Saturday 23 October 2021 02:17 PM IST

‘ആ തെറ്റ് കൃത്യമായി തിരുത്തി കൊടുക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും’; തൊഴിൽരംഗത്ത് നേരിട്ട വേറിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞ് ശ്രീധന്യ

Lakshmi Premkumar

Sub Editor

sreedhanya3333 ഫോട്ടോ: അക്ഷയ് ജോർജ് ജോസഫ്

അവതാരകയായും അഭിനേത്രിയായും മിനി സ്ക്രീനിൽ തിളങ്ങിയ ശ്രീധന്യ, തൊഴിൽരംഗത്ത് നേരിട്ട വേറിട്ട അനുഭവങ്ങൾ തുറന്നു പറയുന്നു..

ശ്രീധന്യ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസിലാകണം എന്നില്ല. ‘കൂടെവിടെ’ സീരിയലിലെ അതിദി ടീച്ചർ എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മുഖത്ത് ഒരു ചിരി വിരിയും. വീട്ടിലെ അത്രയും പ്രിയപ്പെട്ട കുടുംബാംഗമാണ് അതിദി ടീച്ചർ. സീരിയൽ താരമാകും മുൻപേ അവതാരക ആയാണ് ശ്രീധന്യ ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

മനോരമ ന്യൂസിലെ  ‘വീട്’ എന്ന പരിപാടിയിലൂടെയാണ് ശ്രീധന്യയുടെ മുഖം പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത്. സീരിയലിൽ എത്തിയപ്പോൾ ജനപ്രീതിയുടെ ഗ്രാഫ് പിന്നെയും ഉയർന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ ശ്രീധന്യ ഇപ്പോൾ നന്ദിപറയുന്നത് കരിയറിലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില വഴിത്തിരിവുകളോടാണ് .    

സിനിമ സ്വപ്നം കണ്ടാണോ അവതാരക ആയത്?

അഭിനയമൊന്നും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്റെ നാട് പാലക്കാടാണ്. വീട്ടിലോ ബന്ധത്തിലോ പോലും അഭിനയ പാരമ്പര്യമില്ല.  മകൾ പിറന്ന ശേഷമാണ് ഞാൻ വിഷ്വൽ മീഡിയയിൽ സജീവമാകുന്നത്. ലീലാമേനോൻ പങ്കെടുത്ത ടോക് ഷോയിൽ അവതാരകയായാണ് തുടക്കം. മനോരമ ന്യൂസിലെ ‘വീട്’ പ്രോഗ്രാമിൽ അവതാരകയായതോടെ എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയാൻ തുടങ്ങി. അവസരങ്ങളും വന്നു തുടങ്ങി. പരസ്യങ്ങളിൽ അഭിനയിച്ചു. സിനിമയിലും അവസരം കിട്ടി.  

സിനിമയിൽ അവസരം കിട്ടിയിട്ടും സീരിയലിലേക്ക് തിരിഞ്ഞത് അബദ്ധമെന്ന് തോന്നിയിട്ടില്ലേ ?  

‘കടാക്ഷം’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം പലരുടെ റഫറൻസിലും നേരിട്ടു അവസരം ചോദിച്ചും കുറച്ച് സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ അഭിനയിച്ചു. ചെറുപ്പത്തിൽ ഞാൻ ഹിന്ദി സീരിയലുകളുടെ ആരാധികയായിരുന്നു. പക്ഷേ, മലയാളത്തിൽ സീരിയലുകൾ നിറഞ്ഞ സമയത്ത് പഠിത്തമൊക്കെയായി തിരക്കിലായി. അമ്മ സീരിയൽ കാണുമ്പോൾ ‌ഇടയ്ക്ക് ചെന്ന് നോക്കാറുണ്ട്. അത്രമാത്രം.   

