ആറിന്റെ തീരത്തെ അത്ഭുതങ്ങളുടെ ശ്രീകോവിൽ Sacred River, Legend and the treasury of temple tales
Mail This Article
ഇവിടെ ക്ഷേത്രപടവുകളിൽ കാലു നനച്ച് ഭക്തിയോടെ ഒഴുകുകയാണ് മൂവാറ്റുപുഴ ആറ്.
പടിഞ്ഞാറു നിന്നു വന്ന് പിന്നെ കിഴക്കോട്ട് ഒഴുകി, വീണ്ടും പടിഞ്ഞാറോട്ട് ഒഴുകുന്ന ആറിനെ കാണാം ഇവിടെ നിന്നാൽ. അങ്ങനെ രണ്ടുവട്ടം വളഞ്ഞ് ക്ഷേത്രത്തിനു മുന്നിലൂടെ വിനയത്തോടെ ഒഴുകുന്ന ആറിന്റെ എളിമയിൽ തുടങ്ങുന്നു ഊരമന ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമകൾ. രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെ. നരസിംഹസ്വാമിക്ഷേത്രവും പിന്നെ കടവിനു കാവലായി ശാസ്താക്ഷേത്രവും.
റോഡിനിരുവശമായി രണ്ടു ക്ഷേത്രങ്ങൾ
തുലാമഴ പെയ്തുതുടങ്ങിയ ഒരു വൈകുന്നേരമാണ് ഞങ്ങൾ ആറിനോടു ചേർന്നുള്ള പടവുകൾ കയറിച്ചെല്ലുന്നത്. ആ പടവുകൾ ക്ഷേത്രത്തിലേക്കു മാത്രമല്ല സമ്പന്നമായൊരു പൈതൃകത്തിന്റെ അവശേഷിപ്പുകളിലേക്കുകൂടിയാണ്.
മൂവായിരത്തോളം വർഷങ്ങളുടെ പഴക്കം പറയുന്ന, അപൂർവമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള, നൂറ്റാണ്ടുകൾക്ക് മുൻപ് വരച്ച ചുമർചിത്രങ്ങളോടു കൂടിയ ശ്രീകോവിലുള്ള ക്ഷേത്രമാണിത്. ഇനിയും പറയാനേറെയുണ്ട് ഈ ക്ഷേത്രങ്ങളെക്കുറിച്ച്.
ശാസ്താക്ഷേത്രത്തിലേക്കാണ് ഞങ്ങൾ ആദ്യം പോയത്.. ഊരമന സ്വദേശിയായ ഒരു ബ്രാഹ്മണൻ ചമ്രവട്ടം ശാസ്താവിന്റെ കടുത്ത ഭക്തനായിരുന്നു എന്നും അദ്ദേഹം ഊരമനയിലേക്കു മടങ്ങിയപ്പോൾ ചമ്രവട്ടം ശാസ്താക്ഷേത്രത്തിൽ നിന്ന് ഒരു ശില കൂടി കരുതിയെന്നും ആ ശിലയാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നുമാണ് ഐതിഹ്യം. ഐതിഹ്യം എന്തായാലും ശിലാ പ്രതിഷ്ഠയാണ് ഇവിടെ ഇപ്പോഴും. അവിടെ നിന്നു കുറച്ചുകൂടി മുകളിലാണു പ്രധാന പ്രതിഷ്ഠയായ നരസിംഹസ്വാമി ക്ഷേത്രം. അങ്ങനെ റോഡിന് ഇരുവശത്തുമായി രണ്ടു ക്ഷേത്രങ്ങൾ. നരസിംഹമൂർത്തിയുടെ ഉഗ്രരൂപമാണു പ്രധാനപ്രതിഷ്ഠ.
ഏറ്റവും പുരാതനമായ ക്ഷേത്രമാതൃകയാണ് ഇവിടെയുള്ളത്.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് ഏകദേശം ആയിരത്തോളം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
റോഡിന് ഇരുവശവുമായാണ് ക്ഷേത്രങ്ങളെങ്കിലും രണ്ടു ക്ഷേത്രത്തിനും കൂടി ഒറ്റ ഗോപുരമാണ്. ഒരു ശില്പം പോലെ മനോഹരമാണ് ഈ ഗോപുരം. പുരാതനമായ വാസ്തുശൈലിയുടെ അവശേഷിക്കുന്ന സ്മാരകം പോലെ അതു നിൽക്കുന്നു.
