സ്വർണവില മുകളിലേക്കും താഴേക്കും ചാഞ്ചാടിക്കളിക്കുന്ന സാഹചര്യത്തിൽ കയ്യിലുള്ള സ്വർണത്തിലേക്കു നോക്കി എന്തു ചെയ്യണമെന്നറിയാതെയിരിക്കുകയാണു സുപ്രിയ. ഒരു ഇടത്തരം വീട്ടമ്മ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ സുപ്രിയയ്ക്കുമുണ്ട്. സ്വർണം വിറ്റ് ബിസിനസ്സുകാരനായ ഭർത്താവിനെ സാമ്പത്തികമായി സഹായിക്കണമെന്ന ആഗ്രഹവുമുണ്ട്. എന്തായാലും ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടാമെന്ന് സുപ്രിയ തീരുമാനിച്ചു.
‘‘എന്റെ കയ്യിൽ 75 പവൻ സ്വർണമുണ്ട്. സ്ഥിരവരുമാനമില്ല. ഭർത്താവിനു ചെറിയൊരു ബിസിനസുണ്ട്. കുറച്ചു സ്വർണം വിറ്റാലോ?’’ ആശങ്കയും പ്രതീക്ഷയും കലർന്ന ഭാവത്തോടെ അവര്‍ ചോദിച്ചു.
‘‘ താങ്കളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി മനസ്സിലാക്കിയശേഷം വിൽക്കുന്നതിനേക്കുറിച്ചു സംസാരിക്കുന്നതാകും ഉചിതം’’ ഫിനാൻഷ്യൽ അഡ്വൈസർ തുടർന്നു.
‘‘തലമുറകളായി കൈമാറി വന്ന മാല, ആദ്യ ശമ്പളത്തിൽ നിന്നു വാങ്ങിയ മോതിരം, കല്യാണ സമ്മാനമായി കിട്ടിയ വള തുടങ്ങി വൈകാരികമായ കാരണങ്ങൾ നമ്മെ സ്വർണത്തോടു ചേർത്തു നിർത്തുന്നു. നിക്ഷേപം എന്നതിനപ്പുറം ആഭരണങ്ങളാണ് പലരുടേയും പക്കലുള്ളത്. ശരിയല്ലേ? ആഭരണങ്ങൾ നിക്ഷേപമല്ല എന്ന് തിരിച്ചറിയുക.
ഉദാഹരണത്തിന്, അഞ്ചു പവന്റെ മാല വാങ്ങുമ്പോൾ അഞ്ചു പവൻ സ്വർണത്തിന്റെ വിലയ്ക്കു പുറമേ പണിക്കൂലിയും ജിഎസ്ടിയും നൽകണം. തൊട്ടടുത്ത ദിവസം ഈ ആഭരണം വിൽക്കുകയാണെങ്കിൽപ്പോലും വാങ്ങിയ തുക തിരികെ കിട്ടില്ല.
കഴിഞ്ഞ കുറച്ചു കാലമായി ലോകത്തു നിലനിൽക്കുന്ന രാജ്യാന്തര അനിശ്ചിതാവസ്ഥയാണു സ്വർണവില ഉയർത്തി നിർത്തുന്നത്. ഡോളറിന്റെ മൂല്യം കൂടുന്നതു സ്വർണവിലയെ ബാധിച്ചേക്കുമെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണം പിടിച്ചു നിൽക്കുന്നതുകൊണ്ടു വലിയ വീഴ്ചയുണ്ടാകാനുള്ള സാധ്യത കുറവാണ്.
സ്വർണം വിൽക്കണോ കരുതണോ?
ഒരു വ്യക്തിയുടെ ചുമലിന്മേലുള്ള ബാധ്യതയുടെ തോതു മനസ്സിലാക്കി മാത്രമേ ഈ ചോദ്യത്തിനുത്തരം കാണാൻ സാധിക്കൂ. വർഷങ്ങൾക്കു മുൻപു വാങ്ങിയ സ്വർണമാണ് കയ്യിലുള്ളതെങ്കിൽ കടം വീട്ടുന്നതിനായി അതു വിൽക്കുന്നതിൽ തെറ്റില്ല. എങ്കിലും വായ്പകളുടെ സ്വഭാവം മനസ്സിലാക്കിയശേഷം മതി തീരുമാനത്തിലെത്തുന്നത്.
