ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
ഫോണിൽ ഒരു മെസേജ് വന്നു. ബാങ്കിൽ നിന്നാണ്. ‘ക്രെഡിറ്റ് കാർഡ്.....1234ൽ ഇപ്പോൾ പ്രോസസിങ് ഫീസ് ഇല്ലാതെ ലോൺ ലഭ്യമാണ്. ഓഫർ ഇന്നു മാത്രം’
‘‘ഇതുപോലുള്ള മെസേജുകൾ വാട്സാപ്പിലും ഇമെയിലിലും നിറയുമ്പോൾ അറിയാതെ മനസ്സു പതറിപ്പോകും’’ വാട്സാപ്പ് സന്ദേശം കാണിച്ചുകൊണ്ട് എറണാകുളം സ്വദേശിയായ സിദ്ധാർഥ് പറഞ്ഞു. ‘‘കൂട്ടുകാരുടെ കയ്യിലെ ഐഫോണ്‍ കണ്ടപ്പോൾ തോന്നിയ ആഗ്രഹത്തിനു പുറത്താണ് ഇഎംഐ വ്യവസ്ഥയിൽ ഓൺലൈനായി ഫോൺ വാങ്ങിയത്. കണ്ടന്റ് ക്രിയേഷനിലൂടെ ലക്ഷങ്ങൾ നേടാമെന്നൊരു മോഹവുമുണ്ടായിരുന്നു. ആദ്യമാസങ്ങളിൽ അടവുകൾ കൃത്യമായിരുന്നു. പിന്നാലെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ കൂടുതൽ ലോൺ ഓഫറുകൾ തന്നു തുടങ്ങി. ഔട്ട്ഫിറ്റ്, ഷൂസ്, അക്സസറീസ് എ ന്നിങ്ങനെ എന്തൊക്കെയോ വാങ്ങിക്കൂട്ടി.
ഒാൺലൈൻ ഫൂഡ് ഡെലിവറി ജോലിയിൽ നിന്നുള്ള വരുമാനം ഇഎംഐ അടയ്ക്കാൻ മാത്രമേയുള്ളൂ എന്നു മനസ്സിലാക്കാൻ പിന്നേയും സമയം വേണ്ടി വന്നു. മാത്രമല്ല, ഇഎംഐ മുടങ്ങുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. കൂട്ടുകാരിൽ നിന്നു കടം വാങ്ങിയും ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നു ലോൺ എടുത്തും കുറച്ചുകാലം പിടിച്ചു നിന്നു. എന്നാൽ, ക്രമേണ ഇതു വലിയ അബദ്ധങ്ങളിലേക്ക് എത്തിച്ചു.
കൈവിട്ടു പോകും എന്നു തോന്നിയ അവസ്ഥയിലാണ് അച്ഛനോടും അമ്മയോടും കാര്യം തുറന്നു പറയുന്നത്. അപ്പോഴേക്കും ബാധ്യത ഏകദേശം അഞ്ചു ലക്ഷത്തോട് അടുത്തിരുന്നു.’’ സിദ്ധാർഥിന്റെ മുഖത്ത് നിരാശ കനത്തു.
യുവാക്കളെ കണ്ണുവയ്ക്കുന്ന ആപ്പുകൾ
വായ്പയെടുത്ത് ചതിക്കുഴികളിൽപ്പെടുന്ന നിരവധി ചെറുപ്പക്കാർ നമുക്കു ചുറ്റുമുണ്ട്. ബാധ്യത പിടിമുറുക്കുമ്പോൾ ചിലർ വീട്ടിൽ പറയുന്നു. ചിലർ സുഹൃത്തുക്കളുടെ സഹായത്തോടെ ലോണുകൾ തിരിച്ചടയ്ക്കുന്നു. മറ്റു ചിലരാകട്ടെ ജീവിതത്തിന്റെ അക്കൗണ്ട് തന്നെ ക്ലോസ് ചെയ്യുന്നു.
ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് 21കാരൻ ആത്മഹത്യചെയ്ത സംഭവത്തിന്റെ ഞെട്ടലിൽ നിന്നു കേരളം പുറത്തുകടന്നിട്ടില്ല. ലോൺ ആ പ് ഭീഷണിയിൽ മനംനൊന്ത് പാലക്കാട് യുവാവ് ജീവനൊടുക്കിയതും വർഷത്തിന്റെ തുടക്കത്തിലാണ്.
