ചെറുപ്പം മുതൽ പണമിടപാടുകൾ നടത്താനും പണം കരുതി വയ്ക്കാനും പഠിപ്പിക്കാം: നല്ല നാളകൾക്കായ് കുട്ടികൾ ഇന്നേ ഒരുങ്ങട്ടേ... Simple Ways to Instill Good Spending Habits in Children
Mail This Article
എത്ര രൂപയാണ് വെറുതേ പാഴാക്കിക്കളയുന്നത്? കുറേ സാധനങ്ങൾ ഓൺലൈനിൽ വാങ്ങും, ദിവസവും പുറത്ത് നിന്നുള്ള ഫുഡ് ഡെലിവറിക്കായി ചിലവഴിക്കുന്നത് എത്രയാ? പോക്കറ്റ് മണിയായി വാങ്ങിക്കൊണ്ടുപോകുന്നതൊക്കെ എന്തു ചെയ്യുന്നെന്ന് ആർക്കറിയാം...! കുട്ടികളുടെ ചിലവാക്കൽ നയങ്ങളെ കുറിച്ച് പല മാതാപിതാക്കൾക്കും അഭിപ്രായ വ്യത്യാസങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. എന്നാൽ കുട്ടി ഇത്രയധികം തവണ പണം ചിലവഴിക്കുന്നതിൽ പാളിച്ച വരുത്തുന്നുണ്ടെങ്കിൽ അതിൽ അവരെ മാത്രം തെറ്റു പറയാൻ സാധിക്കുമോ? ചില ശീലങ്ങൾ ചെറുപ്പത്തിലേ ശീലിപ്പിച്ചാൽ കുട്ടികൾ സാമ്പത്തിക കാര്യത്തിൽ വഴി തെറ്റുന്നത് തടയാൻ സാധിക്കും....
എല്ലാത്തിനും മുൻപേ ഒരു സുപ്രധാന കാര്യം ഓർക്കാം. നിങ്ങളെ കണ്ടാണ് കുട്ടി പഠിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റെന്തിനേക്കാളും ഉപരിയായി സ്വയം നല്ല ഉദാഹണമായിരിക്കാൻ മാതാപിതാക്കൾ ശ്രമിക്കുക.
∙ കുടുക്കയിൽ തുടക്കം
പണ്ടുമുതലേ എല്ലാവരും പറയുന്നൊരു ശീലമാണ് ചെറിയ കുടുക്ക കൊണ്ട് തുടങ്ങുക എന്നത്. അതു തന്നയാണ് ആദ്യ പടി. കുട്ടിക്ക് കിട്ടുന്ന ഓരോ നാണയത്തുട്ടുകളും ഈ കുടുക്കയിൽ ഇടാൻ ശീലിപ്പിക്കാം. ‘ഇത് കൂട്ടി വച്ച് നിനക്ക് ഏറ്റവും ഇഷ്ടമുള്ള കഥ പുസ്തകം/പാവ/ഉടുപ്പ്/ചെരുപ്പ് വാങ്ങാമെന്നു’ കൂടി പറഞ്ഞാൽ കുട്ടിക്ക് ഒരു കാര്യത്തെ ലക്ഷ്യം വച്ചു പൈസ കരുതി വയ്ക്കാനുള്ള കഴിവുണ്ടായി വരും.
പല കാര്യങ്ങൾക്കായി ഒന്നിലേറെ കുടുക്കകൾ വയ്ക്കുന്നതും നല്ലതാണ്. കുടുക്കകൾ കുട്ടിക്ക് ഇഷ്ടമുള്ള നിറത്തിൽ ഇഷ്ടമുള്ള സ്റ്റിക്കറുകൾ ഒട്ടിച്ച് മനോഹരമാക്കാം.. ഇതു വഴി കുട്ടി ക്ഷമ പഠിക്കുകയും അതോടൊപ്പം എളുപ്പം കിട്ടുന്ന ‘പൈസയ്ക്ക് വിലയില്ലാതാകുന്ന അവസ്ഥ’യും ഒഴിവാക്കാൻ ശ്രമിക്കും.
∙ നിശ്ചിത തുക വകതിരിക്കാം
കുട്ടിക്ക് ഒരു നിശ്ചിത തുക മാത്രം പോക്കറ്റ് മണിയായി കൊടുക്കാം.. ഇതിനനുസരിച്ച് സ്വന്തം ആവശ്യങ്ങൾ ക്രമീകരിക്കാൻ സാവകാശം കുട്ടി പഠിക്കും. ഇതിലുമേറെ പണം വേണ്ടി വന്നാൽ വീട്ടിലെ ചെറു ജോലികൾ ചെയ്ത് അതിനു പകരമായി പണം കൊടുക്കുന്ന രീതിയും നടപ്പിലാക്കാം.
∙ കുട്ടിക്കൊരു അക്കൗണ്ട്
കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി. അതിൽ വരുന്ന മാറ്റങ്ങൾ, പലിശ നിരക്ക്, കോമ്പൗണ്ടിങ്ങ് തുടങ്ങിയ ആശയങ്ങൾ പ്രവർത്തിക്കുന്ന രീതി എന്നതൊക്കെ ചർച്ച ചെയ്യാം.
∙ കളികൾ വഴി പഠനം
കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് മോണോപ്പൊളി, ക്യാഷ് ഫ്ലോ പോലുള്ള ഗെയ്മുകൾ വഴി സമ്പാദ്യത്തെ കുറിച്ച് കുട്ടിക്ക് കൂടുതൽ അവബോധം ലഭിക്കാനുള്ള അവസരങ്ങൾ ഒരുക്കാം.
∙ ദിവസവുമുള്ള സാമ്പത്തിക ചർച്ചയിൽ അവരും
വീട്ടാവശ്യങ്ങൾ, ഭാവി പദ്ധതികൾ മറ്റു ചിലവുകൾ തുടങ്ങിയവ ചർച്ച ചെയ്യുമ്പോൾ ചെറിയ കാര്യങ്ങൾ കുട്ടികളോടും പറയാം. അവരുടെ അഭിപ്രായങ്ങൾ തേടാം.
∙ സാധനങ്ങൾ വാങ്ങാൻ അവരും
പലരും ഷോപ്പിങ്ങിനായി കുട്ടിയെ കൊണ്ടു പോയാലും പണമിടപാടുകളിൽ അവരെ ഒപ്പം ചേർക്കാറില്ല.. പകരം അവരേയും ഒപ്പം കൂട്ടാം.
കുറച്ച് പൈസ കുട്ടിക്ക് കൊടുത്തിട്ട് അതിനുള്ളിൽ അവർക്കിഷ്ടമുള്ള സാധനങ്ങൾ കണക്കു കൂട്ടി വാങ്ങാൻ പറയാം. ബുദ്ധിമുട്ട് വന്നാൽ കണക്കു കൂട്ടാൻ സഹായിക്കാം..
കുട്ടികളെ കൊണ്ട് പണം കൊടുക്കുന്നതും ബാക്കി തുക കൃത്യം വാങ്ങിപ്പിക്കുന്നതും ശീലിപ്പിക്കാം.. കൂപ്പണുകൾ ഉപയോഗിക്കാനും ഇളവുകൾ നോക്കി സാധനങ്ങൾ താരതമ്യം ചെയ്തു വാങ്ങാനുമൊക്കെ കുട്ടി സാവകാശം പഠിക്കും.