ADVERTISEMENT

മഞ്ഞുമലയുടെ താഴ്‍വാരത്തിലിരുന്ന്  ഒരു ക പ്പു കാപ്പി ഊതിക്കുടിക്കുക; കാപ്പിയെ പ്രണയിക്കുന്ന ഒരാൾക്കു കാണാൻ പറ്റുന്ന നല്ല സ്വപ്നം. അതായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയും ഈ യാത്രയെക്കുറിച്ചു ചിന്തിച്ചിരുന്നത്.

തണുത്തുറഞ്ഞ ആർട്ടിക് പ്രദേശത്തേക്കുള്ള അ പൂർവമായ യാത്ര. െഎസ് ഉറഞ്ഞു കപ്പലുകൾ അനങ്ങാതെ നിന്നു പോകുമത്രെ. മഞ്ഞുമലകളെ സൂര്യന്‍ തൊടുമ്പോൾ വൈരം തിളങ്ങും. പിന്നെ, ഹിമക്കരടിയുടെ നിഷ്കളങ്ക നൃത്തം...  കേട്ട കഥകളിലെ ഏറ്റവും സുന്ദരമായ ഫ്രെയിമുകള്‍  ലക്ഷ്മി ഗോപാലസ്വാമിയുടെ മനസ്സില്‍ ചിലങ്ക കെട്ടിയിരുന്നു. എന്നാൽ യാത്ര കഴിഞ്ഞപ്പോൾ‌ ബാക്കിയായതു സൗന്ദര്യമുള്ള കാ‌ഴ്ചകൾ മാത്രമല്ല. മനസ്സു തന്നെ റീസ്റ്റാർട്ട് ചെയ്യാനായി. കാഴ്ചപ്പാടുകൾ മാറി, തോന്നലുകളുടെ െഎസ് ഉരുകി... മഞ്ഞുകാഴ്ചകളുടെ ഡയറിത്താളുകൾ ലക്ഷ്മി ഗോപാലസ്വാമി മറിച്ചുതുടങ്ങി.

ADVERTISEMENT

മേയ് 18, യാത്രയ്ക്കു മുൻപ്

‘‘നാളെ മുതൽ  ഒൻപതു ദിവസം സ്വപ്നത്തിലൂടെയുള്ള കപ്പൽ സഞ്ചാരമാണ്. സത്യത്തിൽ ഈ ട്രിപ് വേ ണോ എന്നു കുറേ ആലോചിച്ചതാണ്. അമ്മയുടെ മരണം അത്രയേറെ തളർത്തിയിരുന്നു. തിരിച്ചു വരാത്ത യാത്രയ്ക്ക് ഇത്ര ധൃതിപ്പെട്ട് അമ്മ  പോകുമെന്ന്  ഒാർത്തില്ല. ചെറിയൊരു വീഴ്ച. അത്രയേ ഉണ്ടായുള്ളൂ. പിന്നെ, ഒന്നരമാസത്തിനുള്ളിൽ അമ്മ പോയി. എന്റെ  ജീവിതത്തിന്റെ  നങ്കൂരമായിരുന്നു അമ്മ.

ADVERTISEMENT

ഇത്രയും എഴുതിയപ്പോഴേക്കും കണ്ണു നിറയുന്നു.   ഈ മൂഡിൽ നിന്നു മാറ്റാനാണു കൂട്ടൂകാരായ മീത്തയും മൗനയും  ഈ യാത്രയ്ക്കു നിർബന്ധിക്കുന്നത്. ആദ്യം  പോകാൻ തോന്നിയിരുന്നില്ല.  എന്നാൽ ആ  നാടിനെക്കുറിച്ച് അറിയും തോറും ഇഷ്ടപ്പെട്ടു തുടങ്ങി. മനുഷ്യരില്ലാത്ത മഞ്ഞു മലകളുടെ നാട്.  അവിടെ മഞ്ഞും ഒരു കപ്പലും അ തിലെ 120 യാത്രക്കാരും.  

lakshmi-artic-trip-picture1

ബാക്കി നാളെയാകാം. ബാഗ് പാക്കിങ് കഴിഞ്ഞിട്ടില്ല. വെറും 15 കിലോ മാത്രമേ ഈ യാത്രയ്ക്ക് അനുവദിച്ചിട്ടുള്ളൂ. രണ്ടു ദിവസത്തേക്ക് 20 കിലോ കൊണ്ടു യാത്ര പോകുന്ന എനിക്ക് 9 ദിവസത്തേക്ക്  15 കിലോ. എന്തൊക്കെ എടുക്കണം എന്നൊരു പിടിയും കിട്ടുന്നില്ല.  

