Wednesday 06 May 2020 10:27 AM IST

എന്നോട് പറഞ്ഞത് അമ്മ മരിച്ചുവെന്നാണ്, ചിലപ്പോള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും; വൈറലായ വിനയിന്‍റേത് നെഞ്ചുപൊള്ളും കഥ

Binsha Muhammed

vinay-new

സിനിമാ സ്വപ്‌നവുമായി നടക്കുന്ന ചെക്കന്‍, അവന്റെ ജീവിതത്തിന് ഇന്നു വരെ ഒരു സിനിമയ്ക്കും കിട്ടാത്ത കണ്ണീരിന്റെ നനവുള്ള കഥയുണ്ട്.  കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണപ്പൊതിക്കായി ഊഴം കാത്ത് പോയ വിനയ് എനന മിടുക്കനെ സോഷ്യല്‍ മീഡിയയിലാണ് ആദ്യം കാണുന്നത്. പുഞ്ചിരിച്ച മുഖവുമായി സൈക്കിളിലെത്തിയ ആ ഇരുപതുകാരന്‍ കാഴ്ചയില്‍ കുട്ടിയായിരുന്നു. പക്ഷേ ഈ പ്രായത്തിനിടെ അവന്‍ അനുഭവിച്ചു തീര്‍ത്ത വേദന ഏതു മുതിർന്നവരെയും അന്പരപ്പിക്കും. കണ്ണീരുറഞ്ഞു പോകുന്ന ഭൂതകാലവും കരളുരുകുന്നൊരു വര്‍ത്തമാനകാലവും പോക്കറ്റിലിട്ടു കൊണ്ടായിരുന്നു ഒന്നും സംഭവിക്കാത്തതു പോലുള്ള അവന്റെ നടപ്പ്.

ലോക് ഡൗണ്‍ കാലത്ത് ഭക്ഷണപ്പൊതിക്ക് ഇറങ്ങിത്തിരിച്ച കൊച്ചു പയ്യനെ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു വട്ടംവയ്ക്കുന്നതോടെയാണ് കരളുരുകുന്ന കഥയ്ക്ക് ലോകം കാതോര്‍ത്തത്. അനാഥന്‍...വെളുപ്പിനെ മൂന്ന് മണിക്കെഴുന്നേറ്റ് പത്ര വിതരണത്തിനായി പോകുന്നവന്‍... വിശപ്പടക്കാന്‍ ബ്രെഡ് വെള്ളത്തില്‍ മുക്കിയും തിന്നാം എന്ന് പഠിപ്പിച്ചവന്‍... കാഴ്ചയിലെ അവന്റെ കുട്ടിത്തം ഒന്നുമല്ലാതായി പോയത് കരളുരുക്കുന്ന ആ ജീവിതത്തിനു മുന്നിലാണ്. വനിത ഓണ്‍ലൈന്‍ വിനയിനെ തിരക്കിയെത്തുമ്പോഴും അവന്‍ ഓട്ടത്തിലായിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണം സ്വരുക്കൂട്ടാന്‍ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള പാച്ചില്‍. എരിയുന്ന വയറിന് ഇന്നത്തേക്കുള്ള അന്നം സംഘടിപ്പിച്ച ആഹ്ളാദത്തിൽ അവൻ ആ കഥകൾ പങ്കുവച്ചു... ഹൃദയം നുറുക്കുന്ന അവന്റെ ഫ്ലാഷ് ബാക്ക്...

അനാഥൻ എന്ന മേല്‍വിലാസം

ദിനേശ് എന്നാണ് അച്ഛന്റെ പേര്. ഓര്‍മയുറക്കും മുന്നേ അമ്മ എന്നെ വിട്ടു പോയി.  ഷീല എന്നായിരുന്നു അമ്മയുടെ പേര്. ആ പേരും ആ രൂപവും ഇന്നും എനിക്ക് അവ്യക്തമാണ്. അമ്മ മരണത്തിന് കീഴടങ്ങിയതിനു പിന്നാലെ അച്ഛനും അവരുടെ പിന്നാലെ പോയി. -  കണ്ണീരിനെ പുഞ്ചിരി കൊണ്ട് മറച്ച് വിനയ് ജീവിതം പറഞ്ഞു തുടങ്ങി.  

