2000 രൂപയുടെ ബ്രാൻഡഡ് വസ്ത്രം 500 രൂപയ്ക്ക്, 100 രൂപയ്ക്ക് മൂന്ന് ഷർട്ട്: തിരുപ്പൂർ എന്ന ഡോളർ സിറ്റി The Tiruppur Story
Mail This Article
തിരുപ്പൂരിലെ ചങ്ങാതി പറഞ്ഞത് ആയിരം രൂപയ്ക്ക് ബാഗ് നിറച്ച് ടീ ഷർട്ടുകള്‍ കൊണ്ടുപോകാം എന്നാണ്. അതുകേട്ടതോടെ ഏതു ട്രെയിനിൽ പോണം എന്നാലോ ചിക്കും മുന്നേ ടീഷർട്ടും പാന്റും കൊണ്ടുവരാനുള്ള ബാഗ് എടുത്തു വച്ചു. ബാഗ് കണ്ടപ്പോൾ പിന്നെയൊരു സംശയം. ഇനിയിപ്പോ ആ ചങ്ങാതി ഉദ്ദേശിച്ച ബാഗിന് ഇത്രയും വലുപ്പമുണ്ടാവില്ലേ? എന്തായാലും കണ്ടറിയാം. എട്ടു മണിക്ക് കോട്ടയത്തു നിന്നു ചെന്നൈയ്ക്കുള്ള സൂപ്പർഫാസ്റ്റ് ട്രെയിൻ പിടിച്ചു.
ഏതു യാത്രയിലാണെങ്കിലും നാടിന്റെ കഥയറിഞ്ഞിട്ട് അവിടെ ചെന്നിറങ്ങുന്നതിൽ ഒരു രസമുണ്ട്. സിനിമയുടെ ട്രെയിലർ കാണുന്നതു പോലെയാണ് അത്. മൊബൈലെടുത്ത് തിരുപ്പൂരിന്റെ തിരക്കഥ വായിച്ചു നോക്കി. കളിപ്പാട്ടത്തിന് ചെന്നപട്ടണം പോലെ പടക്കത്തിന് ശിവകാശി പോലെ നെയ്ത്തിന് തിരുപ്പൂർ. പതിറ്റാണ്ടുകളായി ഒരേ ബിസിനസ് ചെയ്തിട്ടും നര പടരാത്ത നഗരം.
നൂലുകളാണ് തിരുപ്പൂരിന്റെ രക്തക്കുഴലുകൾ. നൂറ്റാണ്ടുകൾക്കു മുൻപ് നാട്ടിലേക്കെത്തിയ ജോ ലി. പിന്നീട് തറികൾ ഹൃദയതാളമായി. കുട്ടികൾ അക്ഷരം പഠിക്കുന്നതിനു മുൻപ് അറിഞ്ഞതു ചായപാത്രങ്ങളിൽ നൂലു താഴ്ത്തി മഴവില്‍നിറം പിടിപ്പിക്കാനാണ്. ഒാരോ വർഷവും 37,500 കോടിയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന നാട്. പിടിച്ചു നിന്നു പടികൾ ചാടിക്കയറിയവരുണ്ട്. പിടിച്ചു നിൽക്കാനാകാതെ വീണുപോയവരുണ്ട്. അവരുടെയൊക്കെ കഥകൾ നാളെ കേൾക്കാനാകുമോ?
ഒന്നുറങ്ങിപ്പോയി, അലാം കേട്ടു ചാടി എഴുന്നേറ്റു. തിരുപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ആകാശം നരച്ച കറുപ്പുടുപ്പു പോലെ നിൽക്കുന്നു. സെലക്ട് ചെയ്ത ഷർട്ട് കറക്ടാണോ എന്നറിയാനായി ട്രയൽ റൂമിനു മുന്നിൽ കാത്തു നിൽക്കുന്ന ആകാംക്ഷയോടെ നഗരം ഉണരുന്നതും നോക്കിയിരുന്നു.
