ADVERTISEMENT

മിക്കവർക്കും വീടു സ്വന്തമാക്കാനുള്ള പണം പൂർണമായി കയ്യിലുണ്ടാകണമെന്നില്ല. നിലവിലുള്ള വസ്തുവിൽ വീടു നിർമ്മിക്കാനോ വസ്തുവും വീടും ഒന്നായി വാങ്ങാനോ ഫ്ലാറ്റ് വാങ്ങാനോ നിലവിലെ വീടു വലുതാക്കാൻ അല്ലെങ്കിൽ ആധുനീകരിച്ചു മോടി കൂട്ടാൻ ഒക്കെ ഭവനവായ്പ ലഭിക്കും. നിലവിൽ ഭവനവായ്പ ഉള്ളവർക്ക് ഇഎംഐ / പലിശ കുറയ്ക്കാനായി കുറഞ്ഞ പലിശ ഉള്ള ബാങ്കിലേക്ക് വായ്പ ടേക്ക് ഓവർ ചെയ്യുകയുമാകാം.

ഇതിനെല്ലാം മികച്ച സിബൽ സ്കോർ അത്യാവശ്യമാണ്. ഇതു പരിശോധിക്കാനായി ധനകാര്യ സ്ഥാപനങ്ങൾ ക്രഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ (സിബിൽ, എക്സ്പീരിയൻ) റിപ്പോർട്ടുകളാണ് ആധാരമാക്കുക. കൃത്യമായ തിരിച്ചടവു പാലിക്കുന്നവർക്കാകും വായ്പാസാധ്യത ഉള്ളത്. ചില ബാങ്കുകളാകട്ടെ ഉയർന്ന സ്കോർ ഉള്ളവർക്കു നേരിയ പലിശ ഇളവും അധികമായി അനുവദിക്കാറുണ്ട്.

ADVERTISEMENT

ഭവനവായ്പ ലഭ്യമാകണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടതു നിലവിലുള്ള എല്ലാ വായ്പകളും മാസത്തവണ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട് എന്നാണ്. രണ്ടാമത്തെ പ്രധാന കാര്യം, നമ്മുടെ പക്കൽ എത്ര പണം ഉണ്ട് എന്നതാണ്. ബാങ്കു ഭാഷയിൽ ഇതിനെ മാർജിൻ തുക എന്നു പറയും. അതായത് 10% മാർജിൻ വേണമെന്നു ബാങ്കു നിർദേശിക്കുന്നുണ്ടെങ്കിൽ 50 ലക്ഷം രൂപ ചെലവ് വരുന്ന ഭവന നിർമ്മാണത്തിനായി 5 ലക്ഷം രൂപ അപേക്ഷകന്റെ പക്കൽ ഉണ്ടാകണം.

ഇതു നേരത്തേ പ്ലാൻ ചെയ്യാൻ കഴികളുണ്ട്. മാർജിൻ തുക ലക്ഷ്യമാക്കി മാസവരുമാനത്തിൽ നിന്നു മാറ്റിവയ്ക്കുന്നതു ശീലമാക്കാം. ഇതിനായി ബാങ്കിൽ ഒരു റിക്കറിങ് ഡിപ്പോസിറ്റോ മ്യൂച്ച്വൽ ഫണ്ട് എസ്ഐപിയോ സമാനമായ ആവർത്തന നിക്ഷേപമോ ഒക്കെ ആരംഭിക്കാം. മാർജിൻ തുകയ്ക്കു വേണ്ടി ഒരു കാരണവശാലും പേഴ്സണൽ ലോൺ പോലുള്ള ഹൈ കോസ്റ്റ് വായ്പ എടുക്കരുത്.

ADVERTISEMENT

ഹോം ലോണിനും ടോപ് അപ്

നിലവിൽ ഭവനവായ്പ ഉള്ളവർക്ക് പെട്ടെന്നു പണം ആവശ്യം വന്നാൽ അതേ ബാങ്ക് ശാഖയെ തന്നെ സമീപിച്ചാൽ മതിയെന്ന് എത്ര പേർക്കറിയാം. ഇതാണ് ലോണിലെ ടോപ് അപ്. മിക്ക ബാങ്കുകൾക്കും ഭവനവായ്പയുമായി ബന്ധപ്പെടുത്തിയും അല്ലാതെയുമുള്ള പല വായ്പാപദ്ധതികൾ ഉണ്ട്. ഈട് ആവശ്യമുള്ള വായ്പ ആണെങ്കിൽ പോലും നിലവിലെ വായ്പ പാസാക്കിയ സമയത്ത്, കടലാസ് പണികൾ എല്ലാം പൂർത്തിയായിട്ടുള്ളതിനാൽ അതേ ഈടിന്റെ എക്സ്റ്റൻഷൻ മതിയാകും ടോപ് അപ്പിന്. ഇതിനാകട്ടെ ഒട്ടും സമയവും വേണ്ടി വരില്ല.

ADVERTISEMENT

വീട് വലുതാക്കാനോ, കാലത്തിനനുസരിച്ച് ആധുനികമാക്കാനോ ഒക്കെ ഭവന വായ്പയിന്മേൽ മറ്റൊരു വായ്പ ബാങ്കുകൾ അനുവദിക്കാറുണ്ട്. സോളാർ വൈദ്യുതിയിലേക്ക് മാറാൻ താത്പര്യമുള്ളവർക്ക് അത്തരം ഇൻസ്റ്റലേഷനും മറ്റും ഒറ്റത്തവണ നിക്ഷേപം വേണ്ടിവരും. ഇങ്ങനെയുള്ള ആവശ്യങ്ങൾക്കും അധികവായ്പ നൽകാൻ ബാങ്കുകൾ താത്പര്യം കാട്ടാറുണ്ട്.

