ADVERTISEMENT

‘നമുക്കൊരു കഫേ തുടങ്ങിയോലോ എന്ന് ആലോചിച്ചു തുടങ്ങുമ്പോഴേ ഞങ്ങടെയൊക്കെയുള്ളിൽ ആദ്യം വന്നത് സംശയമാണ്... അല്ലാത്തോരെ കൊണ്ട് തന്നെ ഓടിയെത്താൻ പറ്റണില്ല... അപ്പോ നമ്മളീ വീൽചെയറിൽ ഇരിക്കുന്നോർക്ക് ഇത് നന്നായി നടത്തിക്കൊണ്ടു പോവാൻ പറ്റുമോ?’ കഫേ വിങ്സിന്റെ പ്രതിനിധിയായി ബോസ് ജോർജ് പറഞ്ഞു തുടങ്ങി... സംശയത്തിന്റെ നിഴലിൽ തുടങ്ങിയ സംരംഭം നാട്ടുകാരുടെ ഇളം വെയിൽ പോലുള്ള സ്നേഹത്തിന്റെ നിറഞ്ഞൊഴുക്കു കൊണ്ട് ‘ഹൗസ് ഫുൾ’ ആയി മാറിയ കഥയാണ് കഫേ വിങ്സിന്റേത്. നടക്കാൻ പറ്റത്തവരെ എടുത്തു കൊണ്ട് നടക്കാതെ, അവരെ സിംപതിക്കണ്ണിലൂടെ നോക്കാതെ അവർക്കൊപ്പം നടന്നൊരു നാടിന്റേയും നിർത്താതെ അധ്വാനിച്ച ആറു വീൽചെയർ യൂസേഴ്സിന്റേയും അവരുടെ കുടുംബങ്ങളുടേയും ഒത്തൊരുമയുടേയും വിജയ കഥ...

ചെറിയൊരു കൂട്ടം... വലിയൊരു സ്വപ്നം

cafewings2
ADVERTISEMENT

‘‘വീൽചെയർ ബൗണ്ട് ആയിട്ടുള്ള ഞങ്ങൾ കുറേപ്പേർ ചേർന്ന് ‘പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ’ (പി.ഒ.ഡി.) എന്നൊരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടായിരുന്നു.. വീൽചെയറിൽ ഇരിക്കുന്നവർ  അങ്ങനെയുള്ളവരെ മറ്റുള്ളവരെക്കൂടി സഹായിക്കാനായി തുടങ്ങി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന ഒരു കൂട്ടായ്മയാണത്. അതിനു നേതൃത്വം തന്നത് ഞങ്ങളുടെ കോതമംഗലം മേഖലാ മെത്രപൊലീത്ത ഏലിയോസ് മാർ യൂലിയോസ് തിരുമേനിയാണ്.

അതിലൂടെ അവശ്യക്കാർക്ക് ഫിസിയോതെറാപ്പി ചെയ്യാനുള്ള സൗകര്യമൊരുക്കുക പോലുള്ള പല പ്രവർത്തനങ്ങളും നടത്തി വന്നു. വീൽചെയർ യൂസറായ ഒരു കുട്ടിക്ക് വീടു വച്ചു കൊടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ADVERTISEMENT

എല്ലാ മാസവും അതിന്റെ മീറ്റിങ്ങും മറ്റുമായി മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് ഓർത്തോപ്പീഡിക് സർജനായിരുന്ന ഡോ. കോര ഞങ്ങൾക്കൊപ്പം ചേരുന്നത്. മൂന്നു വർഷം മുൻപാണ് ഡോക്ടർ വീൽചെയറിലാകുന്നത്. സ്റ്റീഫൻ ഹോക്കിങ്സിനൊക്കെ വന്നതുപൊലെ മസിൽ വെയിസ്റ്റേയ്ജ് വരുന്ന ഒരു പ്രോഗ്രസീവ് ഡിസെബിലിറ്റിയാണ്പുള്ളിക്ക്.

ഡോക്ടർ ഞങ്ങൾക്കൊപ്പം കൂടിയ ശേഷം പി.ഒ.ഡി. എന്ന ട്രസ്റ്റിനു കീഴിൽ ‘വിങ്സ് ഓൺ വീൽസ്’ എന്നൊരു യൂണിറ്റു തുടങ്ങി. അതിലെ ആദ്യ സംരംഭമാണ് ‘കഫേ വിങ്സ്’. പല പ്രതിസന്ധികളും മറികടന്ന് 2026 ജനുവരി 5നു കഫേയുടെ യാത്ര ആരംഭിച്ചു. കോതമംഗലം തങ്ങളം–മലയിൻകീഴ് ബൈപാസിലാണ് കഫേ.

