷൂട്ടിങ് സമയത്തു തോന്നിയുള്ളൂ. പക്ഷേ, സിനിമ കണ്ടപ്പോൾ ‘ദൈവമേ ഈ എക്സപ്രഷൻസൊക്കെ സാർ എപ്പോ ചെയ്തു’ എന്നോർത്ത് താടിക്ക് കയ്യും കൊടുത്തിരുന്നു പോയി ഞാൻ.

അമുതവന്റെ പാപ്പ

മൂന്നു മാസത്തിലേറെ ഹോംവർക് ചെയ്തശേഷമാണ് പാപ്പയാകുന്നത്. ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ നടക്കുന്നതും പെരുമാറുന്നതുമൊക്കെ അവർക്കൊപ്പം നിന്ന് കണ്ടുപഠിച്ചു. ഈ സിനിമയിലെ വലിയ വെല്ലുവിളി കണ്ടിന്യൂവിറ്റിയായായിരുന്നു. കൈയും കാലും ചുണ്ടുമൊക്കെ എല്ലാ ഷോട്ടിലും ഒരു പോലെ ഇരിക്കണം. അഭിനയമുഹൂർത്തങ്ങൾ മാറിയാലും ബോഡി പോസ്ചർ മാറരുതല്ലോ.

റാമങ്കിളിന്റെ മനസ്സിൽ വളരെ മുൻപ് ഉണ്ടായിരുന്ന കഥയാണ് ‘പേരൻപി’ന്റേത്. ഞാൻ തന്നെ ഈ സിനിമയിൽ അഭിനയിക്കണമെന്ന റാമങ്കളിന്റെ ആഗ്രഹമാണ് ‘പേരൻപ്’ സിനിമയാകാൻ വൈകിയതിന്റെ ഒരു കാരണമെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.  പാപ്പയെന്ന കൗമാരക്കാരിയാകാൻ ഞാനിപ്പോഴല്ലേ വളർന്നത്. അതേ പോലെ അഭിമാനം തോന്നിയ നിമിഷമാണ് ‘ഇത്ര റിയലിസ്റ്റിക്കായി അഭിനയിക്കേണ്ട. കൊഞ്ചം കമ്മി പണ്ണ്’ എന്നു മമ്മൂക്ക സാർ പറഞ്ഞപ്പോൾ. അത് ഉപദേശമായല്ല, അംഗീകാരമായാണ് എനിക്ക് തോന്നിയത്.  

അമ്മയുടെ നർത്തകി

അഭിനേത്രി ആകുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ഞാനൊരു നർത്തകിയാകും. അതുറപ്പ്... അമ്മ ലക്ഷ്മി ഡാൻസറാണ്. വയറ്റില്‍ കിടക്കുമ്പോഴേ ഞാന്‍ ഡാൻസ് കളിക്കുമായിരുന്നെന്ന് അമ്മ തമാശയായി പറയാറുണ്ട്. നാലര വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങി, ഇപ്പോഴും തുടരുന്നു. അമ്മ ലക്ഷ്മി ദുബായിയിൽ ശ്രീപാദം എന്ന ഡാൻസ് അക്കാദമി നടത്തുന്നു. അച്ഛൻ വെങ്കടേഷ് ബിസിനസ് മാനാണ്. എനിക്കൊരു ചേച്ചിയുണ്ട്, സഹാന.

മലയാളിയുടെ സ്വന്തം പെണ്ണ്

എന്റെ അമ്മയുടെ അച്ഛൻ പാലക്കാടുകാരനാണ്. അച്ഛന്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് കോട്ടയത്താണ്. മലയാളികൾ നിരവധിയുണ്ട് കുടുംബത്തിൽ. ഞാൻ പഠിക്കുന്ന ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ ഒരു കൊച്ചു കേരളമാണ്. മലയാളീസാണ് സുഹൃത്തുക്കളെല്ലാം. കേരളത്തിലെ പ്രേക്ഷകരുമുണ്ട് കേട്ടോ ഇപ്പോള്‍ പ്രിയപ്പെട്ടവരായി. പിന്നെ, മലയാളി സ്പെഷൽ കട്ടൻ ചായയും ബനാന ചിപ്സും പണ്ടേ എന്റെ വീക്നെസ് ആണ്. മറ്റൊരു വീക്നെസ് കൂടിയുണ്ട്, നിവിൻ പോളി. അദ്ദേഹത്തിന്റെ സിനിമകൾ കുറഞ്ഞത് അഞ്ചു തവണയെങ്കിലും കാണും  ഞാൻ...