നിസാരമായൊരു ജലദോഷം പോലും രസംകെടുത്തും: യാത്രയ്ക്ക് ഒരുങ്ങും മുൻപ് ഓർക്കാം 5 കാര്യങ്ങൾ Prioritize Health While Traveling
Mail This Article
സഞ്ചാരം ലോകത്തിന്റെ ഏതു കോണിലേക്കാണെങ്കിലും സഞ്ചാരിയുടെ ആരോഗ്യത്തിനാവണം ആദ്യപരിഗണന.. നിസ്സാരമെന്നു കരുതപ്പെടുന്ന തുമ്മലും ജലദോഷവും പോലും സ്വപ്നയാത്രയുടെ സന്തോഷം ഇല്ലാതാക്കും. ആരോഗ്യകരമായ സഞ്ചാരത്തിന് സഞ്ചാരികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
മോഷൻ സിക്നസ് മുതൽ
കാർ, വിമാനം, കപ്പൽ എന്നിങ്ങനെ യാത്ര ഏതു മാർഗത്തിലായാലും മോഷൻ സിക്നസ് (യാത്ര കൊണ്ട് ഛർദി) ഉണ്ടാകാൻ സാധ്യതയുണ്ട്.
മസ്തിഷ്കത്തിന്റെ ബാലൻസിങ്, കാഴ്‌ചയെ നിയന്ത്രിക്കുന്ന കേന്ദ്രം എന്നിവയിലുണ്ടാകുന്ന വ്യതിയാനമാണ് തലചുറ്റൽ, മനംപിരട്ടൽ, ഛർദി എന്നിവയ്ക്കു കാരണം. യാത്രയ്ക്കിടെ മൊബൈൽ ഫോൺ നോക്കുന്നതും പുസ്തക വായനയും അസ്വസ്ഥത വർധിപ്പിക്കും. വിമാനത്തിന്റെ ചിറകിന്റെ ഭാഗത്തുള്ള സീറ്റിൽ യാത്ര ചെയ്‌താൽ മോഷൻ സിക്നെസ്സ് പ്രതിരോധിക്കാൻ സാധിക്കും.
മറ്റൊരു പ്രശ്നമാണു ദഹനസംബന്ധിയായ രോഗങ്ങ ൾ. വെള്ളം, ഭക്ഷണം എന്നിവ കൃത്യമായി കഴിച്ചില്ലെങ്കിൽ അസിഡിറ്റി, ഗ്യാസ്ട്രബിൾ എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. യാത്രികർ നേരിടുന്ന വെല്ലുവിളിയാണു ട്രാവലേഴ്‌സ് ഡയറിയ (വയറിളക്കം). വയറിളക്കത്തിനൊപ്പം വയറുവേദന, ഛർദി, പനി, എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്. ആഹാരരീതിയിലെ മാറ്റം, വൃത്തിഹീനമായ ഭക്ഷണം, ശുദ്ധമല്ലാത്ത വെള്ളം എന്നിവയാണ് ഇതിനു കാരണം. ചൂടുള്ള ഭക്ഷണം കഴിക്കുക, കുടിക്കാൻ കുപ്പിവെള്ളം വാങ്ങുക. സോപ്പ് ഉപയോഗിച്ചു കൈ കഴുകുക. യാത്രയിൽ കഴിവതും പച്ചക്കറി വിഭവങ്ങൾ തിരഞ്ഞെടുക്കുക.
കയ്യും തലയും മറയ്ക്കുക
കാലാവസ്ഥയ്ക്ക് അനുസരിച്ചു വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ചൂടുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ അയഞ്ഞ ഇളം നിറങ്ങളുള്ള കോട്ടൻ, ലിനൻ വസ്ത്രങ്ങളാണു നല്ലത്. വെയിലുള്ള സ്ഥലങ്ങളിൽ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ധരിക്കുക.
തണുപ്പുള്ള സ്ഥലങ്ങളിലേക്കാണു പോകുന്നതെങ്കിൽ ലെയറുകൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് അഭികാമ്യം. ചെവിയും തലയും മൂടാൻ വലുപ്പമുള്ള തൊപ്പി, കയ്യുറ, വൂളൻ സോക്‌സ്, വാട്ടർപ്രൂഫ് ഷൂസ് എന്നിവ ലഭ്യമാണ്. വാട്ടർപ്രൂഫ് ആയിട്ടുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.
സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരമുള്ള സ്ഥലങ്ങളിൽ പോകുന്നതിനു മുൻപു മുൻകരുതലുകൾക്കു ഡോക്ടറുടെ അഭിപ്രായം തേടുക. ഹൃദയ സംബന്ധിയായ രോഗമുള്ളവർ, ശ്വാസകോശ രോഗികൾ, പ്രമേഹമുള്ളവർ, ഗർഭിണികൾ, വിളർച്ച രോഗികൾ, പൾമണറി ഹൈപ്പർടെൻഷൻ പോലെയുള്ള രോഗാവസ്ഥ ഉള്ളവർ യാത്രയ്ക്കു മുൻപ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടണം. ∙