മുൻതലമുറ അധികം താത്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ട്രേഡിങ്ങിലേക്കാണ് പുതുതലമുറയുടെ നോട്ടം. സാമ്പത്തിക സംസ്കാരത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ് ഈ ഇഷ്ടം. നിരവധി ജെൻ സി അബദ്ധത്തിൽപ്പെടുന്നതിനു പിന്നിൽ ട്രേഡിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകളും അറിവില്ലായ്മയുമാണെന്നു പറയാതെ വയ്യ.
പല സ്ഥാപനങ്ങളും നിലനിൽക്കുന്നത് ഷെയറിന്റെ ബലത്തിലാണ്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയാണ് ഷെയറുകളുടെ ലക്ഷ്യം. ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) എന്ന് ഇതിനെ പറയാം. ഐപിഒ കഴിഞ്ഞാൽ കമ്പനി ഷെയറുകൾ നാഷനൽ സ്‌റ്റോക് എക്സ്ചേഞ്ച്, ബോംബെ സ്‌റ്റോക് എക്സ്ചേഞ്ച് തുടങ്ങിയ സ്‌റ്റോക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെടും. ഐപിഒയില്‍ വാങ്ങുന്ന ഷെയറുകൾ, സ്‌റ്റോക് ബ്രോക്കർമാരുടെ സഹായത്തോടെ എൻഎസ്ഇയിലും ബിഎസ്ഇയിലും വിൽക്കാം.
എന്താണ് ട്രേഡിങ്?
ലാഭം നേടുക എന്ന ലക്ഷ്യത്തോടെ സ്‌റ്റോക്ക്, കറൻസി തുടങ്ങിയവ വാങ്ങുന്നതിനേയും വിൽക്കുന്നതിനേയും ട്രേഡിങ് എന്നു പറയാം. സ്‌റ്റോക്ക് മാർക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനിയുടെ ഷെയർ വാങ്ങുന്നത് മികച്ച നിക്ഷേപമാണ്.
കമ്പനി മെച്ചപ്പെടുന്നതിനൊപ്പം ഷെയറിന്റെ മൂല്യവും വർധിക്കും. അങ്ങനെ വരുമ്പോൾ കൈവശമുള്ള ഷെയർ ഉയർന്ന തുകയ്ക്ക് വിൽക്കാൻ സാധിച്ചേക്കും.
ഒരാൾ 1000 രൂപയുടെ ഷെയർ രാവിലെ വാങ്ങുന്നുവെന്നു കരുതുക. ഉച്ചകഴിഞ്ഞു ഷെയറിന്റെ മാർക്കറ്റ് വിലയിൽ 50 രൂപയുടെ വർധന വരുമ്പോൾ അയാൾ ഇതു വിൽക്കുന്നു. ഷെയറുകളുടെ എണ്ണം കൂടുന്നതിനൊപ്പം ലാഭവും കൂടും. ഇന്ത്യയിൽ ഷെയർ മാർക്കറ്റ് ട്രേഡിങ് നടക്കുന്നതു രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെയാണ്. ഈ സമയത്തിനുള്ളിൽ ഷെയറിന്റെ വില കൂടിയും കുറഞ്ഞു നിൽക്കും.
പുതുതലമുറയും ട്രേഡിങ്ങും
സ്‌റ്റോക് മാർക്കറ്റിങ്ങിനെ ജനകീയമാക്കിയത് ടെക്നോളജിയിലെ വളർച്ചയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ജെൻ സികളെ ട്രേഡിങ്ങിലേക്ക് ആകർഷിക്കുന്നു.
വിജ്ഞാനപ്രദമായ റീലുകളുടേയും സോഷ്യൽ മീഡിയ കണ്ടന്റുകളുടേയും പങ്ക് എടുത്തു പറയാം. ദീർഘകാലം ഷെയര്‍ കയ്യിൽ സൂക്ഷിക്കുക എന്നതിനേക്കാൾ പുതുതലമുറയ്ക്കു പ്രിയം മാർക്കറ്റ് വ്യതിയാനങ്ങൾക്കനുസൃതമായി, ലാഭം ഉയർന്നു നിൽക്കുമ്പോൾ, സ്‌റ്റോക്ക് വിൽക്കുന്നതിനോടാണ്.
