ബിസിനസിന് ഒരുങ്ങുകയാണോ? ഈ 7 കാര്യങ്ങളെ കുറിച്ച് ഉറപ്പായും ധാരണയുണ്ടാകണം Financial tips for entrepreneurs
Mail This Article
നിരവധി സ്ത്രീകൾ ഇക്കാലത്തു സംരംഭക രംഗത്തേക്കു കടന്നു വരുന്നുണ്ട്. ചിലർ ആദ്യ ചുവടു വയ്ക്കുന്നതേയുണ്ടാവുകയൂള്ളൂ. എന്നാൽ, മറ്റു ചിലർ വിജയത്തിലേക്കുള്ള യാത്രയിലാകും. അവർക്കു മാതൃകയായി കുറച്ചുപേർ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുമുണ്ടാകും. എല്ലാ സംരംഭകരും ഒരുപോലെ മനസ്സിൽ സൂക്ഷിക്കേണ്ട ചില സാമ്പത്തിക പാഠങ്ങളുണ്ട്.
1.ഓരോ ചുവടും ശ്രദ്ധയോടെ
ഒരു കുഞ്ഞു പിച്ചവയ്ക്കാൻ തുടങ്ങുന്നതുപോലെ മതി സംരംഭത്തിന്റെ വളർച്ചയും. തുടക്കത്തിലെ വലിയ തുക നിക്ഷേപിക്കരുത്. അത്യാവശ്യ ചെലവുകൾ മാത്രം ഉൾക്കൊള്ളുന്ന മിനിമൽ ബിസിനസ് പ്ലാൻ തയാറാക്കാം.
2. അടിയന്തര ഫണ്ട് അത്യാവശ്യം
പ്രാരംഭ ഘട്ടത്തിലെ ചെലവുകൾക്കു പുറമേ ചുരുങ്ങിയതു മൂന്നു മാസക്കാലമെങ്കിലും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ഫണ്ട് കയ്യിലുണ്ടായിരിക്കണം. കാരണം, ഏതൊരു സംരംഭവും വിജയത്തിലേക്കും ലാഭത്തിലേക്കും എത്താൻ കുറച്ചു സമയം ആവശ്യമായി വന്നേക്കാം. ഇതാണു റിസർവ് ഫണ്ട്.
മൂന്നുമാസം ആവശ്യമുള്ള വസ്തുക്കൾ വാങ്ങുന്നതിനുള്ള തുക, തൊഴിലാളികളുടെ ശമ്പളം, കെട്ടിട വാടക തുടങ്ങിയവ കണക്കിലെടുത്തു തുക നിശ്ചയിക്കാം. ഇതോടൊപ്പം സ്വന്തം ചെലവുകൾക്കാവശ്യമായ തുക കൂടി നീക്കിവയ്ക്കാൻ സാധിച്ചാൽ ടെൻഷനില്ലാതെ മുന്നോട്ടുപോകാം.
3. വേണം രണ്ടു ബാങ്ക് അക്കൗണ്ട്
സംരംഭവുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് ഒൗദ്യോഗിക ബാങ്ക് അക്കൗണ്ട് വേണം. ബിസിനസുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ഈ അക്കൗണ്ടിൽ നിന്നു മാത്രം നടത്തുക. വരവു – ചെലവു കണക്കുകൾ മനസ്സിലാക്കുന്നതിനും സ്വകാര്യ ആവശ്യങ്ങൾക്കായി മാറ്റി വച്ചിരിക്കുന്ന പണവുമായി കൂട്ടിക്കലരാതിരിക്കുന്നതിനും ഇതു സഹായിക്കും. ബിസിനസിനായി രണ്ട് അക്കൗണ്ട് ആരംഭിക്കുന്നതാണ് ഉത്തമം. ഇവയിലൊന്നു റിസർവ് ഫണ്ടിനായും മറ്റേതു ബിസിനസുമായി ബന്ധപ്പെട്ട ദൈനംദിന പണമിടപാടുകൾക്കായും ഉപയോഗപ്പെടുത്താം. ഗൂഗിൾ ഷീറ്റ്, വ്യാപാർ ആപ് മുതലായവ പ്രയോജനപ്പെടുത്തുകയോ എഴുതി സൂക്ഷിക്കുകയോ ചെയ്യാം.
4. 50–30–20 നിയമം പാലിക്കാം
വരുമാനത്തിൽ നിന്ന് 50 ശതമാനം ചെലവുകൾക്കും 30 ശതമാനം ബിസിനസിന്റെ വളർച്ചയ്ക്കും 20 ശതമാനം അത്യാവശ്യ ആവശ്യങ്ങൾക്കുമായി നീക്കി വയ്ക്കാം. ആരംഭഘട്ടത്തിൽ 30–30–40 എന്ന രീതിയിൽ പ്ലാൻ ചെയ്യുന്നത് ബിസിനസിന്റെ വളർച്ചയ്ക്കു ഗുണകരമാകും.
5.ഉടമയ്ക്കും ശമ്പളം
ബിസിനസിലെ വരുമാനത്തിൽ നിന്നു സ്വകാര്യ ആവശ്യങ്ങൾക്കുള്ള പണമെടുക്കുന്നതു നല്ല പ്രവണതയല്ല. തൊഴിലാളികൾക്കു ശമ്പളം നൽകുന്നതോടൊപ്പം ഉടമയും ഒരു നിശ്ചിത തുക ശമ്പളമായി കൈപ്പറ്റുക. സാമ്പത്തിക അച്ചടക്കം കൈക്കൊള്ളാൻ ഇതു നല്ല മാതൃകയാണ്.
7.മുൻകൂട്ടി ഒരുങ്ങാം
ബിസിനസിൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വന്നേക്കാവുന്ന ചെലവുകളെക്കുറിച്ചു ധാരണയുണ്ടാകുന്നതു നിങ്ങളെ മികച്ച സംരംഭകയാക്കും. ഉദാഹരണത്തിന് ബിസിനസ് ആവശ്യത്തിനായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിനാവശ്യമായ തുക സാധിക്കുന്ന രീതിയിൽ വരുമാനത്തിൽ നിന്നു മാറ്റിവയ്ക്കുക.
ലോൺ എടുക്കുമ്പോൾ
സംരംഭം ആരംഭിക്കുന്നതിനായി ലോൺ എടുക്കുമ്പോൾ പലിശയെക്കുറിച്ചും തിരിച്ചടവുകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. സ്ത്രീ സംരംഭകര്‍ക്കായി സർക്കാരിന്റെ ധനസഹായ പദ്ധതികൾ ധാരാളമുണ്ട്. ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര അംഗീകൃത ബാങ്കുകളിൽ നിന്ന് ലഭിക്കും. ഏതു ലോൺ എടുത്താലും ഇഎംഐ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾക്ക് കടപ്പാട്:
നിഖിൽ ഗോപാലകൃഷ്ണൻ
സിഇഒ പെന്റാഡ് സെക്യൂരിറ്റീസ്