തുണിമലകൾക്ക് അരികെ
ഒൻപത് ആയപ്പോഴേക്കും ഖാദർപേട്ട് ഉണർന്നു. തിരുപ്പൂ ർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഖാദർപേട്ട് വസ്ത്രങ്ങളുടെ പൂര നഗരിയാണ്. വെറുതെ ഒന്നു നടക്കാനിറങ്ങി. റോഡരികിൽ മാത്രമല്ല, ഇടവഴികളിലും ഭൂമിക്കടിയിലും വരെ ആയിരക്കണക്കിനു കുഞ്ഞുമുറികളുണ്ട്. അവയിലെല്ലാം ടീ ഷർട്ടുകളും നൈറ്റ് ഡ്രസ്സുകളും ഷർട്ടുകളുമെല്ലാം നിറച്ചു വച്ചിരിക്കുന്നു. ഒറ്റവരിയിൽ പറഞ്ഞാൽ കർച്ചീഫ് മുതൽ സ്യൂട്ട് വരെ കോടിക്കണക്കിനു വസ്ത്രങ്ങൾ.
മലയാളിയാണെന്നറിഞ്ഞപ്പോൾ ഹോൾസെയിൽ കേന്ദ്രങ്ങൾ പരിചയപ്പെടുത്താനായി ഏജന്റുമാർ കൂടെക്കൂടി.വെറുതെകാണാനിറങ്ങിയതാണെന്നറിഞ്ഞതോടെ അ വരുടെ ‘മൂഡ്’ പോയി. എങ്കിലും ഖാദർപേട്ടിന്റെ അയൽഗ്രാമമായ വഞ്ചിപ്പാളയത്തു നിന്നു വന്ന അബ്ബാസ് തിരുപ്പൂരിലെ ഈ കടകളെ കുറിച്ച് ആമുഖം പറഞ്ഞു.
‘‘ ഇന്ത്യയിൽ പലയിടത്തു നിന്നായി ആയിരക്കണക്കിനാളുകൾ ഒാരോ ദിവസവും വരാറുണ്ട്. തുണികൾ വാങ്ങി ഇരട്ടിവിലയ്ക്കു നാട്ടിൽ പോയി വിൽക്കും. അതാണ് ബിസിനസ്, ഹോൾസെയിൽ ആയി വാങ്ങുമ്പോൾ വലിയ ലാഭമാണ്. ഷർട്ടുകളൊക്കെ മുപ്പതു രൂപയ്ക്കൊക്കെ കിട്ടും. ഖാദർപേട്ടിലെ കച്ചവടം രൂപയിലാണെങ്കിൽ വലിയ ഗാർമെന്റ് കമ്പനികളിൽ ഡോളറിലാണ് ബിസിനസ്. അവര്‍ വഴിയാണ് തിരുപ്പൂരിന് ഡോളർ സിറ്റി എന്നു പേരുവന്നത്. വിദേശരാജ്യങ്ങളിൽ നിന്നു വലിയ ഒാർഡറുകൾ വരും. അവർ തരുന്ന ഡിസൈനിന് അനുസരിച്ചു നൽകുന്ന ക്വാളിറ്റിക്കും എണ്ണത്തിനും അനുസരിച്ചു വസ്ത്രങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യും. ആയിരക്കണക്കിനു പേർ ജോലിചെയ്യുന്ന വലിയ ഫാക്ടറികൾ മുതൽ പത്തു പേർ ജോലി നോക്കുന്ന കുഞ്ഞു സെറ്റപ് വരെയുണ്ട്.
ഇതിനു പുറമേ മെറ്റീരിയൽ കച്ചവടക്കാർ, സെക്കൻഡ് സെയിൽ നടത്തുന്നവർ, ടെക്സ്റ്റൈലുകാർ, വിദേശരാജ്യങ്ങളിൽ നിന്ന് ഒാർഡർ പിടിച്ചു മറ്റു കമ്പനികളിൽ ചെയ്യിച്ച് അയയ്ക്കുന്നവർ തുടങ്ങി ഒരുപാടു പേർ പല രീതിയിൽ പ്രവർത്തിക്കുന്നു.
‘‘നിങ്ങളാദ്യം തുണിഫാക്ടറികളിലേക്കു ചെല്ലൂ. കൂടുതൽ കാഴ്ചകൾ അവിടെയുണ്ട്.’’ അബ്ബാസ് തുറന്നിട്ടതു മാന്ത്രികക്കോട്ടയുടെ വാതിലാണെന്നു തോന്നി. തുണിഫാക്ടറിയിലേക്ക് കയറും മുൻപ് തിരുപ്പൂർ എക്സ്പോർട്ട് അസോസിയേഷന്റെ ഒാഫിസിലേക്ക് ഒന്നു പോകാം. അവിടെ ജോയിന്റ് സെക്രട്ടറി കുമാർ ദുരൈസ്വാമിയുണ്ട്. അദ്ദേഹത്തോട് തിരുപ്പൂരിന്റെ ചരിത്രത്തെക്കുറിച്ചു ചോദിക്കാം.
