ഏറെ പ്രിയപ്പെട്ടവരോടുള്ള ഇഷ്ടം ടാറ്റൂവായി ശരീരത്തിൽ പതിപ്പിക്കുന്നവരുണ്ട്. ബോളിവുഡ് നടി ദീപികയുടെ പിൻ കഴുത്തിലെ ആർ കെ ടാറ്റൂ ഒാർമയില്ലേ? അതുപോലെ ഏറെ പ്രിയപ്പെട്ട ചില വാക്കുകൾ, മോട്ടിവേഷൻ വാക്യങ്ങൾ, ചിത്രങ്ങൾ എന്നിവയൊക്കെ ശരീരത്തിൽ പതിപ്പിക്കുന്നവരുമുണ്ട്. ശരീരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായും ബ്രാൻഡിങ്ങിനായും എന്തിനേറെ അവയവങ്ങളുമായി ബന്ധപ്പെട്ട അഭംഗികളോ വൈകല്യങ്ങളോ മറയ്ക്കാനുള്ള മെഡിക്കൽ മേക്കപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കായി ഇന്നു ടാറ്റൂയിങ് ചെയ്യുന്നു.
എന്താണ് ടാറ്റൂയിങ്?
പ്രധാനമായും ശരീരം സുന്ദരമാക്കുന്നതിനുള്ള ഒരു കലാരൂപമായാണ് ടാറ്റൂയിങ്ങ് ( tattooing ) അറിയപ്പെടുന്നത്. സൂചി ഉപയോഗിച്ച് ചർമ്മത്തിന്റെ ഏറ്റവും പുറംപാളിയായ എപിഡർമിസിന് ( epidermis layer) തൊട്ട് താഴെയുള്ള ഡെർമിസ് പാളിയിൽ ( dermis layer ) പഞ്ച് ചെയ്ത് മഷി, ചായങ്ങൾ, പിഗ്മെന്റുകൾ എന്നിവ കുത്തിവെച്ചാണ് ഒരു ടാറ്റൂ ഡിസൈൻ നിർമിക്കുന്നത്. മായാത്തതോ ( permanent ) താൽകാലികമായതോ (temporary ) ആയ ടാറ്റൂ ഡിസൈനുകൾ ഒരു ടാറ്റൂ ആർട്ടിസ്റ്റിന്റെ (tattoo artist) സഹായത്തോടെ മെഷീൻ ഉപയോഗിച്ചോ അല്ലാതെയോ ചെയ്യാം.
പ്രതീകാത്മകമായും (ധരിക്കുന്ന ആൾക്ക് പ്രത്യേക അർത്ഥമുള്ളവ), പ്രത്യേകിച്ച് അർത്ഥമൊന്നും ഇല്ലാതെ പൂർണ്ണമായും അലങ്കാരത്തിനു മാത്രമായും, ബോഡി ആർട്ട് വിഭാഗത്തിൽ പെടുത്താവുന്ന ചിത്രകല ആയും ടാറ്റൂ ചെയ്യുന്നവർ ഉണ്ട്. കൂടാതെ ബ്രാൻഡിംഗിന്റെ ഭാഗമായും തിരിച്ചറിയലിനായും ടാറ്റൂ ഉപയോഗിക്കുന്നു. പച്ചകുത്തലിന് വിവിധ രാജ്യങ്ങളിലായി തനതു സംസ്കാരത്തിന്റെ ഭാഗമായും മറ്റും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ടാറ്റൂ ധരിക്കുന്ന ആളെ കുറിച്ചുള്ള മെഡിക്കൽ വിവരങ്ങൾ കൈമാറുന്നതിനും (ഉദാ: രക്തഗ്രൂപ്പ്, മെഡിക്കൽ അവസ്ഥ), ഓർമ്മകുറവുള്ളവർക്ക് (പ്രത്യേകിച്ചും Alzheimer's, short term memory loss തുടങ്ങിയ അവസ്ഥ ഉളളവർ) തുടങ്ങി സൗന്ദര്യാത്മകമല്ലാത്ത ആവശ്യങ്ങൾക്കായും ടാറ്റൂ ഉപയോഗിച്ചിരുന്നു.
