ആയുർവേദ ഡോക്ടറിൽ നിന്നും സംരംഭകനിലേക്ക് : മഞ്ചാടി മാലയും തെയ്യം ലോക്കറ്റുമൊക്കെ പിറക്കുന്ന പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ‘ആത്മാശ്രയ്. ലൈഫ്’ Atmashray: The Journey of an Ayurvedic Doctor into the World of Crafts
Mail This Article
ആയുർവേദ ഡോക്ടർ കലാസൃഷ്ടികളിലേക്കിറങ്ങിയ കഥയാണ് ‘ആത്മശ്രെയ്. ലൈഫ്– ഹാന്റ്ക്രാഫ്റ്റഡ് ബൈ മനുഷ്യൻ’ എന്ന കൊച്ച് സംരംഭത്തിന് പറയാനുള്ളത്. നമുക്കാ കഥ സ്ഥാപകൻ ആരീഷിൽ നിന്നു തന്നെ കേൾക്കാം...
സഹോദരിക്കുണ്ടാക്കിയ മാലയിൽ നിന്ന് തുടക്കം
2019ലാണ് തുടക്കം. എറണാകുളം പുതിയകാവിലെ ഗവൺമെന്റ് ആയുർവേദ കോളജിൽ നിന്നും ബി.എ.എം.എസ് പഠിച്ചിറങ്ങി. പഠിക്കുമ്പോൾ തന്നെ കലാ മേഖലയിലേക്ക് വരണമെന്നായിരുന്നു ആഗ്രഹം പക്ഷേ, വീട്ടിൽ നിന്നത്ര പിന്തുണയില്ലാത്തതു കൊണ്ടാണ് ആയുർവേദം പഠിക്കാൻ പോയത്. അത് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലും കലാമേഖലയാണ് എന്റെ വഴി എന്ന് തോന്നിയിരുന്നു.. പഠിച്ചിറങ്ങിയതോടെ അതിലേക്ക് മാറണം എന്ന ആഗ്രഹം ശക്തമായി.
ആയിടെയാണ് കോവിഡ് വരന്നത്... ചെറിയ ജോലിയൊക്കെ ചെയ്യുന്നതിനൊപ്പം ഡിസേബിൾഡായ ഒരു കുട്ടിക്ക് വേണ്ടി കുറച്ചു കാര്യങ്ങൾക്കായി വോളന്റിയർ ചെയ്യുന്നുണ്ടായിരുന്നു.. അവനെ ഫൈൻ മോട്ടോർ ആക്റ്റിവിറ്റീസിലെ അപാകതകൾ– കൈവിലരുകളുടെ പ്രവർത്തനങ്ങൾ ശരിയായി നടക്കാത്തതൊക്കെ ബുദ്ധിമുട്ടിച്ചു. അതു മെച്ചപ്പെടുത്താനായി കളിമണ്ണ് വാങ്ങി ഞെക്കാനും മറ്റും കൊടുത്തിരുന്നു.. കോവിഡിന്റെ സമയത്ത് ആ വാങ്ങിയ കളിമണ്ണിൽ കുറച്ച് എന്റെ വീട്ടിലുമായി.
അങ്ങനൊരു ദിവസം മൂത്ത ചേച്ചി വന്ന് നീ ഏതായാലും വെറുതേയിരിക്കുകയല്ലേ ഇതുകൊണ്ടൊരു മാലയുണ്ടാക്ക്. ഇതൊക്കെ വലിയ വില കൊടുത്താ പുറത്തു നിന്നു വാങ്ങുന്നത് എന്ന് പറയുന്നു. ആങ്ങെനയൊരു രസത്തിന് അന്നേരം മനസിൽ തോന്നിയ വള്ളം പോലൊരാകൃതിയിൽ ഒരു ലോക്കറ്റ് ഉണ്ടാക്കി. കുറച്ച് പെയിന്റിങ്ങ് വശമുണ്ട് പണ്ടു കുറച്ച് പ്രദർശനങ്ങളൊക്കെ നടത്തിയിരുന്നു. അങ്ങനെ പെയിന്റും ചെയ്തിട്ട് അതൊരു ചരടിൽ കോർത്ത് കൊടുത്തു.
ഇടയ്ക്ക് ക്ലാസിൽ പോയപ്പോൾ ചേച്ചി ആ മാലയിട്ട് പോയി. അവിടുള്ള ടീച്ചർമാരും കുട്ടികളുമൊക്കെ അതു കണ്ട് ഇഷ്ടപ്പെട്ടിട്ട് അന്നു തന്നെ എനിക്ക് കുറച്ച് ഓഡറുകൾ തന്നു. അപ്പോ പോലും ഇതൊരു ബിസിനസ് ആക്കണമെന്നേയുണ്ടായിരുന്നില്ല പക്ഷേ, ആവശ്യക്കാർ വന്നതോടെ ഇൻസ്റ്റഗ്രാമിൽ ഒരു പെയ്ജ് തുടങ്ങി.
കളിമണ്ണ്, മഞ്ചാടി, ചിലങ്ക... മണ്ണിനെ നോവിക്കാത്ത കല
കളിമണ്ണു കൊണ്ടുള്ള ആഭരണങ്ങൾക്കാണ് ആദ്യം ആവശ്യക്കാരേറെയുണ്ടായിരുന്നത്. അതിൽ നമ്മുടെ പൈതൃകവും കഥകളും മറ്റുമാണ് കടഞ്ഞെടുത്തത്. ഒരു വരക്ക് ചെയ്തു തീർക്കാൻ തന്നെ നല്ല സമയമെടുക്കും മാത്രമല്ല അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല..