കൃഷിയിൽ നിന്ന് ഫാക്ടറിയിലേക്ക്
ഒരു കാലത്തു കൃഷിക്കു പേരുകേട്ട നാടായിരുന്നു തിരുപ്പൂർ. നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന നൊയ്യലാറ് കൃഷിക്ക് ഊർജമായി. പിന്നീടു നടന്ന ചരിത്രം കുമാർ ദുരൈസ്വാമി ചുരുക്കി പറഞ്ഞു.
‘‘പരുത്തിയും ധാരാളമായി കൃഷി ചെയ്തിരുന്നതു കൊണ്ട് സ്പിന്നിങ് മില്ലുകൾ വന്നു. അന്നു മധുരയിലും സേലത്തുമെല്ലാം തുന്നൽ പണികൾ നടന്നിരുന്നു. ഇന്നർവെയറുകളാണ് കൂടുതലും ഉണ്ടായിരുന്നത്. പിന്നീട് തിരുപ്പൂരുകാർ തയ്യൽ പഠിക്കുകയും പതുക്കെ കൃഷിയിൽ നിന്നു തയ്യലിലേക്കു മാറുകയും ചെയ്തു. 1971ൽ ഇറ്റലിയിലേക്ക് തിരുപ്പൂർ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തു തുടങ്ങി.
ഇപ്പോൾ 10 ലക്ഷം ആൾക്കാർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നു. അതിൽ 70 ശതമാനവും സ്ത്രീകളാണ്.ഏതാണ്ട് രണ്ടായിരത്തോളം കമ്പനികൾ വിദേശരാജ്യങ്ങളിലേക്കു തുണി കയറ്റി അയയ്ക്കുന്നുണ്ട്. ഒരു വർഷം നടക്കുന്നത് 37500 കോടിയുടെ ബിസിനസാണ്. ഇരുപതിനായിരത്തോളം ഫാക്ടറികളുണ്ട്. ചെറുകിട യൂണിറ്റുകളും സാധാരണ മാർക്കറ്റിലേക്കെത്തുന്ന വസ്ത്രങ്ങളുടെയും കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല എന്നോർക്കണം.
ഈ നാട്ടിലുള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്. പുതിയത് അറിയാനും അതു ജീവിതത്തിലേക്ക് എടുക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കും. അതാണ് തിരുപ്പൂരിന്റെ നിലനിൽപ്.’’ ഈസ്റ്റേൺ ഗ്ലോബൽ ക്ലോത്തിങ് സിഇഒ കൂടിയായ കുമാർ ദുരൈസ്വാമി.
തുണിയിൽ മാത്രമല്ല, ജീവിതത്തിലും നിറം വേണമെന്നു സ്വപ്നം കാണുന്നവരാണ് തിരുപ്പൂരുകാർ. പലരുടെയും തുടക്കം തയ്യൽക്കാരായും ഇസ്തിരിയിടുന്ന ജോലിക്കാരായും ആകും. പക്ഷേ, അവരതിൽ ഒതുങ്ങി നിൽക്കില്ല. പണം സൂക്ഷിച്ചു വച്ചു തുണിയുമായി ബന്ധപ്പെട്ട കുഞ്ഞു കുഞ്ഞു ബിസിനസ്സുകൾ തുടങ്ങും. ചെറിയ ഒാർഡറുകൾ എടുത്തു വീട്ടിൽ തയ്യൽ തുടങ്ങും. അതു കുഞ്ഞുയൂണിറ്റാകും. പിന്നീടു ചെറുകമ്പനിയാകും. എക്സ്പോർട്ട് യൂണിറ്റാകും. കോടികളുടെ ബിസിനസ് ചെയ്യുന്ന പല ഫാക്ടറി ഉടമകളുടെയും തുടക്കം മില്ലിലെ തൊഴിലാളിയായാണ്.
