യുപിഎസ്സി പരീക്ഷാ തയ്യാറെടുപ്പിന് ഇടയ്ക്കെടുത്തൊരു ഇടവേളയിൽ ഹർഷ തുടങ്ങിയ സുസ്ഥിര സംരംഭം ‘തച്ചാണി’ From UPSC Aspirant to Sustainable Fashion Entrepreneur: The Story Behind Thachani
Mail This Article
ദിവസങ്ങൾ മാത്രം ആയുസുള്ള ഇലകളുടേയും പൂക്കളുടേയും ഒക്കെ ഓർമകൾ വസ്ത്രങ്ങളിലൂടെ വർഷങ്ങളോളം നിലനിർത്തുകയാണ് ‘തച്ചാണി’യിൽ. ചരിത്രത്തിലെ ബിരുദ പഠനം കഴിഞ്ഞ് യുപിഎസ‌്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് ഹർഷയ്ക്ക് ഇങ്ങനെയൊരു സംരംഭം തുടങ്ങാനുള്ള പ്രചോദനം ലഭിക്കുന്നത്.
‘‘തച്ചാണി തുടങ്ങിയിട്ട് നാലു മാസമാകുന്നേയുള്ളു എങ്കിലും ആളുകളിൽ നിന്ന് നല്ല വളരെ മികച്ച പ്രതികരണമാണ് കിട്ടുന്നത് . ഇങ്ങനെയൊരു സംരംഭം തുടങ്ങുക എന്നൊരു ചിന്തയൊന്നുമുണ്ടായിരുന്നില്ല.... യുപിഎസ്‌സി പരീക്ഷയ്ക്കു തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്ക് ഒരു ബ്രേയ്ക്ക് വേണമെന്ന് തോന്നി. ആ സമയത്ത് മാനസിക സമ്മർദ്ദം അകറ്റാനും റിലാക്സ്ഡാവാനുമായി വസ്ത്രങ്ങളിൽ പ്രിന്റ് ചെയ്യാൻ തുടങ്ങി...
2022ൽ ബിനാലയിൽ വോളന്റിയർ ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ആർട്ടിസ്റ്റ് നതാലിയാണ് പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച് തുണിത്തരങ്ങളിൽ പ്രിന്റ് ചെയ്യുന്ന ‘ഇക്കോ പ്രിന്റിങ്ങ്’ പഠിപ്പിച്ചത്. ഇന്തോനേഷ്യൻ വേരുകളുള്ള അവർ ആ രാജ്യത്തെ പരമ്പരാഗതമായ ഡിസൈനിങ്ങ് രീതിയാണത്. ആറു മാസത്തോളം ഞാനവരെ അസിസ്റ്റ് ചെയ്തിരുന്നു... പിന്നെ രണ്ടു വർഷത്തിനു ശേഷം മാനസിക സമ്മർദ്ദമകറ്റാനുള്ളൊരു തെറാപ്യൂട്ടിക് മാർഗമായിട്ടാണ് ഇതിലേക്ക് വീണ്ടും തിരികെ വന്നത്. ചെയ്തു നോക്കിയപ്പോ നല്ല പ്രിന്റുകൾ വന്നു. അത് സുഹൃത്തുക്കളേയും മറ്റും കാണിച്ചപ്പോ നല്ല പ്രോത്സാഹനവും കിട്ടി. അങ്ങനെയാണ് ബ്രാന്റായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
മായ്ക്കപ്പെട്ട് ഞങ്ങളുടെ വേരിന്റെ ഓർമയാണ്– തച്ചാണി’
എന്റെ ആറു തലമുറ മുൻപുള്ള വീട്ടു പേരാണ് ‘തച്ചാണി’ എന്നത്. എല്ലാവരും മറന്നു പോയ ആ പേര് ഞാൻ തിരികെക്കൊണ്ടുവന്നു.. ഒരു ചരിത്ര വിദ്യാർഥി കൂടിയായതു കൊണ്ട് ഭൂതകാലത്തെയറിയാൻ കൂടുതൽ താൽപര്യമുണ്ട്.