ഒരു തവണ ഒരു കസ്റ്റമർ അനുജത്തിക്ക് കൊടുക്കാനൊരു മാല വേണമെന്ന് പറഞ്ഞു വന്നു. ആ കുട്ടി കളിമണ്ണ് വച്ചുള്ളതൊന്നും ഉപയോഗിക്കാറില്ല വേറെന്തെങ്കിലും സിംപിളായി ചെയ്യാമോ എന്നാണ് ചോദിച്ചത്. മഞ്ചാടികൾ എന്നെ എന്നും ആകർഷിച്ചിരുന്നു,. എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കണമെന്നാണ് ആഗ്രഹം. നമ്മുടെ പഴയ കഥകളിലും പാട്ടിലുമൊക്കെ കല്ലുമാലയെ കുറിച്ചും മഞ്ചാടി ആഭരണങ്ങളെ പറ്റിയുമൊക്കെ പറയുന്നുണ്ട്. എനിക്ക് ചുറ്റും അത്തരം കഥകൾ ഇപ്പോഴും പറയുന്ന ധാരാളം ആളുകളുമുണ്ട്. അങ്ങനെയാണ് അതൊന്ന് ചെയ്തു നോക്കാമെന്നോർത്തത്..
മഞ്ചാടി തുളച്ച് ഒരു കോട്ടൺ ചരടിൽ കോരുത്ത് മാലയുണ്ടാക്കി അദ്ദേഹത്തെ കാണിച്ചപ്പോൾ പുള്ളിക്ക് അതിഷ്ടമായി. അങ്ങനെയാണ് മഞ്ചാടി ചിലങ്ക, മാലകൾ, വളകളൾ, മുടിയലങ്കാരങ്ങൾ ഒക്കെ പിറവിയെടുക്കുന്നത്.
ഞാൻ ചുട്ടും കാണുന്നപോലുള്ള മോഡലുകളാണ് തേടുന്നത്
നരച്ച മുടിയുള്ള, നമ്മുടെയൊക്കെ നിറമുള്ള മനുഷ്യരെയാണ് ഞാനേറെ കാണുന്നത് അവരോടൊക്കെയാണ് കൃത്യമ മെയ്ക്കപ്പുകൾ ചെയ്തവരേക്കാൾ ഇഷ്ടവും. സാധാരണക്കാരായ മനുഷ്യരാണ് എന്റെ പ്രോഡക്റ്റുകൾ വാങ്ങുന്നത്, എന്നെ വളർത്തുന്നത്... ഞാൻ വളർന്നിട്ടുള്ളതൊക്കെ നാട്ടിൻപുറത്താണ്– സാധാരണത്വ മാണ് അസാധാരണ്വം ഉണ്ടാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടൊക്കെയാണ് പെയ്ജിലും അതേപോലുള്ള ആളുകളെ കാണുന്നത്. എന്റെ ചിന്തകളോട് ചേർന്നു പോകാത്ത കൊളാബ്രേഷൻസ് വേണ്ടെന്നു വയ്ക്കുകയാണ് പതിവ്.
ഇതൊരിക്കലും ബിസിനസ് ആക്കണമെന്നു കരുതി തുടങ്ങിയതല്ല. അതുകൊണ്ട് അങ്ങനൊരു ബിസിനസ് മോഡലൊന്നുമില്ല.. എന്നാലും തുടങ്ങിയ ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഡോക്ടർ ഉദ്ദ്യോഗം ചെയ്തിരുന്നെങ്കിൽ കിട്ടേണ്ടതിലും കൂടുതൽ വരുമാനം ഇന്നുണ്ട്. കൂടാതെ ഇഷ്ടമുള്ള കാര്യങ്ങൾ പ്രകൃതിയെ നോവിക്കാതെ ചെയ്യാൻ സാധിക്കുന്നതിന്റെ ആത്മ സംതൃപ്തിയും ആവോളം.
ബിസിനസ് ടിപ്സ്
∙ ചിട്ട/ ഡിസിപ്ലിൻ വേണം. ഇന്നിപ്പോ എന്തു വേണമെങ്കിലും അതിനൊക്കെ ധാരാളം ഓപ്ഷൻസ് ഉണ്ട്. അതുകൊണ്ട് തന്നെ അടുത്തതായി എന്ത് പുതിയ കാര്യം ചെയ്യാം എന്നൊരു ചിന്തയും അതിലേക്കുള്ള കൃത്യമായ അധ്വാനവും ബിസിനസിൽ നിൽക്കുമ്പോൾ വേണം.
∙ പഠനം. ഒരു ക്രിയേറ്റീവ് ആയിട്ടുള്ള ബിസിനസ് പേഴ്സൺ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കണം. അതിനുള്ള ചെറുതും വലുതുമായ ഗവേഷണങ്ങൾ ജീവിതത്തിലുടനീളമുണ്ടാകണം. .
∙ കലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ ആ കലയെ വൈകാരികമായും ബഹുമാനപൂർവ്വവും സമീപിക്കണം എന്നാണ് തോന്നുന്നത്. നമുക്കൊരു പരിചയവുമില്ലാത്തയാൾ നമ്മുടെ ഒരു വർക്ക് ‘കാണുന്നത്’ നമ്മൾ അതിലിടുന്ന അധ്വാനത്തിന്റെ ഫലമാണ്. അത് സത്യസന്ധമായി ചെയ്യണം.
