പോയ കാലങ്ങളെ തിരികെ വിളിക്കുന്ന, മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് 'ട്രാന്‍സ്‌ഫോര്‍മേഷന്‍' ചലഞ്ച് എന്നാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്ന ഓമനപ്പേര്. ഫാറ്റ് ബോഡിയില്‍ നിന്നും ഫിറ്റ് ബോഡിയിലേക്കുള്ള മാറ്റത്തിനേയും സുന്ദരന്‍മാരും സുന്ദരിമാരും ആയിട്ടുള്ള രൂപാന്തരം പ്രാപിക്കലിനേയുമൊക്കെ ഹാഷ്ടാഗില്‍ തൂക്കി നിര്‍ത്തി ആഘോഷിക്കുന്നു സൈബര്‍ ലോകം. കൂട്ടത്തില്‍ ട്രാന്‍സ് വുമണ്‍ വൈഗ സുബ്രഹ്മണ്യം പങ്കുവച്ച ട്രാന്‍സ്‌ഫോര്‍മേഷന്‍ ചിത്രം ഏവരേയും അമ്പരപ്പിച്ചു. ആണ്‍ ദേഹത്തിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും പെണ്ണെന്ന സ്വത്വത്തിലേക്കുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നും വൈഗയുടെ ചലഞ്ച്. ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയ സംസാരിക്കുമ്പോള്‍ പോയ കാലത്തേയും പിന്നാലെയെത്തിയ മാറ്റത്തേയും കുറിച്ച് വനിത ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് വൈഗ. വനിത ഓൺലൈൻ പരമ്പര സ്വത്വം തേടുന്ന ജീവിതങ്ങൾ...
എന്നിലേക്ക് മടങ്ങിയ ഞാന്‍
അന്ന് ഞാന്‍ സനൂജായിരുന്നു. പേരു കൊണ്ടും രൂപം മേല്‍വിലാസം കൊണ്ടും. എന്നു മുതലാണ് എന്റെ സ്വത്വം പെണ്ണിന്റേതായിരുന്നു എന്ന് ചോദിച്ചാല്‍ കുട്ടിക്കാലം മുതലായിരുന്നുവെന്ന് ഞാന്‍ പറയും. എന്റെ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ അവര്‍ക്കിണങ്ങുന്ന കാറും റോബോട്ടും പോലുള്ള ടോയ്‌സ് വച്ച് കളിക്കുമ്പോള്‍ ഞാന്‍ ബാര്‍ബീ ഡോള്‍ പോലുള്ള ടോയ്‌സ് തേടി പോയി. അതെന്റെ മനസ് നല്‍കുന്ന സൂചനയായിരുന്നു. എന്റെ മനസ് ഒരു പെണ്ണിന്റേതാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. പെണ്ണായി മാറാനുള്ള ആഗ്രങ്ങള്‍ വീര്‍പ്പുമുട്ടലെന്നോണം അടക്കിപ്പിടിച്ച് എന്റെ കൗമാരവും യൗവനവും കടന്നു പോയി. വീട്ടുകാരോട് അത് പറഞ്ഞാല്‍ അവിടെ ഒരു ഭൂകമ്പം നടക്കുമെന്ന് അറിയാമായിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷം മുമ്പ് മുപ്പത്തിനാലാം വയസില്‍ എനിക്കുള്ള വേക്ക് അപ് കോള്‍ വന്നു. ഞാന്‍ ആരോടും പറയാതെ വീട് വിട്ടിറങ്ങി. അതെന്റെ സ്വത്വത്തിലേക്കുള്ള യാത്രയായിരുന്നു. സര്‍ജറി ചെയ്തു... വീര്‍പ്പുമുട്ടിച്ച ആണ്‍ദേഹത്തില്‍ നിന്നും ഞാന്‍ മോചനം നേടി. അങ്ങനെ സനൂജ് ആയിരുന്ന ഞാന്‍ വൈഗ സുബ്രഹ്മണ്യമായി മാറി.

