വരുമാനം - സമ്പാദ്യവും നിക്ഷേപവും - ചെലവ്; അറിയാം ഗോൾ സെറ്റ് ചെയ്തു മുന്നേറാനുള്ള ഫോർമുല
Mail This Article
‘വരുമാനം - ചെലവ്- സമ്പാദ്യം’ എന്നതാണു പൊതുവിൽ കണ്ടുവരുന്ന ഫോർമുല. എന്നാൽ ഇതൊന്നു മാറ്റി എഴുതിയാൽ വലിയ നേട്ടങ്ങൾ കൊയ്യാം. അതിനായി ‘വരുമാനം - സമ്പാദ്യവും നിക്ഷേപവും - ചെലവ്’ എന്ന രീതി ശീലിക്കാം. എല്ലാ ചെലവും ശമ്പളത്തിനുള്ളില്‍ നിര്‍ത്തുന്നതിനൊപ്പം ഇരുപതു ശതമാനം സമ്പാദ്യത്തിലേക്കു നീക്കിവെക്കാം. എമർജൻസി ഫണ്ട് രൂപീകരണവും ദീർഘകാല നിക്ഷേപവുമാണ് ഈ തുക കൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. മാസച്ചെലവ് മനസ്സിലാക്കിയശേഷം അതിന്റെ ആറിരട്ടി കരുതൽ നിധിയായി സൂക്ഷിക്കുന്നതാണ് എമർജൻസി ഫണ്ട്.
ജോലിക്കായി വീട്ടിൽ നിന്നകന്നു കഴിയുന്നവരെ സംബന്ധിച്ച് ചെലവുകൾ അധികമായിരിക്കും. അങ്ങനെയുള്ളവർ പത്തു ശതമാനമെങ്കിലും നിക്ഷേപിക്കാൻ ശ്രമിക്കണം. ശമ്പളം കൂടുതലുള്ളവര്‍ നിക്ഷേപ തുക ഉയര്‍ത്തുന്നതും ഗുണം ചെയ്യും.
എമര്‍ജന്‍സി ഫണ്ട് പോലെ പ്രധാനമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ടേം ഇൻഷുറൻസും. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ കവറേജ് ലഭിക്കുന്ന ലൈഫ് ഇൻഷുറൻസാണ് ടേം ഇൻഷുറൻസ്.
ചില സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നുണ്ട്. അല്ലാത്തപക്ഷം വ്യക്തിപരമായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. ചെറിയ പ്രായത്തിലാകുമ്പോള്‍ പ്രീമിയം തുക കുറവായിരിക്കുമെന്നു പ്രത്യേകം ഓര്‍ക്കുക.
ടെൻഷനില്ലാതെ നേടാം ലക്ഷ്യങ്ങൾ
ഏറെ നാളായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ആഗ്രഹങ്ങൾ മുൻഗണനാ ക്രമത്തിൽ എഴുതിവയ്ക്കാം. വിവാഹം, വാഹനം, തുടർ വിദ്യാഭ്യാസം തുടങ്ങി എന്തുമാകാം പട്ടികയിലാദ്യം ഇടം നേടുന്നത്. പണം സ്വരുക്കൂട്ടുന്നതും അതനുസരിച്ചാകണം. വിദ്യാഭ്യാസ വായ്‌പ തിരിച്ചടവിൽ ഉപേക്ഷയരുത്. ഉയർന്ന പലിശ നൽകുന്ന കടങ്ങള്‍ വീട്ടുന്നതിനും മുൻഗണന നൽകണം.
ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുകയാണ് അടുത്ത പടി. ഉടൻ നേടിയെടുക്കേണ്ട ആഗ്രഹങ്ങളാണ് ഷോർട്ട് ടേം ഗോളുകൾ. അൽപം സാവകാശമുള്ളവയെ മിഡ് ടേം ഗോളെന്നും കൂടുതൽ സമയം ലഭിക്കുന്നവയെ ലോങ് ടേം ഗോൾസ് എന്നും പറയാം.
എമർജൻസി ഫണ്ട്, ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് തുടങ്ങിയവയെ ഷോർട്ട് ടേം ഗോൾ ആയി കണക്കാക്കാം. കാർ, ബൈക്ക്, വീട് മുതലായവയ്ക്ക് മിഡ് ടേം ആഗ്രഹങ്ങളുടെ പട്ടികയിൽ സ്ഥാനം നൽകാം. കുറച്ചുകൂടി വലിയ ആഗ്രഹങ്ങളെ ദീർഘകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താം.
റിട്ടയർമെൻറ് സമയത്തു നമ്മുടെ കൈവശം ഒരു കോടി രൂപയെങ്കിലും ഉണ്ടാവുക എന്നത് ഒരു മികച്ച ലോങ് ടേം ഗോൾ ആണ്. വ്യക്തികളുടെ താൽപര്യത്തിനനുസരിച്ചു ലക്ഷ്യങ്ങൾ മാറാം.
സ്വയം പരുവപ്പെടുത്തുന്നതും പ്രധാനം
ജോലിയിലായാലും ബിസിനസിൽ ആയാലും വ്യക്തിപരമായി മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ട് മാത്രമേ നമുക്കു സാമ്പത്തികമായി മുന്നേറാൻ സാധിക്കുകയുള്ളൂ. ജോലി നേടി കഴിഞ്ഞാലും കൂടുതൽ കാര്യങ്ങൾ പഠിച്ചു കഴിവുകൾ വികസിപ്പിച്ചുകൊണ്ടേയിരിക്കുക.
മിടുക്കരായ ജീവനക്കാർക്ക് കമ്പനി തീർച്ചയായും മികച്ച ശമ്പള വർധന നൽകും. ഈ തുക എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യിൽ നിക്ഷേപിക്കാം.
നിശ്ചിത തുക എല്ലാ മാസവും സ്‌റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ശമ്പള വർധനയുണ്ടാകുമ്പോഴെല്ലാം ആനുപാതികമായ തുക എസ്ഐപിയിലും കൂട്ടുന്നതു നല്ലതാണ്.
ഈ അബദ്ധങ്ങൾ ഒഴിവാക്കാം
∙ സോഷ്യൽ മീഡിയ റീലുകൾ കണ്ടും സുഹൃത്തുക്കളുടെ ഉപദേശം തേടിയും മ്യൂച്വൽ ഫ ണ്ടിൽ നിക്ഷേപിക്കരുത്
∙ വലിയ ലാഭം മുന്നിൽ കണ്ട് എടുത്തു ചാടേണ്ട. വിപണി മാറിക്കൊണ്ടേയിരിക്കും
∙ നിക്ഷേപമല്ല, സുരക്ഷയാണ് ഇൻഷുറൻസ്. ആദ്യ നാളുകളിൽ ആവശ്യമറിഞ്ഞു മാത്രം ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾക്കു കടപ്പാട്
നിഖിൽ ഗോപാലകൃഷ്ണൻ, സിഇഒ, പെന്റാഡ് സെക്യൂരിറ്റീസ്
