Monday 14 October 2019 06:03 PM IST : By സ്വന്തം ലേഖകൻ

‘എന്നെ ഇനി അന്വേഷിക്കേണ്ട, ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു’; ഫെയ്സ്ബുക്ക് ലൈവിട്ട് ഒളിച്ചോട്ടം; ശ്രദ്ധനേടി ഹ്രസ്വചിത്രം

elope

ഒളിച്ചോട്ടം ലൈവ് വിഡിയോയിലൂടെ ലോകത്തെ അറിയിച്ച കമിതാക്കളായിരുന്നുകുറച്ച് നാൾ മുമ്പ് സോഷ്യൽ മീഡിയയിലെ ‘താരങ്ങൾ.’ പ്രണയത്തിനു വിലങ്ങു തടിയായി നിന്ന വീട്ടുകാരെ വിട്ട് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച വിദ്യാർത്ഥിനിയായിരുന്നു കഥയിലെ നായിക. വീട്ടുകാരുടെ ടോർച്ചർ മടുത്ത് ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു എന്നതായിരുന്നു കഥാസാരം. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കഥമാറി. ഒരു വിശ്വാസത്തിന്റെ പുറത്ത് അതും വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തു വിടും എന്ന നിബന്ധനയിൽ ഷൂട്ട് ചെയ്ത വിഡിയോ പുറത്തു വിട്ട് തന്നെ കാമുകൻ വഞ്ചിച്ചുവെന്ന വാദവുമായി പെൺകുട്ടിയെത്തി.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ചർച്ചയാക്കിയ ഒളിച്ചോട്ട സംഭവത്തിന്റെ മാതൃകയിൽ‌ ഒരു ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്. ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത് ഒളിച്ചോടുന്ന പെൺകുട്ടിയും,അവളുടെ തുടർന്നുള്ള ജീവിതവുമാണ് തത്സമയം ഒരു പെൺകുട്ടി എന്ന ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. കൗമാരത്തിന്റെ പക്വതയില്ലായ്‌മയിൽ സമൂഹമാധ്യമങ്ങളിൽ  കാലിടറി വീഴുന്ന ഒരു പെൺകുട്ടിയുടെ ജീവിത കഥ ഇവിടെ ചർച്ചയാകുന്നു. 

അനുശ്രീ രാജ് ആണ് ഈ ചിത്രത്തിലെ നായിക, റംഷാദ് അലി , സജ്‌നു ലാൽ ,മൻസൂർ ചാവക്കാട് , ആൽവിൻ മാത്യു,രശ്മി മനോജ് , മനോജ്  എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

നല്ല ഒരു സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ യുഎഇയിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം റിലീസാകുന്നതിനു മുൻപ് തന്നെ,   വേൾഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്നും " മികച്ച സാമൂഹ്യ പ്രതിബന്ധതയുള്ള " ചിത്രമെന്ന അവാർഡും കരസ്ഥമാക്കിയിരുന്നു. 

ചിത്രത്തിന്റെ അണിയറക്കാർ യുഎഇയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തുക്കളാണ്. ഇനാര എന്റർടെയ്‍ൻമെന്റ്സിന്റെ ബാനറിൽ റംഷാദ് അലി കഥയെഴുതി സജ്‌നു ലാൽ തിരക്കഥയെഴുതിയ ചിത്രം കെ.സി. ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്തിരിക്കുന്നു. ആൽവിൻ മാത്യു കോ ഡയറക്ടര്‍. തമിഴ് സിനിമയിലെ പ്രശസ്ത സിനിമാട്ടോഗ്രാഫർ എ.കുമരൻ ( തങ്ക മകൻ ) ആയിരുന്നു സിനിമാട്ടോഗ്രാഫർ.