സഹോദരിമാരോ ബന്ധുക്കളോ സുഹൃത്തുക്കളോ കൂട്ടുകൂടി ബിസിനസ് ചെയ്യാൻ ആലോചിക്കുമ്പോൾ ‘വെറുതേ പ ണം കളയാനാണ് ’ എന്നു പറഞ്ഞുകളയല്ലേ. ഇതാ, ഈ നാലു സംരംഭങ്ങളെയും അതിന്റെ അമരക്കാ രെയും കുറിച്ച് അറിയൂ. പെൺമനസ്സുകൾ ഒരുമിച്ച് ചർച്ച ചെയ്തും തിരുത്തിയും ആശയങ്ങൾ പങ്കുവച്ചും ബിസിനസ്സിനെ വളർത്തുന്ന കാഴ്ച കാണാം. കൂട്ടുസംരംഭങ്ങളിലൂടെ വിജയം വരിച്ച ഈ നാലുപേർ കേരളത്തിന്റെ അഭിമാനമാകുകയാണ്.
ഒരേ സാരിത്തുമ്പിലെ അലുക്കുകളായ്
ലോകത്തിന്റെ നാലു കോണുകളിലിരുന്നു നാ ലു പേർ ചേർന്നു കൊണ്ടുപോകുന്ന വിജയകരമായ ബിസിനസ് സംരംഭം. ആറു വർഷമായി ഓൺലൈനിൽ മാത്രം ഒാടിയിരുന്ന ‘ടാസ്സൽസ് 3’ എന്ന സംരംഭത്തെ, എറണാകുളം പനമ്പള്ളി നഗറിൽ ‘ടി ഫാബ്’ എന്ന ഔട്ട്‌ലെറ്റായി വളർത്തുന്ന തിരക്കിലാണ് നാലുപേരും.
‘‘ദുബായിലും അബുദബിയിലും ഹൈദരാബാദിലും തൃശൂരുമിരുന്നു ഞങ്ങൾ കണ്ട സ്വപ്നമാണ് ഈ പുതിയ ഷോപ്. ഇത്രയും എത്തുമെന്ന് ചിന്തിച്ചതേയില്ല. ഇപ്പോൾ ഞങ്ങളുടെ സ്നേഹം കുറച്ചുകൂടി ഉറച്ചതാണ്.’’ ടാസ്സൽസ് 3’ യുടെ അമരക്കാരി രശ്മി ആവേശത്തിലാണ്.
‘‘2016 ലാണ് ബുട്ടീക്ക് തുടങ്ങുന്നത്. മക്കൾ വലുതായപ്പോൾ ബാക്കി വന്ന സമയം ഫലപ്രദമായി ഉപയോഗിക്കണമെന്ന ചിന്ത വന്നു. ഓൺലൈൻ സ്േറ്റാറുകൾ അധികമൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഡിസൈനർ സാരിക്കു മാത്രമായൊരു ഓൺലൈൻ സ്േറ്റാർ എന്നാലോചിച്ചപ്പോൾ കൂട്ടുകാരി നിമ്മിയെ ഓർത്തു. കോളജ്മേറ്റ് മാത്രമല്ല, ഹോസ്റ്റലില്‍ എന്റെ റൂംമേറ്റുമായിരുന്നു നിമ്മി. അവൾക്കൊരു പ്രത്യേകതയുണ്ട്. സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ മാത്രമേ ഇടൂ. വേറിട്ടു നിൽക്കണം എന്ന ശാഠ്യം.’’\

വ്യത്യസ്തത വൈവിധ്യം കൊണ്ടുവരും
‘‘വസ്ത്രങ്ങളുടെ നിറങ്ങളും ഡിസൈനുകളും ഒരാളുടെ മാത്രം അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചാണെങ്കിൽ വ്യത്യസ്തത നിലനിർത്താൻ ബുദ്ധിമുട്ടാണ്. കുറച്ചു കഴിയുമ്പോൾ കസ്റ്റമേഴ്സിനു മടുപ്പു തോന്നും. എന്നാൽ ടീം ആയാണ് ചെയ്യുന്നതെങ്കിൽ ആ പ്രശ്നമില്ല.’’ നിമ്മിയുടെ അനിയത്തി നിഷ കൂട്ടുസംരംഭത്തിന്റെ പ്രത്യേകത പറഞ്ഞു.