ADVERTISEMENT

നിലവിൽ വീൽചെയർ ബൗണ്ട് ആയ 6 പേരാണ് ഭക്ഷണം പാകം ചെയ്യുന്നതൊഴികെ ബാക്കി കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത്. പാചകം ചെയ്യുന്നത് ഞങ്ങൾ ആറുപേരുടേയും വീട്ടുകാർ തന്നെ. തിരക്കു കൂടിയതോടെ പുറത്തു നിന്നൊരു സ്റ്റാഫിനെ എടുത്തിട്ടുണ്ട്.

സ്നേഹം തന്ന് ഒപ്പം നിൽക്കുന്ന നാട്

cafewings3

ആദ്യം തുടങ്ങിയപ്പോഴുള്ള ഉൾഭയം അപ്പാടെ മാറ്റിത്തന്ന പിന്തുണയാണ് നാട്ടുകാർ തന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ കാരണം ഇന്നാട്ടുകാർക്കു പുറമേ പല നാട്ടിലുള്ളവരും ഇപ്പോൾ കഫേയിലേക്ക് വരുന്നു...

ഭക്ഷണം എന്നത് മാത്രമല്ല നല്ലൊരു ആംബിയൻസും ഉണ്ടാക്കിയെടുത്തിട്ടുണ്ട്.. ഇവിടം മുഴുവൻ വീൽചെയർ ഫ്രണ്ട്‌ലിയാണ്. കോളേജ് കുട്ടികൾക്കും, കുടുംബത്തോടൊപ്പം വരുന്നവർക്കും വയസായവർക്കും ഒക്കെ ഒരുപോലെ ഇവിടെ ക്വാളിറ്റി ടൈം ചിലവഴിക്കാം. പ്രകൃതിഭംഗിയും പല കലാരൂപങ്ങളും സമാധാനവും ആവോളം ആസ്വദിക്കാം.

ഭക്ഷണത്തിൽ ബർഗറുകൾ, നഗറ്റ്സ്, മോമോസ്, ഫ്രഞ്ച് ഫ്രൈസ്, നൂഡിൽസ് തുടങ്ങി പലതുമുണ്ട്. ആഴ്ച്ചാവസാനം മ്യൂസിക്കൽ നൈറ്റ് പോലുള്ള പരിപാടികളും സംഘടിപ്പിക്കുന്നു..  കൂടുതലും ഇന്നാട്ടിലെ കലാപ്രവർത്തകർക്കാണ് വേദി കൊടുക്കുന്നത്. ഇതു കൂടാതെ വര, നൃത്തം പോലുള്ള പല പരിപാടികളും കൊണ്ട് നിറവാർന്നതാണ് ഇവിടുത്തെ ദിനങ്ങൾ...

ഇങ്ങനെയൊരു സംരംഭം കൊണ്ട് വലിയൊരു ലാഭമുണ്ടാക്കുക എന്നൊരു ലക്ഷ്യമായിരുന്നില്ല ഞങ്ങളുടേത്. വീൽചെയറിലിരിക്കുന്നവർക്കും നാലു ചുവരിനപ്പുറത്തേക്കു ജീവിതമുണ്ട്... ഞങ്ങൾക്കും പലതും ഇവിടെ ചെയ്യാൻ സാധിക്കും എന്നൊരു കാര്യമാണ് പറഞ്ഞു വയ്ക്കുന്നത്. മാത്രവുമല്ല ഞങ്ങളെപ്പോലുള്ളവർക്ക് യാതൊരു തടസവും കൂടാതെ വന്നിരിക്കാനുള്ളൊരു സ്ഥലം ഉണ്ടാക്കുക എന്നതിനൊരു മാതൃക കൂടിയാണിത്.

നിലവിൽ ഡോ. കോര, ഞാൻ ബോസ്, എൽദോസ്, ബേസിൽ, അജീഷ്, സജീവ് എന്നീ ആറുപേരാണ് ബില്ലിങ്ങിൽ ഇരിക്കുന്നതും സാധനങ്ങൾ വാങ്ങുന്നതും കഫേയുടെ മൊത്തം നടത്തിപ്പിലും ഒക്കെ ശ്രദ്ധചെലുത്തുന്നത്. ഇതു കൂടാതെ പാചകത്തിന് ഞങ്ങളുടെ വീട്ടുകാർ ഒപ്പമുണ്ട്. വീൽചെയറിലിരിക്കുന്നവരുടെ വീട്ടുകാരും ഒരു വീട്ടിൽ തന്നെ ഒതുങ്ങിപ്പോകാതെ വരുമാനം കണ്ടെത്തണമെന്നൊരു ചിന്തയാണ് അതിനു പിന്നിൽ. ഒരുപാട് ആളുകളുമായി ഇടപഴകാനുള്ള അവസരമുള്ളതുകൊണ്ട് ഞങ്ങളുടെ മനസും നിറയും...

English Summary:

Cafe Wings is an inspiring success story of a group of six wheelchair users who defied doubts to establish a thriving cafe in Kothamangalam, Kerala. Driven by a desire for inclusion and empowerment, they have created a wheelchair-friendly space that offers not just quality food but also a welcoming atmosphere for all.

ADVERTISEMENT