Saturday 11 September 2021 02:07 PM IST

‘നയൻതാരയെ കാണാൻ തിരുവല്ലയിലെ വീടിന്റെ മുന്നിൽ പോയി കാവല്‍ നിന്നിട്ടുണ്ട്; വൈകുന്നേരമായപ്പോൾ തിരിച്ചു വീട്ടിലേക്ക് പോന്നു’

Lakshmi Premkumar

Sub Editor

sharyammnbb5566 ഫോട്ടോ: വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫി

അഭിനേത്രി ആകാനുള്ള ദൃഢനിശ്ചയമാണ് സീരിയൽ താരം ശരണ്യ ആനന്ദിനെ ഗുജറാത്തിൽ നിന്നു കേരളത്തിലെത്തിച്ചത്...

മകളുടെ സിനിമാ മോഹം പൂവണിയിക്കാനായി ഗുജറാത്തിൽ നിന്ന് ഒരു കുടുംബം, ബിസിനസും കുട്ടികളുടെ പഠനവും എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് പോരുന്നു. കേൾക്കുമ്പോള്‍ സിനിമാക്കഥയെ വെല്ലുമെങ്കിലും മിനിസ്ക്രീനിലെ മിന്നും താരം ശരണ്യ ആനന്ദിന്റെ ജീവിതമാണത്. മലയാളി ആണെങ്കിലും ശരണ്യ ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലെ സൂറത്തിലാണ്. ഗോഡ്ഫാദറോ കലാപാരമ്പര്യമോ ഇല്ലാതെ, ഒറ്റയ്ക്ക് നിന്ന് പൊരുതി വിജയത്തിലേക്ക് എത്തിയപ്പോൾ ശരണ്യയുടെ യാത്രയ്ക്ക് കരുത്തു പകർന്നത് അച്ഛനമ്മമാർ എടുത്ത ആ വലിയ തീരുമാനമാണ്.

അഭിനയം കരിയർ ആക്കാൻ തീരുമാനിച്ചതെങ്ങനെയാണ് ?

ഹയർ സെക്കൻഡറി പഠനം കേരളത്തിലായിരുന്നു. ആ സമയത്ത് ആലപ്പുഴ എടത്വയിലെ അമ്മവീട്ടിൽ നിന്ന് നയൻതാരയെ കാണാൻ വേണ്ടി തിരുവല്ലയിലെ അവരുടെ വീടിന്റെ മുന്നിൽ പോയി കാവല്‍ നിന്നിട്ടുണ്ട്.

നയൻതാര ആ വീടിനകത്ത് ഉണ്ടെന്നും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങും  എന്നുമായിരുന്നു വിചാരം. വൈകുന്നേരമായപ്പോൾ തിരിച്ചു വീട്ടിലേക്ക് പോന്നു. അന്ന് എന്റെ അമ്മയുടെ അനിയത്തിയുടെ മകൻ അരുണാണ് എന്റെ ഈ ഉദ്യമത്തിന് കാവൽ വന്നത്. നയൻതാരയെ കാണാൻ കഴിയാഞ്ഞ സങ്കടം മനസ്സിലുണ്ടായിരുന്നു.

തിരിച്ചു പോരുംവഴി ഞാനവനോടു പറഞ്ഞു, ‘നോക്കിക്കോ, ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകും’. കുടുംബത്തിലാർക്കും അഭിനയവുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ല. അതുകൊണ്ടു തന്നെ ‘എനിക്ക് അഭിനയിച്ചാൽ മതി’ എന്ന് ഞാൻ പറയുമ്പോഴൊക്കെ അച്ഛനും അമ്മയും കരുതിയത് ‘കുഞ്ഞ്, ചുമ്മാ വായിൽ വരുന്നത് പറയുന്നു’വെന്നാണ്.

നടി, അവതാരക, കൊറിയോഗ്രഫർ, ഫാഷൻ ഡിസൈനർ, നഴ്സ് എന്താണ് വിളിക്കേണ്ടത് ?

