ഹിലോണിയുടെ ‘പേപ്പിയർ കൾച്ചർ’: വലിച്ചെറിയപ്പടുന്ന കടലാസു കഷ്ണങ്ങൾ പുനർജീവിക്കുന്നിടം From Waste to Wonder: The Journey of Papier Culture
Mail This Article
കടലാസല്ലേ.... വലിച്ചെറിഞ്ഞാലും പ്രശ്നമില്ലല്ലോ എന്നു നമ്മിൽ പലരും വിചാരിക്കും.. എന്നാൽ ഈ പലരും പലയിടത്തും വലിച്ചെറിയുന്ന കടലാസുതുണ്ടുകൾ കൂടിച്ചേരുന്നതും മാലിന്യം തന്നെയാണ്. അത്തരത്തിൽ പാഴായി പോകുന്ന കടലാസു കഷ്ണങ്ങൾക്ക് പുതുജീവിൻ കിട്ടുന്നിടമാണ് ‘പേപ്പിയർ കൾച്ചർ’. വർഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഗുജറാത്തി സമൂഹത്തിന്റെ പ്രതിനിധിയായ ഹിലോണി കെ. ഷായുടെ പ്രകൃതി സൗഹാർദ സംരംഭം. അതേക്കുറിച്ച് ഹിലോണി പറയുന്നു...
കടലാസിനെ അടുത്തറിഞ്ഞ യാത്ര
കോവിഡ് സമയത്താണ് പേപ്പിയർ കൾച്ചർ തുടങ്ങുന്നത്. മുബൈയിൽ മാനേജ്മെന്റ് സ്റ്റഡീസിൽ മൂന്നാം വർഷ ബിരുദം ചെയ്യുന്നിതിനിടെ ലോക്ഡൗണുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി. അന്നേരം പുറത്തൊന്നും പോകാനില്ലാത്തതു കൊണ്ട് എന്നും എന്തെങ്കിലുമൊക്കെ ക്രിയേറ്റീവായി ചെയ്തു കൊണ്ടിരുന്നു... ആയിടയ്ക്കാണ് റീസൈക്കിൾഡ് പേപ്പറുണ്ടാക്കുന്ന 30 സെക്കന്റുള്ളൊരു വീഡിയോ കാണുന്നത്. അതിഷ്ടപ്പെട്ടിട്ട് വീട്ടിൽ തന്നെ ചെയ്തു നോക്കി. പേപ്പുറുണ്ടാക്കുന്ന ഓരോ ഘട്ടവും മനോഹരമായിരുന്നു....ശാന്തമായൊരു പ്രക്രിയ... ആദ്യത്തെ പരീക്ഷണ ഫലം അത്ര പെർഫെക്റ്റ് ആയിരുന്നില്ലെങ്കിലും അതിനോട് പ്രിയം തോന്നി. അങ്ങനെ ദിവസവും ചെയ്യാൻ തുടങ്ങി.
പോകെ പോകെ എന്തുകൊണ്ടിതൊരു ബിസിനസ് ആക്കിക്കൂടാ എന്നൊരു ചിന്ത വന്നു. അതിനായി പല പഠനങ്ങളും റീസേർച്ചും ചെയ്തു. ആ യാത്രയിലാണ് കടലാസിനെ ഇത്ര അടുത്തറിയുന്നത്. പലപ്പോഴും ഇത് കടലാസല്ലേ അലിഞ്ഞു പോകുമല്ലോ എന്നൊക്കെയോർത്ത് കെട്ടു കണക്കിനാണ് നമ്മളിതു വലിച്ചെറിയുന്നത്... പ്രത്യേകിച്ചും ഓഫീസുകളിലും കോർപറേറ്റ് സ്ഥാപനങ്ങളിലും നിന്നും... അവരുടെ സ്വകാര്യ വിവരങ്ങളുള്ളതിനാൽ ഇത് കത്തിക്കുകയോ ചെറുതായി മുറിച്ച് കളയുകയോ ആണ് ചെയ്യാറ്.
കടലാസ് മാലിന്യത്തിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എന്റെ ചുറ്റുമുള്ളിടത്തു നിന്നൊക്കെ കടലാസുകൾ എടുത്തു. സാവകാശം ആളുകൾ അറിഞ്ഞ് വന്ന് ഡൊണേറ്റും ചെയ്യാൻ തുടങ്ങി..അതോടെ പല പരീക്ഷണങ്ങളും ചെയ്യാൻ സാധിച്ചു..