എന്റെ സുഹൃത്താണ് കൃഷ്ണൻ സേതുകുമാ ർ. അദ്ദേഹമാണ് ‘കൂടെവിടെ’യുടെ നിർമാതാവ്. ‘നല്ല കഥാപാത്രമാണ്, അഭിനയിച്ചു നോക്കൂ’ എന്ന് പറഞ്ഞപ്പോൾ പരീക്ഷിച്ചു നോക്കാമെന്നേ കരുതിയുള്ളൂ. പക്ഷേ, ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. കരിയറിലെ വഴിത്തിരിവ്. എ വിടെ ചെന്നാലും ‘കൂടെവിടെ’യിലെ അതിദി ടീച്ചറെ എല്ലാവരും തിരിച്ചറിയും.   

ഷൂട്ടും കുടുംബവും ഒന്നിച്ച് ബാലൻസ് ചെയ്യുന്നതെങ്ങനെ ?

ഭർത്താവ് ഹൃഷികേശിന്റെ നാട് തൃപ്പൂണിത്തുറയാണ്. മുംബൈയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലാണ് ജോലി. ഞങ്ങൾ കുടുംബമായി മുംബൈയിലാണ് താമസം. രണ്ടു പെൺമക്കളാണ്. വൈഷ്ണവിയും മൃണാളിനിയും. മൂത്തയാൾ പ്ലസ്ടു പ ഠിക്കുന്നു. ഇളയവൾ പത്താം ക്ലാസ്സിലും.

ഷൂട്ട് വരുമ്പോൾ ഞാൻ തിരുവനന്തപുരത്തേക്കു പോകും. ഷെഡ്യൂൾ കഴിയുമ്പോൾ തിരികെ മുംൈബയ്ക്ക്. എന്റെ അമ്മ സരോജ മക്കളുടെ അടുത്ത് ഉണ്ടെങ്കിൽ അവർക്ക് എന്നെ മിസ് ചെയ്യില്ല.

മക്കൾക്ക് ഉപദേശം കൊടുക്കുന്ന അമ്മയായി ഇക്കാലത്ത് നിലനിൽക്കാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.  ഉപദേശപ്പെട്ടി തുറന്നാൽ ഉടൻ വരും മറുപടി, ‘ഒാ.. ജനറേഷൻ ഗ്യാപ്’. മക്കൾക്കിടയിൽ അവരിലൊരാളായി നിൽക്കുകയാണ് വേണ്ടത് എന്നു ഞാൻ മനസ്സിലാക്കി. പല പുതിയ കാര്യങ്ങളും അവർ എന്നെയാണ് പഠിപ്പിക്കുന്നത്.

ചെറിയ മോൾ നൃത്തം ചെയ്യും. മൂത്തയാൾക്ക് പാട്ടിന്റെ പല വേർഷനുകൾ ഹരമാണ്. പല ഭാഷയിൽ, പല രാജ്യത്തെ പാട്ടുകൾ കേൾക്കും.

sreedhanya6

അന്യഭാഷ സിനിമകൾ കാണുമ്പോൾ അവർ പറഞ്ഞു തരും ആ രാജ്യത്തെ രീതികൾ. ഇതൊക്കെ എങ്ങനെ പഠിക്കുന്നു എന്ന് മാത്രം അറിയില്ല. നമുക്ക് അറിയാത്ത ഒരുപാട് ലോകങ്ങൾ അവർക്ക് അറിയാം. എനിക്കൊരു ചേട്ടൻ കൂടിയുണ്ട്, ശ്രീജിത്. കുടുംബസമേതം കൊടൈക്കനാലിലാണ്. കരിയറിനു പ്രാധാന്യം കൊടുക്കണമെന്ന് തന്നെയാണ് ഭർത്താവ് പറയാറുള്ളത്. തിരുവനന്തപുരത്തേക്ക് പോരുന്ന ദിവസങ്ങളിൽ അദ്ദേഹം കഴിയുന്നതും നേരത്തെ ജോലി തീർത്ത് വീട്ടിലെത്തും. പരസ്പര പിന്തുണയാണ്  ജീവിതത്തിലെ വലിയ സന്തോഷം.

പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടോ?

