മീന, കൃഷ്ണ, ദർശന എന്നീ മിടുക്കികൾ ഫാഷൻ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ചെറിയ രീതിയിൽ ഒരു ബുട്ടീക്ക് ആരംഭിച്ചു. ഉപയോക്താക്കളിൽ നിന്നും മികച്ച പ്രതികരണം തുടക്കത്തിൽ തന്നെ ലഭിച്ചു. ഓർഡറുകൾ വർധിച്ചു,
ബിസിനസിനെ അവർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തു. രണ്ട് നഗരങ്ങളിൽ ഷോറൂമുകളും നിർമാണ യൂണിറ്റുകളും സ്ഥാപിച്ചു. ബിസിനസ് വികസിപ്പിക്കാൻ ബാങ്ക് വായ്പകളെ ആശ്രയിച്ചു. കാലം അവരെ വ്യത്യസ്ത വഴികളിലേക്ക് നയിച്ചു.
കൃഷ്ണ വിവാഹിതയായി വിദേശത്തേക്ക് പോയി. രാജ്യാന്തര ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാമെന്ന അവളുടെ വാഗ്ദാനം യാഥാർഥ്യമായില്ല.
ദർശന പ്രായമായ മാതാപിതാക്കൾക്ക് പിന്തുണ ആവശ്യമായി വന്നതോടെ കമ്പനി വിട്ടു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു.
ബിസിനസിന്റെ ഭാരം മുഴുവൻ മീനയുടെ തോളിലായി. ഓപ്പറേഷൻസ്, ജീവനക്കാർ, നിർമാണം, ധനകാര്യം, ഒന്നിലധികം ഷോറൂമുകൾ തുടങ്ങിയവ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകാതെ മീന കമ്പനി അടച്ചുപൂട്ടി. പക്ഷേ, രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ സംരംഭം കടുത്ത സാമ്പത്തിക ബാധ്യതയായി മീനയെ തേടിയെത്തി.
മീനയുടെ തീരുമാനത്തിലെ തെറ്റെന്ത് ?
ബിസിനസ് അടച്ചു പൂട്ടുക എന്നത് എളുപ്പത്തിൽ നടത്താവുന്ന കാര്യമല്ല. ബാങ്ക് വായ്പകളിൽ വീഴ്ച വരുത്തിയാൽ റിക്കവറി നോട്ടീസുകളും കളക്‌ഷൻ കോളുകളും നിരന്തരം വരും. നിർബന്ധമായും ചെയ്യേണ്ട നിയമപരമായ ഫയലിങ്ങുകൾ പൂർത്തിയാക്കാതിരുന്നാൽ GST നോട്ടീസുകളുമെത്തും. വായ്പയ്ക്കായി മീനയുടെ മാത്രം സ്വത്താണ് ഈട് നൽകിയിരുന്നത് എന്നതും പ്രശ്നം വഷളാക്കി. താമസിയാതെ സൗഹൃദം സംഘർഷത്തിലേക്കു വഴിമാറി.
ഓരോ സംരംഭകനും പഠിക്കേണ്ട പാഠങ്ങൾ
ബിസിനസ് പങ്കാളിത്തത്തിലേക്കു കടക്കുമ്പോൾ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ പലരും മെനക്കെടാറില്ല. കൂട്ടായി സംരംഭം തുടങ്ങുന്നവർ ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം ഇറങ്ങിത്തിരിക്കുക.
∙ ഡയറക്ടറെന്ന നിലയിലെ നിങ്ങളുടെ ബാധ്യത മനസ്സിലാക്കി വേണം സംരംഭകത്വത്തിലേക്കു പ്രവേശിക്കാൻ.
∙ വായ്പ തരുന്നതിനു ബാങ്കുകൾ പലപ്പോഴും ഡയറക്ടർമാരിൽ നിന്നു വ്യക്തിഗത ഗ്യാരന്റിയോ വ്യക്തിപരമായ സ്വത്തുക്കളോ ഈടായി ആവശ്യപ്പെടാറുണ്ട്.
വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ, വായ്പാ കരാറിന്റെ വ്യവസ്ഥകളനുസരിച്ച് ഡയറക്ടർമാരെയും ഗ്യാരന്റർമാരെയും വ്യക്തിപരമായി ഉത്തരവാദികളാക്കാം. അതിനാൽ ഒരാൾ മാത്രം ഗ്യാരണ്ടി നിൽക്കരുത്
∙ ഏതു വായ്പാ രേഖയിൽ ഒപ്പിടുന്നതിന് മുൻപും എല്ലാ നിബന്ധനകളും ശ്രദ്ധാപൂർവ്വം വായിക്കുക.
∙ ഗ്യാരന്ററായി ഒപ്പിടുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
∙ ചിലപ്പോൾ, മോർട്ട്ഗേജ് അടിസ്ഥാനമല്ലാത്ത ബിസിനസ് വായ്പകൾക്കുപോലും ബാങ്കുകൾ സ്വത്ത് ഗ്യാരന്റിയായി ആവശ്യപ്പെടാം.
∙ വായ്പയെടുത്തയാൾ തിരിച്ചടവു നടത്താത്ത പക്ഷം, ബാക്കി തുകയുടെ നിയമപരമായ ഉത്തരവാദിത്തം ഗ്യാരന്ററിലേക്ക് മാറാം. സാമ്പത്തിക അപകടസാധ്യത പൂർണമായി മനസ്സിലാക്കി സ്വീകരിക്കാൻ തയാറാണെങ്കിൽ മാത്രമേ ഗ്യാരന്ററായി ഒപ്പിടാവൂ.
∙ ഒരു കമ്പനി അടയ്ക്കാൻ തീരുമാനിച്ചാൽ, എല്ലാ ഡയറക്ടർമാരും ഒപ്പുവച്ച ബോർഡ് റെസല്യൂഷൻ പാസാക്കണം. രണ്ടു വർഷം വരുമാനമില്ലാത്ത പ്രവർത്തനങ്ങൾക്ക് ശേഷം അത് MCA-യിൽ ഫയൽ ചെയ്യണം.
∙ ഒന്നിലധികം സ്ഥാപകർ ചേർന്നു വായ്പ എടുക്കുമ്പോ ൾ വായ്പാ ബാധ്യതകൾ എങ്ങനെ പങ്കിടും എന്നിവയെക്കുറിച്ചു ധാരണയുണ്ടായിരിക്കണം.
∙ ഒരു കമ്പനി പൂർണമായി അടയ്ക്കാൻ സാധാരണയായി മൂന്നു വർഷം വരെ കാത്തിരിക്കേണ്ടി വരാം. അതുവരെ GST ഫയലിങ്ങുകൾ, ഓഡിറ്റുകൾ, MCA ഫയലിങ്ങുകൾ എന്നിവ നിർബന്ധമായും ചെയ്യണം. ഇതിനും ചെലവ് വരും.
∙ ബാങ്കിന്റെ കോളുകൾ ഒഴിവാക്കരുത്. പകരം, നേരിട്ട് സമീപിച്ച് വായ്പ പുനഃക്രമീകരിക്കൽ (Loan Restructuring), താൽക്കാലിക തിരിച്ചടവ് ഇളവുകൾ അല്ലെങ്കിൽ മൊറട്ടോറിയം, ബിസിനസ് പണമൊഴുക്കിനനുസരിച്ചുള്ള പുതിയ EMI ഘടന, തുടക്കത്തിൽ കുറഞ്ഞതും പിന്നീട് വർധിക്കുന്നതുമായ സ്റ്റെപ്പ്–അപ്പ്– റീപേയ്മെന്റ് പദ്ധതി എന്നിവയെക്കുറിച്ചറിഞ്ഞു പ്രയോജനപ്പെടുത്തുക. ∙