ഗോപുരം കടന്നാൽ ചെറിയ ഇടനാഴി അതു നരസിംഹസ്വാമിക്ഷേത്രത്തിലേക്കു നീളുന്നു.
എഴുപത്തിരണ്ടു മനകളുടെ ഊര്
ഊരമന എന്ന വാക്കിന് മനകളുെട ഊര് എന്നാണ് അർഥം. 72 മനകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ മനകൾക്കായിരുന്നു ക്ഷേത്രത്തിന്റെ സംരക്ഷണചുമതല. എന്നാൽ ഒരിക്കൽ ഭക്ഷണത്തിനായി യാചിച്ചു വന്ന ഒരു വൃദ്ധനെ ഈ മനയിലുള്ളവർ ആട്ടിയോടിച്ചു. അവസാനം ഈ ക്ഷേത്രത്തിൽ വച്ച് ഒരാൾ ആഹാരം നൽകി. പിറ്റേന്ന് രാവിലെ വൃദ്ധൻ കാണുന്നത് മൂന്നു മനകൾ ഒഴികെ മറ്റുള്ളതെല്ലാം കത്തിനശിച്ചതാണ്.
ഇതാണ് ഐതിഹ്യം. അതെന്തായാലും പെരിങ്ങാട്ടുള്ളി, വട്ടവേലി, െതക്കിനേഴം ഈ മൂന്നു മനകളാണു ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത്.
‘ഞങ്ങളുടെ മുതുമുത്തച്ഛൻമാരുടെ കാലത്തേ ഇവിടെ മൂന്നുമനകളേ അവശേഷിച്ചിരുന്നുള്ളു. മാത്രമല്ല ഈ മൂന്നു കുടുംബക്കാർക്കും ഈ ക്ഷേത്രവുമായി ഏതെങ്കിലും രീതിയിൽ ബന്ധം ഉണ്ടായിരുന്നുതാനും. ഐതിഹ്യത്തിലെ നിജസ്ഥിതി നമുക്ക് അറിയില്ലല്ലോ? പക്ഷേ ഇതാണു ചരിത്രം.’തെക്കിനേഴത്ത് മനയിൽ സന്തോഷ് നമ്പൂതിരി പറയുന്നു. സ്കൂൾജീവനക്കാരനായ സന്തോഷ് നമ്പൂതിരി ക്ഷേത്രത്തിന്റെ പൂജാദികാര്യങ്ങളിൽ ഇപ്പോഴും സഹായിക്കുന്നു.
ശ്രീകോവിലിലേക്കു നടന്നപ്പോൾ തൃക്കളത്തൂർ മംഗലശ്ശേരി ഇല്ലത്ത് വേണു നമ്പൂതിരിയെ കണ്ടു. അദ്ദേഹമാണു ക്ഷേത്രം മേൽശാന്തി. ‘ഉഗ്രനരസിംഹമൂർത്തിയാണു പ്രധാന പ്രതിഷ്ഠ അഞ്ജനശില കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഉപദേവതാസങ്കല്പമില്ലാത്ത ക്ഷേത്രമാണിത്. അതുകൊണ്ടാവും ഇവിടെയുള്ള രണ്ടു ദേവതമാർക്കും തുല്ല്യപ്രാധാന്യം നൽകി ആരാധിക്കുന്നത്. നരസിംഹാവതാരം തന്നെ ദുഷ്ടനിഗ്രഹമാണല്ലോ. അതുകൊണ്ടു ശക്തിയും ചൈതന്യവും കൂടും മാത്രമല്ല ഗംഗയിൽ നിന്നു മുങ്ങിയെടുത്ത വിഗ്രഹമാണിത് എന്നാണു വിശ്വാസം. എത്രയെങ്കിലും നൂറ്റാണ്ടുകളായി പൂജ നടക്കുന്ന വിഗ്രഹമാണിത്.’’ മേൽശാന്തി കൈകൾകൂപ്പി ആകാശത്തേക്കു നോക്കി.
