Friday 15 May 2020 12:24 PM IST

ഞാൻ തേടിയ ശബ്ദങ്ങളും, ആഗ്രഹിച്ച ശാന്തിയും ഇവിടുണ്ട്

Shyama

Sub Editor

sound

"പല കാലങ്ങളിൽ പല രൂപങ്ങളിൽ ഉള്ള ശബ്ദങ്ങൾ നമുക്ക് ചുറ്റുമുണ്ട്... കേൾക്കാൻ കാതോർക്കുന്നവരിലേക്ക് അവയൊക്കെ വഴിതേടിപ്പിടിച്ചെത്തും... " പിഎം സതീഷ് എന്ന സൗണ്ട് ഡിസൈനർ നാട്ടിലെ ലോക്ക്ഡൗൺ കാലത്തെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്. ബിബിസി, നാഷണൽ ജോഗ്രഫിക് ഡോക്യൂമെന്ററികൾ, ഹോളിവുഡ് ചിത്രങ്ങൾ, ബോളിവുഡ്, മോളിവുഡ് എന്നിങ്ങനെ പി. എം. സതീഷ് എന്ന സൗണ്ട് ഡിസൈനർ കൈ വെയ്ക്കാത്ത ഇടങ്ങൾ കുറവാണ്. സൗണ്ട് എഡിറ്ററും, മിക്സറും ഒക്കെ ആയ സതീഷിനെ ഒരുപക്ഷേ, സാധാരണക്കാർ പലരും ശ്രദ്ധിച്ചു തുടങ്ങിയത് ബാഹുബലിയുടെ സൗണ്ട് ഡിസൈനർ ആയതോടെ ആയിരിക്കും. മുംബൈയിലും ഗോകർണയിലും ഒക്കെയായി ജോലി തിരക്കിലായിരുന്ന സതീഷ് ലോക്ക്ഡൗൺ കാലത്ത് സ്വന്തം നാടായ തലശ്ശേരിയിൽ ഉണ്ട്. 

"മാർച്ച് 14ന് തന്നെ ഞാൻ നാട്ടിലെത്തി. ചൈനയിലെയും ഇറ്റലിയിലെയും വർത്തകളൊക്കെ വന്നപ്പോഴേ നമ്മുടെ നാട്ടിലും ലോക്ക്ഡൗൺ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു, അപ്പൊ തന്നെ സ്റ്റുഡിയോ ഒക്കെ അടച്ച് നാട്ടിലേക്ക് പോന്നു. ഇവിടെ വയസായ അച്ഛനും അമ്മയും ഉണ്ട്, ഞാൻ ഈ സമയത്ത് അവരുടെ അരികിൽ തന്നെയുണ്ടാവണം എന്ന് തോന്നി." 'മാമാങ്കം', മികച്ച 25 അന്താരാഷ്ട്ര ചിത്രങ്ങളിൽ ഒന്നായി  തിരഞ്ഞെടുക്കപ്പെട്ട 'ബോംബെ റോസ്' എന്നിവയാണ് പി.എം. സതീഷ്‌ ഈയടുത്ത്‌ ചെയ്തു കഴിഞ്ഞ ചിത്രങ്ങൾ... 

"ഈ ജോലിയിൽ കയറിയിട്ട്  ആദ്യമായിട്ടാണ് ഇത്രയും ദിവസം എങ്ങോടും പോകാതെ വീട്ടിൽ തന്നെ  നിൽക്കുന്നത്. ഏകദേശം 60 ദിവസത്തോളം ആകുന്നു, ആദ്യ 14 ദിവസം പുറത്ത് ഔട്ട്‌ഹൗസിൽ സെൽഫ് ക്വാറന്റൈൻ ചെയ്തു, പിന്നെ ഇത്രയും ദിവസം അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ. ട്രാഫിക് ഇല്ല, പുറത്ത് നിന്നുള്ള ഭക്ഷണമില്ല, ധൃതിയില്ല... ശരിക്കും ബാല്യകാല്യം തിരിച്ചു കിട്ടിയപോലെ... അത്രയും സന്തോഷത്തിലാണ് ഞാൻ. 

നാട്ടിൽ വരുമ്പോഴും റെക്കോർഡറും മൈക്രോഫോണുകളും ഒക്കെ എപ്പോഴും ഒപ്പം കൊണ്ടുവരും. എന്റെ വീട് തിരക്കിൽ നിന്നൊക്കെ ദൂരെയാണെങ്കിലും ട്രെയിൻ പോകുന്നതോ, മോട്ടോർബൈക്ക് പോകുന്നതോ ഒക്കെ കാരണം പലപ്പോഴും ഞാൻ ഉദ്ദേശിക്കുന്നൊരു ശബ്ദം ക്ലീൻ ആയി റെക്കോർഡ് ചെയ്യാൻ പറ്റിയിരുന്നില്ല. ഇപ്പൊ അതൊന്നുമില്ല, മുൻപ് പറ്റാഞ്ഞതൊക്കെ ഇപ്പൊ റെക്കോർഡ് ചെയ്യാൻ സാധിക്കുന്നു. കേരളത്തിന്റെ ചില തനത് ശബ്ദങ്ങളുണ്ട്... തെങ്ങിൽ കയറുന്നതിന്റെ, അലക്കുന്നതിന്റെ, അകലെ നിന്നുള്ള അമ്പലമണിമുഴക്കങ്ങൾ... അങ്ങനെ പലതും. കഴിഞ്ഞ ദിവസം പറമ്പിൽ  തെങ്ങു കേറാൻ ആളു വന്നു, അവർ വീട്ടിലേക്ക് തേങ്ങ വീഴാതിരിക്കാൻ തെങ്ങ് പുള്ളിയും കയറും കൊണ്ട് വലിച്ചു കെട്ടി നിർത്തി... അത്‌ കേട്ടപ്പോ തോന്നി ഇത് മുൻപ് റെക്കോർഡ് ചെയ്തിരുന്നെങ്കിൽ ബാഹുബലിയിൽ  ബല്ലാല ദേവന്റെ പ്രതിമ ഉയർത്തുന്ന സമയത്ത് ഈ ശബ്ദം കൂടി കൊടുത്തിരുന്നെങ്കിൽ നന്നായേനെ എന്ന്.... 

