ADVERTISEMENT

സമീപകാലത്തു വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവും ഏറെ ഞെട്ടലോടെയാണു നാം കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ യാത്രയ്ക്കിടയിൽ സുരക്ഷിതമാക്കാൻ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അത് എന്തൊക്കെയാണ് എന്നറിയാം.

ബേബി സീറ്റും ചൈൽഡ് ലോക്കും

ADVERTISEMENT

കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് വ്യക്തമായ പ്ലാനിങ് ആവശ്യമാണ്. ഏറ്റവും നല്ല വാഹനം ഏതാണ്? വാഹനങ്ങളിലെ ഏറ്റവും പുതിയ സുരക്ഷാസംവിധാനങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാം വളരെയേറെ പഠനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പ്രധാനപ്പെട്ട കാര്യം കുട്ടികൾക്ക് യാത്രാവേളയിൽ എന്തുമാത്രം സുരക്ഷ നാം ഉറപ്പുവരുത്തുന്നു എന്നതാണ്. സാമ്പത്തിക പരിധിക്കുള്ളിൽ നിന്ന് കൊണ്ടു പരമാവധി സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു കാർ അല്ലെങ്കിൽ വാഹനം വാങ്ങാൻ ശ്രദ്ധിക്കുക.

യാത്രകളിൽ  കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതാണു പൊതുവെ  സുരക്ഷിതം. ചെറിയ കുട്ടികളെ മുതിർന്നവരുടെ കൂടെ പിൻസീറ്റിൽ ഇരുത്താം. 

ADVERTISEMENT

മുതിർന്നവരുടെ മടിയിൽ ഇരുത്തിയാലും  നന്നായി സപ്പോർട്ട് ചെയ്ത് ഇരുത്തണം. ചെറിയകുട്ടികളെ  കാറിന്റെ  സീറ്റിനോടു ബന്ധിപ്പിക്കുന്ന ലെതർ സ്ട്രാപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്തെങ്കിലും അ പകടം ഉണ്ടായാൽ അതു കുട്ടികളെ സുരക്ഷിതരാക്കുന്നു. നവജാതശിശു മുതൽ അഞ്ചു വയസ്സുവരെയുള്ളകുട്ടികൾക്ക് സീറ്റിൽ ഘടിപ്പിക്കാവുന്ന ബേബി സീറ്റുകളും വിപണിയിലുണ്ട്.

സീറ്റ് ബെൽറ്റ്ഹോൾഡറുകളും ഉപയോഗത്തിലുണ്ട്. കാറിന്റെ ചൈൽഡ് ലോക്ക് സംവിധാനം കുട്ടികൾക്കു കൂടുതൽ സംരക്ഷണം നൽകുന്നു. കുട്ടികളുണ്ടെങ്കിൽ ചൈൽഡ് ലോക്ക് നിർബന്ധമായും ഉപയോഗിക്കണം. ഗ്ലാസുകൾ എല്ലാം പൂർണമായി ഉയർത്തണം. വാഹനം നിർത്തിയതിനുശേഷം മുതിർന്നവർ ആദ്യം ഇറങ്ങി വാഹനങ്ങൾ ഒന്നും വരുന്നില്ല എന്ന് ഉറപ്പു വരുത്തിയശേഷം മാത്രം കുട്ടികൾ ഇറക്കുക. കുട്ടികളെ പിൻസീറ്റിൽ നീണ്ടുനിവർത്തി കിടത്തരുത്. ബ്രേക്ക് ചവിട്ടുകയാണെങ്കിൽ തെറിച്ചുവീണ് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. കുട്ടികളെയും കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ചൈൽഡ് സ്ട്രാപ്പുകളും പ്രചാരത്തിലുണ്ട്.

ADVERTISEMENT

കുട്ടി കാറിൽ ലോക്ക് ആയാൽ

ഒരു കാരണവശാലും കുട്ടികളെ കാറിൽ തനിച്ചാക്കരുത്. കുട്ടികൾ കാറിനുള്ളിൽ ഏറെ നേരം അകപ്പെട്ടാൽ സാധാരണ സംഭവിക്കുന്ന പ്രശ്നം ചൂട് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹൈപ്പർ തെർമിയ ആണ്. കാറിനുള്ളിൽ പെട്ടെന്നുതന്നെ ഊഷ്മാവ് വർധിക്കാനിടയാകും. അത് കുട്ടികളുടെ ജീവനു തന്നെ ആപത്തായി മാറാം. കാർ ലോക്ക് ചെയ്യുന്നതിനു മുൻപ് കുട്ടികൾ പുറത്താണ് എന്ന് ഉറപ്പുവരുത്തുക. കുട്ടി കുറേ സമയം ലോക്ക് ചെയ്ത കാറിനുള്ളിലാണെന്നറിഞ്ഞാൽ പെട്ടെന്നു തന്നെ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുക. അറിയാതെ കാറിനുള്ളിൽ കുടുങ്ങിയാൽ ഹോണടിച്ച് ശ്രദ്ധയാകർഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം.അടച്ചിട്ട കാറിനുള്ളിൽ നിന്ന് പുറ ത്തിറക്കുന്ന കുട്ടിയെ എത്രയും പെട്ടെന്ന് തണുപ്പുള്ള മുറിയിലേക്കോ താപനില കുറഞ്ഞ മറ്റൊരു വാഹനത്തിലേക്കോ മാറ്റുക. വസ്ത്രം മാറ്റി ശരീരം തണുക്കാനനുവദിക്കുക. ധാരാളം വെള്ളം കുടിപ്പിക്കുക. മധുരവും ഉപ്പും ചേർത്ത ലായനിക ൾ ധാരാളം നൽകാം. തുണി തണുത്ത വെള്ളത്തിൽ മുക്കി ദേഹത്തിടാം. നിർജ്ജലീകരണം കൂടിയ അവസ്ഥയിലാണെങ്കിൽ കുട്ടിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.  ജിസ്  തോമസ്

സീനിയർ കൺസൽറ്റന്റ്
പീഡിയാട്രീഷൻ,
മാർ  സ്ലീവാ മെഡിസിറ്റി
പാലാ

English Summary:

Child safety during travel is paramount. Learn essential tips for ensuring your child's safety in vehicles, including using car seats and child locks.

ADVERTISEMENT