ക്രാഫ്റ്റിനും മറ്റും ഉപയോഗിക്കാവുന്ന തരത്തിലുള്ള ‘ഡെക്കിൾഡ് എഡ്ജ് പേയ്പ്പർ’ ആണ് ഇവിടെ പ്രധാനമായും ഉണ്ടാക്കുന്നത്... അതിൽ യാതൊരു തരത്തിലുള്ള രാസവസ്തുക്കളോ, പശയോ ഒന്നും ഉപയോഗിക്കുന്നില്ല. പഴയ പേപ്പറുകൾ ചേർത്ത് പൾപ്പുണ്ടാക്കി, അതിനെ പുതിയ പേപ്പറാക്കി മാറ്റുന്നു... അത്ര തന്നെ.
ഒരോ ഷീറ്റ് പേപ്പറും കൈകൊണ്ടു നിർമിക്കപ്പെടുന്നവയാണ്. ഇത്തരം ഹാൻഡ്‌മെയിഡ് പേപ്പറുകൾ കൊണ്ടാണ് എല്ലാ ഉത്പന്നങ്ങളും ചെയ്തെടുക്കുന്നത്. അതിൽ കലണ്ടർ, ജേണലുകൾ, ബുക്ക് മാർക്ക്, വിത്തു പേന, പെൻസിൽ തുടങ്ങി പലതുമുണ്ട്.
ഇതു കൂടാതെ ആളുകൾക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കല്യാണ കാർഡുകൾ, ഗ്രീറ്റിങ്ങ് കാർഡുകൾ തുടങ്ങി പല തരം കാർഡുകൾ ചെയ്തു കൊണ്ടുക്കാറുമുണ്ട്.. അതിൽ പേപ്പർ ഉണ്ടാക്കുന്നതു മുതൽ, ഡിസൈനിങ്ങ്, കളറിങ്ങ് ഒക്കെ കഴിഞ്ഞ് അവസാനം കാർഡായി വരും വരെയുള്ള കാര്യങ്ങൾ ഇവിടെ തന്നെ ചെയ്യുന്നു.
ബോധപൂർവ്വം ജീവിക്കുക, പാഴാക്കൽ കുറയ്ക്കുക, ഉപയോഗിക്കുമ്പോൾ കൃത്യമായ വസ്തുക്കൾ തന്നെ തിരഞ്ഞെടുക്കുക എന്നതാണ് പേപ്പിയർ കൾച്ചറിന്റെ മോട്ടോ. പാക്കിങ്ങ് മുതൽ ഒന്നിലും പ്ലാസ്റ്റിക് ഉപയോഗിക്കില്ല. കലണ്ടറുകൾക്കായി മെറ്റലാണ് ഉപയോഗിക്കുന്നത്. സുസ്ഥിര സംരംഭമായി തന്നെ ഇതു കൊണ്ടുപോകണമെന്ന നിർബന്ധം എനിക്കുണ്ട്. അതിൽ ഒരു വിട്ടു വീഴ്ച്ചയും ചെയ്യില്ല..
തെറ്റിയും സ്വയം തിരുത്തിയും മുന്നോട്ട്
ബിസിനസ് തുടങ്ങുമ്പോഴുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതെങ്ങനെയുണ്ടാക്കണമെന്നുള്ള അറിവിന്റെ കുറവായിരുന്നു.. അതുകൊണ്ട് തന്നെ പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞാണ് ഇതുമായി മുന്നോട്ട് പോയത്. കൊച്ചിയിലെ കാലാവസ്ഥയ്ക്കനസരിച്ച് പേപ്പർ എത്ര സമയം കൊണ്ട് ഉണങ്ങി വരും എന്നൊക്കെ ഈ യാത്രയിൽ പഠിച്ചെടുത്തു.