ഇത്തരം ആപ്പുകൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് യുവാക്കളെയാണ്. സ്മാർട് ഫോണും ആധാര്‍ കാർഡുമുണ്ടെങ്കിൽ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. സിബിൽ സ്കോറോ ജാമ്യക്കാരോ വേണ്ടെന്നതും യുവാക്കളെ ആകർഷിക്കുന്നു. ഒാൺലൈൻ ഫൂഡ് ഒാർഡർ ചെയ്യുന്നത്ര ലളിതമായി ലോണെടുക്കാം എന്നത് ഇതിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. തുടക്കത്തിൽ എല്ലാം സ്മൂത്ത് ആണെങ്കിലും സീൻ കോൺട്രയാകാൻ അധികം സമയം വേണ്ടിവരില്ല.
ഇഎംഐ വൈകുകയോ മുടങ്ങുകയോ ചെയ്താൽ പിന്നെ, നിർത്താതെയുള്ള ഫോൺവിളികളായി. ഫോൺ സംഭാഷണം അധികം വൈകാതെ അസഭ്യവർഷത്തിലേക്കും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്കും നീങ്ങും. ഇതാണ് ഓൺലൈൻ ലോണ്‍ ആപ്പുകളുടെ പ്രവർത്തനശൈലി.
ലോൺ ആപ് ഭീകരന്മാരുടെ ചതിക്കുഴിയിൽ വീണു ജീവനൊടുക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നതാണു മറ്റൊരു സങ്കടകരമായ വാർത്ത. അബദ്ധത്തിൽ ചെന്നു ചാടിയാൽ കുടുംബാഗങ്ങളോടോ സുഹൃത്തുക്കളോടോ തുറന്നു പറയാനും യുവതലമുറയ്ക്ക് മടിയാണ്.
പെറ്റു പെരുകുന്ന ലോണുകൾ
എന്തിനാണീ ലോണുകളെന്നു ചോദിച്ചാൽ ‘കുഞ്ഞു കുഞ്ഞു ലോണുകളല്ലേ ഞങ്ങളെടുക്കുന്നുള്ളൂ’ എന്നവർ നിഷ്കളങ്കമായി തിരിച്ചു ചോദിക്കും. ശരിയാണ്, ചെറിയ ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള ആയിരങ്ങളുടേയും പതിനായിരങ്ങളുടേയും ലോണുകൾ മതി ജെൻസീകൾക്ക്. മൊബൈൽ ഫോൺ വാങ്ങാൻ 50,000, ലാപ്ടോപ്പ് അപ്ഗ്രേഡ് ചെയ്യാൻ 75,000 എന്നിങ്ങനെയാകും ലോണുകൾ. ഓരോ ഇഎംഐയും മുടങ്ങുമ്പോൾ പുതിയ ലോണുകളെടുത്തു തടിയൂരും. ഇങ്ങനെ ഒരു കടം വീട്ടാൻ എടുക്കുന്ന പുതിയ കടങ്ങളാണ് ജെൻ സീയെ കടക്കെണിയിലേക്കു തള്ളിവിടുന്നത്.
വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചു (പഴ്സനൽ ഫിനാൻഷ്യൽ പ്ലാനിങ്) പുതിയ തലമുറയ്ക്ക് അറിവില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും പിന്നിലെന്ന അഭിപ്രായമാണ് ഫിനാൻഷ്യൽ കൺസൽറ്റന്റായ ഉത്തര രാമകൃഷ്ണനുള്ളത്.
‘‘എളുപ്പത്തിൽ കിട്ടുമെന്നതും സാവധാനം തിരികെ അടച്ചാൽ മതിയെന്നതും പുതുതലമുറയെ ലോണുകളിലേക്ക് ആകർഷിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ നമ്മളെക്കാൾ കൂടുതൽ അറിയുന്നത് ഇന്റർനെറ്റിനാണല്ലോ.
ഒരു കാര്യം ഒരിക്കൽ സെർച്ച് ചെയ്താൽ നമ്മൾ അതു വാങ്ങുന്നതുവരെ അൽഗോരിതം പിടിവിടില്ല. അതുകൊണ്ട് അനാവശ്യമായി പണം ചെലവാക്കാതിരിക്കാൻ വളരെയധികം കൺട്രോൾ വേണം.’’ ഉത്തര ഓർമിപ്പിക്കുന്നു.
