Saturday 13 March 2021 02:43 PM IST

‘തൊട്ടാൽ പൊള്ളുന്ന വിഷയമാണ്; ഒരു മതത്തേയും അതിലെ ആളുകളുടെ വിശ്വാസത്തേയും വൃണപ്പെടുത്തരുത് എന്ന് നിർബന്ധമായിരുന്നു’: കാവ്യ പ്രകാശ് പറയുന്നു

Lakshmi Premkumar

Sub Editor

kavya-prakashh33444

‘വാങ്ക്’ എന്ന ചിത്രത്തിലൂടെ മലയാള സംവിധാന രംഗത്തേക്ക് ഒരു പെൺതാരകം കൂടെ; വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശ്...

വാങ്കിന്റെ സംവിധായിക

ചെറുപ്പം മുതൽ സിനിമാ സംവിധാനമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞപ്പോൾ ബിഎസ്‌സി വിഷ്വൽ കമ്മ്യൂണിക്കേഷന്‍ പഠിച്ചത്. ഫിലിം മേക്കിങ്ങിനായിരുന്നു പ്രാധാന്യം. ജനിച്ചത് കോഴിക്കോടാണെങ്കിലും വളർന്നതൊക്കെ  ബെംഗളൂരുവിലാണ്.  അതുകൊണ്ടു  തന്നെ സ്കൂളും കോളജും പിന്നെ, മൂന്ന് കൊല്ലത്തോളം ജോലി ചെയ്തതും ബെംഗളൂരുവിൽ മാർക്കറ്റിങ്ങിലും പരസ്യ മേഖലയിലും ജോലി ചെയ്തു. 28ാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമ എന്ന സ്വപ്നം പൂവണിഞ്ഞത്. ഏറെ നാളായി മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.

വി.കെ പ്രകാശിന്റെ മകൾ

ചെറുപ്പം മുതലുള്ള ഐഡന്റിറ്റി വികെപിയുടെ മകൾ എന്ന താണ്. അതുതന്നെയാണ് അഭിമാനവും. എന്റെ സിനിമാ എ ൻട്രി കണ്ടപ്പോൾ എല്ലാവരും കരുതിയത് ഞാൻ അച്ഛന്റെ കൂടെ വർക് െചയ്തിട്ടുണ്ടെന്നാണ്. പക്ഷേ, ഇല്ല. അച്ഛന്റെ അസിസ്റ്റന്റ് മൃദുൽ നായരാണ് എന്റെ ഗുരു. ബി ടെക് എന്ന സിനിമയാണ് ഞാനാദ്യമായി അസിസ്റ്റ് ചെയ്യുന്ന പടം. അച്ഛന്റെ പരസ്യകമ്പനി ചെയ്ത നിരവധി പരസ്യചിത്രങ്ങളിലും മൃദുലിനൊപ്പമായിരുന്നു അസിസ്റ്റ് ചെയ്തത്.  ജോഷി സാറിന്റെ മകൻ അഭിലാഷ് ജോഷി, വിനയ് ഗോവിന്ദ് അങ്ങനെ നിരവധി പേർക്കൊപ്പം സിനിമയിലും പരസ്യത്തിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛൻ ചെയ്യുന്ന രീതിയിലല്ല ഞാൻ സിനിമ ചെയ്യുന്നത്. എല്ലാ സംവിധാ യകർക്കും അവരുടേതായ ഒരു വേർഷനും കാഴ്ചപ്പാടും ഉണ്ടാകുമല്ലോ.  അഭിപ്രായങ്ങൾ ചോദിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. അമ്മയും നല്ല സപ്പോർട്ടായിരുന്നു.

IMG_7125

ഉണ്ണി സാറിന്റെ കഥ

ഉണ്ണി ആർ അച്ഛന്റെയടുത്ത് ഒരു കഥ സംസാരിക്കാനായി വന്നതാണ്. അന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഞങ്ങളുടെ സംസാരത്തിൽ അദ്ദേഹത്തിന്റെ ചെറുകഥകളായിരുന്നു വിഷയം. അതിനിടയിലാണ് ‘വാങ്കി’ന്റെ കഥ പറയുന്നത്. കേട്ടപ്പോൾ തന്നെ ഞാനാകെ ത്രില്ലടിച്ചു. കുറേ സംശയങ്ങൾ ചോദിച്ചപ്പോൾ ഉണ്ണി സാറിന് മനസ്സിലായി എനിക്കെന്തോ പ്രത്യേക താൽപര്യം ഈ കഥയോടുണ്ടെന്ന്. അദ്ദേഹമാണ് ‘എങ്കിൽ പിന്നെ, കാവ്യയുടെ ആദ്യത്തെ സിനിമയായി ഇത് ചെയ്തോളൂ’ എന്ന് നിർദ്ദേശിച്ചത്. സ്‌റ്റോറി ഒരു സ്ത്രീ പക്ഷചിന്താഗതിയിലൂടെ പോയാൽ എങ്ങനെയുണ്ടാകും എ ന്ന ആശയത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായി ഷബ്ന മുഹമ്മദിനെ കണ്ടെത്തുന്നത്.

സിനിമയുെട ഇഷ്ടക്കാരി

നിരവധി സിനിമകൾ കണ്ടും കേട്ടും ആണ് വളർന്നത്. ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സിനിമകളും കാണും. ഓരോന്നിൽ നിന്നും പഠിക്കും. സ്വന്തമായി ഒരു സിനിമ ചെയ്തപ്പോൾ തൊട്ടാൽ പൊള്ളുന്ന വിഷയമാണ്. പക്ഷേ, ഒരു മതത്തേയും അതിലെ ആളുകളുടെ വിശ്വാസത്തേയും വൃണപ്പെടുത്തരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ചാണ് ഓരോ ഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ‘വാങ്കി’ന് വേണ്ടി രണ്ട് കൊല്ലത്തോളം റിസർച് ചെയ്തിട്ടുണ്ട്. ഓരോ സിനിമയും അങ്ങനെയാകണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. 

kavvbb556hjjh

മിടുക്കി പെണ്ണുങ്ങളുടെ സിനിമ

എന്നെ പോലെ തന്നെ ഷബ്ന മുഹമ്മദ് എന്നൊരു തിരക്കഥാകൃത്ത് കൂടി ഈ സിനിമയിലൂടെ ജനിക്കുന്നുണ്ട്. സിനിമയിൽ അഭിനയിക്കുകയും നൃത്തം ചെയ്യുകയും എഴുതുകയും ചെയ്യുന്ന മൾട്ടി ടാലന്റടാണ് ഷബ്ന. ചിത്രത്തിൽ അഭിനയിച്ച നാലു പെൺകുട്ടികളും എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. അവരുടെയൊക്കെയാണീ സിനിമ.  

അടുത്ത സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഒരുപാട് ചിത്രങ്ങള്‍ ചെയ്യുന്നതിനപ്പുറം നല്ല മെസേജ് നൽകുന്ന പടങ്ങൾ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. നമ്മൾ ചെയ്യുന്ന പടങ്ങൾ സമൂഹത്തിന് ഏതെങ്കിലുമൊരു രീതിയിൽ മുതൽക്കൂട്ടാകണം. അത്തരം സിനിമകളാണ് ഇപ്പോൾ ചർച്ചയിലുള്ളത്.

kavyyddggff55446