ADVERTISEMENT

ഒരു ദിവസം ഒരു ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നുമൊക്കെ പാഴായി പോകുന്ന ഭക്ഷണത്തിന്റെ അളവ് എത്രയായിരിക്കും...? എന്നൊക്കെ നമ്മളിൽ പലരും വേറുതേയെങ്കിലും ചിന്തിക്കാറുണ്ട്. എന്നാൽ അതു പാഴാക്കാതെ ആവശ്യക്കാരിലേക്ക് എങ്ങനെ എത്തിക്കാം എന്നു തിരുവനന്തപുരത്തുകാരായ നാലു ചെറുപ്പക്കാർ ചിന്തിച്ചിടത്തു നിന്നാണ് ‘പ്ലെന്റി’ ഉണ്ടാകുന്നത്... ആ കഥ കേൾക്കാം...

ഞങ്ങളനുഭവിച്ചതിൽ നിന്നു പഠിച്ച പാഠം

ADVERTISEMENT

‘‘പല രാജ്യങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തപ്പോൾ അവിടെ വച്ച് ഞങ്ങൾ‌ക്കൊക്കെ ഏറ്റവും ഉപകാരപ്പെട്ട ഒരു ആപ്പായിരുന്നു ‘റ്റൂ ഗുഡ് ടു ഗോ’ എന്നത്.

ഭക്ഷണസ്ഥാപനങ്ങളിൽ അധികം വരുന്ന ഭക്ഷ്യവസ്തുക്കൾ പാഴായി പോകാതെ വളരെ കുറഞ്ഞ തുകയ്ക്ക് ആളുകളിലേക്ക് എത്തിക്കുന്ന ആപ്പ്.പഠിക്കാൻ പോയ സമയത്ത് വലിയ പൈസ ചിലവാക്കാതെ നല്ല ഭക്ഷണം കഴിക്കാൻ ഈയൊരു സംവിധാനം സഹായിച്ചിരുന്നു..’’ പ്ലെന്റിയുടെ കഥ പറയുകയാണ് സ്ഥാപകരിൽ ഓരാളായ ഷൈൻ. ‘‘

ADVERTISEMENT

അന്നു തൊട്ടേ... ഇങ്ങനൊരു കാര്യം ഇന്ത്യയിലും ഉണ്ടെങ്കിൽ നന്നായേനേ എന്നൊരു തോന്നൽ ഞങ്ങൾ‌ക്കുണ്ട്. ഇവിടെയാണെങ്കിൽ ഒരു വശത്ത് പട്ടിണി കൂടുമ്പോൾ മറുവശത്ത് ഭക്ഷണം പാഴായി പോകുന്ന സാഹചര്യമാണുള്ളത്. 

അങ്ങനെ കുറേ നാൾ മുൻപേ ഞങ്ങൾ ഇതേക്കുറിച്ചുള്ള ഗവേഷണം തുടങ്ങി.  കണക്കുകളെടുത്ത് നോക്കിയപ്പോ 2024ൽ മാത്രം ഭക്ഷ്യയോഗ്യമായ 78.2 മില്യൺ ടൺ ഭക്ഷണമാണ് പാഴായി പോയതെന്ന ഞെട്ടിക്കുന്ന വിവരം കിട്ടി.  അതേ സമയം തന്നെ ഇന്ത്യ വിശപ്പ് സൂചികയിൽ  113 ആണ്. നൈജീരിയയ്ക്ക് ഒപ്പം.

ADVERTISEMENT

പാഴാക്കുന്ന ഭക്ഷണത്തിന്റെ കണക്കിൽ ചെറിയ വ്യത്യാസമെങ്കിലും വരുത്താനായാൽ നല്ലൊരു മാറ്റത്തിന്റെ തുടക്കമാകുമത് എന്നു തോന്നി. വെറുതേ കളയുന്ന നല്ല ഭക്ഷണം കുറഞ്ഞ പൈസയ്ക്ക് ആവശ്യക്കാരിലേക്ക് എത്തിക്കണം എന്നതായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ച ചിന്ത.

ആപ്പുണ്ടാക്കിയ ഞങ്ങൾ നാലു പേരും തിരുവനന്തപുരത്തുകാരാണ്.. ഞാൻ ഷൈൻ ഒപ്പം ഭരത്ത്, മാത്യൂസ് പിന്നെ സിറിയക്കും. ഞാൻ എൻജിനീയറിങ്ങാണ് പഠിച്ചത് ബാക്കിയുള്ളവർ എംബിഎയും.

തിരുവനന്തപുരത്താണ് ആദ്യമായി ആപ് ലോഞ്ച് ചെയ്തത്. ഈ രണ്ടു മാസം കൊണ്ടു  9000 കിലോ ഭക്ഷണം പാഴായിപ്പോകും മുൻപ് ഞങ്ങൾക്കു സംരക്ഷിക്കാനായി!  ഏകദേശം 8500ഓളം ഓഡറുകൾ  ഇതേവരെ ലഭിച്ചു.  200+ റെസ്റ്റൊറന്റുകളും കഫേസും ഞങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം പാഴായിപ്പോകുന്നതു തടയുന്നതിനൊപ്പം അവരും ഞങ്ങൾക്കൊപ്പം നിന്ന് ഒരു സമൂഹീക വിപത്തിനെ അകറ്റാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം ലോകത്തിലെ കാർബൺ ഫൂറ്റ് പ്രിന്റ് കുറയ്ക്കാനും നമുക്ക് സാധിക്കുന്നുണ്ട്.. രണ്ട് മാസം കൊണ്ട് 11000 കാർബൺ ഫൂട്ട് പ്രിന്റ് ഇല്ലാതാക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. 

