ADVERTISEMENT

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന നടത്തിയ സമ്മേളനത്തിന്റെ  ഉദ്ഘാടനച്ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയത് പാലാ സ്വദേശി എയ്മിലിൻ റോസ് തോമസ്. ഫിലഡൽഫിയയിൽ സ്ഥിരതാമസമാക്കിയ പാലാ ആവിമൂട്ടിൽ ജോസ് തോമസിന്റെയും മൂലമറ്റം കുന്നയ്ക്കാട്ട് മെർലിൻ അഗസ്റ്റിന്റെയും മകളാണ് ഹൈസ്കൂൾ വിദ്യാർഥിനിയായ എയ്മിലിൻ. 16, 17 തീയതികളിലായിരുന്നു സമ്മേളനം.

കുട്ടികളുടെ അവകാശങ്ങൾക്കായി ഐക്യരാഷ്ട്ര സംഘടന 2 വർഷത്തിലൊരിക്കൽ പൊതു ചർച്ചാ ദിനം നടത്തുന്നുണ്ട്. കോവിഡ് കാരണം ഇത്തവണ ഓൺലൈനിലായിരുന്നു സമ്മേളനം. 2 വർഷം മുൻപാണ് ചിൽഡ്രൻ അഡ്വൈസറി ടീം, യൂത്ത് അഡ്വൈസറി ടീം എന്നിവയിൽ പ്രവർത്തിക്കാനായി യുഎൻ അപേക്ഷ ക്ഷണിച്ചത്. 250 അപേക്ഷകളിൽ നിന്ന് 19 രാജ്യങ്ങളിലുള്ള 30 പേർക്കാണ് അവസ‌രം ലഭിച്ചത്. പല രാജ്യങ്ങളിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ അവകാശത്തെപ്പറ്റിയാണ് ഇവർ പഠിച്ചത്. ഈ വിഷയം എയ്മിലിന് പ്രധാനപ്പെട്ടതായിരുന്നു.

ADVERTISEMENT

ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന കാർഡിയോ ഫാസിയോ ക്യുട്ടേനിയസ് സിൻഡ്രോം എന്ന അപൂർവ ജനിതക മാറ്റം മൂലം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് എയ്മിലിന്റെ സഹോദരൻ ഇമ്മാനുവൽ. സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആർജിച്ച ജീവിതാനുഭവങ്ങളാണ് എയ്മിലിനെ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള വക്താവാക്കി മാറ്റിയത്. ഇമ്മാനുവലിനുള്ള പ്രത്യേക കരുതലിനെക്കുറിച്ച് എഴുതിയ കവിതയാണ് എയ്മിലിനെ സംഘത്തിലേക്ക് തിരഞ്ഞെടുക്കാൻ അവസരമൊരുക്കിയത്. പീഡിയാട്രിക് സർജനാകാനാണ് ആഗ്രഹമെന്ന് എയ്മിലിൻ പറയുന്നു.

ഒപ്പം കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകയാകാനും താൽപര്യമുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കാൻ എയ്മിലിൻ തിരഞ്ഞെടുത്ത വേഷം ഇന്ത്യൻ വസ്ത്രമായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന് മൂല്യമുള്ളതുകൊണ്ടാണ് ഇതു  തിരഞ്ഞെടുത്തതെന്ന് മാതാപിതാക്കളായ ജോസും മെർലിനും പറഞ്ഞു. എയ്മിലിനെ ശശി തരൂർ എംപിയും  മാണി സി.കാപ്പൻ എംഎൽഎയും സമൂഹ മാധ്യമത്തിലൂടെ അഭിനന്ദിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT