‘ജീവിക്കുന്ന സ്ഥലം ക്ഷേത്രമാണെന്നാണ് അവരുടെ വിശ്വാസം’; വെള്ള ഗവിയിലെ ചെരിപ്പിടാത്ത മനുഷ്യരുടെ കഥ
Mail This Article
മേഘങ്ങൾക്കു തൊട്ടു താഴെ നിന്നു സൂര്യോദയം കാണാനൊരു മോഹം തോന്നി. സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഓരോ മലയുടെയും ഉച്ചിയിൽ നിന്നുമുള്ള ഉദയക്കാഴ്ച വ്യത്യസ്തമാണ്. പല സ്ഥലപ്പേരുകളും മനസ്സിൽ വന്നു. ഒടുവിൽ ആ പേര് കണ്ടതും കൗതുകം തോന്നി. ‘വെള്ള ഗവി’ തമിഴ്നാട് കൊടൈക്കനാലിലെ മലഞ്ചെരുവിൽ ഉള്ള ഗ്രാമം. അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യം ഈ ഗ്രാമത്തിൽ താമസിക്കുന്നവർ ആരും ചെരിപ്പിടാറില്ല. അവർ അങ്ങനെ നഗ്നപാദരായി ജീവിക്കുന്നതിനു പിന്നിലൊരു കഥയുണ്ട്. അതു വഴിയേ പറയാം. തൽക്കാലം യാത്രയ്ക്കൊരുങ്ങാം.
മലമുകളിൽ, മേഘങ്ങൾക്കു മുകളിൽ, ഏകദേശം 4196 അടി ഉയരത്തിൽ നിന്നുള്ള സൂര്യോദയ കാഴ്ച. വിവരം ഫ്രണ്ട്സ് ഗ്രൂപ്പിൽ അവതരിപ്പിച്ചു. യാത്രാമോഹത്തിന്റെ പൂക്കൂടയിലേക്ക് സുഹൃത്തുക്കൾ ഓരോരുത്തരായി അവർതേടിപ്പിടിച്ച വെള്ള ഗവി വിശേഷങ്ങൾ ഇറുത്തിട്ടു. ഇപ്പോഴും വാഹനങ്ങളുടെ പുകയില്ലാത്ത ‘ശുദ്ധമായ’ വായുവാണു വെള്ളഗവിയിലേത്. യാത്ര ഇഷ്ടപ്പെടുന്നവരാണ് ഗ്രൂപ്പിലെ സുഹൃത്തുക്കളെല്ലാം. കാര്യങ്ങളെല്ലാം ചടപടേന്നു തീരുമാനമായി.
യാത്രയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും ഇതെന്നു തോന്നി. എട്ടു കിലോമീറ്റർ ട്രക്കിങ് വേണ്ടിവരുന്നതിനാൽ രോഗങ്ങൾ അ ലട്ടുന്നവരും കൊച്ചുകുട്ടികളും ഈ റൂട്ട് ഒഴിവാക്കുന്നതാണു നല്ലത്. പലരിൽ നിന്നു കിട്ടിയ വിവരങ്ങളിൽ നിന്നു വെള്ള ഗവിക്കുള്ള റൂട്ട് മാപ് റെഡി ആയി.
പാലക്കാടു നിന്നു തുടക്കം
പുലർച്ചെ 4:30ന് പാലക്കാടു നിന്നു യാത്ര തിരിച്ചു. സഞ്ചാര സ്നേഹികളായ, പ്രകൃതിയെ ഇഷ്ടപ്പെടുന്ന 20 പേരടങ്ങുന്ന യാത്രാസംഘം. പല മേഖലകളിൽ പ്രവർത്തിക്കുന്ന, പല പ്രായത്തിലുള്ള 20 പേർ. പുലർകാലവെളിച്ചത്തിന്റെ കുളിർമയുള്ള പ്രഭാതം. രാവിലെ 6:30ന് ഞങ്ങൾ പളനിയിലെത്തി. അവിടെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചു കൊടൈക്കനാലിലേക്കു തിരിച്ചു. വട്ടക്കനാലാണു വാഹനത്തിൽ എത്തിച്ചേരാവുന്ന ലാസ്റ്റ് പോയിന്റ്. ഉച്ചയോടെ അവിടെ എത്തി.
വെള്ള ഗവിയിലേക്കുള്ള ട്രക്കിങ്ങിന്റെ തുടക്കം വട്ടക്കനാലിൽ നിന്നാണ്. അവിടെ നിന്ന് ഒരു കിലോമീറ്റർ പിന്നിടുമ്പോഴുള്ള വ്യൂപോയിന്റാണ് ‘ഡോൾഫിൻ നോസ്’. ഡോൾഫിന്റെ രൂപമുള്ള പാറയും മലയും സന്ദർശകരെ ആകർഷിക്കുന്നു. അതിനുശേഷം നടത്തം ക്ലേശകരമായിക്കൊണ്ടിരുന്നു.
ലക്ഷ്യത്തിലേക്ക് ഇനിയുമുണ്ടു കിലോമീറ്ററുകൾ. ആ തിരിച്ചറിവോടെ ആരോഗ്യം വീണ്ടെടുത്ത് എല്ലാവരും ഊർജസ്വലരായി. വിശ്രമിച്ചും കഥകൾ പറഞ്ഞുമാണു ഞങ്ങ ൾ മുന്നോട്ടു നീങ്ങിയത്. അതിനാൽത്തന്നെ ഇരുട്ടു പരന്നിട്ടും വെള്ള ഗവിയിൽ എത്തിയില്ല.
ടോർച്ചിന്റെയും മൊബൈൽ ഫ്ലാഷിന്റെയും നുറുങ്ങു വെട്ടങ്ങളായി ഇരുൾമൂടിയ വഴികളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. ഇടയ്ക്കു വെളിച്ചം അണച്ചു നിശബ്ദത ആസ്വദിച്ചു. ഈ ഗ്രാമം പൂർണമായും കാടുകളാലും മലകളാലും ചുറ്റപ്പെട്ടിരിക്കുന്നു.
നക്ഷത്രങ്ങൾ, കാറ്റിന്റെ തണുപ്പ്, ചീവിടുകളുടെ ശ ബ്ദം, അരുവിയുടെ മന്ദ്രസംഗീതം. മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ആനന്ദത്തിന്റെ തൂവലിളക്കം.
എങ്ങും നിറഞ്ഞ രാത്രിയുടെ നിഴൽ. വെള്ള ഗവിയിലേക്കു ഞങ്ങൾ പ്രവേശിച്ചു. അപരിചിതമായ ദൃശ്യങ്ങളാണു കാടിന്റെ ഇരുട്ടിൽ ഒളിച്ചിരിക്കുന്നത്.
ചെരിപ്പിടാത്തവരുടെ ഗ്രാമം
‘പാദുകങ്ങൾ ഉപയോഗിക്കാത്ത ഗ്രാമം’ – ഇതാണു വെള്ള ഗവിയുടെ വിശേഷണം. ചെരിപ്പുകൊണ്ടു പോലും ഭൂമിയെ നോവിക്കാത്തവരാണു വെള്ള ഗവിയിലെ മനുഷ്യർ. 300 വർഷം പഴക്കമുള്ള സംസ്കാരം പിന്തുടരുന്നവരാണ് അവർ. ജീവിക്കുന്ന സ്ഥലം ക്ഷേത്രമാണെന്ന് അവർ വിശ്വസിക്കുന്നു. ദേവാലയത്തിൽ എന്ന പോലെ നടന്നു ശീലിച്ചപ്പോൾ അവർക്കു പാദുകങ്ങൾ ആവശ്യമില്ലാതായി.
വെള്ള ഗവിയുടെ പ്രവേശന പാതയിൽ ഒരു ക്ഷേത്രമുണ്ട്. അഥവാ, വെള്ള ഗവിയിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്നത് ഈ ക്ഷേത്രമാണ്. ക്ഷേത്രത്തിനപ്പുറത്തേക്ക് ചെരിപ്പു ധരിക്കരുതെന്നാണു വിശ്വാസം. ഏതു സ്ഥലത്തു ചെല്ലുമ്പോഴും അവിടുത്തെ രീതികളും ആചാരങ്ങളും പിന്തുടരുന്നവരാണല്ലോ യഥാർഥ സഞ്ചാരികൾ.
വെള്ള ഗവിയിലേക്കു പ്രവേശിച്ചപ്പോൾ ഞങ്ങൾ ചെരിപ്പ് അഴിച്ചു. അന്തിയുറങ്ങാനുള്ള ക്യാംപിലേക്കു കുറച്ചു ദൂ രം കൂടി നടക്കണം. നഗ്നപാദരായി വെള്ള ഗവിയുടെ മണ്ണിന്റെ തണുപ്പു തൊട്ടറിഞ്ഞു നടന്നപ്പോൾ ആ നാട്ടിൽ ജീവിക്കുന്നവരുടെ നിഷ്കളങ്കത മുന്നിൽ തെളിഞ്ഞു.
കുതിരയാണ് ഇപ്പോഴും അവിടത്തുകാരുടെ ‘വാഹനം’. ഈ ഗ്രാമത്തെ ‘വെർജിൻ ലാൻഡ്’ എന്നു വിശേഷിപ്പിക്കാം. വഴിയിലെവിടെയും സൈക്കിൾ പോലും കണ്ടില്ല. വാഹനങ്ങളുടെ പുകയില്ലാത്ത സ്ഥലത്ത് ഒരു ദിനം ചെലവിടാൻ ആഗ്രഹമുള്ളവർക്കു തിരഞ്ഞെടുക്കാവുന്ന സ്ഥലം. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള കടകൾ ഉള്ളതു കൊടൈക്കനാലിലാണ്.
അരിയും പലവ്യഞ്ജനങ്ങളുമൊക്കെ കുതിരപ്പുറത്തു കയറ്റിയാണു വീട്ടിലേക്കു കൊണ്ടു വരുന്നത്. ‘വികസനം’ എന്ന വാക്കിനെക്കാൾ ‘പ്രകൃതി’ എന്ന ആശയത്തെ അ വർ സ്നേഹിക്കുന്നു. പണ്ട് ഇവിടെ അപകടം സംഭവിച്ചാ ൽ പുറത്തു നിന്നൊരു സഹായം ലഭിക്കാൻ മണിക്കൂറുക ൾ കാത്തിരിക്കണമായിരുന്നു.
മൊബൈൽ ഫോൺ എത്തിയതോടെ ആശയവിനിമയം സുഗമമായി. എന്നാൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ ആംബുലൻസ് എത്താനായിട്ടെങ്കിലും ഒരു റോഡ് വേണമെന്നുള്ള ആവശ്യം ഇതുവരെ സാധ്യമായിട്ടില്ല. ആശയവിനിമയത്തിന്റെ റിയൽ ചിത്രമായി തപാൽ ഓഫിസുണ്ട്. പോസ്റ്റ് ഓഫിസ് അവിടെ പ്രവർത്തിക്കുന്നതു സേവിങ്സ് ബാങ്കായിട്ടാണ്.
ഏലം, കാപ്പി, ഓറഞ്ച് എന്നിവ വിറ്റു കിട്ടുന്ന തുകയിൽ മിച്ചം കിട്ടുന്നത് ഇവിടത്തുകാർ പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നു. അതാണവരുടെ ആകെ സമ്പാദ്യം.
ഗ്രാമത്തിലൂടെ നടന്നു. വിറകു കെട്ടുകളും പച്ചക്കറികളും ചുമന്നു നീങ്ങുന്ന ഗ്രാമവാസികളെ കണ്ടു. മൂപ്പനാണു ഗ്രാമത്തിന്റെ നാഥൻ. ഭൈരവൻ എന്നാണ് ഇപ്പോഴത്തെ മൂപ്പന്റെ പേര്. 80 വയസ്സുള്ള മൂപ്പൻ അവിടത്തുകാർക്കു പ്രിയപ്പെട്ടയാളാണ്. ഗ്രാമത്തിലെ 150 കുടുംബങ്ങളുടേയും നാഥൻ. നാട്ടുകാരോടു ക്ഷേമാന്വേഷണം നടത്തി ഗ്രാമത്തിലൂടെ നടന്നു നീങ്ങുന്ന മൂപ്പനെ ഞങ്ങൾ കണ്ടു.
ഒറ്റയടിപ്പാതയിലൂടെ നടന്നു വെള്ള ഗവിയിലെ മലകളുടെ സൗന്ദര്യം ആസ്വദിച്ചു. കുന്നിൻമുകളിൽ നിന്നാൽ മലഞ്ചെരിവുകൾ കാണാം. പളനിയും തേനിയും കൊടൈക്കനാലുമൊക്കെ അതിൽ ഉൾപ്പെടുന്നു.
ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്താണ് ക്യാംപ് സൈറ്റ്. താമസത്തിന് ടെന്റുകളും ഭക്ഷണവും ലഭിക്കും. മുൻകൂട്ടിഅറിയിക്കണമെന്നു മാത്രം. ട്രാവൽ ഗ്രൂപ്പുകൾ വഴിയാണു കൂടുതലും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. മറ്റു ബുക്കിങ് സംവിധാനങ്ങൾ നിലവിൽ ലഭ്യമല്ല.
ഗ്രാമവാസികൾ വീടുകളിൽ തയാറാക്കുന്ന ഭക്ഷണമാണു സന്ദർശകർക്കും നൽകുന്നത്. കാടിന്റെ സ്വച്ഛതയിൽ ജീവിക്കുന്ന പ്രദേശവാസികൾക്കു ശല്യമുണ്ടാക്കാത്ത തരത്തിൽ വേണം പെരുമാറാൻ. ഉച്ചത്തിലുള്ള പാട്ടുകൾ, സ്പീക്കർ ഇവ ഒഴിവാക്കണം. കാട്ടിലെത്തുമ്പോൾ നിശബ്ദതയും സംഗീതമാകുമെന്നറിയുക.