സ്വപ്നത്തിന്റെ നൂലുപൊട്ടാതെ ജീവിച്ച ഒരുപാടു പേ രെ ഇവിടെ കാണാം. അങ്ങനെയൊരു അച്ഛനെയും മകളെയുമാണ് ഇനി കാണാൻ പോവുന്നത്. പിഎസ്ജി ഫാബ്രിക്സ് ഉടമ സുബ്രഹ്മണ്യനും മകൾ പ്രീതിയും.
പറന്ന് പറന്ന് തിരുപ്പൂർ
മുപ്പതു കോടി രൂപയോളം വാർഷിക വിറ്റുവരവുള്ള പിഎസ്ജി ഫാബ്രിക്സിന്റെ മാനേജിങ് ഡയറക്ർ കസേരയിൽ ഇരിക്കുമ്പോഴും സുബ്രഹ്മണ്യന്റെ ഒാർമയിൽ പഴയൊരു സൈക്കിൾ മണിയടിച്ചു. കർഷകരായിരുന്നു മാതാപിതാക്കൾ. എങ്കിലും പത്താംക്ലാസ് കഴിഞ്ഞതോടെ സുബ്രഹ്മണ്യൻ ഇറങ്ങിയത് ബിസിനസിലേക്കാണ്. അവിനാശിയിൽ ചെറിയ കട്ടിങ് യൂണിറ്റുകളിൽ മെറ്റീരിയിൽ മുറിച്ചു ഗ്രാമത്തിലെ വീടുകളിൽ തയ്ക്കുന്നവരുടെ കയ്യിൽ ഏൽപ്പിക്കും. പിന്നീടതു വിൽപ്പനക്കാർക്ക് എത്തിക്കും. ദിവസവും നാൽപതും അൻപതും കിലോമീറ്റർ സൈക്കിളോടിക്കുമായിരുന്നു. സുബ്രഹ്മണ്യൻ പിന്നെയും സ്വപ്നം ക ണ്ടു. എക്സ്പോർട്ട് ചെയ്യാൻ വിദേശ ക്ലയന്റിനെ കിട്ടി. പിന്നീട് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു വിൽപനയാരംഭിച്ചു. പിന്നെ, ഫാക്ടറി ആരംഭിച്ചു. ഇപ്പോൾ അഞ്ചു രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്.
‘‘ ഒരുപാടു പ്രതിസന്ധികളുണ്ടായിരുന്നു. എക്സ്പോർട്ടിങ് കമ്പനിയുടെ ആദ്യ ഒാർഡർ യുകെയിലേക്കായിരുന്നു. ഇവിടെ നിന്നു കയറ്റി അയച്ച പ്രൊഡക്ട് അവിടെ എത്തിയപ്പോഴേക്കും വാങ്ങിയ ഗ്രൂപ്പ് കടക്കെണിയിൽ പെട്ടു. യുകെ കോടതി അവരെ പാപ്പരായി പ്രഖ്യാപിച്ചു. ഒരുവിധം അതു മറികടന്നപ്പോഴായിരുന്നു 1994 ലെ ആ ചതി. സൗത്ത് ആഫ്രിക്കയിലേക്ക് 27 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി നടത്തി. പക്ഷേ, അത് തട്ടിപ്പായിരുന്നു. പണം കിട്ടിയില്ല. പത്തു വർഷമെടുത്തു അത് തിരിച്ചു പിടിക്കാന്‍. തുടക്കകാലത്ത് ഇത്തരം ചതികൾ മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ പുതുതലമുറ വന്നു. അവർ ഈ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്തവരാണ്. അതുകൊണ്ടു തന്നെ എക്സ്പോർട്ട് എളുപ്പമായി.’’
സുബ്രഹ്മണ്യന്റെ മകൾ പ്രീതി രണ്ടുവർഷമേ ആയുള്ളൂ കമ്പനിയിലേക്കു വന്നിട്ട്. ബികോം കഴിഞ്ഞു മർച്ചന്റൈസിങ് കോഴ്സ് കഴിഞ്ഞ് അച്ഛനൊപ്പം ചേർന്നു.
