Tuesday 19 March 2019 03:41 PM IST : By സ്വന്തം ലേഖകൻ

നമ്പർ പ്ലേറ്റ് മടക്കി വച്ച് ടിക് ടോക് അഭ്യാസം; പൊലീസിനെ കബളിപ്പിച്ച യുവാവിനെ കയ്യോടെ പൊക്കി

tik-tok

ആലപ്പുഴ ∙ വാഹന പരിശോധനയിൽ നിന്നു രക്ഷപ്പെടാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കിൽ അപ്‍ലോഡ‍് ചെയ്തു വൈറലാക്കിയ യുവാവിനെ തേടിയത്തെയതു മോട്ടോർ വാഹന വകുപ്പ്. ബൈക്കിന്റെ ആർസി ഉടമയെ അന്വേഷിച്ചാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ എത്തിയതെങ്കിലും ഇതു മറ്റൊരാൾക്കു വിറ്റതായി കണ്ടെത്തി.

എന്നാൽ ഇതുവരെ പുതിയ ഉടമയുടെ പേരിൽ വണ്ടി റജിസ്റ്റർ ചെയ്തിരുന്നില്ല. ആര്യാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത യുവാവാണു ബൈക്ക് വാങ്ങി പ്രത്യേകം രൂപകൽപനചെയ്ത ഫ്രെയിമിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത്. 

ബൈക്ക് ഓടിക്കുന്നയാളിനൊപ്പം പിൻസീറ്റിൽ ഇരിക്കുന്നവർക്കു കൈ കൊണ്ടു നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാൻ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. വാഹന പരിശോധനകളെ മറികടക്കാനാണു നമ്പർ പ്ലേറ്റിനു മാറ്റം വരുത്തിയതെന്ന് യുവാവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

 ആര്യാട് സ്വദേശിയായ ആർസി ഉടമയ്ക്കും ബൈക്ക് വാങ്ങിയ യുവാവിനെതിരെയും കേസ് റജിസ്റ്റർ ചെയ്തു. ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണു കർശന നടപടി സ്വീകരിച്ചത്. യുവാവ് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്ത വിഡിയോ 1 ലക്ഷം പേരിലധികം കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും എംവിഐ ദിലീപ് കുമാർ പറഞ്ഞു.

More