അവസാനിക്കാത്ത കണക്കുകൾ
കാമുകന് ഫോൺ വാങ്ങുന്നതിനായി ലോൺ എടുത്തു ന ൽകിയ പത്തൊൻപതുകാരി ആത്മഹത്യയുടെ വക്കിൽ നിന്നു രക്ഷപെട്ടതു തലനാരിഴയ്ക്കാണ്. ഇഎംഐ കൃത്യമായി അടയ്ക്കാമെന്ന കാമുകന്റെ ഉറപ്പിന്മേലാണ് പെൺകുട്ടി തന്റെ തിരിച്ചറിയൽ രേഖകളും ബാങ്ക് വിവരങ്ങളും നൽകി 20,000 രൂപ ലോൺ എടുക്കുന്നത്. അടച്ചിട്ടും അടച്ചിട്ടും ലോൺ തീരാതെ വന്നതോടെ പെൺകുട്ടിയും കാമുകനും കുഴഞ്ഞു. തിരിച്ചടവുമുടങ്ങിയതോടെ ആപ്പ് പ്രതിനിധികളുടെ ഫോൺ വിളികൾ വന്നു തുടങ്ങി. കോളുകൾ അസഭ്യ വർഷമായതും ‘മോർഫിങ് ഭീഷണി’യിലേക്കു കടന്നതും വളരെ വേഗത്തിലായിരുന്നു.
ടെൻഷൻ താങ്ങാനാകുന്നില്ലെന്നും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും പെൺകുട്ടി അവളുടെ സുഹൃത്തിനു സന്ദേശമയച്ചു. കൂട്ടുകാരിയും സഹോദരനും വീട്ടിലെത്തി പെൺകുട്ടിയെ ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിക്കുകയും ഫോണിൽ നിന്ന് ലോൺ ആപ് നീക്കം ചെയ്യുകയും ചെയ്തു.
പിന്നീട് പെൺകുട്ടിയുടെ പിതാവ് വിദേശത്തു നിന്നു നാട്ടിലെത്തി. സൈക്കോളജിസ്റ്റിന്റെ സേവനം തേടി. പല സെഷനുകൾ നീണ്ട കൗൺസലിങ്ങിലൂടെയാണ് അവളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്.
‘‘500 രൂപ കടം വാങ്ങുന്നതിനു മുൻപ് അഞ്ചു പ്രാവശ്യം ചിന്തിക്കുമായിരുന്നു. ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നതായിരുന്നു ശീലം. താൽക്കാലിക സന്തോഷങ്ങൾക്കു വേണ്ടിയാണ് ഇന്നത്തെ കുട്ടികൾ പലരും ഇത്ര ഭീമമായ തുക ലോൺ എടുക്കുന്നത് എന്നാണു മനസ്സിലാകുന്നത്.’’ സ്വകാര്യസ്ഥാപനത്തിൽ നിന്നു വിരമിച്ച തിരുവനന്തപുരം സ്വദേശി ഗോപകുമാർ പറയുന്നു.
വരവിനേക്കാൾ ചെലവ് കൂടുന്നതു പതിവാകുക, ക്രെഡിറ്റ് കാർഡ് ബിൽ അനിയന്ത്രിതമായി ഉയരുക, എമർജൻസി ഫണ്ട് ഇല്ലാതെ വരുക തുടങ്ങിയ അവസ്ഥകൾ അപായ സൂചനകളാണ്. കടത്തേക്കുറിച്ചോർത്ത് ആശങ്കപ്പെടാതെ അതിൽനിന്ന് എങ്ങനെ പുറത്തു കടക്കാമെന്നു ചിന്തിക്കാം.
ജെൻസീകളെ ഇതൊന്നു കേൾക്കൂ
സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ കടങ്ങളിൽ നിന്നു മോചിതരാകാൻ സാധിക്കൂ. എത്ര രൂപയുടെ കടമുണ്ടെന്നു കണ്ടെത്തുകയാണു പ്രധാനം.
ഇഎംഐ, പലിശ, ക്രെഡിറ്റ് കാർഡ് ബിൽ തുടങ്ങി പുറത്തേക്കു പോകുന്ന പണത്തിന്റെ കൃത്യമായ കണക്ക് എഴുതിവയ്ക്കാം. ആകെ കടത്തെക്കുറിച്ചു ധാരണ കിട്ടാൻ ഇതുപകാരപ്പെടും.