‘‘വിദ്യാഭ്യാസത്തേക്കാൾ എക്സ്പീരിയൻസിനാണ് ഇവിടെ വിലയുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എ ക്സ്പോർട്ട് ചെയ്യുന്നതു വലിയ റിസ്കുള്ള ജോലിയാണ്. ഒാരോ ദിവസവും ഒാരോ പ്രതിസന്ധികളാണ്. അതിനെ മ റികടന്നു മുന്നോട്ടു പോകുകയാണ് ചെയ്യാറുള്ളത്. കുട്ടികൾക്കുള്ള ടീ ഷർട്ടുകളും മുതിർന്നവർക്കുള്ള നൈറ്റ് ഡ്രസ്സുകളുമാണ് ഇപ്പോഴത്തെ ഒാർഡർ.’’ പ്രീതി പറയുന്നു.
നൂലിൽ നിന്ന് പാക്കിങിേലക്കുള്ള ദൂരം
നൂല് ഉടുപ്പായി തീരാൻ എത്ര ദിവസം വേണ്ടിവരും? ഒരാഴ്ച എന്ന ഉത്തരമാണു പ്രതീക്ഷിച്ചത്. പക്ഷേ, ഒരു നൈറ്റ് ഡ്രസ് തയാറാക്കാൻ ഏതാണ്ട് 45 ദിവസം വേണം എന്നുപ്രീതി പറയുന്നു. നൂൽവഴിയിലൂടെ ഒന്നു പോയി നോക്കാം.
കുമാർ നഗർ വീവിങ് യൂണിറ്റിലേക്കാണ് നൂൽ കാണാന്‍ പോയത്. നൂലു കാറ്റു കൊള്ളുന്ന കാഴ്ചയാണു വരവേറ്റത്. സെക്യൂരിറ്റി ഒാർമിപ്പിച്ചു, മാസ്ക് ധരിക്കുന്നതാണു നല്ലത്. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. നൂലിനെ കാറ്റു കൊള്ളിക്കുന്നത് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി പറത്തിക്കളയാനാണ്. ഫാക്ടറിയിൽ പൊടിയുടെ രാജ്യാന്തര സമ്മേളനമാണു നടക്കുന്നത്. എല്ലായിടത്തും മാസ്ക് നിർബന്ധമാണ്. പൊടിപാറുന്ന പരിപാടിയായതു കൊണ്ട് അധികനേരം നിൽക്കാനാവില്ല.
നൂൽ കോറത്തുണിയായി മാറുന്ന കാഴ്ചയ്ക്ക് പൊ റോട്ടയടിക്കുന്ന വീശിയടിയോടു സാമ്യമുണ്ട്. തലയ്ക്കു മുകളിലൂടെ കറങ്ങിവരുന്ന നൂൽ ഒന്നു മറിഞ്ഞു തിരിഞ്ഞുപറന്നു തുണിയായി മാറും. അതു പിന്നെ, പരിശോധനയ്ക്ക് ശേഷം റോളുകളാക്കി വയ്ക്കും. പിന്നീടാണ് ഡൈയിങ് യൂണിറ്റിലേക്കു പോകുന്നത്. നിറം മുക്കിയ ശേഷം ഗാർമെന്റ് ഫാക്ടറികളിലെത്തും. കംപ്യൂട്ടർ ഡിസൈൻ അപ്രൂവ് ആ യിക്കഴിഞ്ഞാല്‍അതിനനുസരിച്ചു കട്ടിങ്. പിന്നെ, ഓരോ ഭാഗമായി സ്റ്റിച്ച് ചെയ്യുന്നു. പോക്കറ്റുകൾ വയ്ക്കുന്നു കോളറുകൾ വയ്ക്കുന്നു. അതു കഴിഞ്ഞ് ബ്രാൻഡ് സ്റ്റിക്കർ തുന്നിച്ചേർക്കും. പിന്നെ, ഗുണനിലവാര പരിശോധനയാണ്. തുന്നൽ സൂചി പോലുള്ള മെറ്റൽ പീസുകൾ പെട്ടിട്ടുണ്ടോ എന്നറിയാനായി മെറ്റൽ ഡിറ്റക്ടർ പരിശോധന വരെയുണ്ട്. അതുകഴിഞ്ഞ് വാക്വം അയണിങ്, പാക്കിങ് ഇങ്ങനെ എത്രയോ ഘട്ടങ്ങളിലൂടെയാണു പോകുന്നത്.