ADVERTISEMENT

മേയ് 20 ആദ്യ ദിവസം

ഇന്നലെ എഴുതാനായില്ല. മുഴുവൻ സമയ ഫ്ളൈറ്റ് യാത്ര ശരിക്കും  തളർത്തിക്കളഞ്ഞു. ബെംഗളൂരുവിൽ  നിന്നു  ഫ്രാങ്ക്ഫർട്ട് പിന്നെ ഹെൽസിങ്കി. മീത്തയും മൗനയും മ റ്റൊരു ഫ്ലൈറ്റിലാണ്  എത്തിയത്.  ഒറ്റയ്ക്കു  മണിക്കൂറുകൾ നീണ്ട യാത്ര  ശരിക്കും മടുപ്പിച്ചു. ഭക്ഷണക്രമം തെറ്റിയതോടെ തലവേദന കൂടും തുറന്നിറങ്ങി. പക്ഷേ, കൂട്ടുകാരെ കണ്ടതോടെ ഞാൻ ഉഷാറായി.

ഹെൽസിങ്കി എയർപോർട്ടിൽ ക്വാർക് എക്സ്പെഡിഷനുള്ള  മറ്റുയാത്രക്കാരെ കണ്ടുമുട്ടി. ഒൻപത് ഇന്ത്യക്കാർ. ബാക്കി ലോകത്തെ പല രാജ്യങ്ങളിൽ നിന്ന്.

രാവിലെ എക്സ്പഡിഷനു  മാത്രമുള്ളവർ കയറിയ ആ  ചാർട്ടേഡ് ഫ്ലൈറ്റ് നോർവേയിലെ സ്വാൽബാഡ് വിമാനത്താവളത്തിലെത്തി. ശാന്തമായി കിടക്കുന്ന കടലിനരികിലെ പാവം വിമാനത്താവളം. എയർപോർട്ടിൽ ഇറങ്ങിയപ്പോഴേക്കും പണ്ടു സ്കൂളിൽ എക്സ്കർഷന് പോയ കുട്ടി എന്റെ മനസ്സിൽ ഉണർന്നു. ആകാംക്ഷ, ആവേശം...  

എന്റെ ആദ്യ കപ്പൽ യാത്രയാണ്. തണുപ്പെന്നു കേട്ടാലേ  വിറയ്ക്കും. എന്നാലും രണ്ടു പ്രാവശ്യം ഹിമാലയം പോയിട്ടുണ്ട്. കപ്പലിൽ 24 മണിക്കൂറും തുറന്നിരിക്കുന്നുണ്ടെന്നു പറഞ്ഞ കോഫീ ഷോപ് ആദ്യം കണ്ടുപിടിക്കണം. ബാക്കി എഴുത്തു കപ്പലിൽ കയറിയിട്ട്...

lakshmi-artic-travel9

രാത്രി. ഇതെഴുതുന്നതു കപ്പലിലെ ബങ്ക് ബെഡ്ഡിനു മുകളിലിരുന്നാണ്. ഒരു മുറിയിൽ മൂന്നു പേരാണ്. സിനിമ തരുന്ന ‘ഒാമനിക്കൽ’ ശരിക്കും എന്നെ ബാധിച്ചിരുന്നു. എ വിടെ ചെന്നാലും സഹായിക്കാൻ ആളുകൾ. സ്വകാര്യത...  ഇവിടെ അതൊന്നുമില്ലല്ലോ. പോരെങ്കിൽ റൂം ഷെയറിങും.

 മുറിയിലെത്തിയപ്പോഴേക്കും ബാക്കി രണ്ടുേപരും അവരുടെ കിടക്കകളിൽ ഇരിക്കുന്നു. എന്റെ കിടക്ക ബങ്ക് ബ ഡ്ഡിന് മുകളിലും. എന്താണോ പേടിച്ചത് അതുപോലെ തന്നെ സംഭവിച്ചു. മുകള്‍ നിലയിലേക്ക്  എങ്ങനെ കയറും എന്നറിയാതെ അന്തംവിട്ടു നിന്ന എന്നെ രണ്ടുപേരും  സ്വാഗതം ചെയ്തു. ഹോളണ്ടിൽ നിന്നുള്ള ജാക്വിലിനും ബ്രിട്ടനിൽ നിന്നെത്തിയ ഡോണയും.