‘‘ടാസ്സൽസ് 3 തുടങ്ങിയതിനു ശേഷമാണ് നിഷ വരുന്നത്. അതുകൊണ്ടാണ് പേരിൽ മൂന്നും ആളിൽ നാലുമാകുന്നത്. നിമ്മിയും ടീനയുമാണ് ഞങ്ങളുടെ ഫാഷൻ ഡിസൈനേഴ്സ്. ടീനയ്ക്ക് നല്ല ഫാഷൻ സെൻസുണ്ട്. എന്റെ കല്യാണത്തിന്റെ ഡ്രസ്സ് ടീനയാണ് ഡിസൈൻ ചെയ്തത്. അങ്ങനെയാണ് അവളെയും ഒപ്പം കൂട്ടിയത്. രണ്ടുപേരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമായതുകൊണ്ടു തന്നെ വൈവിധ്യങ്ങളുണ്ട്. അതു കസ്റ്റമേഴ്സും പറയാറുണ്ട്.’’ സ ന്തോഷത്തോടെ രശ്മി പറയുന്നു.
‘‘ഞാനും നിഷയും സെയിൽസും അഡ്മിനിസ്ട്രേഷനും അക്കൗണ്ട്സും നോക്കും. ഞാൻ ദുബായിൽ, നിമ്മി അബുദാബിയിൽ, ടീന ഹൈദരാബാദ്, നിഷ തൃശൂരും. അതാണ് ഇപ്പോഴത്തെ ജീവിതനില. ഒരുമിച്ചു കാണുന്നത് അപൂർവമാണ്. പക്ഷേ, ദിവസവും ഞങ്ങൾ തമ്മിൽ സംസാരിക്കും. സഹോദരിമാരുടേതു പോലുള്ള അടുപ്പം ഞ ങ്ങൾക്കിടയിലുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടായാൽ പെട്ടെന്നു തന്നെ പരിഹരിക്കും.’’ നിഷ അതു ശരിവച്ചു. ഇടയിൽ ടീനയും നിമ്മിയും കോൺഫറൻസ് കോളിൽ വന്നു.
‘‘ഞങ്ങളുടെ സ്വന്തം കുഞ്ഞാണ് ടാസ്സൽസ് 3. അത്രയും സ്നേഹത്തോടെയാണ് നോക്കുന്നത്.’’ നിമ്മിയുടെ വാക്കുകൾ. ‘‘സിൽക്, ഓർഗൻസ മെറ്റീരിയൽസ് മാത്രമാണ് ചെയ്യുന്നത്. ഗുണമേന്മയുള്ള മെറ്റീരിയലുകൾ ആയതുകൊണ്ട് നിറം പോയി എന്നൊക്കെയുള്ള പരാതികൾ കുറവാണ്.’’ ടീന കുറച്ചു ഗൗരവത്തിലായി.
‘‘ബെംഗളൂരൂവിലും തൃശൂരും ഹാൻഡ് വർക്കേഴ്സുണ്ട്. തൃശൂരിലുള്ള വീട്ടമ്മമാരെ പരിശീലിപ്പിച്ചെടുത്ത സ്റ്റിച്ചിങ് യൂണിറ്റും ഉണ്ട്. തുണിയുടെ അറ്റത്തെ അലുക്കുകൾക്കാണ് ടാസ്സൽസ് എന്നു പറയുന്നത്. പാഷനെന്ന നൂലിഴയിൽ കോർത്ത നാലു ടാസ്സൽസാണ് ഞങ്ങളും.’’