Thursday 08 February 2018 12:37 PM IST : By ദിജി സുഹാസ്

തലതിരിച്ചെഴുതി താരമായ ആ കുഞ്ഞുമിടുക്കി ഇവിടെയുണ്ട്; സിംഗപ്പൂർ മലയാളി ശിൽപ്പ കൃഷ്ണന്റെ വഴികൾ വ്യത്യസ്തമാണ്

shilpa1 ശില്‍പ കൃഷ്ണന്‍ ശുക്ല

ശിൽപ്പ കൃഷ്ണൻ പണ്ടേ വാർത്തകളിൽ നിറഞ്ഞു നിന്ന മിടുക്കി കുട്ടിയായിരുന്നു. നീളമുള്ള വാക്കുകളും, വാചകങ്ങളും തിരിച്ചെഴുതാനുള്ള കുഞ്ഞുശിൽപയുടെ കഴിവ് അന്ന് ഏവരെയും അതിശയിപ്പിച്ചിരുന്നു. ഞൊടിയിടയിൽ പല ഭാഷകളിലുമുള്ള വാക്കുകളെ മിറർ ഇമേജായി പകർത്തുന്ന ഈ കഴിവിനെക്കുറിച്ച്‌ മാധ്യമങ്ങളിൽ വാർത്തകളും, ഡോക്യുമെന്ററിയും വന്നിരുന്നു. തലതിരിച്ചെഴുതി മിടുക്കിയായ ശിൽപ്പ ഇന്ന് ലോകമെമ്പാടുമുള്ള മലയാളി വനിതകൾക്കും അഭിമാനമാണ്.

പതിനെട്ടു വർഷം മുൻപാണ് പഠനത്തിൽ ഏറെ മികവു പുലർത്തിയ ഈ തൃശ്ശൂർക്കാരി സിംഗപൂർ എയർലൈൻസ്‌ നെപ്ട്യൂൺ ഓറിയന്റ്‌ ലൈൻസ്‌ സ്കോളർഷിപ്പോടെ സിംഗപൂരിൽ റാഫിൾസ്‌ ജൂനിയർ കോളേജിൽ ഉപരിപഠനത്തിനായി എത്തുന്നത്‌. പിന്നീടു നാഷണൽ യൂണിവേർസിറ്റി ഓഫ്‌ സിംഗപൂരിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്‌ ബിരുധം നേടി ഒൻപത്‌ വർഷം പ്രോക്ടർ ആൻഡ്‌ ഗാംബിളിൽ ജോലി ചെയ്തു. പിന്നീട് വിവാഹം കഴിഞ്ഞപ്പോഴും മകളുമുണ്ടായപ്പോഴും ജോലിയിൽ നിന്ന് വിട്ടു നിന്നുവെങ്കിലും തന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാനുള്ള ചിറകുകൾ മുളപ്പിക്കുകയായിരുന്നു ശിൽപ്പ.

അഭിനയത്തിനും നൃത്തത്തിനും പുറമെ നാടക, സിനിമാ സംവിധാനത്തിലുമെല്ലാം ശിൽപ്പ മികവ് തെളിയിക്കുകയാണ്. ശിൽപ്പയുടെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രം വിദേശിമലയാളികൾക്കിടെ ഏറെ ശ്രദ്ധ നേടുകയാണ്. ഒന്നായി ജീവിക്കാൻ ഒരുപാട് കൊതിച്ചു പിന്നീട് ജീവിതം രണ്ടു വഴികളിലേക്കായിപോയവർ വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയപ്പോഴുള്ള നിമിഷങ്ങൾ, യു എ ഇ പശ്ചാത്തലമാക്കി ഒരു യാത്രയുടെ താളത്തിൽ പകർത്തിയെടുത്ത മനോഹര ചിത്രം ‘പുലരും ഇനിയും നാളെകൾ’... ഇന്ത്യ, യു എസ്‌ എ, യു കെ, ബംഗ്ലാദേശ്, മെക്സിക്കോ, ബെൽജിയം തുടങ്ങി ലോകമെമ്പാടും നടക്കുന്ന ഇരുപത്തിയാറോളം ഫിലിം ഫെസ്റ്റിവലുകളിൽ ഒഫിഷ്യൽ സെലക്ഷനും, ബെസ്റ്റ്‌ ഫോറിൻ ഫിലിം (നവാഡ ഫിലിം ഫെസ്റ്റിവൽ, യു എസ് എ), ബെസ്റ്റ് ഫിലിം, ബെസ്റ്റ് സിനിമാറ്റോഗ്രഫി (ഇന്റർനാഷണൽ യൂറോ ഫിലിം ഫെസ്റ്റിവൽ), ബെസ്റ്റ്‌ ഒറിജിനൽ സ്കോർ (സിനിമ വേൾഡ്ഫെസ്റ്റ് അവാർഡ്, കാനഡ), ബെസ്റ്റ് എഡിറ്റർ (ലേക്സിറ്റി ഇന്റർനാഷണൽ ഫിലിം അവാർഡ്), ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡയറക്റ്റർ (ഡി ഐ എഫ് എഫ്) തുടങ്ങി നിരവധി അവാർഡുകളും നേടി ജനശ്രദ്ധയാകർഷിക്കുകയാണ്.