എല്ലാം ജീവിതത്തിൽ ഓരോ ഘട്ടത്തിൽ ലഭിച്ച അനുഗ്രഹങ്ങളാണ്. ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിരിക്കുന്നത് ‘കുടുംബവിളക്കി’ലെ വേദിക ആയിരിക്കും. അഭിനേത്രിയായി അറിയപ്പെടുന്നതാണ് കൂടുതൽ സന്തോഷം. കൊല്ലംകാരനായ അച്ഛന്‍ ആനന്ദ് രാഘവനും ആലപ്പുഴക്കാരിയായ അമ്മ സുജാതയും ഗുജറാത്തിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വച്ച് കണ്ടുമുട്ടി വിവാഹിതരായി. ഞാനും അനിയത്തി ദിവ്യയും ജനിച്ചതും പഠിച്ചതുമെല്ലാം ഗുജറാത്തിൽ.

ഏറെ പ്രതിസന്ധികൾ തരണം ചെയ്തുവല്ലേ ?

സാധാരണ കുടുംബത്തിൽ നിന്നു വരുന്ന എല്ലാ കുട്ടികൾക്കും സിനിമ വിദൂര സ്വപ്നമാണ്. പ്ലസ് ടു കഴിഞ്ഞ് ഞാൻ നഴ്സിങ് തിരഞ്ഞെടുത്തു. പഠിക്കാൻ പോകുമ്പോഴും എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. ഞാൻ ഈ ജോലിയല്ല ചെയ്യാൻ പോകുന്നത് എന്ന തോന്നൽ.

അന്നേ ഞാൻ നന്നായി നൃത്തം ചെയ്യുമായിരുന്നു. അധ്യാപകരും കൂട്ടുകാരും ചോദിക്കും, കലാപരമായി എന്തെങ്കിലും ചെയ്തു കൂടെ എന്ന്. അങ്ങനെ നഴ്സിങ് പഠനത്തിന്റെ നാലാമത്തെ കൊല്ലം ഞാൻ അച്ഛനോടു പറഞ്ഞു. ‘എനിക്ക് ഈ പഠിത്തവും ജോലിയും ഇഷ്ടമില്ല. കോഴ്സ് തീർത്താലും ഞാൻ ഈ ജോലിക്ക് പോകില്ല. എനിക്ക് ഇഷ്ടമുള്ള എന്തെങ്കിലുമേ ചെയ്യൂ’. അച്ഛനും അമ്മയും ‘നോ’ എന്നു പറഞ്ഞില്ല. അങ്ങനെ പഠനം പാതി വഴിയിലിട്ട് സ്വപ്നങ്ങളിലേക്ക് ഇറങ്ങി. വലിയ ഫീസൊക്കെ കൊടുത്തുള്ള ആ പഠനം ഉപേക്ഷിച്ചത് റിസ്കായിരുന്നു.

ആദ്യത്തെ ശ്രമം തന്നെ വിജയിച്ചിരുന്നോ?

പഠിക്കുന്ന സമയത്ത് സീനിയർ ചേച്ചി വഴി, കുറച്ച് ഫോട്ടോസ് സിനിമയ്ക്കു വേണ്ടി അയച്ചിരുന്നു. അനിയത്തി വേഷം. ഒരു ദിവസം അണിയറ പ്രവർത്തകർ വിളിച്ച് പോർട്ട്ഫോളിയോ അയയ്ക്കാൻ പറ‍ഞ്ഞു.

ആ വാക്ക് പോലും ഞാനാദ്യമായി കേൾക്കുകയായിരുന്നു. അന്വേഷിച്ചപ്പോൾ പോർട്ട്ഫോളിയോ എടുക്കാൻ ഒരു ലക്ഷത്തിനടുത്താണ് ചെലവ്. അച്ഛനോടും അമ്മയോടും എങ്ങനെ പറയും? അവസാനം അവരെ വിളിച്ച് പറഞ്ഞു, ‘വേണമെങ്കിൽ നേരിട്ടു വരാം. ഇത്രയും പൈസയൊന്നും ഫോട്ടോയ്ക്ക് കൊടുക്കാനില്ലെ’ന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ നേരിട്ട് കാണാമെന്നായി.