∙ ഡെബ്റ്റ് സ്നോബോൾ മാതൃക: ചെറിയ കടങ്ങളിൽ നിന്നു വലിയ കടങ്ങളിലേക്കു നോക്കുന്ന രീതി. ചെറുതെങ്കിലും കടങ്ങൾ തീർന്നു വരുന്നതു മാനസികമായി തകർന്നിരിക്കുന്ന അവസ്ഥയിൽ ആത്മവിശ്വാസം വർധിപ്പിക്കും.
∙ ഡെബ്റ്റ് അവലാഞ്ച് മാതൃക: ഉയർന്ന പലിശ കൊടുക്കേണ്ടി വരുന്ന കടമാണു പ്രശ്നക്കാരൻ എന്നു പ്രത്യേകം പറയേണ്ടല്ലോ. പലിശ കൂടുതൽ നൽകേണ്ടി വരുന്ന കടങ്ങൾ ആദ്യം വീട്ടുന്ന രീതിയാണിത്. പലിശയായി നൽകുന്ന തുക മാറുമ്പോൾ കിട്ടുന്ന ആശ്വാസം വലുതാണ്.
∙ പലിശ കുറയ്ക്കാൻ സാധ്യതയുള്ള കടങ്ങളുണ്ടോ എ ന്നും നോക്കാം. ഹൗസിങ് ലോൺ, വിദ്യാഭ്യാസ വായ്പ പോലെയുള്ള കടങ്ങളിൽ ഇതു സാധ്യമാണ്.
കടം വീട്ടാനുള്ള വഴി കണ്ടെത്തിയ സ്ഥിതിക്ക് പുതിയ കടങ്ങൾ വാങ്ങില്ല എന്നുറപ്പിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗം തത്കാലികമായി നിർത്തിവയ്ക്കുന്നതും ബൈ നൗ, പേ ലേറ്റർ, സീറോ പ്രൊസസിങ് ഫീ ലോൺ തുടങ്ങിയ ഓഫറുകളിൽ വീഴാതിരിക്കുന്നതും ഫലം ചെയ്യും.
ഇഷ്ടങ്ങൾ സ്വന്തമാക്കാം, കഷ്ടപ്പെടാതെ
യഥാർഥത്തിൽ ജെൻസീകൾ ബാധ്യതകളുടെ ഭാരം ചുമക്കുന്നുണ്ടോ അതോ ഇതു വെറുതെ ഊതിപ്പെരുപ്പിക്കുന്ന അവസ്ഥയോ എന്ന ചോദ്യത്തിന് ഫിനാൻഷ്യൽ കൺസൽറ്റന്റ് ഉത്തര രാമകൃഷ്ണൻ പറഞ്ഞ മറുപടി ഇങ്ങനെ
‘‘ജെൻ സീ ലോണുകളുടെ രാവണൻകോട്ടയിൽപ്പെട്ട് വലയുകയാണ് എന്നതു സത്യമായ കാര്യമാണ്. ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവർക്കു പോലും സാമ്പത്തിക അച്ചടക്കമോ സമ്പാദ്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവോ ഇല്ല. ശമ്പളം ക്രെഡിറ്റായാലുടൻ ഇഎംഐയും ക്രെഡിറ്റ് കാർഡ് ബില്ലുകളും അടയ്ക്കുന്നു. അതോടെ ബാങ്ക് ബാലൻസ് വട്ടപ്പൂജ്യം. അടുത്തമാസം ജീവിച്ചു പോകണമെങ്കിൽ മുന്നിലുള്ള ഒരേ ഒരാശ്രയം ക്രെഡിറ്റ് കാർഡ് മാത്രം. ഈ ചങ്ങലയുടെ കണ്ണികൾ വേർപെടുത്തുക.
അച്ചടക്കമുള്ള പുതുതലമുറ
‘‘പുതുതലമുറയിലെ പെൺകുട്ടികൾ സാമ്പത്തിക കാര്യങ്ങളിൽ കുറച്ചുകൂടെ ശ്രദ്ധയുള്ളവരാണ്’’ ഉത്തര രാമകൃഷ്ണൻ പറയുന്നു.