വെല്ലുവിളിയുടെ നാളുകള്‍
അച്ഛന്‍ ബാലസുബ്രഹ്മണ്യം കെഎസ്ഇബി ഓവര്‍സിയറായിരുന്നു. അമ്മ രമണി ഹൗസ് വൈഫ്. ഇരുവരും സെപ്പറേറ്റ് ആയി വേറെയാണ് താമസം. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. സര്‍ജറി ചെയ്ത് ട്രാന്‍സ് വുമണായി മാറിയതില്‍ പിന്നെ വീട്ടുകാര്‍ക്ക് എന്നെ വേണ്ടായിരുന്നു. ഒന്ന് വിളിക്കാനോ സഹകരിക്കാനോ എന്നെ കൂടെ കൂട്ടാനോ ആരും കൂട്ടാക്കിയില്ല. പക്ഷേ ചേട്ടന്‍ എന്നെ വിളിച്ചു. അത് ആശ്വസിപ്പിക്കാനായിരുന്നില്ല. ഞാന്‍ ആള്‍മാറാട്ടം നടത്തിയെന്നും എന്നെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പറഞ്ഞു. ഞാനായിട്ട് അവരുടെ സ്വത്തോ പണമോ ചോദിച്ചില്ല. അവര്‍ക്കുള്ളതില്‍ അവകാശം ചോദിച്ച് പോകുകയും ചെയ്തില്ല. പക്ഷേ എന്നെ, ഞാനെടുത്ത തീരുമാനത്തിന്റെ പേരില്‍ അടിമുടി ഒറ്റപ്പെടുത്തി. ഞാന്‍ ആരെയും കൊന്നിട്ടോ ചതിച്ചിട്ടോ ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ ഞാനെന്തിന് അവരെ പേടിക്കണം. പക്ഷേ ഞാന്‍ നിലനില്‍പ്പിനായി പോരാടുക തന്നെ ചെയ്തു. ട്രാന്‍സ് കമ്മ്യൂണിറ്റിയും സുഹൃത്തുക്കളും എനിക്ക് പിന്തുണയേകി. അങ്ങനെ എനിക്കുള്ളതെല്ലാം ത്യജിച്ച് എന്റെ വ്യക്തിത്വത്തിനു വേണ്ടി അഭിമാനത്തോടെ സമൂഹത്തിലേക്കിറങ്ങി. പക്ഷേ ട്രാന്‍സ്‌ജെന്‍ഡറുകളെന്നാല്‍ സെക്‌സ് വര്‍ക്കര്‍മാര്‍ ആണെന്ന് കരുതുന്ന ഒരു കൂട്ടത്തില്‍ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഏറെയുണ്ടായി. അങ്ങനെയല്ല എന്ന് ഉറക്കെ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടുള്ള മാറ്റം ഏറെ ശ്രമകരമായിരുന്നു.

2019ല്‍ ഓള്‍ കേരള ട്രാന്‍സ് ബ്യട്ടി കോണ്ടസ്റ്റില്‍ റണ്ണറപ്പായത് ജീവിതത്തിലെ തിളക്കമുള്ള അധ്യായമാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഡെറാഡൂണില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ ഞാന്‍ കുറച്ചു സുഹൃത്തുക്കളെ ചേര്‍ത്ത് ജ്വാല എന്ന പേരില്‍ ഇവന്റ് മാനേജ്‌മെന്റ് ആരംഭിച്ചിരുന്നു. കോവിഡ് ആയതോടെ ഏറെ പ്രതിസന്ധികള്‍ നേരിട്ടു. അതിനെയെല്ലാം അതിജീവിച്ച് കരകയറി വരികയാണ്. പുതിയ ജോലിക്കായി ശ്രമിക്കുന്നുണ്ട്. പക്ഷേ ഞങ്ങളുടെ സ്വത്വത്തെ ഇനിയും ദഹിക്കാത്ത ഒരു വിഭാഗം ഇപ്പോഴും അകറ്റി നിര്‍ത്തുകയാണ്.
പിന്നെ വിവാഹം? നാളുകള്‍ക്ക് മുമ്പ് പല മാധ്യമങ്ങളും ഞാന്‍ വിവാഹിതയാകാന്‍ പോകുകയാണെന്നുള്ള വാര്‍ത്തകള്‍ ആഘോഷിച്ചിരുന്നു. പക്ഷേ ആ ബന്ധം പാതിവഴിയ്ക്ക്് ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ കണ്ടെത്തിയ വ്യക്തിയുമായി ആശയപരമായും വ്യക്തിപരമായും ഒരുപാട് ഭിന്നതകള്‍ ഉണ്ടായി. ഞങ്ങളുടെ കെമിസ്ട്രി വര്‍ക്ക് ഔട്ട് ആകില്ല എന്നുള്ളത് കൊണ്ട് തന്നെ ഞങ്ങള്‍ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു. പരസ്പര സമ്മതത്തോടെ. ഇന്നും ഞാന്‍ അഭിമാനത്തോടെ ജീവിക്കുന്നു. എന്റെ പുതിയ സ്വപ്‌നങ്ങള്‍ക്കായി... എന്റെ ജീവിതത്തിനായി.- വൈഗ പറഞ്ഞു നിര്‍ത്തി.
