ഇടയ്ക്കിടെ പരിശോധിച്ചാൽ സിബിൽ സ്കോർ കുറയുമോ, വായ്പ ലഭിക്കില്ലേ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ Understanding CIBIL Score and Loan Applications
Mail This Article
വായ്പയ്ക്കായി സമീപിക്കുമ്പോൾ ബാങ്ക് ആ ദ്യമേ പരിശോധിക്കുന്നത് അപേക്ഷിക്കുന്നവരുടെ മുൻകാല വായ്പ അടവ് ചരിത്രമാണ്. ഡിജിറ്റലായി ലഭിക്കുന്ന ഈ വായ്പാ അപഗ്രഥന റിപ്പോർട്ടുകളെ സിബിൽ സ്കോർ എന്നാണു വിളിക്കുന്നത്. ഇടയ്ക്കിടെ ഈ സ്കോർ പരിശോധിച്ചാൽ സ്കോർ കുറയുമോ എന്നതു മിക്കവരുടെയും സംശയമാണ്.
രണ്ടു തരത്തിലാണ് ഇതു പരിശോധിക്കാനാകുക, അതതു കമ്പനികളുടെ വെബ്സൈറ്റ് വഴി നമ്മൾ തനിയെ എടുക്കുന്ന റിപ്പോർട്ടിനെ സോഫ്റ്റ് എൻക്വയറി എന്നാണു വിളിക്കുക. ഫോണിലേക്കു വരുന്ന ഒടിപി രേഖപ്പെടുത്തിയാൽ ലഭിക്കുന്ന ഈ റിപ്പോർട്ട് സിബിൽ സ്കോറിനെയോ റിപ്പോർട്ടിനെയോ ഒരു തരത്തിലും ബാധിക്കില്ല എന്നു മാത്രമല്ല, വായ്പാ തിരിച്ചടവിൽ കൃത്യമായ മേൽനോട്ടം കിട്ടാനും നല്ലതാണ്. വർഷത്തിലൊരിക്കൽ ഈ റിപ്പോർട്ട് എ ല്ലാ കമ്പനികളും ഇടപാടുകാർക്കു സൗജന്യമായി നൽകണമെന്ന ആർബിഐ നിർദേശവും ഉണ്ട്.
എന്നാൽ വായ്പാ അപേക്ഷ സമർപ്പിക്കുമ്പോൾ ബാങ്കിങ് സ്ഥാപനങ്ങൾ നടത്തുന്ന റിപ്പോർട്ട് ശേഖരിക്കലിനെ സോഫ്റ്റ് എൻക്വയറി ആയി കണക്കാക്കില്ല. അന്തിമ സ്കോറിൽ മാറ്റമുണ്ടാകില്ലെങ്കിലും, റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് അന്വേഷണ വിവരം ലിസ്റ്റ് ചെയ്യപ്പെടും. നിങ്ങൾ വായ്പയ്ക്ക് ഏതൊക്കെ ബാങ്കുകളെ സമീപിച്ചു എന്ന വിവരം ഇതിലൂടെ അറിയാൻ സാധിക്കും. അതായതു നിങ്ങൾക്കു പതിവായി വായ്പ തേടുന്ന രീതി ഉണ്ടെന്ന ധ്വനി വരും. ഇതു നല്ലതായി ബാങ്കുകൾ വിലയിരുത്തണമെന്നില്ല. അപ്പോൾ വായ്പാ ലഭ്യത കുറഞ്ഞേക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