ഒരു വ്യക്തിയുടെ മരണാനന്തരം അയാളുടെ സ്വത്തുവകകളും സമ്പാദ്യവും എങ്ങനെ വീതം വയ്ക്കണം എന്നു വിശദീകരിക്കുന്ന രേഖയാണു വിൽപത്രം. 18 വയസ്സ് പൂർത്തിയായ ഏതൊരു പൗരനും വിൽപത്രം എഴുതാം. വീട്, നിലം, കെട്ടിടങ്ങൾ, നിക്ഷേപം, സ്വർണം, വെള്ളി മുതലായ വസ്തുക്കൾ, വാഹനങ്ങൾ, ഇൻഷുറൻസ് വിഹിതം, സ്വകാര്യ വസ്തുക്കൾ തുടങ്ങി എന്തും വിൽപ്പത്രത്തിൽ എഴുതിവയ്ക്കാം.
കുടുംബാംഗങ്ങൾക്കു പുറമേ നമ്മുടെ സ്വത്തു വകകൾ വളരെ പ്രിയപ്പെട്ട സ്നേഹിതർക്കോ സഹായികൾക്കോ നൽകണമോ എന്നും വിൽപത്രത്തിൽ ചേർക്കാം.
വിൽപത്രവും നിയമസാധ്യതയും
വിൽപത്രം എഴുതുന്നതിനെക്കുറിച്ചു പൊതുവേ നിലനിൽക്കുന്ന തെറ്റിധാരണകളിൽ ഒന്ന്, പ്രായമായവരും പണമുള്ളവരും മാത്രമാണു വിൽപത്രം എഴുതുക എന്നതാണ്. 18 വയസ്സു പൂർത്തിയായ, മാനസികാരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടപ്രകാരം വിൽപത്രം തയാറാക്കാം. വിൽപത്രം തയാറാക്കുന്ന വ്യക്തിയെ ടെസ്റ്റേറ്റർ എന്നു പറയുന്നു.
വിൽപത്രം എഴുതുന്ന ആളും (ടെസ്‌റ്റേറ്റർ) രണ്ടു സാക്ഷികളും തീയതി സഹിതം വിൽപത്രത്തിൽ ഒപ്പുവയ്ക്കണം. ടെസ്‌റ്റേറ്റർ പൂർണമനസ്സോടെ, മറ്റൊരാളുടേയും പ്രേരണപ്രകാരമോ നിർബന്ധപ്രകാരമോ അല്ല വിൽപത്രമെഴുതുന്നത് എന്നുറപ്പിക്കുന്നതിനായാണ് സാക്ഷികൾ. ടെസ്‌റ്റേറ്ററുടെ മാനസികാരോഗ്യത്തിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ വിൽപത്രത്തിന്റെ സാധുത നഷ്ടപ്പെട്ടേക്കാം.
സംശയാസ്പദമായ സാഹചര്യം, നിയമാനുസൃതമല്ലാത്ത സാക്ഷ്യപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ തയാറാക്കിയ വിൽപത്രം, കൃത്രിമത്വം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചു വിൽപത്രത്തെ ചോദ്യം ചെയ്യാം. വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം, വസ്തുക്കളുടെ ക്രയവിക്രയം തുടങ്ങി പ്രധാന സംഭവങ്ങൾക്കുശേഷം വിൽപത്രം ഒന്നു കൂടി വായിച്ചു പുതുക്കി എഴുതാം. മാത്രമല്ല, ടെസ്‌റ്റേറ്റർക്ക് എപ്പോൾ വേണമെങ്കിലും വിൽപത്രം റദ്ദാക്കാനുള്ള സാധ്യതയും നിയമം നൽകുന്നുണ്ട്.
വിൽപത്രം തയാറാക്കാതെ ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ സ്വത്തുവകകൾ രാജ്യത്തിന്റെയും മതത്തിന്റെയും പിന്തുടർച്ചാ നിയമപ്രകാരമാകും കൈമാറ്റം ചെയ്യപ്പെടും.