പുലർകാല സുന്ദര സ്വപ്നത്തിൽ
പിറ്റേന്നു പുലരിയിൽ സമ്മോഹനമായ ആ കാഴ്ച ഹൃദയം കവർന്നു. വെള്ള ഗവിയിലെ സൂര്യോദയം. മലയുടെ തിരുനെറ്റിയിൽ തൊട്ട തിളങ്ങുന്ന വലിയ പൊട്ടു പോലെ സൂര്യൻ. മറ്റൊന്നിനോടും താരതമ്യം ചെയ്യാനില്ലാത്ത ഭംഗി. അത്ര സുന്ദരവും ശാന്തവുമായ ഒരു പ്രഭാതദൃശ്യം അതിനു മുൻപ് കണ്ടിട്ടില്ല. ആ നിമിഷം പകർന്ന ഉന്മേഷത്തിൽ അതുവരെ താണ്ടിയ പാതകളുടെ കാഠിന്യമത്രയും അലിഞ്ഞു പോകുന്നതു പോലെ തോന്നി.
നിറങ്ങളിൽ നീരാടി
നിരയായി നിർമിച്ച വീടുകളിലാണു വെള്ളഗവിക്കാർ താമസിക്കുന്നത്. വീതി കുറഞ്ഞ വഴിയിൽ മുഖാമുഖമായിട്ടാണു വീടുകൾ നിർമിച്ചിട്ടുള്ളത്. കൈകോർത്തു പിടിച്ച പോലെ മതിലുകൾ കൂടിച്ചേർന്നിരിക്കുന്നു. നിറങ്ങളോടുള്ള പ്രണയം പെയിന്റിങ്ങിൽ വ്യക്തമാണ്.
കടും നിറങ്ങൾ ചാലിച്ചാണു മതിലിനു പെയിന്റ് ചെയ്തിട്ടുള്ളത്. ചില വീടുകളുടെ ഭിത്തിയിലും മതിലിലും ചിത്രങ്ങളും കൊത്തുപണികളും കണ്ടു. അരിപ്പൊടി കോലങ്ങൾ മുറ്റത്തു വരച്ച് ഐശ്വര്യത്തെ വരവേൽക്കുന്ന തമിഴ്പാരമ്പര്യം ഇവിടുത്തെ ആളുകൾ പിന്തുടരുന്നു.
വെള്ള ഗവിയിൽ ആശുപത്രി ഇല്ല. ചികിത്സയ്ക്ക് കൊടൈക്കനാലിൽ പോകണം. ആശുപത്രിയിലെത്താൻ ഈ ദൂരമത്രയും കുതിരപ്പുറത്തു സഞ്ചരിക്കണം. ‘‘ഗർഭിണിയെ കുതിരപ്പുറത്തു കയറ്റി കൊടൈക്കനാലിൽ എത്തിക്കുന്നതിന്റെ റിസ്ക് ആലോചിച്ചു നോക്കൂ’’ അവിടെ വച്ചു പരിചയപ്പെട്ട ഒരാൾ സങ്കടം പ്രകടിപ്പിച്ചു.
അപരിചതരോടു പോലും ബന്ധുക്കളെ പോലെ പെരുമാറുന്നതാണു വെള്ള ഗവിക്കാരുടെ രീതി. അവിടെയൊരു വീട്ടിൽ നിന്ന് ‘ലെമൺ റൈസ്’ കഴിച്ചപ്പോൾ അവരുടെ സ്നേഹം തിരിച്ചറിഞ്ഞു. വെള്ള ഗവിയിൽ നിന്നു നാട്ടിലേക്കു തിരിച്ചപ്പോൾ ഞങ്ങൾ സംസാരിച്ചത് അവിടുത്തുകാരുടെ സ്നേഹത്തെക്കുറിച്ചായിരുന്നു.
മണ്ണിനെ അറിഞ്ഞു ജീവിക്കുന്നവർക്കു മറ്റുള്ളവരുടെ മനസ്സ് പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവുണ്ട്. വെള്ളഗവിയിൽ നിന്നു പകർന്നു കിട്ടിയ വലിയ പാഠം അതാണ്.
TRAVEL INFO
തമിഴ്നാട്ടിൽ കൊടൈക്കനാലിലെ മലഞ്ചെരിവാണു വെള്ളഗവി. 150 കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമം. കൊടൈക്കനാലിൽ നിന്നാണു വെള്ളഗവിയിലേക്കു ട്രക്കിങ് ആരംഭിക്കുന്നത്. ട്രാവൽ ഗ്രൂപ്പുകൾ വഴി യാത്ര ബുക് ചെയ്യാം. ടെന്റുകളിൽ താമസിക്കാം. ഗ്രാമവാസികൾ തയാറാക്കുന്ന ഭക്ഷണമാണ് ട്രാവൽ ഗ്രൂപ്പുകൾ ലഭ്യമാക്കുന്നത്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളേയുള്ളൂ.
എഴുത്തും ചിത്രങ്ങളും: അംജിത് പി.