അങ്ങനെ ഞാനും അച്ഛനും കൊച്ചിക്ക് വണ്ടി കയറി. ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തു. കഥാപാത്രം ഉറപ്പിച്ച ശേഷം തിരികെ പോന്നു. പക്ഷേ, കുറേ ദിവസമായിട്ടും വിളി വരുന്നില്ല. അവസാനം അച്ഛൻ വിളിച്ചപ്പോൾ പറയുന്നു ‘വേറെയാളെ വച്ചല്ലോ’ എന്ന്. അതായിരുന്നു ആദ്യ തിരിച്ചടി.

അതെന്നെ ഭീകരമായി ഉലച്ചു. ഞാൻ ശിവഭക്തയാണ്. നിത്യവും കരഞ്ഞ് പ്രാർഥിക്കും. ഒരു ദിവസം പ്രാർഥിക്കുമ്പോഴാണ് പെട്ടെന്ന് മനസ്സിലേക്ക് കൊറിയോഗ്രഫി എന്നൊരു ആശയം തോന്നിയത്.

നൃത്തം പ്രഫഷനലായി പഠിച്ചിട്ടില്ല. പക്ഷേ, നൃത്ത സീനുകൾ കാണുമ്പോൾ വേഗം പഠിച്ചെടുക്കും. ആ അന്വേഷണം ശ്രീജിത് മാസ്റ്ററിലെത്തി. അദ്ദേഹം കൊച്ചിക്ക് ക്ഷണിച്ചു. അങ്ങനെ വീണ്ടും അച്ഛനോട് പറ‍ഞ്ഞു, ‘ഞാൻ കൊച്ചിക്ക് പോകുകയാണ്. എനിക്ക് ഡാൻസ് പഠിക്കണം.’ പക്ഷേ, അച്ഛൻ അടുക്കുന്നില്ല. ഒടുവിൽ നിരാഹാര സമരം തുടങ്ങി. അതിൽ അച്ഛൻ വീണു. ഒരേയൊരു കാര്യം മാത്രം പറ‍ഞ്ഞു, ‘ഇത് അവസാന കൊച്ചി യാത്രയാണ്’.

sarannn554gghhg

ആ യാത്ര എങ്ങനെ സഫലമായി?

രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ ശ്രീജിത് മാസ്റ്ററുടെ സ്കൂളിൽ ഡാൻസ് പഠിക്കലും പഠിപ്പിക്കലും. കൂടുതൽ സമയം ക്ലാസ് എടുക്കലായിരുന്നു. കാരണം, ഞാൻ പഠിക്കുന്നതിന്റെ ഫീസ് മറ്റ് കുട്ടികളെ പഠിപ്പിച്ചായിരുന്നു ബാലൻസ് ചെയ്തത്. പതുക്കെ ശ്രീജിത് സാറിനൊപ്പം ഷൂട്ടിങ് സെറ്റിൽ പോകാൻ തുടങ്ങി. കൊറിയോഗ്രഫി അസിസ്റ്റന്റായി ഏഴു സിനിമകൾ ചെയ്തു. സ്‌റ്റേജ് ഷോകൾ കിട്ടി തുടങ്ങിയപ്പോള്‍  ഞാന്‍ വീട്ടിൽ പറഞ്ഞു, ‘ഇനി നമ്മൾക്ക് എല്ലാവർക്കും കൂടി കൊച്ചിയിലേക്കു പോകാം’. അച്ഛനും അമ്മയും ആദ്യം എതിർത്തെങ്കിലും തിരികെ വരുമ്പോൾ അവരും എനിക്കൊപ്പം ഉണ്ടായിരുന്നു. ഇരുപത് വയസ്സുകാരിയുടെ തീരുമാനത്തെ അവർക്ക് വേണമെങ്കിൽ തള്ളിക്കളയാമായിരുന്നു. പക്ഷേ, അവരത് ചെയ്യാതിരുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം.  