വിൽപത്രം മുദ്രപ്പത്രത്തിൽ തയാറാക്കണോ എന്ന സംശയം നിരവധി പേർക്കുണ്ട്. മുദ്രപ്പത്രം നിർബന്ധമല്ല. മാത്രമല്ല സ്വന്തം കയ്യക്ഷരത്തിലോ ടൈപ് ചെയ്തോ വിൽപത്രം തയാറാക്കാം. നിയമനടപടികൾ കൃത്യമായി പിന്തുടർന്നിട്ടുണ്ടെങ്കിൽ റജിസ്ട്രേഷനും നിർബന്ധമല്ല. എന്നിരുന്നാലും റജിസ്ട്രേഷൻ വിശ്വാസ്യത വർധിപ്പിക്കും.
വിൽപത്രത്തിന്റെ ഗുണങ്ങൾ
∙ നിങ്ങളുടെ സമ്പാദ്യം ആർക്കു നൽകണമെന്നു നിങ്ങൾക്കു തീരുമാനിക്കാം
∙ കുടുംബവഴക്കുകളും തർക്കങ്ങളും ഒഴിവാക്കാം
∙ പങ്കാളിയുടേയും മക്കളുേടയും മാതാപിതാക്കളുടേയും സുരക്ഷ ഉറപ്പുവരുത്താം
∙ സമയം ലാഭിക്കാം
∙ നിയമക്കുരുക്കുകൾ ഒഴിവാക്കാം
അവകാശികളുടെ ശ്രദ്ധയ്ക്ക്
മ്യൂച്വൽ ഫണ്ടുകൾ, എഫ്ഡി എന്നിവിടങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ അവകാശി ആരാകണം എന്നു ചേർക്കുമല്ലോ. അപ്പോൾ അതു വിൽപത്രത്തിൽ എഴുതിയില്ലെങ്കിലും കുഴപ്പമില്ലല്ലോ എന്നു ചിന്തിക്കാൻ വരട്ടേ.
വിൽപ്പത്രത്തിൽ കൃത്യമായി എഴുതിച്ചേർത്തിട്ടില്ലെങ്കിൽ നോമിനിക്ക് പണം കൈപ്പറ്റാമെങ്കിലും പൂർണമായും അനുഭവിക്കാനുള്ള അവകാശമുണ്ടായിരിക്കില്ല.
ഉദാഹരണത്തിന്, ഭാര്യയെയാണ് നോമിനിയെങ്കിൽ അവർക്ക് ആ പണം വാങ്ങാം. ശേഷം നിക്ഷേപകൻ ഏ തു മത വിഭാഗത്തിൽപ്പെട്ടയാളാണോ ആ മതനിയമം നിഷ്കർഷിക്കുന്നതുപോലെ തുക ഭാഗം വയ്ക്കേണ്ടതായി വരും. പങ്കാളിയുടേയും കുട്ടികളുടേയും സുരക്ഷിതമായ ഭാവിക്കായി കരുതുന്നവർ നിശ്ചയമായും അതു വിൽപത്രത്തിൽ വ്യക്തമായി എഴുതണം.
വിൽപത്രം തയാറാക്കും മുൻപ്
∙ സ്വത്തുക്കളെല്ലാം എഴുതിവയ്ക്കുക
∙ അവകാശികളെ ഉറപ്പിക്കാം
∙ നിയമവിദഗ്ധന്റെ സഹായത്തോടെ മാത്രം വിൽപത്രം തയാറാക്കുക
∙ സാക്ഷികൾ വിശ്വസ്തരായിരിക്കണം. അക്കാര്യം പ്രത്യേകം ഓർമിക്കുക
∙ വിൽപത്രം സുരക്ഷിതമാക്കി വയ്ക്കുക. വയ്ക്കുന്ന ഇടത്തെക്കുറിച്ചു വിശ്വസ്തരായ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ പറയാം.