‘‘വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുള്ള സ ർട്ടിഫിക്കറ്റും ക്ലയന്റിന്റെ അനുമതിയും ലഭിക്കുന്നത് അത്ര എളുപ്പമല്ല. വലിയ പരിശോധനകൾ ഇതിനായി നടത്തും. ചൈൽഡ് ലേബർ, മലിനീകരണം ഇതൊക്കെ നടക്കുന്നെന്ന് കിട്ടിയാൽ കരാർ റദ്ദാക്കും. അവർ തരുന്ന അളവിൽ നിന്ന് ഒരു സെന്റിമീറ്റര്‍ കുറഞ്ഞാല്‍ റിജക്ട് ചെയ്യും. പിന്നെയതു കയറ്റിവിടാനാവില്ല. അത്തരം പ്രൊഡക്ടുകളാണ് സെക്കൻഡ് സെയിൽ മാർക്കറ്റിലേക്ക് എത്തുന്നത്.
കയറ്റുമതി കരാർ നിലനിർത്തുകയെന്നതു ശ്രമകരമാണ്. ശക്തമായ ഒാഡിറ്റിങ് ഉണ്ട്. ജോലിക്കാരുടെ സേഫ്റ്റി മാത്രമല്ല, അവരുടെ ഹാപ്പിനസ് പോലും പരിശോധിക്കും.’’ വിഗാ നിറ്റ് ക്രിയേഷൻ ഫാക്ടറി ഉടമ ഗോപാലും മാനേജർ ആംസ്ട്രോങും പറയുന്നു. ഒാസ്ട്രേലിയ ഫ്രാൻസ് യുകെ ജർമനി എന്നിവടങ്ങളിലേക്കാണ് ഗോപാലിന്റെ കമ്പനി കയറ്റുമതി ചെയ്യുന്നത്. ടെയ്‍ലർ ആയിട്ടാണ് ഗോപാലിന്റെ തുടക്കം. കാലം മാറുന്നതിനനുസരിച്ച് സ്മാർട്ടായി ബിസിനസ് നടത്തുന്നവരിൽ ഗോപാൽ ഉദാഹരണം.
തളരാതെ പിടിച്ചു നിൽക്കുന്നവരും
വിജയിച്ചവരുടെ മാത്രമല്ല, പ്രതിസന്ധികളിൽ വീഴാതെ പിടിച്ചു നിൽക്കുന്നവരുടെയും കൂടി നഗരമാണ് തിരുപ്പൂർ. കോവിഡ് ബിസിനസിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് ഒരു പതിറ്റാണ്ടിലേറെയായി എക്സ്പോർട്ട് രംഗത്തുള്ള സുനി തോമസ് പറയുന്നു.
‘‘ഇടുക്കി ആനവിലാസം സ്വദേശിയായ സുനി കംപ്യൂട്ടർ എൻജിനീയറായിരുന്നു. പഠനകാലത്ത് ഒരു പ്രോജക്ടിനായി കോയമ്പത്തൂരിലെത്തിയപ്പോൾ തൊട്ടടുത്തു കിടക്കുന്ന തിരുപ്പൂരിൽ ഒന്നു വന്നതാണ്. പിന്നെ, തിരിച്ചു പോയില്ല. ഈ മേഖലയോടു തോന്നിയ ഇഷ്ടം കൊണ്ട് എൻജിനീയറിങ് ഉപേക്ഷിച്ച് ഗാർമെന്റ് രംഗത്തേക്ക് ഇറങ്ങി. ക്ലയന്റുമായും ഫാക്ടറിയുമായി ബന്ധിപ്പിക്കുന്ന ഒാർഗനൈസറുടെ റോൾ ആയിരുന്നു തുടക്കം. പിന്നീടു ചെറിയ യൂണിറ്റ് തുടങ്ങി. പിന്നീടതു നൂറുപേരിൽ കൂടുതൽ ജോലി ചെയ്യുന്ന ഫാക്ടറിയുടമയിലേക്ക് എത്തി.