തിരിച്ചെത്തി തൽക്കാലം സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറി. ആ സമയത്താണ് തെലുങ്കിലെ കാസ്റ്റിങ് കോൾ കണ്ട് അപേക്ഷിക്കുന്നത്. ‘പടനാണ്ടി പ്രേംലോ മാരി’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും പാട്ട് സീനും. നൃത്തം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവസരങ്ങൾ വന്നു തുടങ്ങി. 1971 ബിയോണ്ട് ബോർഡേഴ്സ്, ചങ്ക്സ്, ചാണക്യതന്ത്രം, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങൾ. കോവിഡ് തുടങ്ങുന്നതിന് കുറച്ച് മുന്നേയാണ് സീരിയലിൽ തുടക്കമിട്ടത്. ധാരാളം പ്രശംസ കിട്ടുന്നത് ഇപ്പോഴാണ്.

ആരും തിരിച്ചറിയാത്ത ആകാശ ഗംഗ 2 വിലെ വേഷം?

കത്തിക്കരിഞ്ഞ വികൃത രൂപത്തിലുള്ള പ്രേതം. എനിക്ക് തന്നെ എന്നെ കാണുമ്പോൾ പേടി തോന്നിയിരുന്നു. ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും ആരു അറിയില്ലല്ലോ എന്ന് സങ്കടമുണ്ടായിരുന്നു. പക്ഷേ, വിനയൻ സാറ് പറഞ്ഞു, സിനിമ ഇറങ്ങി കഴിയുമ്പോൾ ശരണ്യയെ എല്ലാവരും അന്വേഷിക്കുമെന്ന്. അതു സത്യമായി. എന്തു വേഷമായാലും ലഭിച്ചതിനെ ഏറ്റവും നന്നായി ചെയ്യുക എന്ന് മാത്രമേ അന്ന് കരുതിയുള്ളൂ.

മിനിസ്ക്രീനിൽ ഏതാനും വർഷങ്ങൾക്കു മുൻപ് തിളങ്ങിനിന്നിരുന്ന മറ്റൊരു ശരണ്യ ഉണ്ടായിരുന്നു?

ഞങ്ങൾ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടില്ല. പക്ഷേ, എന്റെ പേരുള്ള ഒരു ആളോട് മറ്റു സഹപ്രവർത്തകരെക്കാൾ കുറച്ച് സ്നേഹം കൂടുതൽ ആയിരിക്കുമല്ലോ. ശരണ്യ ചേച്ചി ഒരു പോരാളിയാണ്. ചേച്ചിയുടെ ജീവിതം പാഠമാണ്. ഈ രംഗത്തുള്ള പലരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. ഒരു അസുഖം വന്നു പോയാൽ എല്ലാം തീർന്നു. ചേച്ചിയുടെ ചിരി തന്നിരുന്ന പൊസിറ്റീവ് എനർജി ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമാണ്. മാത്രമല്ല, പലപ്പോഴും ഒരേ രംഗത്ത് രണ്ടു ശരണ്യമാർ ഉണ്ടാകുമ്പോൾ ഒരു അന്വേഷണം വരുമ്പോൾ ‘ഏതു ശരണ്യ’ എന്ന് എല്ലാവരും ചോദിക്കും. ആ ചോദ്യം ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമുണ്ട്.

വിവാഹ വിശേഷങ്ങൾ എന്തൊക്കെയാണ് ?

കോവിഡ് കാലത്തായിരുന്നു കല്യാണം. മനേഷ് രാജൻ നായർ എന്നാണ് അദ്ദേഹത്തിന്റെ പേര്. ബിസിനസാണ്. എന്റെ പ്രഫഷനോട് വളരെ ബഹുമാനമുള്ള വ്യക്തിയാണ് മനേഷേട്ടൻ. നാഗ്പൂർ സെറ്റിൽഡാണ് അദ്ദേത്തിന്റെ കുടുംബം. എനിക്ക് മാസത്തിൽ പത്തോ പന്ത്രണ്ടോ ദിവസമാണ് സീരിയൽ ഷൂട്ടുള്ളത്. ബാക്കി ദിവസങ്ങളിൽ മനേഷേട്ടന്റെ വീട്ടിലേക്കു പോകും.   

sarannnyy543fggg