‘‘സമ്പാദിച്ചു തുടങ്ങുമ്പോഴേ പണം കൃത്യമായി ഉപയോഗിക്കാൻ അറിയാവുന്നവരും ജെൻ സീയിലുണ്ട്. സ്വന്തം ഇഷ്ടങ്ങളിൽ വിട്ടു വീഴ്ചവരുത്താതെ കുടുംബത്തിന്റെ ചുമതലകൾ ഏൽക്കുന്ന കുട്ടികളുണ്ട്. ലോൺ എടുത്തു വിദേശപഠനത്തിനു പോയി, ജോലി നേടി, ലോൺ തിരിച്ചടയ്ക്കുന്ന കുട്ടികളും മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു തണലാകുന്ന മക്കളുമുണ്ട് നമുക്കിടയിൽ.’’ ഉത്തര പറയുന്നു.
ഇതിന് ഉത്തമ ഉദാഹരണമാണു റിയ സാബു എന്ന ഇ രുപത്തിയഞ്ചുകാരി. 21ാം വയസ്സിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ റിയയുടെ മനസ്സിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ‘‘ചെറുതായെങ്കിലും കുടുംബത്തെ സഹായിക്കണമെന്നതായിരുന്നു ആദ്യ ആഗ്രഹം.’’ അമേരിക്കൻ സ്റ്റാർട് അപിൽ അസോഷ്യേറ്റ് ഡേറ്റാ സയന്റിസ്റ്റ് ആയ റിയ പറയുന്നു.
‘‘ഗോൾ സെറ്റ് ചെയ്താണു തുടക്കം മുതൽ മുന്നോട്ടു പോയത്. ഞാൻ ജോലിയിൽ പ്രവേശിക്കുമ്പോൾ ചേച്ചി ലിയ പിജി ചെയ്യുകയായിരുന്നു. വീട്ടിൽ നൽകുന്നതിനു പുറമേ ചെറിയൊരു തുക ചേച്ചിക്കും പോക്കറ്റ് മണിയായി കൊടുത്തു. ബെംഗളൂരുവിൽ ജീവിത ചെലവു താരതമ്യേന കൂടുതലാണ്. ആദ്യത്തെ ശമ്പള വർധനയ്ക്കു ശേഷമാണ് എനിക്കുവേണ്ടി പണം മാറ്റി വച്ചു തുടങ്ങിയത്.
ഉള്ള സൗകര്യങ്ങൾക്കുള്ളിൽ, സന്തോഷത്തോടെ വ ളർന്നവരാണു ഞങ്ങൾ. അതുകൊണ്ടുതന്നെ ചെലവാക്കുന്ന പണത്തിനു കണക്കുകൾ സൂക്ഷിക്കാറുണ്ട്. ലിയ കൂടി ജോലിയിൽ പ്രവേശിച്ചതോടെ ഞങ്ങൾ രണ്ടുപേരും ചേർന്ന് അപ്പയ്ക്കും അമ്മയ്ക്കും കാർ സമ്മാനിച്ചു.
എമർജൻസി ഫണ്ടിലേക്കുള്ള നീക്കിയിരിപ്പും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും മുടക്കാറില്ല. എമർജൻസി ഫണ്ടിൽ ആവശ്യമുള്ളതിനേക്കാൾ സേവിങ്സ് ആയാൽ അപ്പൊ ട്രിപ് പ്ലാൻ ചെയ്യും. മലേഷ്യയും ശ്രീലങ്കയും വിയറ്റ്നാമും കറങ്ങി വന്നത് അങ്ങനെയാണ്. ബാലിയാണ് ബക്കറ്റ് ലിസ്റ്റിൽ അടുത്തത്.
കുട്ടിക്കാലം മുതൽ ഷൂസിനോട് ക്രേസ് കൂടുതലാണ്. ആദ്യ പ്രൊമോഷൻ കിട്ടിയപ്പോൾ ഞാൻ എനിക്കു സമ്മാനിച്ചത് ഏറെ ആഗ്രഹിച്ച ബ്രാൻഡഡ് ഷൂസ് ആണ്. ഇ പ്പോൾ എംബിഎ ചെയ്യുന്നതും സ്വന്തം വരുമാനത്തിൽ നിന്നു തന്നെ. ’’ റിയയുടെ വാക്കുകളിൽ അഭിമാനം.