അപൂർവമായ ചുമർചിത്രങ്ങൾ
തനി കേരളീയ ശൈലിയിൽ തടി കൊണ്ടുള്ള ചുറ്റമ്പലം. പിന്നെ കൽവിളക്കും. ചുറ്റമ്പലം പണിതിരിക്കുന്ന രീതി വിളിച്ചുപറയുന്നുണ്ട് നൂറ്റാണ്ടുകളുടെ പഴക്കം.
ക്ഷേത്രമനയ്ക്കകത്ത് ബലിക്കൽപുരയുടെയും നമസ്കാരമണ്ഡപത്തിന്റെയും മേൽക്കൂരയിൽ മനോഹരങ്ങളായ ശില്പങ്ങൾ. പാലാഴിമഥനത്തിന്റെ വിശദമായ രേഖപ്പെടുത്തലുണ്ട് മുകളിലെ തട്ടിൽ.
താരതമ്യേന വലിയ ബലിക്കല്ലാണ് ഇവിടെയും. കൊത്തുപണികളോടു കൂടിയ ബലിക്കൽപ്പുരയിൽ കാലെടുത്തു വയ്ക്കുമ്പോൾ തന്നെ നമ്മൾ ദൈവസാന്നിധ്യം അറിയുന്നു.
ബലിക്കൽപുര കടന്ന് നമസ്ക്കാരമണ്ഡപം. ഇപ്പോഴും കൂരോട് മേഞ്ഞ ശ്രീകോവിൽ. കല്ലു കൊണ്ടു പണിത വട്ട ശ്രീകോവിലാണ് ഇവിടെ. പുറമേയുള്ള വെള്ളനിറമുള്ള പാളി കുമ്മായവും അന്ന് നിലവിലുണ്ടായിരുന്ന മറ്റുചില മിശ്രിതങ്ങളും ചേർന്നതാണ്. ആ പ്രതലത്തിന് നൂറ്റാണ്ടുകൾക്കിപ്പുറവും ബലക്കുറവില്ല.
ആ പ്രതലത്തിലാണ് മനയോലയും പച്ചിലയും മറ്റുചേരുവകളും കൊണ്ട് മനോഹരമായി ചിത്രങ്ങൾ വരച്ചുചേർത്തിരിക്കുന്നത്.
ചുമർചിത്രങ്ങളിൽ രാമരാവണയുദ്ധം, കിരാതനും അർജ്ജുനനും തമ്മിലുള്ള യുദ്ധം ഗജേന്ദ്രമോക്ഷം, നരസിംഹാവതാരം, ഗണപതി തുടങ്ങിയവ. മൂന്നൂറു വർഷത്തിലേറെ പഴക്കം കല്പിക്കുന്നു രാമായണവും മഹാഭാരതവും ചിത്രരചനയ്ക്കു വിഷയമായിട്ടുണ്ട്. ചിത്രത്തിന്റെ പ്രത്യേകശൈലിയുടെ അടിസ്ഥാനത്തിൽ രചനാകാലം പതിനേഴാം നൂറ്റാണ്ടാെണന്ന് കണക്കാക്കപ്പെടുന്നു.
ശ്രീകൃഷ്ണന്റെ ബാലലീലകളാണ് വരയ്ക്കു വിധേയമായ പ്രധാന വിഷയം. ദശാവതാരങ്ങൾ, കിരാതത്തിലെ ശിവൻ, ശാസ്്താവ്, രാമായണത്തിലെ രാമരാവണയുദ്ധം, തുടങ്ങിയ ചിത്രങ്ങൾ അടുപ്പിച്ചടുപ്പിച്ച് വരച്ചിരിക്കുന്നു. രൂപങ്ങൾ മിഴിവാർന്നവയാണ്. അനുഗ്രഹീതയായ കലാകാരിയായിരുന്നു വരച്ചതെന്ന് വ്യക്തം.