shilpa2

ഈ ദ്വിഭാഷാ ചിത്രത്തിന്റെ തിരക്കഥയും, നിർമ്മാണവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ശിൽപ്പ കൃഷ്ണൻ ശുക്ലയാണ്. വളരെ തന്മയത്തോടെയാണ് ശിൽപ്പ തന്റെ ചെറിയ വലിയ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു മിനിട്ടു ദൈർഘ്യമുള്ള രണ്ടു ചിത്രങ്ങൾ ചെയ്താണ് ശിൽപ സിനിമാ രംഗത്തു വരുന്നത്‌. ഈ ചിത്രങ്ങൾ രണ്ടായിരത്തിയെട്ടിലെ ഓൺലൈൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇരുപത്തിയഞ്ചു ചിത്രങ്ങളിൽ ഇടം നേടിയിരുന്നു. മറ്റൊരു ചിത്രമായ ‘ഇങ്ങിനെയും ഒരു കഥ’ യൂട്യൂബ്‌ഹിറ്റ്‌ ആണ്. അതുപോലെ കോമഡി പരമ്പരയായ അത്താഴത്തിനും നിരവധി വ്യൂവേഴ്സ്‌ ആണുള്ളത്‌. നവാഡ ഫിലിം ഫെസ്റ്റിവലിൽ സിൽവർ സ്ക്രീൻ അവാർഡ്‌ ലഭിച്ച ഇംഗ്ലീഷ്‌ സീറോ ബഡ്ജറ്റ്‌ ചിത്രം ‘മോസം’ ആണ് ശിൽപ ആദ്യം ചെയ്ത ഫീച്ചർ ഫിലിം.

‌ലിംക ബുക്ക്‌ ഒാഫ്‌ റെക്കോർഡ്‌സ്‌, പോൺഡ്സ്‌ വുമൺ ഒാഫ്‌ ടുമാറോ, ഉഗാധി പുരസ്ക്കാർ മുതലായ പല അംഗീകാരങ്ങളും ജീവിത വഴിയിൽ ശിൽപയെ തേടിയെത്തിയിട്ടുണ്ട്. ഓയിൽ പെയ്ന്റിംഗ്‌, വാട്ടർ കളർ, പെൻസിൽ സ്കെച്ചിംഗ്‌, കാർട്ടൂൺ തുടങ്ങിയവയിൽ ജില്ലാ തലത്തിലും,‌ ദേശീയ തലത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്‌ നല്ലൊരു ചിത്രകാരി കൂടിയായ ശിൽപ. ജീവൻ തുടിയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ കലാകാരി കാൻവാസിൽ പകർത്തിയിട്ടുള്ളത്‌.

മൂന്നു വയസ്സുമുതൽ നൃത്തപഠനം തുടങ്ങിയ ശിൽപ ഭരതനാട്യം, മോഹിനിയാട്ടം, കഥക്‌ നൃത്തരൂപങ്ങൾ സ്വായത്തമാക്കുകയും, കോളേജിലും, മറ്റു പല പ്രോഗ്രാമുകൾക്കുമായി കൊറിയോഗ്രഫി ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അഭിനയ രംഗത്തും ഏറെ മികവു പുലർത്തിയ ഈ പ്രതിഭ ദൃശ്യാവിഷ്ക്കാരം പകർന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘മതിലുകൾ’, ടാഗോറിന്റെ ‘കാബൂളിവാലാ’, ആർ കെ നാരായൺന്റെ ‘സെക്കൻഡ്‌ ഒപീനിയൻ’ നാടകങ്ങൾ സിംഗപൂർ എൻ യു സി കാമ്പസ്‌ ഏറെ ആസ്വദിച്ചിരുന്നു.

ഗിറ്റാറിസ്റ്റും, യോഗ പരിശീലകയും കൂടിയാണ് ശിൽപ്പ. ഇപ്പോൾ അബ്ബോട്‌ ഫാർമസ്യൂട്ടിക്കൽസിന്റെ (ഹെൽത്‌ കെയർ ആൻഡ്‌ റിസേർച്ച്‌ കമ്പനി) ഗ്ലോബൽ മാർക്കറ്റിംഗ്‌ ഡയറക്റ്റർ ആയി ജോലി ചെയ്യുന്ന ശിൽപ ഭർത്താവ്‌ ശിവാനു ശുക്ലയ്ക്കും, നാലുവയസ്സായ മകൾക്കുമൊപ്പമാണ് സിംഗപൂരിൽ താമസം.