ജാക്വിലിൻ  ഒളിംപിക്സ് ടീമിന്റെ ഫിസിയോ തെറപിസ്റ്റ് സംഘാംഗം.  ഡോണ കോർപ്പറേറ്റ് കമ്പനിയിലെ ജോലി മടുത്ത് ഡോഗ് ട്രെയ്നറായി. പെട്ടെന്ന് തിരിച്ചറിഞ്ഞു, ഞങ്ങളെല്ലാം ഒരേ വൈബാണ്. സംസാരിച്ചു തുടങ്ങിയപ്പോഴേ അ വർ പറഞ്ഞു, നിന്റെ പേര്   വിളിക്കാൻ  നാവ് വഴങ്ങില്ല. അതുകൊണ്ട് ലാല എന്നാക്കാം.  രാത്രി വൈകി ഗുഡ്നൈറ്റ് പറയുമ്പോൾ ഡോണ പറഞ്ഞു, നമ്മൾ മൂന്നും അവിവാഹിതരാണ്. അത് വളരെ നന്നായി. എല്ലാവരും  പൊട്ടിച്ചിരിച്ചു. നാളെ മ‍ഞ്ഞിലെ വിസ്മയങ്ങൾ കാണാം.

lakshmi-artic-travel-new

മേയ് 21 മഞ്ഞുപാളികൾക്കു മേലെ...

ഗുഡ്മോണിങ് പ്രിയപ്പെട്ടവരെ... മൈക്കിലൂടെ ക്യാപ്റ്റന്റെ ശബ്ദം കേട്ടാണു ഞങ്ങൾ എഴുന്നേറ്റത്. ഒരു കപ്പു കാപ്പിയുമായി  ഡെക്കിലേക്കു പോയി. അദ്ഭുതകാഴ്ചയാണത്. മഞ്ഞുപാളികൾ  തള്ളി നീക്കി പതുക്കെ പോകുന്ന കപ്പൽ. തണുപ്പ് അരിച്ചെത്തുന്നു. ഏതോ ഹോളിവുഡ് സിനിമയിലെ സീനുകൾ പോലെ. വെറും യാത്ര മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു മനസ്സിലാക്കി തരുന്നതു കൂടി ഇതിന്റെ   ലക്ഷ്യമാണ്. അതുകൊണ്ടു തന്നെ ക്രൂവി ൽ  ഭൗമശാസ്ത്രജ്ഞരും സമുദ്രശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും ചരിത്രകാരന്മാരും എല്ലാമുണ്ട്.  

കാഴ്ച  കാണാനുള്ള ഒരുക്കം തന്നെ  വലിയ പ്രയാസമാണ്. തണുപ്പിനെ പ്രതിരോധിക്കാൻ ആറോ ഏഴോ ലെയർ വസ്ത്രങ്ങൾ. തെർമലുകളും ഭാരം കൂടിയ മറൈൻ വൂൾ ജാക്കറ്റുകളും ഉണ്ട്. ഇതിനു പുറമെ യുവി രശ്മികളെ പ്രതിരോധിക്കാനുള്ള സൺഗ്ലാസ്സുകളും വലിയ ബൂട്ടുകളും വേറെ.  അതു ധരിച്ചു കഴിഞ്ഞപ്പോൾ തന്നെ ക്ഷീണിച്ചു.

സോഡിയാക് എന്ന കുഞ്ഞു ബോട്ടിലാണു തീരത്തേക്കു പോകേണ്ടത്. ഇത്രയും ഭാരമുള്ള വസ്ത്രങ്ങളിട്ട് സോഡിയാക്കിൽ കയറാൻ ശരിക്കും ബുദ്ധിമുട്ടി. അപ്പോൾ തീരത്തെങ്ങനെ നടക്കും എന്നോർത്തു പേടിയുണ്ടായിരുന്നു. പക്ഷേ, കാഴ്ചകളുെട ഭംഗി അതെല്ലാം മാറ്റി.