പക്ഷേ, കോവിഡ് എല്ലാം തകർത്തു. ഒരു വർഷം ഫാക്ടറി പൂർണമായും അടച്ചിട്ടു. സ്ഥല വാടക, ജീവനക്കാരുടെ ശമ്പളം... എല്ലാം ഒന്നിച്ചു കൊണ്ടുപോകാനായില്ല. ഒടുവിൽ ഫാക്ടറി ഒഴിവാക്കി. പക്ഷേ, ഈ മേഖല ഉപേക്ഷിക്കാൻ തോന്നിയില്ല. ഫാക്ടറികളിൽ നിന്ന് ഞാൻ ഒൗട്ട് സോഴ്സ് ചെയ്യും. അനീവ ഇംപെക്സ് എന്ന കമ്പനി തുടങ്ങി. ഇപ്പോഴും ഡിസ്നി ഉൾപ്പടെ മികച്ച ക്ലയന്റുകൾ നാലു രാജ്യങ്ങളിലായുണ്ട്. അവർ ഒാർഡർ തരും. മറ്റു ഫാക്ടറികൾ നിന്ന് അത് നിർമിച്ചു കയറ്റി അയയ്ക്കും. ഈ രീതിയിൽ എന്നെ പോലെ ജോലി ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവരിൽ ഒരാളാണ് ഗുണശേഖരൻ.
‘‘പല പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഞങ്ങളെ പോ ലെ ഒരുപാടു പേർ പിടിച്ചു നിൽക്കുന്നുണ്ട്. വലിയ കോർപ്പറേറ്റ് കമ്പനികൾ വന്നതോടുകൂടി ചെറിയ യൂണിറ്റുകൾ ഇല്ലാതായി.’’ ഗുണശേഖരൻ പറയുന്നു.
ആയിരം രൂപയ്ക്ക് എത്ര ടീ ഷർട്ട്
ആയിരം രൂപയും കൊണ്ട് തിരൂപ്പൂരിലെ മാർക്കറ്റിലേക്കിറങ്ങിയാൽ ഒന്നുകിൽ ആയിരം രൂപയുടെ ഒറ്റ ഷർട്ടോ ടോപ്പോ ടീ ഷർട്ടോ വാങ്ങാം. അല്ലെങ്കിൽ പത്തെണ്ണം വാങ്ങാം. അത്ര വെറൈറ്റിയാണ്. ഖാദർപേട്ട് റോഡിന്റെ തുടക്കത്തിൽ തന്നെ തലശ്ശേരിക്കാരനായ സിനാന്റെ കടയുണ്ട്. മുന്നോട്ടു നടന്നാൽ ആർപി ടെക്സ്റ്റൈൽസും മലയാളിക്കടയാണ്. ‘‘ദീപാവലി സീസൺ ആണ്. ഫാക്ടറികളിൽ നിന്നു ചെറിയ കാരണം കൊണ്ട് റിജക്ട് ചെയ്യുന്നവയുണ്ട്. അതാണ് ഇത്തരം കടകളിലുള്ളത്. ഡാമേജ് കൂടുന്നതിന് അനുസരിച്ച് വില കുറയും. 2000 രൂപയിൽ കൂടുതൽ ബ്രാൻഡിന് കൊടുക്കേണ്ടത് ഇവിടെ 500 രൂപയ്ക്ക് കിട്ടും.
കട്ട് ചെയ്യുന്ന തുണിയിൽ നിന്ന് ബാക്കി വരുന്നതു കൊണ്ട് സ്റ്റിച്ച് ചെയ്യുന്ന വസ്ത്രങ്ങളും ഇവിടെയുണ്ട്. ബനിയൻ മെറ്റീരിയൽ കൊണ്ടുള്ള നൈറ്റ് ഡ്രസുകളും കോട്ടന്‍ നൈറ്റ് ഡ്രസുകളുമെല്ലാം തയ്ക്കുന്ന ഒരുപാടു കുഞ്ഞു യൂണിറ്റുകളുമുണ്ട്. ഒരു ദിവസം മുഴുവനെടുത്താലും ഖാദർപേട്ടിലെ കടകളിൽ കയറി തീരില്ല. നേരെ നടന്നോളൂ. അവിടെ വലിയ മാർക്കറ്റുണ്ട്.’’ സിനാൻ പറയുന്നു.
റോഡിന്റെ ഇരുവശവും പതിനായിരക്കണക്കിന് വ സ്ത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. 30 രൂപയ്ക്ക് ടീ ഷർട്ട്. 150 രൂപയ്ക്ക് പാന്റ്സ്, 50 രൂപയ്ക്ക് ഷോർട്സ്.. കല്യാണവീട്ടിലെ ബുഫെയിൽ കയറി എവിടെ നിന്ന് തുടങ്ങണം എന്നുള്ള അതേ സംശയം... തിരക്കിലേക്കു കയറി നിന്നു.
