തെങ്ങിൽക്കയറാൻ ആളെ കിട്ടാതെ വലയുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് ഹലോ നാരിയൽ എന്ന നൂതന സ്റ്റാർട്ട് അപ്...
‘തേങ്ങയിടാൻ ഞങ്ങൾ റെഡി. നിങ്ങൾ റെഡിയാണെങ്കിൽ ഈ നമ്പരിലേക്കു വിളിച്ചോളൂ...’ 15 വർഷം മുൻപ്, തിരുവനന്തപുരത്ത് വൈറലായ പരസ്യമാണിത്. കൗതുകം കൊണ്ടും ആവശ്യകതകൊണ്ടും നിരവധിപേർ ആ നമ്പരിലേക്ക് വിളിച്ചു. വിളിയെത്തിയാലുടൻ യാതൊരുവിധ നീട്ടിവയ്ക്കലുകളുമില്ലാതെ ഗുണഭോക്താക്കളുടെ അടുത്തേക്കു നീലപ്പട സൈക്കിളുമായി പാഞ്ഞെത്തി. അങ്ങനെ കണ്ണുചിമ്മുന്ന വേഗതയിൽ തിരുവനന്തപുരംകാർക്ക് ആ പേര് ഹൃദിസ്ഥമായി – ഹലോ നാരിയൽ!
തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയും റിട്ടയേഡ് ജവാനുമായ പി. മോഹൻദാസിന്റെ ചിന്തയിലുദിച്ച ആശയം ഇന്നു കേരളവും താണ്ടി കർണാടക വരെ എത്തിയിരിക്കുകയാണ്. ആ വിജയഗാഥയെക്കുറിച്ചു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ യുദ്ധം വിജയിച്ച യോദ്ധാവിന്റെ അഭിമാനം നിറഞ്ഞു.
തെങ്ങിൽ കയറാൻ ആളില്ല!
‘‘സ്വന്തം ജീവിതം നൽകിയ അനുഭവങ്ങളാണ് ‘ഹലോ നാരിയൽ’ എന്ന സംരംഭത്തിന് ഇന്ധനമായത്. വീടിനടുത്ത് എനിക്കൊരു തെങ്ങിൻതോപ്പുണ്ടായിരുന്നു. വളരെ കുറച്ചു തെങ്ങേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതിലൊന്നു കയറിപ്പറ്റാൻ ആളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടി. നാട്ടിലന്നു രണ്ടു പേരാണു തെങ്ങിൽ കയറുന്നത്. ബാറ് തുറന്നാൽപ്പിന്നെ ഒന്നാമനെ കിട്ടില്ല. രണ്ടാമനു തെങ്ങില്‍ കയറണമെങ്കിൽ മൂഡുണ്ടാകണം. പലവട്ടം രണ്ടാമന്റെ വീട്ടിൽ പോയെങ്കിലും ഇന്നു വരാം, നാളെ വരാം, സാറ് നടന്നോ, ഞാൻ പുറകേയുണ്ട് എന്നൊക്കെ പറഞ്ഞ് അയാൾ എന്നെ പറ്റിച്ചു.
ഒരു ദിവസം കുടുംബസമേതം ഒരു ബന്ധുവിന്റെ കല്യാണത്തിനു പോകാനിറങ്ങുമ്പോൾ ദാ വരുന്നു ര ണ്ടാമൻ. ‘സാറേ... വേഷം മാറി വാ, നമുക്കു തേങ്ങയിടാം’ എന്നൊരു കല്പനയും പുറപ്പെടുവിച്ചു. ഞാനാകെ വിയർത്തു. ഇദ്ദേഹത്തെ വിട്ടു കളഞ്ഞാൽ കുറഞ്ഞതൊരു ആറു മാസത്തേക്കു പിന്നെ നോക്കണ്ട. ഒടുവിൽ വീട്ടുകാരെ അനുനയിപ്പിച്ച് കല്ല്യാണത്തിനു വിട്ട് ഞാൻ അയാൾക്കൊപ്പം പോയി. ഏഴോ എട്ടോ തെങ്ങു കയറിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മൂഡ് പോയത്രേ. വെട്ടിയതിൽ അഞ്ചു തേങ്ങയും ഇരട്ടി കൂലിയും വാങ്ങി അയാളങ്ങു പോയി.’’ മോഹൻദാസിനൊരു ദീർഘനിശ്വാസം.
