ADVERTISEMENT

രിക്കലെങ്കിലും സ്വന്തമായി  സംരംഭം തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ ഇതു വായിക്കാതെ പോകരുത്. നിരവധി സാധ്യതകളാണ് ഇന്നു സ്ത്രീകള്‍ക്കായി തുറക്കപ്പെടുന്നത്. കുടില്‍ വ്യവസായം മുതല്‍ ഇ-കൊമേഴ്‌സ് വരെ, ഹോം മെയ്ഡ് ഉൽപന്നങ്ങൾ മുതൽ ബ്രാന്‍ഡുകള്‍ വരെ, തയ്യല്‍ മുതൽ ഗാർമെന്റ് രംഗം വരെ സാധ്യതകള്‍ നീളുന്നു.

സ്വപ്നങ്ങൾ സത്യമാകണമെങ്കിൽ പദ്ധതികൾ ആവശ്യമാണ്. പക്ഷേ, പ്ലാനിങ് കൂടിയാലും കുഴപ്പമാണ്. കാരണം കരയ്ക്കു നിന്നു നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതുപോലെയാണ് അമിതമായ ആസൂത്രണത്തിന്റെ ഫലവും.  

ADVERTISEMENT

എവിടെ തുടങ്ങണം, എങ്ങനെ മുന്നോട്ടു പോകണം എന്നതുറപ്പിച്ചാൽ പിന്നെ, ഇറങ്ങുക. തുടക്കത്തിൽ ചില കഷ്ടപ്പാടുകൾ നേരിടേണ്ടി വരാം. ക്ഷമയോടെ വിജയത്തിലേക്കു നീന്തിക്കയറുക. അതിനു മുന്നൊരുക്കമായി ബിസിനസ് തുടങ്ങും മുൻപു വിശകലനം ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.  

സാധ്യതകള്‍ തിരിച്ചറിയാം

ADVERTISEMENT

വിപണിക്ക് ആവശ്യമുള്ള, അല്ലെങ്കില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഉല്‍പന്നമോ സേവനമോ കണ്ടെത്തുകയാണ് ആദ്യപടി. എന്തുണ്ടാക്കിയാലും അതു വില്‍ക്കുകയും പണം തിരികെ വരുകയും വേ ണം. അത്തരത്തിലുള്ള പ്രൊജക്ട് ഐഡിയ കണ്ടെത്തുക എന്നതാണു പ്രധാനം.

വീട്ടമ്മമാര്‍ക്കു വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വലിയ മേഖല കാര്‍ഷിക – ഭക്ഷ്യ സംസ്‌കരണ സംരംഭ മേഖലയാണ്. പലഹാരങ്ങള്‍ക്കും പാചകം ചെയ്യാവുന്ന വിഭവങ്ങള്‍ക്കും വലിയ സാധ്യതകളുണ്ട്. ജൈവ ഉൽപന്നങ്ങളുടെ സാധ്യതകളും വളരെ വലുതാണ്.

ADVERTISEMENT

സുഗന്ധവ്യഞ്ജനങ്ങളുടെ വിവിധ തരം ഉൽപന്നങ്ങള്‍ക്കു സാധ്യതകള്‍ ഉണ്ട്. പാലുല്‍പന്നങ്ങള്‍, മത്സ്യ- മാം സ ഉൽപന്നങ്ങള്‍, ഫൂഡ് സപ്ലിമെന്റുകള്‍, തേനീച്ച വളര്‍ത്തല്‍, കൂണ്‍കൃഷി, ആട്, കോഴി, പശു, എരുമ, പന്നി ഫാമുകള്‍, ബേക്കറി ഉൽപന്നങ്ങള്‍, ഹോം മെയ്ഡ് കേക്കുകള്‍, ഹോംമെയ്ഡ് ചിപ്‌സ് ഇനങ്ങള്‍ എന്നിങ്ങനെ സാധ്യതകള്‍ അനവധിയാണ്. ഗാര്‍മെന്റ് മേഖലയാണ് മറ്റൊരു സാധ്യത. ഡിസൈന്‍ഡ് ഗാര്‍മെന്റ്, വിവാഹവസ്ത്രങ്ങള്‍, മാമോദീസ ഡ്രസ്സുകള്‍, പട്ടുപാവാടകള്‍, കുട്ടിക്കുപ്പായങ്ങള്‍ പോലുള്ള ഉൽപന്നങ്ങള്‍, കര്‍ട്ടനുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഏപ്രണുകള്‍ തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.