മഞ്ഞുപാളികളിൽ കൂടിയാണു നടക്കുന്നത്. െഎസിന്റെ കട്ടിയുള്ള ഗ്ലാസ് ബ്രിഡ്ജ്... താഴെ തണുത്തുറഞ്ഞ ജലം കാണാനാകില്ല. ദൂരെ ചെറിയ കോട്ടേജുകൾ.  വർഷങ്ങൾക്കു മുൻപ് ധ്രുവപ്രദേശങ്ങൾ തിരഞ്ഞു വന്നവരുടെ ശേഷിപ്പുകളാകാം. ഈ തണുപ്പിനെ അവർ അതിജീവിച്ചിട്ടുണ്ടാവുമോ?

artic-bear-lakshmi-travel

സോഡിയാക്കിൽ നിന്നു തിരികെ കപ്പലിൽ കയറിയപ്പോൾ  മൗനയെയും  മീത്തയെയും കണ്ടു. ഇതെന്റെ റൂമീസ് എന്നു പറഞ്ഞ് ജാക്വിലിനെയും ഡോണയെയും പരിചയപ്പെടുത്തിയപ്പോൾ ഡോണ ചാടിക്കയറി പറഞ്ഞു;‘‘നോ.. മം ആൻറ് ഡാഡ്. ഇത്രയും വസ്ത്രങ്ങൾ ധരിക്കാൻ ഞങ്ങളാണു സഹായിച്ചത്.’’ പിന്നൊരു പൊട്ടിച്ചിരി ആയിരുന്നു. നന്നായി ഉറക്കം വരുന്നു. നല്ല ക്ഷീണമുണ്ട്. ഗുഡ്നൈറ്റ്.

മേയ് 24. ഹിമനൃത്തം

ഇന്നലെ എഴുതാനായില്ല. ഇതു നാലാം ദിവസമാണ്. എഴുന്നേറ്റിട്ടില്ല. പതുക്കെയാണു കപ്പൽ പോവുന്നത്.  ബെഡ്റൂമിലെ കർട്ടൻ നീക്കി നോക്കിയാൽ െഎസ് പാളികൾ മാത്രമേ കാണുന്നുള്ളൂ. കൺമുന്നിൽ രണ്ടു നിറങ്ങളേയുള്ളൂ–ആകാശ നീലയും മഞ്ഞിന്റെ വെളുപ്പും.    

നേരെ ഡെക്കിലേക്കു പോയി. മഞ്ഞുപാളികൾ മുറിച്ചു കപ്പൽ പോകുന്നതു കണ്ടിരിക്കാൻ നല്ല ഭംഗിയാണ്. പെട്ടെന്നാണ് ‘ഹിമക്കരടികൾ’ എന്നാരോ വിളിച്ചു പറഞ്ഞത്.

ഒാടിച്ചെന്ന് ടെലസ്കോപ്പിലൂടെ  നോക്കി. മഞ്ഞുകുപ്പായമിട്ട ടെഡിബെയറിനെ പോലെയുണ്ട്.  കുറച്ചു കഴിഞ്ഞപ്പോൾ അത് അനങ്ങിത്തുടങ്ങി. കണ്ടാൽ നൃത്തം ചെയ്യുകയാണെന്നു തോന്നും. അതു നൃത്തമായിരുന്നില്ല. ദേഹം വൃത്തിയാക്കുകയാണത്രെ...

lakshmi-artic-trip

കപ്പലിലെ ശാസ്ത്രജ്ഞര്‍ ഹിമക്കരടികളെക്കുറിച്ചു പറഞ്ഞു തന്നു. ലോകത്തിലെ ഏറ്റവും വലിയ കരടികളാണ് പോളാർ കരടികൾ. ഉത്തരധ്രുവത്തിന്റെ വടക്കേയറ്റം അടക്കി വാഴുന്നവർ. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കൂടുതൽ ബാധിക്കാൻ പോകുന്നത് ഇവയെയാണ്.

മഞ്ഞുപാളികൾക്കിടയിൽ ജീവിക്കുന്ന ആർട്ടിക് സീലുകളാണ് ഹിമക്കരടിയുടെ ഭക്ഷണം. മഞ്ഞുരുക്കം സീലുകളുടെ എണ്ണത്തിൽ   കുറവുണ്ടാക്കി. അതുകൊണ്ടുതന്നെ പോളാർ കരടികൾക്കു ഭക്ഷണം കിട്ടാതെ  വംശനാശം സംഭവിക്കാൻ സാധ്യത കൂടുതലാണ്.   