വീട് വലുതാക്കാനും ആധുനീകരിക്കാനുമാണ് വായ്പയെങ്കിൽ അതിനുള്ള അനുമതി രേഖകളും പുതിയ വർക്കിന്റെ പ്ലാനും എസ്റ്റിമേറ്റുമാണ് പുതിയതായി നൽകേണ്ട ഡോക്ക്യുമെന്റ്സ്. സോളാർ സംവിധാനമാണെങ്കിൽ എസ്റ്റിമേറ്റ് ആണ് ബാങ്കിൽ നൽകേണ്ടത്. വ്യക്തിഗത അഥവാ പേഴ്സണൽ / ടോപ്പ് അപ്പ് വായ്പയുടെ കാര്യമാണെങ്കിൽ അതിനായി ശാഖാ മാനേജരെ നേരിട്ടു കാണണം.

അഞ്ചോ പത്തോ വർഷം മുമ്പ് എടുത്ത ഭവനവായ്പയ്ക്ക് പഴയ രീതിയിലാകും പലിശ. അതിനെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയ പുതിയ നിരക്കിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള അഭ്യർത്ഥനയും ബാങ്കിൽ നൽകാം.

നിലവിൽ ഒരു ഭവനവായ്പ ഉണ്ടെന്നു കരുതി മറ്റൊരു ഭവനവായ്പ തേടാനും മടിക്കേണ്ടതില്ല. നിങ്ങൾക്ക് അതിനുള്ള എലിജിബിലിറ്റി ഉള്ള പക്ഷം രണ്ടാമത്തെ ഭവന വായ്പയ്ക്കും അപേക്ഷിക്കാം. അർഹത തുക നോക്കാനായി അപേക്ഷകരുടെ (സാധാരണഗതിയിൽ ഭാര്യ- ഭർത്താവ്) മൊത്തം വരുമാനമാണ് പരിഗണിക്കുന്നത്.

moneyspikefinancecolumnvkadarshvanitha4

ഇഎംഐ ഭാരം കുറയ്ക്കാം

ആർബിഐ പ്രഖ്യാപിക്കുന്ന റിപ്പോ നിരക്കനുസരിച്ചു നിലവിലുള്ള ഭവനവായ്പകളുടെ പലിശഭാരം കൂടുന്നുണ്ട്. ഈ ഭാരം എങ്ങനെ കുറയ്ക്കാം എന്നു നോക്കാം. മാസം ഒന്ന് എന്ന കണക്കിൽ 12 ഇഎംഐ ആണല്ലോ നമ്മൾ അടയ്ക്കുന്നത്. ഇതിന്റെ എണ്ണം 13 എന്നാക്കുക. ഫലത്തിൽ ഒരു ഇഎംഐയ്ക്കു തുല്യമായ തുക മൊത്തം ലോണിൽ നിന്നു കുറയും. ഓരോ വർഷം കഴിയുമ്പോഴും ഇഎംഐ തുക കൂട്ടുന്നതാണു രണ്ടാമത്തെ വഴി. അതായതു മാസഅടവ് 1000 രൂപയാണെങ്കിൽ അടുത്ത വർഷം 1050 എന്നാക്കുക. അതിനടുത്ത വർഷം 1100 എന്നിങ്ങനെ.

ഇതു രണ്ടും സാധ്യമല്ലെങ്കിൽ, ബോണസോ മറ്റ് അപ്രതീക്ഷിത വരുമാനമോ ലഭിക്കുന്ന തുകയിൽ നിന്ന് ഒരു ഭാഗം അപ്പോൾതന്നെ വായ്പാഅക്കൗണ്ടിലേക്ക് അടയ്ക്കാം. ഇതെല്ലാം പ്രിൻസിപ്പൽ തുകയിൽ കുറവു വരുത്തും.

ഇഎംഐയ്ക്കു രണ്ടു ഭാഗങ്ങളാണുള്ളത്, തവണ തുകയും പലിശയും. വായ്പയുടെ പ്രാരംഭ വർഷങ്ങളിൽ ഇഎംഐയുടെ വളരെയധികം ഭാഗവും മുതൽക്കൂട്ടുന്നതു പലിശയിലേക്കാണ്. അവസാന വർഷങ്ങളിൽ നേരെ തിരിച്ചും. മുകളിൽ പറഞ്ഞ മൂന്നു മാർഗങ്ങളിൽ ഏതായാലും അത് ഇഎംഐയിലേക്കു വരുന്ന അധിക അടവുതുകയാണ്. അത് എത്രയായാലും പലിശഭാരം കുറയ്ക്കും. നിശ്ചയിച്ച വായ്പാ കാലാവധിക്കു മുൻപേ തന്നെ ബാധ്യത തീർത്ത് ആധാരവും മറ്റ് അനുബന്ധ രേഖകളും ബാങ്കിൽ നിന്നും തിരികെ എടുക്കുകയും ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട്: വി.കെ. ആദർശ് (അസിസ്റ്റന്റ് ജനറൽ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ)

Key Factors for Home Loan Approval: Down Payment and Creditworthiness:

Achieving homeownership often requires a home loan, as most individuals may not have the full funds readily available. Several options exist, including loans for construction on existing property, purchasing a property with a house, buying a flat, or for expanding and modernizing your current home. Existing home loan borrowers can also consider a loan takeover to a bank with lower interest rates to reduce their EMI and interest burden. Maintaining a good CIBIL score is crucial for loan eligibility, as financial institutions rely on credit information reports from companies like CIBIL and Experian.

ADVERTISEMENT