ഇൻസ്റ്റഗ്രാം പെയ്ജു വഴിയാണ് സംരംഭം ആളുകളിലേക്ക് എത്തിക്കുന്നത്. ഓരോരോ വസ്തുക്കൾ ചെയ്തു നോക്കി ആളുകളുടെ അഭിപ്രായം തേടി പതിയെയായിരുന്നു പോക്ക്. പിന്നീട് പേപ്പർ മുറിക്കാനുള്ള ഷെഡർ, പേപ്പറുണക്കാനുള്ളവ മുതലായ ഉപകരണങ്ങളിൽ ഇൻവെസ്റ്റു ചെയ്തു. നന്നായി വരയ്ക്കുന്ന സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളാണ് പ്രോഡക്റ്റുകൾക്കായി വരച്ചൊക്കെ തന്നിരുന്നത്. അന്നെനിക്ക് 19 വയസേയുള്ളൂ... അതുകൊണ്ട് തന്നെ ആളുകൾക്ക് എന്നെ സഹായിക്കാനും ഈ സംരംഭത്തെ കുറിച്ച് മറ്റുള്ളവരോട് പറയാനും നല്ല സന്തോഷമായിരുന്നു....
ഇതിനിടയ്ക്ക് പഠിച്ച കോഴ്സിനനുസരിച്ചുള്ള ജോലി ഓഫറുകളും വന്നെങ്കിലും അതു വേണ്ടെന്നു വച്ച് സ്വന്തം സംരംഭവവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഞാനെനിക്കു തന്നെ ഒരു വർഷത്തെ സമയം കൊടുത്തു. തുടക്കത്തിൽ ആളുകളിൽ നിന്നും കിട്ടിയ പ്രോത്സാഹനവും ഫീഡ്ബാക്കും നല്ലതായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ പണത്തിന് ബുദ്ധിമുട്ടായി. അതോടെ തിരികെ മാർക്കറ്റിങ്ങ് മേഖലയിൽ ജോലിക്കു കയറി. രണ്ടു വർഷം ജോലി ചെയ്തു. ആ സമയത്തും ഈ ബിസിനസ് കൈവിട്ടില്ല... ഇതും ഒപ്പം കൊണ്ടു പോയി. ഒടുക്കം കഴിഞ്ഞ ജൂലൈയിൽ ജോലി രാജി വച്ചു സംരംഭം വിപുലീകരിക്കാൻ തന്നെ തീരുമാനിച്ചു.
മാനസികാരോഗ്യവും അറിവും മെച്ചപ്പെടുന്നു...
പുറത്തു ജോലി ചെയ്യുമ്പോൾ സമ്പത്തിക സുരക്ഷയുണ്ട് പക്ഷേ, അതോടൊപ്പം കോർപ്പറേറ്റുകളുടേതായ പല നിബന്ധനകളും സമയ നിഷ്ഠയുമൊക്കെ പാലിക്കേണ്ടതായി വരും. അത് ചെയ്യാൻ പറ്റില്ല എന്നല്ല എന്നിരുന്നാലും സ്വന്തമായി ഒരു സംരംഭം തുടങ്ങുമ്പോൾ ആരും എനിക്ക് മുകളിലിരുന്ന് ചരടു വലിക്കുന്നില്ല. ചില ദിവസം ഓഡറുകൾ കൊടുക്കാൻ മൂന്നു ദിവസത്തോളം നിർത്താതെ പണിയെടുക്കേണ്ടി വരും പക്ഷേ, ബ്രേയ്ക്ക് വേണമെന്ന് തോന്നിയാൽ ആരോടും അനുവാദം ചോദിക്കാതെ അതെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടാൻ ഈ തീരുമാനം വളരെ നിർണായകമായി.
അച്ഛൻ അമ്മ സഹോദരി എന്നിവർ ചേർന്നതാണ് കുടുംബം. നിലവിലൊരു ഫിസിക്കൽ സ്റ്റോർ ഇല്ലെങ്കിലും മട്ടാഞ്ചേരിയിലെ ഗുജറാത്തി റോഡിൽ എനിക്കൊരു സ്റ്റുഡിയോ ഉണ്ട്.
പേപ്പറും ഉത്പന്നങ്ങളും ഉണ്ടാക്കുന്നതു കൂടാതെ പേപ്പർ റീസൈക്കിൾ ചെയ്യാനുള്ള വർക്ക്ഷോപ്പുകളും എടുക്കാറുണ്ട്. കടലാസ് എങ്ങനെ പുനരുപയോഗിക്കാം എന്ന അറിവിനപ്പുറം വിവിധ ഘട്ടങ്ങളുള്ളൊരു സെൻസറി– തെറപ്യൂട്ടിക് അനുഭവത്തിന്റെ മാധുര്യം നുകർന്ന് തിരികെ പോകാം എന്നതാണ് അതിന്റെ പ്രധാന ടെയ്ക്ക് എവേ...