സേവന സംരംഭങ്ങളും സ്ത്രീകൾക്കു  ശോഭിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്. നഴ്‌സറി, വൃദ്ധരുടെയും മറ്റും പ രിപാലനം, ബേബി കെയര്‍ സെന്റര്‍, ഡിടിപി / ഓണ്‍ലൈന്‍ സര്‍വീസ് സെന്റർ, റീ പാക്കിങ്, ലോണ്‍ഡ്രി– ഡ്രൈ ക്ലീനിങ്, വാടക കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ സര്‍വീസസ്‍ ഇവയെല്ലാം കുടുംബ ബിസിനസായി ആരംഭിക്കാം.

സംരംഭം തുടങ്ങുമ്പോൾ

 സംരംഭത്തിന്റെ സ്വഭാവത്തിനനുസരിച്ച് ആവശ്യമുള്ള ലൈസൻസില്‍ വ്യത്യാസം വരും.

∙ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംസ്‌കരണം, വില്‍പന, വിതരണം എന്നീ സംരംഭങ്ങൾക്കു ഫൂഡ് സേഫ്റ്റി റജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ഫൂഡ് സേഫ്റ്റി നിയമപ്രകാരം മൂന്നു തരം ലൈസന്‍സുകളാണുള്ളത്. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ FSSAI Registration, FSSAI State License, FSSAI Central License എന്നിവ എടുത്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://foscos.fssai.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

∙ ഇലക്ട്രിക്കല്‍ അഥവാ ഇലക്ട്രോണിക്‌ ഉൽപന്നമാണെങ്കില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (https://www.bis.gov.in) അനുമതി നേടണം. പാക്ക് ചെയ്ത് വില്‍ക്കുന്ന ഉൽപന്നങ്ങളാണെങ്കില്‍ പാക്കര്‍ ലൈസന്‍സ് എടുക്കണം.

∙ മെഡിസിനായി ഉപയോഗിക്കുന്ന ഏതൊരു പ്രോഡക്റ്റ് ഉണ്ടാക്കണമെങ്കിലും ഡ്രഗ്ഗ് കണ്‍ട്രോളറുടെ അനുമതി വേണം.  

∙ പ്രൊഡക്‌ഷന്‍ പ്ലാന്റ് തുടങ്ങുന്നതിനു മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ അനുമ  തി വേണം.

∙ അഞ്ച് എച്ച്‌പിയില്‍ അധികരിക്കാതെ പവര്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകിച്ചു കുടുംബ വ്യവസായ സ്ഥാപനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

∙ സംരംഭ വിജയം നിശ്ചയിക്കുന്നതിൽ ബ്രാന്‍ഡിങ്ങിനു വലിയ പങ്കുണ്ട്. ഒരു ബ്രാന്‍ഡ് ക്രിയേറ്റ് ചെയ്യുന്നതിന് ആദ്യം വേണ്ടത് ആകര്‍ഷകമായ പേരും ലോഗോയുമാണ്. ഇത് ട്രേഡ് മാര്‍ക്ക് ആയി റജിസ്റ്റര്‍ ചെയ്യുക.

∙ റജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന്റെ സൈറ്റ് വഴി ബ്രാന്‍ഡ് റജിസ്റ്റര്‍ ചെയ്യാം. റജിസ്റ്റര്‍ ചെയ്യാത്ത പക്ഷം മറ്റുള്ളവര്‍ ആ പേര് അനുകരിച്ചേക്കാം.

ഐഡിയ ഉണ്ടോ, വായ്പ റെഡി

വ്യക്തമായ ഐഡിയ ഉണ്ടെങ്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യതകള്‍ അനവധിയാണ്. വനിതാ സംരംഭകരെ സഹായിക്കുന്നതിനായി നിരവധി കേന്ദ്ര - സംസ്ഥാന സ ര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്്. വനിതകളെ പ്രത്യേകം പരിഗണിക്കുന്ന വായ്പ പദ്ധതികളും ലഭ്യമാണ്.

∙ പിഎംഇജിപി, നാനോ സംരംഭങ്ങള്‍ക്ക് ഗ്രാന്‍ഡ് കൊടുക്കുന്ന പദ്ധതി, എന്റെ ഗ്രാമം, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്, വി-മിഷന്‍, ഓണ്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സ്‌കീം, പിഎം എഫ്എംഇ, മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി, വനിതാ വികസന കോര്‍പ്പറേഷന്റെ സംരംഭ വായ്പ പദ്ധതികള്‍, പലിശ ഇളവ് നല്‍കുന്ന പ്രത്യേക പദ്ധതികള്‍ എന്നിവയെല്ലാം ബാങ്ക് വായ്പയ്ക്കൊപ്പം സബ്‌സിഡി കൂടി ലഭ്യമാക്കുന്നുണ്ട്.