1. ക്രെഡിറ്റ് കാർഡ് ലോൺ, പഴ്സനൽ ലോൺ, സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നെടുത്തിട്ടുള്ള വായ്പകൾ തുടങ്ങി ഉയർന്ന പലിശ നൽകുന്ന വായ്പകൾ ഉണ്ടെങ്കിൽ സ്വർണം വിറ്റ് ലോൺ തീർക്കുന്നതാണുത്തമം. ഉദാഹരണത്തിന് 50,000 രൂപ ശമ്പളമുള്ള ഒരു വ്യക്തിക്ക് 25,000 രൂപയ്ക്കു മുകളിൽ ഇഎംഐ വരുന്നുണ്ടെങ്കിൽ സ്വർണം വിറ്റ് കടം ഒഴിവാക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു കാര്യം ശ്രദ്ധിക്കുക, ഇഎംഐയിൽ നിന്ന് ഒഴിവാകുന്ന 25,000 രൂപ ചെലവാക്കി തീർക്കാതെ നിക്ഷേപത്തിലേക്കു മാറ്റുക.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി), ഡിജിറ്റൽ ഗോൾഡ് തുടങ്ങി എവിടേയും ഈ തുക നിക്ഷേപിക്കാം. വിറ്റ സ്വർണത്തിനു തുല്യമായ സമ്പത്തു വീണ്ടും സ്വരുക്കൂട്ടുന്നിടത്താണു നമ്മുടെ വിജയം.
2. ഇടത്തരം വായ്പകൾ ഉള്ളവർ കുറച്ചു സ്വർണം വിറ്റ്, തുക മുതലിലേക്ക് അടച്ചു പലിശ കുറയ്ക്കുക.
3. നിലവിലെ സാഹചര്യത്തിൽ ഇടത്തരക്കാരെ സംബന്ധിച്ചു സ്വർണം വിൽക്കുക എളുപ്പമാണെങ്കിലും വാങ്ങുക പ്രയാസമുള്ള കാര്യമാണ്. സ്വർണം പണയം വച്ച് ബാധ്യതകളിൽനിന്നു പുറത്തു കടക്കാൻ സാധിക്കുമോ? സ്വർണവായ്പയ്ക്കു പലിശ കുറവാണെന്നു മാത്രമല്ല സമ്പാദ്യം കൈമോശം വരുകയുമില്ല.
കയ്യിലെ സ്വർണം പണമാക്കാം
സാമ്പത്തികമായി മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ കൈവശമുള്ള സ്വർണം വിൽക്കുന്നതിനെക്കുറിച്ചു തൽക്കാലം ചിന്തിക്കേണ്ട. സ്വർണവില മുന്നോട്ടു കൂടിയേക്കാം എന്നാണു നിലവിലെ സാഹചര്യങ്ങളിൽ നിന്നു മനസ്സിലാക്കേണ്ടത്. എന്നാൽ, സ്വർണവില കൂടുമെന്ന പ്രതീക്ഷയിൽ സ്വർണത്തിൽ നിക്ഷേപിക്കുകയും വേണ്ട.
സമ്പത്തിൽ സ്വർണമാണു മുന്നിട്ടു നിൽക്കുന്നതെങ്കിൽ അതു വിറ്റു സ്‌റ്റോക്കിൽ നിക്ഷേപിക്കാം. സ്ഥിരവരുമാനം ഇല്ലാത്തവരെ സംബന്ധിച്ച്, കുറച്ചു സ്വർണം വിറ്റ് തുക എഫ്ഡി ഇടുകയോ മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് വിത്ത്ഡ്രവൽ പ്ലാനിൽ നിക്ഷേപിക്കുകയോ ചെയ്യാം. സ്ഥിരവരുമാനമെന്ന നിലയ്ക്കോ അധികവരുമാനമായോ എസ്ഡബ്ല്യുപിയെ കാണാം. പണം പിൻവലിക്കുന്നതിന്റെ ഇടവേള, പിൻവലിക്കേണ്ട തുക തുടങ്ങിയ തീരുമാനങ്ങൾ നിക്ഷേപകന് എപ്പോൾ വേണമെങ്കിലും മാറ്റാം. നിക്ഷേപതുക വളർന്നുകൊണ്ടിരിക്കുന്നതിനൊപ്പം എല്ലാ മാസവും അതിൽനിന്നു തന്നെ വരുമാനം ലഭിക്കും. എസ്ഡബ്ല്യുപി മികച്ച പ്രകടനം കാഴ്ചവയ്ക്കുക അഞ്ചു വർഷമോ അതിനു മുകളിലേക്കോ ഉള്ള ലോങ് ടേം നിക്ഷേപത്തിലാണ്.
വ്യക്തികള്‍ക്കനുസൃതമായി സാമ്പത്തിക ലക്ഷ്യങ്ങളും ആവശ്യങ്ങളും മാറിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് ഒരു സാമ്പത്തിക വിദഗ്ധനെ കാണുന്നതിൽ തെറ്റില്ല.