ആദ്യത്തെ രണ്ടു മൂന്ന് സിനിമകൾ സൗഹൃദത്തിന്റെ  പേരിൽ ലഭിച്ചതായിരുന്നു. അതു വളരെ രസകരവുമായിരുന്നു. അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. പലരും പറയാറുണ്ട്, മറ്റേതു ജോലിയും ചെയ്യുന്ന പോലെ തന്നെയല്ലേ സിനിമാ അഭിനയവും എന്ന്.  എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാനെന്റെ കരിയറിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അഭിനയജീവിതം അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും ഞാൻ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റിൽ  ഒരാൾ എന്നോട് പറയുകയും ചെയ്തു. നിങ്ങൾ ഒറ്റയ്ക്ക് വരുന്നതു കൊണ്ടാണ് തെറ്റിധരിക്കുന്നതെന്ന്. എനിക്കതിശയം തോന്നി. ഏതു ജോലിക്കാണ് നമ്മൾ വീട്ടിലുള്ളവരെയും കൂട്ടി പോകുന്നത് ?

ഞാനന്ന് അയാളോട്  പറഞ്ഞു, എനിക്ക് സ്വന്തമായി വന്ന് എന്റെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഈ പണി നിർത്തുന്നതല്ലേ നല്ലത്. ഇന്ന് കുറച്ചു കൂടെ മാറിയിട്ടുണ്ടാകാം. ഞാൻ പറഞ്ഞത് 2012 ലെ കാര്യമാണ്. കാര്യമെന്തായാലും സ്ത്രീകളോട് വേറിട്ട മനോഭാവം കാണിക്കുന്നത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ തെറ്റ് കൃത്യമായി തിരുത്തി കൊടുക്കേണ്ടിയും വന്നിട്ടുണ്ട് പലപ്പോഴും.

അഭിനേത്രിയല്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു ?

അഭിനയം എന്റെ ജീവിതത്തിലേക്ക് അതിഥിയായി എത്തിയതാണ്. ജേണലിസം ആയിരുന്നു ഇഷ്ട മേഖല. ഒപ്പം നിയമവും. ഡിഗ്രി കഴിഞ്ഞ് മൂന്ന് മാസം നിയമ കോഴ്സ് പഠിച്ചപ്പോഴേക്കും രാജഗിരി കോളജിൽ എംഎസ്ഡബ്ല്യു വിന് അ ഡ്മിഷൻ കിട്ടി. അതിനു ചേർന്നു. പിഎച്ച്ഡിയും എടുത്തു. ഈ രംഗത്തേക്ക് വരുന്നതിനു മുൻപേ അധ്യാപികയായിരുന്നു. ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടായില്ലായിരുന്നെങ്കിൽ ഞാൻ ഏതെങ്കിലും കോളജിൽ അധ്യാപിക ആയേനെ.

അഭിനയത്തിൽ ഞാനിപ്പോഴും വിദ്യാർഥിയാണ്. തുടക്കത്തിൽ നിന്നു ഒരുപാട് കാര്യങ്ങൾ പഠിച്ചാണ് ഇവിടെ വരെയെത്തിയത്. ജോലിയാണെങ്കിൽ പോലും നമ്മൾ ടെസ്റ്റുകൾ എഴുതി മുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരല്ലേ. ഞാനും അതുപോലെ തന്നെ. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കണമെന്നാണ് മോഹം.

നർത്തകിയും കൂടിയാണ് ?

ഡാൻസ് പഠിക്കാൻ തുടങ്ങി. ‌ഒഡീസിയാണ് പരിശീലിക്കുന്നത്. പണ്ട് ഭരതനാട്യം പഠിച്ചിട്ടുണ്ട്. പക്ഷേ, അവസാനമായി സ്‌റ്റേജിൽ കയറിയത് 2009 ലാണ്. മറന്നു പോയതെല്ലാം പൊടി തട്ടിയെടുക്കുകയാണ് സത്യത്തിൽ. ഒഡീസിക്കൊപ്പം കളരി പയറ്റും പഠിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസുണ്ട്. മുടങ്ങാതെ പരിശീലനവുമുണ്ട്.