∙ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം ഒരുകോടി രൂപ വരെ കൊളാറ്ററൽ സെക്യൂരിറ്റി ഇ ല്ലാതെ വായ്പ ലഭിക്കും.

ജിഎസ്ടി ഇളവുകൾ  

∙ 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റു വരവുള്ള നിർമാണ സ്ഥാപനങ്ങളെയും 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവന വ്യാപാര സ്ഥാപനങ്ങളെയും ജിഎസ്ടിയില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്.

ഭക്ഷ്യോൽപന്ന ബിസിനസ്

 ∙ ഏതൊരു ഭക്ഷ്യ ഉൽപന്നം വില്‍ക്കുന്നതിനും ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റജിസ്‌ട്രേഷന്‍ അല്ലെങ്കിൽ ലൈസന്‍സ് എടുക്കണം.

∙ 12 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റു വരവു വരുന്ന സംരംഭങ്ങള്‍ക്കു റജിസ്ട്രേഷൻ മതി. അതിൽ കൂടുതലെങ്കിൽ ലൈസന്‍സ് തന്നെ എടുക്കണം.

∙ ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നവരോ ആര്‍മി, റെയില്‍വേ, വിമാന സേവനങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്നവരോ ആണെങ്കില്‍ സെന്‍ട്രല്‍ ഫൂഡ് സേഫ്റ്റി ലൈസന്‍സ് വേണം.

∙ ഭക്ഷ്യ ഉൽപന്നം പാക്ക് ചെയ്തു വില്‍ക്കുമ്പോള്‍ പാക്കര്‍ ലൈസന്‍സ് എ ടുക്കേണ്ടതാണ്.  

∙ ആര്‍ട്ടിഫിഷല്‍ കളര്‍, പ്രിസര്‍വേറ്റീവ് എന്നിവ അനുവദനീയമായ തോതില്‍ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ചേര്‍ക്കാവൂ.  

കടല്‍ കടക്കുന്ന സംരംഭം  

കോട്ടേജ്, ഹാന്‍ഡ് മെയ്ഡ്, ജൈവ ഉൽപന്നങ്ങള്‍ക്കു കയറ്റുമതി രംഗത്തു സാധ്യതകള്‍ ഏറെയാണ്. കയറ്റുമതി മുന്‍പത്തേക്കാള്‍ ലളിതമാണിപ്പോള്‍.  

∙ കയറ്റുമതിക്കിപ്പോള്‍  ഇംപോര്‍ട്ട് - എ ക്‌സ്‌പോര്‍ട്ട് കോ ഡ് എന്ന അനുമതിയാണു വേണ്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ് ടി)ന്റെ https://www.dgft.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിച്ചാല്‍ അനുമതി നേടാം.  

ഓൺലൈൻ സാധ്യത

ഓണ്‍ലൈന്‍ വിപണന രംഗത്തു വലിയ സാധ്യതകളാണുള്ളത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് റൈറ്റിങ്, ഓണ്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍, ഓണ്‍ലൈന്‍ കോച്ചിങ്ങുകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ ഓണ്‍ലൈനിലൂടെ ചെയ്യാം.

∙ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ അറിയപ്പെടുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ചെറുസംരംഭകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിൽക്കാം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുമ്പോൾ വിശ്വാസ്യത ഉറപ്പു വരുത്തണം.   

∙ ഓൺലൈനായി ഓർഡർ പ്ലേസ് ചെയ്യാൻ കഴിയാത്ത ഉൽപന്നങ്ങൾക്ക് ഇനിയുള്ള കാലം പിടിച്ചു നിൽക്കുക ബുദ്ധിമുട്ടായിരിക്കും. കോവിഡിനു ശേഷം ഷോപ്പിങ് വിരൽതുമ്പിൽ എന്ന മനോഭാവത്തിലേക്കു ഭൂരിഭാഗം ഉപയോക്താക്കളും മാറിയെന്ന കാര്യം മറക്കരുത്. അതുകൊണ്ട് സംരംഭം തുടങ്ങുമ്പോൾ തന്നെ അതിന്റെ ഒാൺലൈൻ വി തരണസാധ്യത പഠിക്കുകയും പദ്ധതി തയാറാക്കുകയും വേണം.