മേയ് 25 അമ്മക്കരടിയും കുഞ്ഞും

ഈ  അഞ്ചാം ദിവസം   മറക്കാനാകില്ല.  ഒാരോ യാത്രയിലും ഏറ്റവും സുന്ദരമായ ഒരു കാഴ്ച കാത്തിരിക്കുന്നുണ്ടാകും. അപ്രതീക്ഷിതമായി അതു മുന്നിലെത്തുമ്പോൾ വിസ്മയിച്ചു പോകും. ആ നിമിഷം ഇന്നായിരുന്നു.

പെട്ടെന്നാണു  ടെലസ്കോപ്പിനു മുന്നിലേക്ക് അവരെത്തിയത്. തിളങ്ങുന്ന വെയിലിൽ  മഞ്ഞുപാളിയിൽ ഒരനക്കം. രണ്ടു ധ്രുവക്കരടികൾ– ഒരമ്മയും കുട്ടിയും. പെട്ടെന്നാണു തൂവെള്ളയിലേക്കു ചുവപ്പു പടർന്നത്. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ചോരയാണ്. അമ്മക്കരടി ഒരു സീലിനെ കടിച്ചു പിടിച്ചിട്ടുണ്ട്. അത് നിലത്തിട്ട ശേഷം  കുഞ്ഞിനെ  പഠിപ്പിക്കുന്നു. സീലിനുള്ളിലെ കൊഴുപ്പുമാത്രമേ അവ കഴിക്കാറുള്ളൂ. അതെങ്ങനെ  എടുക്കണം, എങ്ങനെ കഴിക്കണം എന്നെല്ലാമാണു കാണിച്ചു കൊടുക്കുന്നത്.

lakshmi-travel-artic

മാജിക് പോലെയാണ് ആ നിമിഷം തോന്നിയത്. കടലിലെ െഎസ് പാളികൾ, അതിനപ്പുറം െഎസ് മലകൾ, നീലാകാശം. വെയിൽ വീണു മഞ്ഞിന്റെ തിളക്കം. ഇതിനൊക്കെ അപ്പുറം രണ്ടു കരടികൾ. പ്രകൃതിയുടെ വിസ്മയം ക ണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി. ആനന്ദത്തിനപ്പുറമുള്ള അവസ്ഥ.   ഇത്രയും അപൂർവമായ കാഴ്ചകൾ കാണാനും കഥകൾ കേൾക്കാനും സാധിക്കുന്നു. ഇതുപോലെ യാത്ര ചെയ്യാനാകുന്നു. ആരുടെയൊക്കെയോ അനുഗ്രഹം.

മേയ് 27 വെയിൽ വീഴുന്ന ശബ്ദം

ഇന്ന് നല്ല സൂര്യപ്രകാശമുള്ള ദിവസമായിരുന്നു. വെള്ള നിറമുള്ള കുന്നിൻ ചെരുവിലാണു കപ്പൽ അടുത്തത്.  നീല നിറമുള്ള ആകാശത്തിനു കീഴെ െവളുത്ത മലനിരകൾ.  

‌എല്ലാവരും മഞ്ഞുമല കയറി തുടങ്ങി. ശബ്ദം കേട്ടപ്പോൾ മലകളിലെ  ചെറിയ ദ്വാരങ്ങളിൽ നിന്ന്   കിളികൾ എത്തിനോക്കി. അവയുടെ ‘ഫ്ളാറ്റു’കളാവുമത്.  പോകുന്ന വഴിയിൽ മഞ്ഞുഗുഹകളും ഉണ്ടായിരുന്നു. അതിനകത്തേക്കു കയറി കണ്ണടച്ചു കാതോർത്തു നിന്നാൽ കേൾക്കാം വെയിൽ വീണ് െഎസ് ഉരുകുന്ന ശബ്ദം.  

മുന്നോട്ടു നടന്നപ്പോഴാണ് അകലെ ആർട്ടിക് ഫോക്സിനെ കണ്ടത്. നീണ്ട മുഖമുള്ള ആ ജീവികൾ ഞങ്ങളുടെ വരവു കണ്ടു ജാഗരൂകരായി നിൽക്കുന്നു. സമ്മറിലും വിന്ററിലും ഇവർക്കു രണ്ടു നിറമാണെന്ന് ഒപ്പമുള്ളവർ പറഞ്ഞു. തിരിച്ച് ഷിപ്പിലേക്കെത്തിയപ്പോൾ ജിയോളജിസ്റ്റ് അന്നത്തെ കാഴ്ചകളെക്കുറിച്ചു വിശദമാക്കി തന്നു.