ഇപ്പൊ റെക്കോർഡ് ചെയ്യുന്ന ഈ ശബ്ദങ്ങളെല്ലാം ഞാൻ എന്റെ സൗണ്ട് ലൈബ്രറിയിൽ സൂക്ഷിച്ച് വെയ്ക്കും. ആവശ്യം വരുമ്പോൾ ഇനി ഉപയോഗിക്കാമല്ലോ. മലയാള സിനിമകളും ഞാൻ ചെയ്യുന്നുണ്ട്, അപ്പൊ തീർച്ചയായും ഇതൊക്ക ആവശ്യം വരും. 

table

ചില പരീക്ഷങ്ങൾ,  ചില പുതിയ പാഠങ്ങൾ

ഇവിടെ കുറേ പൊട്ടിയതും ഉപയോഗിക്കാത്തതും ഒക്കെയായ സാധനങ്ങൾ ഉണ്ട് അതൊക്ക ഉപയോഗമുള്ള വേറെ പലതും ആയി മാറ്റിക്കൊണ്ടിരിക്കുകയാണ് മറ്റൊരു ജോലി. രാത്രി ഇരുന്ന് ഡിസൈൻ ചെയ്യും രാവിലെ എന്റെ അയൽക്കാരനും ഞാനും കൂടി അതൊക്കെ ഉണ്ടാക്കും. പഴയ കസേരകൾ ബെഞ്ചുകളാകുന്നു, ഡിഷ്‌ ആന്റിന പൂച്ചകളെ പേടിക്കാതെ മീനൊക്കെ ഉണക്കാനുള്ള സ്റ്റാൻഡ് ആകുന്നു, അമ്മയുടെ പഴയ വാക്കർ മേശയാകുന്നു....അങ്ങനെ പലതും. 

ഒരു ഡിസൈനർ എന്ന്‌ പറയുമ്പോ,  അയാൾ എല്ലാത്തിലും ഡിസൈൻ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് തോന്നുന്നു,  എന്റെ കാര്യത്തിൽ അങ്ങനെയാണ്.

നാട്ടിൽ വന്നിട്ട് അമ്മയുണ്ടാക്കുന്ന നല്ല രുചികരമായ ഭക്ഷണം കഴിക്കാമെന്നതാണ് ലോക്ക്ഡൗണിന്റെ ഏറ്റവും വലിയ ഹൈലൈറ്. ഞാൻ ബാച്ച്ലറാണ് ഒറ്റയ്ക്കാണ് താമസം,  പാചകവും ഒറ്റയ്ക് തന്നെ...എന്നിട്ടും അമ്മയ്ക്ക് എന്നെ പാചകകാര്യത്തിൽ അത്ര വിശ്വാസം പോരെന്നു തോന്നുന്നു... (നല്ല ഹൈ പിച്ചിൽ ഒരു ചിരി കേൾക്കാം).

അച്ഛൻ പി.എം.ദാമോദരൻ അമ്മ പി.യശോദ. അച്ഛൻ നല്ലൊരു മെക്കാനിക് ആയിരുന്നു, ആ വഴിക്കാണ് എനിക്ക് ഈ ഡിസൈനിങ്ങ് ചായ്.വുണ്ടാകുന്നത്... 

 നാട്ടിൽ വന്നിട്ട് ഒരു ആയുർവേദ ഡോക്ടറെ കണ്ടു ഇപ്പൊ അതനുസരിച്ചുള്ള എണ്ണകളും വ്യായാമങ്ങളും ഒക്കെ ദിവസവും ചെയ്യുന്നു... ശാരീരികമായും മാനസികമായും വളരെ അധികം ഉണർവും ശാന്തിയും ഉണ്ട്. ഇനി എങ്ങനെ മുംബൈയിലേക്ക് ഒക്കെ തിരികെ പോകും എന്നാണ് ഇപ്പൊ ചിന്തിക്കുന്നത്. ശരിക്കും ഈ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത്‌ ഇവിടെയാണ്,  ഈ കേരളത്തിൽ...."

ശബ്ദങ്ങളുടെ മാന്ത്രികന്റെ നിശബ്ദതയ്ക്ക് പോലും കടലലകളുടെ സ്വരമുണ്ടെന്ന് തോന്നിപ്പോകുന്നു...