മെഡിക്കൽ മേക്കപ്പായും
അപാകടങ്ങളിലൂടെ ഉണ്ടാകുന്ന മുറിപ്പാടുകൾ കൽക്കരി തൊഴിലാളികളിലും മറ്റും സ്വാഭാവികമായി ഉണ്ടാകുന്ന പാടുകളും നാച്ചുറൽ ടാറ്റൂ (natural tattoo) ആയി കണക്കാക്കുന്നു. ടാറ്റൂ ആർട്ടിസ്റ്റിന്റെ മേൽനോട്ടത്തിൽ ആധുനിക സംവിധാനം ഉപയോഗിച്ച് ചെയ്യുന്നതും പരമ്പരാഗതമായി ചെയ്യുന്നതും പ്രൊഫഷണൽ ടാറ്റൂ (professional tattoo) എന്നറിയപ്പെടുന്നു. പൂർണ്ണമായും സൗന്ദര്യവർധനം ലക്ഷ്യമിട്ടുള്ള കോസ്മെറ്റിക് ടാറ്റൂവും (cosmetic tatoo) ഇന്ന് സാധാരണമായികൊണ്ട് ഇരിക്കുന്നു. പുരികം, ചുണ്ടുകൾ, കണ്ണുകൾ, കരിമ്പുള്ളികൾ എന്നിവയുടെ അഭംഗി മാറ്റുവാൻ നാച്ചുറൽ നിറങ്ങൾ ഉപയോഗിച്ച് ടാറ്റൂ മെയ്‌ക്കപ്പ് ചെയ്യുന്നവരുണ്ട്. ഇതിനെ പെർമനന്റ് മെയ്‌ക്കപ്പ് (permanent makeup) അല്ലെങ്കിൽ മെഡിക്കൽ മെയ്‌ക്കപ്പ് (medical makeup) എന്നു പറയുന്നു.
എങ്ങനെ ചെയ്യുന്നു?
ടാറ്റൂ ആർട്ടിസ്റ്റ് തന്റെ കൈകൾ ആന്റി ബാക്‌റ്റീരിയൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി ഗ്ലൗസ്, സർജിക്കൽ മാസ്ക് എന്നിവ ധരിച്ച് സ്റ്റ്റിലൈസ് ചെയ്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ടാറ്റൂ ചെയ്യാൻ ഉദ്ദേശിക്കുന്ന ശരീരഭാഗം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി ആവശ്യമെങ്കിൽ രോമങ്ങൾ നീക്കം ചെയ്യണം. ശേഷം സ്റെൻസിൽ (stencil) ഉപയോഗിച്ച് ഡിസൈൻ വരച്ച ശേഷം ആന്റി സെപ്റ്റിക് / ആൽക്കഹോൾ വെച്ച് തുടച്ച് ഓയിന്മെന്റ് ഇട്ടശേഷം ടാറ്റൂ ചെയ്യുന്നു. ടാറ്റൂ ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ എന്നതാണ് കൂടുതൽ പേര്‍ക്കും സംശയം. വേദന ഉണ്ടാകാം, പക്ഷേ അതിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കും. കുത്തലോ നുള്ളിനോവിക്കും പോലെയോ തരിപ്പോ പുകച്ചിലോ നീറ്റലോ പോലെയോ തോന്നാം. ഒരാൾ വേദന സഹികുന്നതിന്റെ തീവ്രത അനുസരിച്ചും സൂചി, ടാറ്റൂവിന്റെ വലുപ്പം എന്നിവ അനുസരിച്ചും വേദന വ്യത്യാസപ്പെടും.
ടാറ്റൂ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കമ്മൽ, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങൾ ധരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അതേ പ്രശ്നങ്ങൾ തന്നെ ടാറ്റൂ പതിപിക്കുമ്പോഴും ഉണ്ടാകാം. വളരെ വൃത്തിയോടെയും സ്റ്റ്റിലൈസ് ചെയ്ത ഉപകരണങ്ങളോട് കൂടിയുമാണ് ഇന്ന് ടാറ്റൂ ചെയ്യുന്നത് എന്നതിനാൽ ടാറ്റൂ ധരിക്കാൻ ആഗ്രഹിക്കുന്ന ആളിന്റെ ആരോഗ്യമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ആളുകൾക്ക് ടാറ്റൂ മഷിയിൽ അലേർജി ഉണ്ടാകുകയും ചൊറിച്ചിൽ പാലുണ്ണി, തിണർപ്പ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. സോറിയാസിസ്, എക്സിമാ തുടങ്ങിയ ചർമ രോഗങ്ങൾ ഉള്ളവരിൽ ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കും.
ആരോഗ്യഗുണങ്ങളും ദോഷങ്ങളും
ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങൾ ടാറ്റൂയിങ്ങിന് ഉണ്ടെന്ന് പറയപ്പെടുന്നു.