സ്വസ്ഥമായി ജീവിക്കുന്ന പോളാർ ബെയറുകൾ,ആർട്ടിക് ഫോക്സുകൾ, െഎസിനടിയിലെ സീലുകൾ. പിന്നെ പേരറിയാത്ത പക്ഷികൾ. സ്വപ്നം പോലൊരു നാടാണിത്. പക്ഷേ, അകലെയിരിക്കുന്ന മനുഷ്യരുടെ അശ്രദ്ധകൊണ്ടു  ഭൂമിയും വായുവും കടലും എല്ലാം മലിനമാവുന്നു. അ തു കുറേ പാവം ജീവികളുടെ ഭൂമിയിലെ നിലനിൽപിനെ ബാധിക്കുന്നു. പ്രകൃതിക്ക് ഏൽക്കുന്ന ചെറിയ ആഘാതം നൂറു വർഷമെടുത്താൽ പോലും പഴയ രീതിയിലാവില്ല. കാലാവസ്ഥാ വ്യതിയാനം ഈ രീതിയിൽ തുടരുകയാണെങ്കിൽ പത്തോ ഇരുപതോ വർഷത്തിനുള്ളിൽ ഈ കാണുന്ന പല ജീവികളും ഭൂമിയിൽ നിന്നേ മാഞ്ഞു പോകും.

മേയ് 28 സ്വപ്നം പോലുള്ള നാട്ടിൽ നിന്ന്

മടയക്കയാത്രയിൽ  ഹെൽസിങ്കി എയർപോർട്ടിൽ വച്ചാണ് ഈ കുറിപ്പെഴുതുന്നത്.  കാഴ്ചകളുടെ മാജിക് വേൾഡിൽ നിന്നു ശരിക്കുമുള്ള ലോകത്തേക്കു മടങ്ങി വരുന്നതിന്റെ വിഷമമുണ്ട്. പക്ഷേ, ജീവിതത്തിൽ ചില തീരുമാനങ്ങളെടുക്കാൻ ധൈര്യം തന്ന യാത്രയാണിത്. ഭൂമിക്കു വേണ്ടിയും എനിക്കു വേണ്ടിയും ചില കാര്യങ്ങൾ ചെയ്യണം.

ആ പാവം പോളാർ കരടികൾ ഇനിയും ഈ ലോകത്തു വേണം. അതുകൊണ്ടു ഭൂമിയെ മലിനപ്പെടുത്തുന്ന എല്ലാത്തിൽ നിന്നും മാറി നിൽക്കണം. ഗ്ലോബൽ വാമിങ് എത്ര അപകടകരമാണ് എന്നത് ഇവിടെ വന്നാലേ മനസ്സിലാക്കാനാവൂ. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിൽ പോലും കടലിൽ മാലിന്യമായി മാറും.  മണ്ണില്‍ അലിഞ്ഞു ചേരാത്തതൊന്നും ഉപയോഗിക്കാതിരിക്കാൻ പഠിക്കണം. ഞാൻ കാരണം മറ്റു ജീവജാലങ്ങൾക്കു ദോഷമുണ്ടാകരുത്. വസുധൈവ കുടുംബകം.  നമ്മൾ  ഒരൊറ്റ കുടുംബമാണ്.

എനിക്കും മാറ്റം വേണം. മറ്റുള്ളവർ‌ പറയുന്നതിനെ  പേടിച്ച് ഒളിച്ചിരിക്കാനുള്ളതല്ല ജീവിതം. സെലിബ്രിറ്റി പാംപറിങ്ങിൽ നിന്നു മാറി നിൽക്കണം.  ജീവിതം മാറ്റിമറിക്കാൻ പ റ്റുന്ന ഇതുപോലുള്ള യാത്രയ്ക്കായി ഇനിയും ഇറങ്ങണം. നന്ദി. ഭൂമിയിലെ ഈ മാജിക് ലാൻഡിന്.

lakshmi-artic-travel-8

ഫോട്ടോ: സന്ദേഷ് റാവു (വൈൽഡ് ലൈഫ് ചിത്രങ്ങൾ), ലക്ഷ്മി ഗോപാലസ്വാമി, മീത ഗൻഗ്രാഡേ

A Dream Trip to the Arctic: Lakshmi Gopalaswamy's Journey:

Lakshmi Gopalaswamy embarks on an Arctic expedition, a journey that offers breathtaking views and a profound personal reset. This immersive experience in the frozen wilderness reshapes her perspectives and ignites a commitment to environmental consciousness.

ADVERTISEMENT