vinay

തൃശൂര്‍ തലോര്‍ ആണ് സ്വദേശം. അച്ഛന്റേയും അമ്മയുടേയും സ്‌നേഹ വിവാഹമായിരുന്നു. ആ വിപ്ലവ കല്യാണം ബന്ധുക്കളേയും പ്രിയപ്പെട്ടവരേയും അകറ്റി. എനിക്ക് ജന്മം നല്‍കി മൂന്നാം വയസില്‍ അമ്മ പോയി. അമ്മയ്ക്ക് ഹാര്‍ട്ടിന് പ്രശ്‌നമായിരുന്നു. അങ്ങനെയാണ് മരിച്ചതെന്നാണ് ആന്റി പറയുന്നത് (അമ്മയുടെ അനിയത്തി). ആ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തുവത്രേ. എല്ലാം പറഞ്ഞുള്ള അറിവ് മാത്രമാണ്. അതില്‍ കൂടുതല്‍ എനിക്കറിയില്ല. അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് പറയുന്നവരും ഉണ്ട്. എല്ലാം എന്നെ ചുറ്റിപ്പറ്റി പടര്‍ന്നു കൊണ്ടിരിക്കുന്ന കഥകൾ മാത്രം. കൂടുതലൊന്നും എനിക്കറിയില്ല. ഒന്നുമാത്രം അറിയാം, അവര്‍ നഷ്ടമായ നിമിഷം മുതല്‍ ഞാന്‍ ആരുമില്ലാത്തവനായി. 

വേദനകളുടെ ബാല്യകാലം

ആന്റിയുടെ തണലിലായിരുന്നു പിന്നെയുള്ള താമസം. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായി കുറേക്കാലം കഴിഞ്ഞതും ഓര്‍മയുണ്ട്. എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ തന്നെ എട്ടു വയസ്സ് കഴിഞ്ഞിരുന്നു. അങ്ങനെയെങ്കിലും പഠിക്കാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസമേയുള്ളൂ. ഓര്‍മ വച്ച നാള്‍ മുതല്‍ ഓരോ ജോലിക്കായി ഇറങ്ങിയിട്ടുണ്ട്. പത്ര വിതരണമായിരുന്നു മെയിന്‍. മാസം 500 രൂപ വരെ കിട്ടും.

ആന്റിക്ക് എന്നെ കൂടി നോക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞത് 13-ാം വയസിലാണ്. വീടു വിട്ടിറങ്ങി, ഓരോ ജോലി ചെയ്തു. കൂട്ടത്തില്‍ പഠിത്തവും ആ വഴിക്ക് നടന്നു. ഇതിനിടയ്ക്ക് മുംബൈയിലേക്ക് വണ്ടി കയറി. ഒന്നും മുന്നില്‍ കണ്ടിട്ടല്ല ജീവിക്കാന്‍ വേണ്ടി തന്നെ. മനസിലുള്ള സിനിമാ സ്വപ്‌നവുമായി സെറ്റുകളില്‍ കയറിയിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങി. 2 വര്‍ഷത്തോളം മുംബൈയില്‍ ഗതിയില്ലാതെ അലഞ്ഞു. ഒടുവിൽ അവിടുന്നു തിരിച്ചു നാട്ടിലേക്ക്. പത്താം ക്ലാസ് പരീക്ഷയെഴുതുന്നത് തിരുവനന്തപുരത്തു നിന്നാണ്. അവിടെ ഒരു ട്യൂട്ടോറിയല്‍ കോളജ്, പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരം ഒരുക്കി തന്നു. ജോലി ചെയ്ത് പഠിക്കാനിരിക്കുമ്പോള്‍ ഞാന്‍ നന്നേ തളര്‍ന്നിട്ടുണ്ടാകും. അന്നേരം ഒരക്ഷരം പോലും പഠിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. സപ്ലയര്‍ പണിയും, പത്രമിടലും ഒക്കെയായി അങ്ങനേ അങ്ങ് കഴിഞ്ഞു പോയി. അധ്വാനത്തിന് മോശമല്ലാത്തൊരു ഫലം ദൈവം തന്നു.  70 ശതമാനം മാര്‍ക്ക് നേടിയാണ് പത്താം ക്ലാസ് ജയിച്ചത്.  ജീവിതത്തിന്റെ സിലബസ് തന്നെ താളം തെറ്റിയവന്‍ അങ്ങനെയെങ്കിലും പാസായല്ലോ എന്ന ആശ്വാസം മാത്രമേയുള്ളൂ. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പിന്നെയും നീണ്ടു പോയി പഠന കാലം. ഇടയ്ക്ക് ഹ്രസ്വകാല ഹോട്ടല്‍ മനേജ്‌മെന്റ് പഠിച്ച് കൊച്ചിയിലെ ഹോട്ടലിലെത്തി. മനസിലുള്ള സിനിമാ മോഹത്തിന് ഹോട്ടലിലെ പണി പറ്റില്ല എന്ന് ഉറപ്പിച്ചപ്പോഴാണ് തിരികെ വീണ്ടും കൊച്ചിയിലെത്തിയത്.   