‘‘പട്ടാളക്കാരനല്ലേ? വിട്ടുകൊടുക്കാൻ പാടില്ലല്ലോ. സ്വയം തെങ്ങിൽക്കയറാൻ എന്തുണ്ട് മാർഗം എന്നു ഗൂഗിളിനോട് ചോദിച്ചു. ‘കോക്കനട്ട് ട്രീ ക്ലൈമ്പർ’ എന്ന സെൽഫ് ഗിയറിനെക്കുറിച്ചറിയുന്നത് അങ്ങനെയാണ്. എങ്ങനെ തെങ്ങിൽ കയറാമെന്ന് യൂട്യൂബ് വിഡിയോയിലൂടെ പഠിച്ചു. അന്വേഷിച്ചപ്പോള്‍ അടുത്തുള്ള കൃഷിഭവനിൽ സംഗതി ലഭ്യമാണ്. അതൊന്നു സംഘടിപ്പിച്ചു. പേടിച്ചതുപോലെയൊന്നുമല്ല. അനായാസം തെങ്ങിൽ കയറാൻ സാധിക്കുന്നുണ്ട്. എന്നാൽ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഇറങ്ങാന്‍ പറ്റുന്നില്ല. ആകെ കുടുങ്ങിയ അവസ്ഥ. ഫയർ ഫോഴ്സിനെ വിളിക്കുന്നതിനു തൊട്ടു മുൻപായി ഒരുതരത്തില്‍ ഭൂമിയിലെത്തി.’’ നർമം കലർത്തി മോഹൻദാസ് പറഞ്ഞു. ‘‘ അല്പം വൈകിയെങ്കിൽ ഫയർ ഫോഴ്സിനേയും വിളിക്കേണ്ടി വന്നേനെ’’ മോഹൻദാസിന്റെ ഭാര്യ ശ്രീകുമാരി ചിരിയിൽ പങ്കുചേർന്നു.
ഒരു സംരംഭത്തിന്റെ ഉദയം
‘‘രാജ്യസേവനത്തിൽ വിരമിച്ചപ്പോഴേ ബിസിനസ് ആയിരുന്നു മനസ്സിൽ. തെങ്ങിൽക്കയറാൻ ആളെ കിട്ടാതെ വലയുന്ന ഒരുപാടുപേർ നാട്ടിലുണ്ടെന്നു തിരിച്ചറിഞ്ഞപ്പോഴാണ് അതിന്റെ ബിസിനസ് സാധ്യതയെക്കുറിച്ചു ഞാൻ ചിന്തിച്ചത്. ചോദിച്ചപ്പോൾ അതു നന്നാവുമെന്ന് ശ്രീകുമാരിയും പറഞ്ഞു. പിന്തുണ പ്രഖ്യാപിച്ച് മക്കൾ പവി മോഹനും പവിതയും ഒപ്പം നിന്നു. മലയാളികളെ സമീപിച്ചെങ്കിലും ആർക്കും താത്പര്യമില്ല. എങ്കിൽപ്പിന്നെ അതിഥിതൊഴിലാളികളെ നോക്കിയാലോ എന്നായി. പലരും ജോലി ചെയ്യാൻ മുന്നോട്ടു വന്നെങ്കിലും തെങ്ങിൽ കയറാൻ ധൈര്യമില്ല.
ആഴ്ചകൾ മുന്നോട്ടു പോയി. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ എന്നെ സമീപിച്ചു, രമേശ്. ‘ഛത്തീസ്ഗഡിൽ നിന്ന് ജോലി തേടി തിരുവനന്തപുരത്തെത്തി ഒരാഴ്ചയായി, മൂന്നു ദിവസമായി പട്ടിണിയാണ്. ഏതു ജോലിയും ചെയ്യാനുള്ള മനസ്സുണ്ട്’– രമേശ് പറഞ്ഞു. അയാളാണ് ആദ്യത്തെ സഹായി. ഞാൻ അവനെ തെങ്ങിൽ കയറാനും തേങ്ങയും കരിക്കും തിരിച്ചറിയാനുമൊക്കെ പഠിപ്പിച്ചു. ആദ്യത്തെ ദിവസം തന്നെ ഒൻപതു തെങ്ങു കയറി എന്നു രമേശ് പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം ഇന്നും ഓർമയുണ്ട്. രമേശിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ധാരാളം ചെറുപ്പക്കാർ ഒപ്പം കൂടി. ജോലിക്കാരുടെ എണ്ണം കൂടിയപ്പോൾ ജോലി കൊടുക്കുക എന്നത് ഉത്തരവാദിത്തമായി മാറി.’’ മോഹൻദാസ്.