∙ ആത്മവിശ്വാസം വർധിപ്പിക്കാൻ ആകുമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഒന്നിലധികം ടാറ്റൂ ധരിച്ചിട്ടുള്ളവരിൽ ടാറ്റൂ ധരിക്കാത്തവരേക്കാളും ആത്മവിശ്വാസവും പ്രസന്നതയും ധൈര്യവും പോസിറ്റീവ് ചിന്താഗതിയും കൂടുതൽ ആണെന്ന് പഠനങ്ങൾ പറയുന്നു.
∙ ശരീരത്തിൽ സ്ട്രെസ്സ് ഉണ്ടാക്കുന്നതിന് കാരണമായ കോർട്ടിസോൾ (cortisol) ഹോർമോണിന്റെ ഉത്പാദനം കുറയുന്നതിനാൽ സ്ട്രെസ്സ് കാരണം ഉണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം ലഭിക്കുന്നു. തലവേദന/ മൈഗ്രെയ്ൻ, അമിതവണ്ണം, ബ്ലഡ് പ്രഷർ മുതലായ അസുഖങ്ങൾ കുറയുന്നതിലൂടെ ഇത് കാരണം ഉണ്ടാകുന്ന അസുഖങ്ങൾക്ക് കൂടി കുറവ് വരുന്നു. കാൻസർ പോലുള്ള അസുഖങ്ങളിൽ നിന്നും മനസിനെ മുക്തമാക്കാനും ടാറ്റൂ വ്യാപകമായി ഉപയോഗിക്കുന്നു.
∙ ടാറ്റൂ ധരിച്ചവരിൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്നതായി അമേരിക്കൻ ജേർണൽ ഓഫ് ഹ്യൂമൺ ബയോളജി വ്യക്തമാക്കുന്നു. ഇതിനായി പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ട്. ശരീരത്തിൽ രോഗപ്രതിരോധത്തിനും, ദഹനനാളത്തിലും ശ്വസനവ്യവസ്ഥയിലും സഹായിക്കുവാൻ ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയായ ഇമ്യുണോഗ്ലോബുലിൻ (immunoglobulin) ഉത്പാദനം കുറയുന്നു. അതുപോലെ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷിയെ ശരീരം ഒരു വിദേശ വസ്തുവായി കണക്കാക്കുന്നത്തിനാൽ ശരീരത്തിനുള്ളിൽ ഒരു അന്യവസ്തു കടന്നാൽ ഉണ്ടാകുന്ന പ്രതി പ്രവർത്തനം ടാറ്റൂ മഷി ചർമ്മത്തിൽ കയറുമ്പോഴും ആവർത്തിക്കുന്നു. ഒന്നിലധികം ടാറ്റൂ ധരിക്കുമ്പോൾ ശരീരം സ്വാഭാവികമായും അതുമായി പൊരുത്തപ്പെടുന്നു. അങ്ങനെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
∙ എന്നാൽ വളരെ സെൻസറ്റീവ് ചർമ്മം ഉള്ളവരിൽ ടാറ്റൂ അലർജിക്ക് കാരണമാകാം. മഷി, സൂചി എന്നിവയുടെ അലർജി, ചർമ്മരോഗങ്ങൾ, അണുബാധ എന്നിവയാണ് പ്രധാനമായും കണ്ട് വരുന്ന ദോഷങ്ങൾ.
എല്ലാത്തിനും ഉപരി നല്ലൊരു വസ്ത്രം ധരിക്കുമ്പോൾ, ആഭരണം അണിയുമ്പോൾ, മൊബൈൽ വാൾപേപ്പർ മാറ്റുമ്പോൾ അല്ലെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമ്പോൾ കിട്ടുന്ന "ഫീൽ ഗുഡ്" മൂഡ് ലഭിക്കുന്നു. ചില സ്ഥാപനങ്ങൾ ചില അവസരങ്ങളിൽ ടാറ്റൂ പ്രോത്സാഹിപ്പിക്കാറില്ല, എന്നിരുന്നാലും ഫാഷൻ മേഖലകളിലും മറ്റും വളരെ ഊർജിതരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ ടാറ്റൂ ഒരു കാരണമാകാറുണ്ട്.
തയാറാക്കിയത്
സാംസൺ കെ. സെബാസ്റ്റ്യൻ
അതുൽ കെ. മനോജ്, ബോണി സ്കറിയ, സനൽ എം.എസ്
കളർ ഒാൺ ടാറ്റൂ സ്റ്റുഡിയോ
എംജി റോഡ് , കൊച്ചി