ട്രേഡിങ്ങോ നിക്ഷേപമോ?
നിക്ഷേപം: പണം നിക്ഷേപിച്ച ശേഷം സമ്പത്ത് ശേഖരണത്തിനായി ദീർഘനാൾ (മാസങ്ങളോ വർഷങ്ങളോ) കാത്തിരിക്കുന്നു.
ട്രേഡിങ്: ചുരുങ്ങിയ കാലയളവിനുള്ളിൽ (മണിക്കൂറുകളോ ദിവസങ്ങളോ) ലാഭം നേടുന്നതിനായി സ്‌റ്റോക്ക് വിൽക്കുന്ന രീതി.
വിവിധതരം ട്രേഡിങ്ങുകൾ ഇവയൊക്കെ
ഇൻട്രാ ഡേ ട്രേഡിങ്: ഒരേ ദിവസം വാങ്ങുകയും വിൽക്കുകയും ചെയ്യാം. റിസ്ക് വളരെ കൂടുതലാണ്.
സ്വിങ് ട്രേഡിങ്: സ്‌റ്റോക്കുകൾ കുറച്ചു ദിവസങ്ങളോ ആഴ്ചകളോ കൈവശം സൂക്ഷിക്കുന്ന രീതി.
ഓപ്ഷൻ ട്രേഡിങ്: ചെറിയ മുതൽമുടക്കിൽ കൂടുതൽ ട്രേഡ് ചെയ്യാം. ട്രേഡിങ് കാലാവധി ആഴ്ചകളോ മാസങ്ങളോ മാത്രമായിരിക്കും. റിസ്ക് വളരെ കൂടുതലായതിനാൽ തുടക്കക്കാർക്ക് അനുയോജ്യമല്ല.
ട്രേഡിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്
∙ വിപണി സാധ്യതകൾ, സ്‌റ്റോക്കുകൾ, സ്‌റ്റോക്കുകളുടെ കയറ്റിറക്കം തുടങ്ങിയവയെക്കുറിച്ചു മനസ്സിലാക്കുക.
∙ ഒരു ഡീമാറ്റ് അക്കൗണ്ട് തുടങ്ങുക.
∙ ചെറിയ തുകയിൽ നിന്ന് ട്രേഡിങ് ആരംഭിക്കാം.
∙ ഇന്ത്യൻ മാർക്കറ്റ് സൂചികയായ നിഫ്റ്റിയിൽ ഉൾപ്പെട്ടിട്ടുള്ള കമ്പനികളുടെ ഷെയറുകൾ വാങ്ങാം. തുടക്കക്കാർ ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നതാണ് ഉത്തമം.
∙ ട്രേഡിങ്ങിലേക്ക് കടക്കുന്നതിനുമുൻപ് മൂന്നു മാസത്തേക്കാവശ്യമായ എമർജൻസി ഫണ്ട് കരുതിവയ്ക്കാം.
∙ അംഗീകൃത പ്ലാറ്റഫോമുകളിലൂടെ നിക്ഷേപിക്കുക.
∙ ഒരു വിദഗ്ധന്റെ സഹായത്തോടെ ഫണ്ടുകൾ നിശ്ചയിക്കാം.
ഒഴിവാക്കാം, ഈ തെറ്റുകൾ
∙ കടം വാങ്ങി ട്രേഡ് ചെയ്യരുത്.
∙ സോഷ്യൽ മീഡിയയെ കണ്ണടച്ചു വിശ്വസിക്കേണ്ട.
∙ നഷ്ടം നികത്താനുള്ള അമിതാവേശം വേണ്ട.
∙ അമിത ലാഭം ആഗ്രഹിച്ച് അബദ്ധത്തിൽ ചാടരുത്.