കടത്തിൽ നിന്നു മുക്തി നേടുകയെന്നതു കടം വാങ്ങാതിരിക്കുക മാത്രമല്ല. ചെലവുകൾ നിയന്ത്രിക്കുന്നതും അച്ചടക്കത്തോടെ സമ്പാദിക്കുന്നതുമെല്ലാം കടത്തിൽ നിന്നുള്ള മോചനം തന്നെയാണ്. മാത്രമല്ല, ജീവിതം ആസ്വദിക്കാൻ സാമ്പത്തികമായി ഞരുങ്ങുകയോ കടം വാങ്ങുകയോ വേണ്ടെന്നും ഓർക്കുക.
സ്ത്രീകൾക്കു വേണം ഈ സുരക്ഷ
ടേം ഇൻഷുറൻസ്: ഇത് നിക്ഷേപമായി കാണാതെ സുരക്ഷയായി കാണുക. ഇൻഷുറൻസ് എടുക്കുന്ന വ്യക്തി മരണപ്പെട്ടാല്‍ നോമിനിക്ക് കവറേജ് ലഭിക്കുമെന്നതാണ് പ്രത്യേകത. ഒരു വ്യക്തിയുടെ സാമ്പത്തിക ചുമതലകളും ഉത്തരവാദിത്തങ്ങളും കണക്കിലെടുത്തുവേണം ഇൻഷുറൻസ് തുക നിശ്ചയിക്കാൻ.
എമർജൻസി ഫണ്ട്: ജോലിയിൽ നിന്നൊരു ബ്രേക്ക് എടുക്കാനോ സുഖകരമല്ലാത്ത ബന്ധങ്ങളില്‍ നിന്നു പുറത്തേക്കു കടക്കാനോ സംരംഭം ആരംഭിക്കാനോ മറ്റാരുടേയും അനുമതി കാത്തുനിൽക്കേണ്ടതില്ല എന്നതാണ് എമർജൻസി ഫണ്ടുകൾ നൽകുന്ന ആത്മവിശ്വാസം. സ്ത്രീകൾക്കു നിർബന്ധമായും എമർജൻസി ഫണ്ട് ഉണ്ടായിരിക്കണം. ഒരു മാസം കടന്നുപോകാൻ ആവശ്യമായ തുകയുടെ ആറ് ഇരട്ടിയാണ് എമർജൻസി ഫണ്ട്.
ആരോഗ്യ ഇൻഷുറൻസ്: ആരോഗ്യ സംബന്ധമായ അടിയന്തര അവസ്ഥകളുണ്ടായാൽ ഹെൽത്ത് ഇൻഷുറൻസുകൾ ബലമാണ്.
എസ്ഐപി: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനി ൽ നിക്ഷേപിക്കുക. എല്ലാ മാസവും നിശ്ചിത തുക അക്കൗണ്ടിൽ നിന്നു നേരിട്ട് എസ്ഐപിയിലേക്ക് പോ കും. വരുമാനവും ചെലവും അനുസരിച്ച് അനുയോജ്യമായ നിക്ഷേപത്തുക നിശ്ചയിക്കാം.
ലക്ഷ്യങ്ങളുടെ മുൻഗണനാക്രമം
ജീവിതലക്ഷ്യങ്ങളെ ലോങ് ടേം, മിഡ് ടേം, ഷോർട്ട് ടേം എന്നിങ്ങനെ മൂന്നായി തിരിക്കാം.
ഷോർട്ട് ടേം ഗോൾ: വരുമാനമുള്ള ഏതൊരു വ്യക്തിക്കും നിർബന്ധമായും എമർജൻസി ഫണ്ട്, ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നിവയുണ്ടായിരിക്കണം.
മിഡ് ടേം ഗോള്‍: കാർ, ബൈക്ക്, വീട്, ഉപരിപഠനം മുതലായവയെ മിഡ് ടേം പട്ടികയിൽ ഉൾപ്പെടുത്താം. ഇതിന് അൽപം സാവാകാശമെടുക്കാം.
ലോങ് ടേം ഗോൾ: റിട്ടയർമെൻറ്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, സമ്പാദ്യം തുടങ്ങിയവയാണ് ലോങ് ടേം ഗോളിൽ വരേണ്ടത്. ജോലിയിൽ നിന്നു വിരമിക്കുമ്പോൾ ഒരു കോടി രൂപയെങ്കിലും കൈവശം ഉണ്ടാവുക എന്നത് മികച്ച ലോങ് ടേം ഗോളാണ്.