കടമ്പകൾ ഒക്കെ മറികടന്ന് മുന്നോട്ട്

plenti02

ഭക്ഷണമായതു കൊണ്ട് തന്നെ റിസ്ക് ഫാക്റ്റേഴ്സ് ഒരുപാടുണ്ട്. കേടാവാതെ എത്തിക്കണം, സമത്ത് എത്തിക്കണം എന്നതൊക്കെയാണ് ഏറ്റവും വലിയ വെല്ലുവിളി.. അതിനായി ഞങ്ങൾ ഫൂട്ട് ക്വാളിറ്റി ചെക്ക് കൃത്യമായി നടപ്പാക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.. ഒരു കഷ്ണം കേയ്ക്ക് ആണെങ്കിൽ പോലും അതു ‘പ്ലെന്റി’ വഴി പോകകുമ്പോൾ പല പരിശോധനകൾ നടത്തി കഴിക്കാവുന്നതാണ് എന്നുറപ്പുവരുത്തും.. ആ ഭക്ഷണം എത്ര മണിക്ക് ഉണ്ടാക്കി,  എത്ര നേരം വരെ കേടു കൂടാതിരിക്കും , എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നൊക്കെ ഞങ്ങൾ പരിശോധിക്കും..

ഞങ്ങളിൽ നിന്ന് വാങ്ങുന്നവ ഇത്ര സമയത്തിനുള്ളിൽ തന്നെ കഴിക്കണം എന്ന് കൃത്യമായി പറയാറുണ്ട്. പക്ഷേ, അങ്ങനൊരു രീതി നമ്മുടെ നാട്ടിൽ പൊതുവേ പാലിക്കപ്പെടാറില്ല... എന്നാൽ  ആ സമയത്തിനുള്ളിൽ കഴിക്കുന്നതാണ്  പോഷകങ്ങൾ കൃത്യമായി ലഭിക്കാനും ഭക്ഷ്യവിഷബാധകൾ ഉഴിവാക്കാനുമുള്ള ഏറ്റവും നല്ല മാർഗം. പറയുന്ന/ എഴുതിയിരിക്കുന്ന സമയത്ത് കഴിക്കുക എന്നൊരു ആരോഗ്യകരമായ സംസ്കാരം നമുക്ക് ഉണ്ടായി വരേണ്ടതുണ്ട്.

ഏറ്റവും വില കൂടിയ ഭക്ഷണത്തിന്  129 രൂപ!

നിലവിൽ ആപ്പ് വഴി ബുക്ക് ചെയ്തിട്ട് ആതാതു റെസ്റ്ററന്റുകളിൽ പോയി  ഭക്ഷണം അവരവർ  വാങ്ങുകയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് 29,39, 49, 59,129 രൂപയ്ക്കൊക്കെ ഭക്ഷണം കൊടുക്കാൻ സാധിക്കുന്നത്. ഡെലിവറി കൂടി വന്നാൽ  പിന്നെയും 50 രൂപയൊക്കെ കൂടുതൽ വരും. അതൊഴിവാക്കി കുറച്ച് തുകയ്ക്ക് കൊടുക്കാനാണ് നോക്കുന്നത്.

ചെറിയ വരുമാനം മാത്രമുള്ളവർക്കും മികച്ച ഭക്ഷണശാലകളിലുള്ള ഭക്ഷണം കുറഞ്ഞ കാശിന് ആസ്വദിക്കാൻ പറ്റണം എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇന്നിപ്പോ പഠിക്കുന്നവർ, ഓട്ടോക്കാർ, ചെറിയ ശബലളത്തിന് ജോലി ചെയ്യുന്നവരൊക്കെയാണ് ഏറ്റവും കൂടുതലായി പ്ലെന്റിയുടെ ഉപയോഗിക്കുന്നത്. ഇതു കൂടാതെ സുസ്ഥിരവികസനത്തിലൂന്നി ഭക്ഷണം പാഴാക്കരുത് കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കണം എന്നു ചിന്തിക്കന്നവരും നമ്മുടെ ആപ് ഉപയോഗിക്കുന്നുണ്ട്. ഇപ്പോ തിരുവനന്തപുരത്താണ് പ്രവർത്തിച്ചു വരുന്നത്. ജനുവരി 30 മുതൽ കൊച്ചിയിലും പ്ലെന്റിയുണ്ട്.

പ്ലെന്റിയുടെ ആപ്പ് ഡൗൺലോഡ് ചെയ്യുക സർവീസ് ആസ്വദിക്കുക. അത്രയും സിംപിളാണ് കാര്യങ്ങൾ.

ADVERTISEMENT