ലക്ഷ്യങ്ങള്‍ക്ക് കുട്ടിത്തമില്ല

സെറ്റുകളില്‍ ചാന്‍സ് തേടി അലച്ചിലായിരുന്നു പിന്നീട്. പിടിച്ചു നില്‍ക്കാന്‍ ലോട്ടറി കച്ചവടം. വെളുപ്പിന് മൂന്ന് മണിക്ക് ഉറക്കമുണര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വച്ചു പിടിക്കും. അടുത്തുള്ള ചായക്കടക്കാരന്റെ കയ്യില്‍ നിന്നു രാവിലെ കടം വാങ്ങുന്ന തുകയാണ് ലോട്ടറി കച്ചവടത്തിന്റെ മുടക്കു മുതല്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ ലോട്ടറിയുമായി നടന്നാലും 200 രൂപയൊക്കെ കൈയില്‍ കിട്ടൂ. അത് വച്ച് എന്താകാനാണ്...എങ്ങനെ ജീവിക്കാനാണ്. ഇതിനിടെ ദുല്‍ഖറിന്റെ ഹിന്ദി ചിത്രം കര്‍വാനില്‍ ചെറിയ റോള്‍ കിട്ടിയത് ആശ്വാസമായി. മൂവായിരം രൂപയായിരുന്നു അതിന് കിട്ടിയ ശമ്പളം. ഏഴായിരത്തോളം രൂപ എന്റെ വിദ്യാഭ്യാസ ചെലവിനെന്നോണം ചിത്രത്തിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മാറ്റിവച്ചിരുന്നു. ലോനപ്പന്റെ മാമ്മോദീസ, കല്‍ക്കി, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ലഭിച്ചു. ജിജോ ജോസഫിന്റെ വരയന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു. 

സ്വപ്‌നങ്ങള്‍  ഒരു വശത്ത് പുരോഗമിക്കുമ്പോഴും പ്ലസ്ടു പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ഞാന്‍. പകല്‍ ലോട്ടറി കച്ചവടം രാത്രി പഠിത്തം, കൂട്ടത്തില്‍ സിനിമ സെറ്റുകളിലെ പതിവ് സന്ദര്‍ശനവും. പക്ഷേ ലോക് ഡൗണ്‍ ആയതോടെ എല്ലാ വരുമാനവും അടഞ്ഞു. ഇപ്പോള്‍ സമൂഹ അടുക്കളയില്‍ നിന്ന് ലഭിക്കുന്ന സഹായം കൊണ്ടാണ് വിശപ്പടക്കുന്നത്. സുമനസുകളായ സുഹൃത്തുക്കളുടെസഹായം വേറെയുമുണ്ട്. ഒന്നും ബാക്കിയാക്കാന്‍ ഇല്ലാത്ത എനിക്ക് സ്വപ്‌നങ്ങളെന്നു പറയാന്‍ അധികമൊന്നും ഇല്ല. സിനിമയില്‍ അഭിനയിക്കണം. മറ്റുള്ളവരെ സഹായിക്കണം അത്ര തന്നെ. എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടെങ്കില്‍ അതും നടക്കും.- വിനയ് പറഞ്ഞു നിര്‍ത്തി.