യുവ സംരംഭകർക്ക് മാതൃകയാകാൻ നിവിൻ പോളി: ഐഇഡിസി സമ്മിറ്റിന് എത്തുന്നത് സംരംഭകന്റെ റോളിൽ
Mail This Article
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമങ്ങളിലൊന്നായ ഐഇഡിസി സമ്മിറ്റിന് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജ് ഒരുങ്ങി. 22ന് നടക്കുന്ന സമ്മിറ്റിൽ കേരളത്തിലുടനീളമുള്ള കോളജുകളിൽനിന്നു വിദ്യാർഥികളെത്തും. ഉത്തരകേരളം ഇതിന് ആതിഥ്യം വഹിക്കുന്നത് ആദ്യമാണ്. ചലച്ചിത്ര താരം നിവിൻ പോളി സംരംഭകന്റെ വേഷത്തിൽ സമ്മിറ്റിന് എത്തും. ഇന്റർവൽ കമ്പനിയുടെ സഹ സ്ഥാപകനായിരുന്ന റമീസ് അലിയുമായി ചേർന്ന് CRAV എന്ന പുതിയ സ്റ്റാർട്ടപ്പ് കമ്പനിയാണ് നിവിൻ പോളി ആരംഭിച്ചത്. ഐഇഡിസി സമ്മിറ്റിന്റെ ഭാഗമായി നടത്തുന്ന FEARFORGE ഹൊറർ വിഡിയോ ഗെയിം നിർമാണ മത്സരത്തിൽ വിജയികളാകുന്നവർക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരത്തിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ (www.iedcsummit.in)
ടെൻ സൂപ്പർഗേൾസ്
പെൺകുട്ടികൾക്ക് ആശയങ്ങൾ അവതരിപ്പിക്കാനും തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് മൂന്നു മാസത്തെ മെന്റർഷിപ്പ് ലഭിക്കാനും സമ്മിറ്റിൽ അവസരമുണ്ട്. എം സിഗ്മ ഗോകുലം ഐഎഎസ് ഗ്രൂപ്പാണ് ‘ടെൻ സൂപ്പർ ഗേൾസ്’ എന്ന പരിശീലന പരിപാടി സ്പോൺസർ ചെയ്യുന്നത്. എ.ഐ ഹാക്കത്തൺ, ടൂറിസം ഐഡിയതോൺ മത്സരങ്ങളും വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളുമുണ്ട്. വിദ്യാർഥികളെ കാത്ത് ഒട്ടേറെ സമ്മാനങ്ങളുമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
വൺടാങ്ക് ആശയമത്സരം
വിദ്യാർഥികൾക്ക് ആശയങ്ങൾ അവതരിപ്പിക്കാനും അവരെ സംരംഭകത്വത്തിലേക്കു നയിക്കാനുമുള്ള മത്സരമാണ് ‘വൺ ടാങ്ക്.’ തിരഞ്ഞെടുക്കപ്പെടുന്ന ടീമിന് ദുബായിൽ 5 ലക്ഷം രൂപ ട്യൂഷൻ ഫീസ് വരുന്ന സംരംഭകത്വ പരിശീലനവും 50,000 രൂപ സമ്മാനവും ലഭിക്കും.
തരംഗമാവാൻ ആശയവണ്ടി
ഐഇഡിസി സമ്മിറ്റിനു മാത്രമായി പ്രത്യേക ട്രെയിൻ എന്ന കൗതുകവും ഇത്തവണയുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലയിലെ സംഗമത്തിലേക്ക് തിരുവനന്തപുരം മുതലുള്ള പ്രതിനിധികൾക്കു സഞ്ചരിക്കാനുള്ള ട്രെയിൻ 21ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തുനിന്നു പുറപ്പെടും. കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് വഴി 22ന് പുലർച്ചെ 4ന് കാസർകോട്ട് എത്തുന്ന ട്രെയിൻ സമ്മിറ്റിനു ശേഷം അന്നു രാത്രി 11.30ന് മടക്കയാത്ര തുടങ്ങും.
എന്താണ് ഐഇഡിസി സമ്മിറ്റ്
കേരളത്തിലെ ആർട്സ് & സയൻസ്, എൻജിനീയറിങ് - ടെക്നോളജി, മെഡിക്കൽ, മാനേജ്മെന്റ് - ബിസിനസ് സ്റ്റഡീസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 550ലധികം ഐഇഡിസി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികളാണ് സമ്മിറ്റിന് എത്തുക. നൂറോളം സ്റ്റാർട്ടപ്പ് കമ്പനി സിഇഒമാരും വിവിധ മേഖലകളിൽ നിന്നായി ഇരുനൂറോളം പ്രഭാഷകരും പാനൽ ചർച്ചകളിൽ പങ്കെടുക്കും.
അൻപതോളം സ്റ്റാർട്ടപ്പ് കമ്പനികളുടെ സാന്നിധ്യവുമുണ്ടാകും. കാസർകോട് ഡിഐസിയുടെ നേതൃത്വത്തിൽ തത്സമയ കരകൗശല നിർമാണ സ്റ്റാളുകളും ഒരുങ്ങുന്നുണ്ട്. ടിഐഐബി, ക്യാംപസ് ഫണ്ട്, വണ്ടർപ്രണർ എന്നിവർ പ്രധാന പാർട്ണർമാരാണ്. സമ്മിറ്റിനു മുന്നോടിയായി 21ന് കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ഐഇഡിസി നോഡൽ ഓഫീസർമാരുടെ യോഗവും ചേരും.