ADVERTISEMENT

‘സിബിൽ സ്കോറൊന്നും എനിക്കൊരു വിഷയമേയല്ല’ എന്നു ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. സിബിൽ സ്കോർ നിസ്സാരമല്ല കേട്ടോ. കല്യാണം പോലും സിബിൽ സ്കോർ മോശമായതിന്റെ പേരിൽ മുടങ്ങിയ വാർത്ത നമ്മൾ കണ്ടതാണ്. വെറുതേ ചിരിച്ചു കളയേണ്ട വിഷയമല്ല ഇത്. സിബിൽ സ്കോർ എന്നതു വെറുമൊരു സംഖ്യ മാത്രമല്ല. മറിച്ചു നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ നേർസാക്ഷ്യം കൂടിയാണ്.

ഭവന നിർമാണ വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ തുടങ്ങി എന്തിനും ഏതിനും സിബിൽ സ്കോർ അത്യാവശ്യമാണ്. എപ്പോഴാണു നമുക്കു ലോൺ വേണ്ടി വരുന്നതെന്നു പറയാനാകില്ല. ലോണിനായി സമീപിക്കുമ്പോൾ ബാങ്കുകൾ ആദ്യം പരിശോധിക്കുക സിബിൽ സ്കോറാണ്. വിദേശരാജ്യങ്ങളിലൊക്കെ ക്രെഡിറ്റ് സ്കോർ കൃത്യമാണെങ്കിൽ മാത്രമേ വീട് വാടകയ്ക്കു പോലും കിട്ടുകയുള്ളൂ. 

ADVERTISEMENT

എന്താണ് സിബിൽ സ്കോർ?

ഒരു വ്യക്തിയും അയാൾ ബാങ്കിൽ നിന്നെടുത്തിട്ടുള്ള കടവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഇൻഡ്ക്സ് ആണ് സിബിൽ സ്കോർ. ഉദാഹരണത്തിന്, എടുത്തിട്ടുള്ള വായ്പകൾ, തിരിച്ചടവു സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ നിശ്ചയിക്കുക.

ADVERTISEMENT

300 മുതൽ 900 വരെയുള്ള സ്കെയിലിലാണ് സ്കോർ തിട്ടപ്പെടുത്തിയിരിക്കുന്നത്. വായ്പയുടെ അടവുകൾ കൃത്യമായും മുടക്കമില്ലാതെയും അടയ്ക്കുന്ന വ്യക്തിയുടെ സ്കോർ നില 750നു മുകളിലായിരിക്കും.

സ്കോർ 750നു മുകളിലാണെങ്കിൽ ബാങ്കുകളിൽ നിന്നു കുറഞ്ഞ പലിശയിൽ ലോൺ ലഭിച്ചേക്കാം. സിബിൽ സ്കോറിൽ ഒരിക്കലെങ്കിലും വീഴ്ച സംഭവിച്ചാൽ 12 മാസം മുതൽ രണ്ടു വർഷം വരെ വേണ്ടിവരും അതു ശരിയാകാൻ. സിബിൽ സ്കോർ മെച്ചപ്പെടുത്തുന്നതിൽ സാമ്പത്തിക അച്ചടക്കം വലിയ പങ്കു വഹിക്കുന്നു.

ADVERTISEMENT

സിബിൽ സ്കോർ നിശ്ചയിക്കുന്നതാര്?

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ, ഇക്വിഫാക്സ്, ഹൈമാർക്ക്, എക്സ്പീരിയൻ എന്നിവയാണ് സിബിൽ സ്കോർ നിശ്ചയിക്കുന്ന നാലു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ. ആർബിഐ അംഗീകാരത്തോടെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ലോണ്‍ എടുക്കുന്നതും തിരിച്ചടവുകളും സംബന്ധിച്ച വിവരങ്ങൾ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ ഏജൻസിക്ക് കൈമാറുകയാണു പതിവ്. ചില സാഹചര്യങ്ങളിൽ സിബിൽ സ്കോർ തട്ടിപ്പുകൾ നടക്കുന്നതിനാൽ രണ്ടോ മൂന്നോ ഏജൻസികളിൽ നിന്ന് റിപ്പോർട്ട് തേടാറുണ്ട്. 

ഒരു അടവു മുടങ്ങുന്നതുപോലും സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കും. സിബിൽ സ്കോർ 700ൽ താഴെയാണെങ്കിൽ തീർച്ചയായും ബാങ്കുകൾ വ്യക്തികളിൽ നിന്നു കൂടുതൽ രേഖകൾ ആവശ്യപ്പെട്ടേക്കാം. 

മാത്രമല്ല, സ്കോർ കുറവാണെങ്കിൽ കേന്ദ്ര അംഗീകൃത ബാങ്കുകളിൽ നിന്നു ലോൺ കിട്ടാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. കേന്ദ്ര അംഗീകൃത ബാങ്കുകളെ അപേക്ഷിച്ചു സ്വകാര്യ ബാങ്കുകളിലെ പലിശ നിരക്കു മൂന്നു ശതമാനം വരെ അധികമാണ്.

ADVERTISEMENT