നമ്മളൊക്കെ ഇല്ലം എന്നു കേൾക്കുമ്പോൾ പൊതുവേ നമ്പൂതിരി ഇല്ലങ്ങളെയാണ് ഓർക്കുക. കാരണം അതേ കുറിച്ചേ വായിച്ചിട്ടുള്ളൂ... കേട്ടിട്ടുള്ളൂ... പക്ഷേ, പണ്ട് കേരളത്തിൽ പറയ–പുലയ സമുദായങ്ങളിൽ ഇല്ലങ്ങൾ പറഞ്ഞു വച്ചിരുന്നു. പണ്ട് അരികു വൽക്കരിക്കപ്പെട്ടൊരു ജനതയെ അവരുടേ വീട്ടിൽ നാലാളുകളുണ്ടെങ്കിൽ അതിൽ നാലു പേരേയും വേർതിരിച്ച് അടിമപ്പണിക്കായി കൊണ്ടുപോയിരുന്ന രീതി ഇവിടെ നിലനിന്നിരുന്നു.. അങ്ങനെ വരുമ്പോൾ സഹോദരങ്ങൾ തമ്മിൽ അറിയാതെ വിവാഹം ചെയ്യാതിരിക്കാനായി ഇല്ലപ്പേര് പറഞ്ഞു വയ്ക്കും. ഒരേ ഇല്ലപ്പേരുള്ളവർ തമ്മിൽ വിവാഹം ചെയ്യില്ല. ഇതൊക്കെ വാമൊഴിയായി മാത്രമേ പറയുന്നുള്ളൂ. ഞങ്ങളുടെ ചരിത്രം എവിടെയും കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടില്ല. എന്റെ അപ്പൂപ്പൻ തച്ചനില്ലത്തിൽ നിന്നാണ്. ആ അപ്പൂപ്പനൊക്കെ സ്വന്തമായി വീടു വയ്ക്കാൻ പറ്റുന്നത് തന്നെ ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ്. വീടിന് ‘തച്ചാണി’എന്നാണ് പേരിട്ടിരുന്നത്.. ആ ചരിത്രത്തിന്റെ ഓർമയ്ക്കാണ് ‘തച്ചാണി’ എന്ന ബ്രാന്റ് നെയിം വച്ചത്. മൺമറഞ്ഞു പോയവയാണ് തച്ചാനിയിലൂടെ തിരികെ കൊണ്ടുവരുന്നത്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വസ്തുക്കളാണ് ഉണ്ടാക്കുന്നത്. യാതൊരു വിധ രാസവസ്തുക്കളും ഉപയോഗിക്കാറില്ല. പഴങ്ങളിൽ നിന്നും പൂക്കളിൽ നിന്നുമുള്ള വെയിസ്റ്റും മറ്റും ഉപയോഗിച്ചാണ് തുണിക്ക് നിറങ്ങൾ കൊടുക്കുക്കാറ്.
കൊച്ചിയില് നടന്ന ലോക്കൽ സസ്റ്റെയ്നബിൾ ഫ്ലീയിലായിരുന്നു ആദ്യ വസ്ത്ര കളക്‌ഷന്റെ ലോഞ്ച്.
ഇവിടെ ഒന്നും പാഴാകുന്നില്ല....
മൾ കോട്ടൺ, ബാംബൂ കോട്ടൺ, ലിനൻ, ഖാദി കോട്ടണിലൊക്കെയാണ് വസ്ത്രങ്ങൾ ചെയ്തെടുക്കുന്നത്. നിലവിൽ ബംഗളൂരുവിൽ നടക്കുന്ന ബ്ലൂമിങ്ങ് ഗ്രീൻ അടക്കമുള്ള എക്സിബിഷനുകളിൽ ഞങ്ങൾ പങ്കെടുത്തു വരുന്നു. എവിടെ അപ്ലെ ചെയ്യുമ്പോഴും ഞങ്ങൾക്ക് നല്ല സ്വീകാര്യത കിട്ടുന്നുണ്ട്.
ജോലിക്കു പോകുന്ന മുതിർന്ന ആളുകളെ ഉദ്ദേശിച്ചുള്ള വസ്ത്രങ്ങളാണ് ആദ്യം ചെയ്തത്. ഇപ്പോ അല്ലാത്തതും ചെയ്യുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ ഇപ്പോൾ ഒരുക്കുന്നു.
സീറോ വെയിസ്റ്റ് പോളിസി പാലിക്കുന്നതു കൊണ്ട് വസ്ത്രങ്ങളുടെ ബാക്കി ഭാഗങ്ങൾ കൊണ്ട് തലമുടി കെട്ടാനും അലങ്കരിക്കാനുമുള്ള വസ്തുക്കള്‍, പൗച്ചുകൾ ബാഗുകൾ ഒക്കെ തയ്യാറാക്കുന്നു.
നാട്ടിൽ തന്നെയുള്ള തയ്ക്കുന്ന കുറച്ചു ചേച്ചിമാരാണ് ഞാൻ കൊടുക്കുന്ന ഡിസൈനുകൾ തുന്നിത്തരുന്നത്. കൊച്ചച്ഛന്റെ ഭാര്യയാണ് പൗച്ച്, ഹെയർബോ മുതലായവ ഉണ്ടാക്കി തരുന്നത്.
കോട്ടയം തലയോലപ്പറമ്പാണ് സ്വദേശം. വീട്ടിൽ തന്നെയാണ് ഇക്കോ പ്രിന്റിങ്ങും പ്രകൃതിദത്ത നിറം കൊടുക്കലും. ബോയ്ഫ്രണ്ട് അഭിരാമും സഹായിക്കാറുണ്ട്.. സോഷ്യൽ മീഡിയാ കൈകാര്യം ചെയ്യുന്നതും മാർക്കറ്റിങ്ങും നോക്കുന്നത് അനിയൻ ഇന്ദ്രജിത്താണ്.
അമ്മ ഷാനി ആർ.ടി.ഓ. വിഭാഗത്തിൽ ജോലി ചെയ്യുന്നു. അച്ഛൻ അജയൻ വനം വകുപ്പിൽ നിന്നും മെയ്യിൽ വിരമിച്ചു. അച്ഛനാണ് ബ്രാന്റ് തുടങ്ങാനുള്ള എല്ലാ പ്രചോദനവും തന്ന് പ്രിന്റിങ്ങിനും ഡൈയിങ്ങിനും ഒക്കെ പിന്തുണ തരുന്നത്.