‘‘ഹലോ ചേർത്തു പല പേരുകൾ നോക്കിയെങ്കിലും പറയുന്നതിലൊരു ഇമ്പം തോന്നിയത് ‘ഹലോ നാരിയലിലാ’ണ്. നൂറിൽപ്പരം ജീവനക്കാർ ഇന്നു ഞങ്ങൾക്കൊപ്പമുണ്ട്. ഒരു തെങ്ങേ ഉള്ളൂവെങ്കിലും അവിടെ എത്തുമെന്നതാണു ഞങ്ങളുടെ പ്രത്യേകത. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, കണ്ണൂർ, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങളിൽ ഞങ്ങൾക്ക് ബ്രാഞ്ചുകളുണ്ട്. 30,000 രൂപ മുതൽ 75,000 രൂപ വരെയാണ് ഇവരുടെ ശമ്പളം. കൂടാതെ തൊഴിലാളികൾക്കാവശ്യമായ ഇൻഷുറൻസ് പരിരക്ഷയും താമസസൗകര്യവുമെല്ലാം കമ്പനി നൽകും. ഞങ്ങൾക്കൊപ്പമുള്ള ജോലിക്കാരിൽ നല്ലൊരു ശതമാനം ചെറുപ്പക്കാരും ഡിഗ്രി വരെ പഠിച്ചിട്ടുള്ളവരാണ്.’’ മോഹൻദാസ് പറഞ്ഞു.
‘‘കസ്റ്റമറും സ്ഥാപനവുമായി നേരിട്ടാണു ചർച്ചകൾ. ജോലി പൂർത്തിയായാലുടൻ ആപ്പിലൂടെ ഓഫിസിൽ അപ്ഡേറ്റ് ലഭിക്കും. ക്ലൈന്റിനെ വിളിച്ച് ഫീഡ് ബാക്ക് എടുക്കാറുമുണ്ട്. മൂന്നു മാസം കൂടുമ്പോൾ സബ്സ്ക്രിപ്ഷൻ പുതുക്കുന്ന ഗുണഭോക്താക്കളാണ് ഏറെയും.’’ ശ്രീകുമാരി വിശദീകരിച്ചു.
എല്ലാ കണ്ണുകളും ഡാറ്റയിൽ
‘‘ഒരു ബിസിനസിന്റെ നിലനിൽപ്പിൽ ഡാറ്റയ്ക്ക് വലിയ പങ്കുണ്ട്. ഒരു സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് കാസർഗോഡ് എത്തുന്നത്. അവർക്കു ധാരാളം തെങ്ങിൻ തോപ്പുകളുണ്ട്. തേങ്ങയിടാൻ ആളില്ല എന്നതാണു പ്രശ്നം. ഞങ്ങൾ ആ ദൗത്യം ഏറ്റെടുത്തു. ഒട്ടും വൈകാതെ കാസർഗോഡ് ഓഫിസ് ആരംഭിച്ചു. ബ്രാഞ്ചുകളുടെ എണ്ണം കൂടിയതോടെ ഒരു ഓഫിസ് സ്റ്റാഫ് ഡാറ്റയുമായങ്ങു മുങ്ങി. പിന്നെയെല്ലാം ഒന്നേന്നു തുടങ്ങേണ്ടി വന്നു. ഇതേ അവസ്ഥ തിരുവനന്തപുരത്തുമുണ്ടായിട്ടുണ്ട്. സാരമില്ല, വീഴ്ചകളിൽ നിന്നല്ലേ പഠിക്കാൻ സാധിക്കുകയുള്ളൂ.’’ മോഹൻദാസ് ചിരിച്ചു