∙ അതുപോലെ പ്രധാനമാണ് ഡിജിറ്റൽ മാർക്കറ്റിങ്.   ഉൽപന്നങ്ങളുടെ പ്രമോഷനു വേണ്ടി ഡിജിറ്റല്‍ മീഡിയം ഉപയോഗിക്കുന്നതിനെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നു പറയുന്നത്. ഉൽപന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സഹായിക്കുന്നു.  

∙ ടെലി മാര്‍ക്കറ്റിങ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ (SEO), സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്  (SEM), ഇമെയില്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ് തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്. കൂടാതെ ആപ്പുകളും സോഫ്റ്റ്‌വെയറുകളുമുണ്ട്. ഇതിൽ നിന്ന് ഉൽപന്നത്തിനു അനുയോജ്യമായ സേവനം തിരഞ്ഞെടുക്കുക.

 ഉയരെ പറക്കാം

ചെറുതായി തുടങ്ങുക, വലുതായി വളരുക എന്നതാണു സംരംഭക വിജയത്തിന്റെ അടിസ്ഥാനം. ബ്രാന്‍ഡിന്റെ വിശ്വാസ്യതയും നിലവാരവും കാത്തുസൂക്ഷിക്കാം. ഉപയോക്താക്കളുമായി നല്ല ബന്ധം പുലർത്തുക.

∙ കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങുമ്പോള്‍ ഉൽപാദനത്തിന് അനുസരിച്ചുള്ള വിപണി കണ്ടെത്തൽ എളുപ്പമാണ്. വിപണനം കൂടുന്നത് അനുസരിച്ചു സൗകര്യങ്ങൾ വിപുലമാക്കാം.  

∙ ചെറുതായി തുടങ്ങിയാല്‍ മതി എന്നു പറയുമ്പോഴും വലുതാകണമെന്നുള്ള ആഗ്രഹം ഉണ്ടായിരിക്കണം സംരംഭകര്‍ക്ക്. വലിയ സങ്കൽപങ്ങളുമായി ആലോചിച്ച് സമയം കളയാതെ ചെറുതെങ്കിലും ഒരു ചുവട് മുന്നോട്ടു വയ്ക്കുക എന്നതാണ് സംരംഭകത്വത്തിന്റെ വിജയഫോർമുല. നമുക്കു മുന്നില്‍ മാതൃകയായിട്ടുള്ള വലിയ സംരംഭകരുടെ വിജയയാത്ര പരിശോധിച്ചാല്‍ ഇതു മനസ്സിലാക്കാം.

2354140711

ഓണ്‍ലൈനില്‍ സംരംഭകരാകാം

∙ നിങ്ങളുടെ ഉൽപന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന ഓ ൺലൈൻ പ്ലാറ്റ്ഫോമിൽ സെല്ലര്‍ അക്കൗണ്ടില്‍ റജിസ്റ്റര്‍ ചെയ്യുക.

∙ തുടക്കക്കാര്‍ക്ക് വ്യക്തിഗത പ്ലാന്‍ തിരഞ്ഞെടുക്കാം.

∙ ജിഎസ്ടി നമ്പര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, മേല്‍വിലാസം തുടങ്ങി ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക.

∙ ഉൽപന്നങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം ഉൽപ   ന്നങ്ങളുടെ വിശദാംശങ്ങൾ, വില, ചിത്രങ്ങള്‍ മുതലായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുക.

∙ ഓര്‍ഡര്‍ എങ്ങനെയാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്നതു സംബന്ധിച്ച വിവരം നല്‍കുക. ഉൽപന്നങ്ങള്‍ നേരിട്ടോ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ വെയർഹൗസിലൂടെ അയയ്ക്കുകയോ ചെയ്യാം.

∙ ഒട്ടുമിക്ക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സമാനമായ ക്രമങ്ങള്‍ തന്നെയാണു പിന്തുടരുന്നത്.

വിവരങ്ങള്‍ക്കു കടപ്പാട്: ടി.എസ്. ചന്ദ്രന്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ്

Exploring Business Opportunities for Women in Kerala:

Women entrepreneurs in Kerala have numerous opportunities, from cottage industries to e-commerce, and homemade products to branding. To achieve dreams, well-defined plans are essential, but excessive planning can be detrimental; understanding what to do and how to proceed is crucial before launching any venture, ensuring perseverance through initial challenges for success.

ADVERTISEMENT