‘ഏത് ഇടത്തോടും ഭക്ഷണത്തോടും പൊരുത്തപ്പെട്ടു, മനുഷ്യനെന്ന അഹങ്കാരം പോയി’; യാത്രകൾ സമ്മാനിച്ച സന്തോഷം പറഞ്ഞ് ഡോ. ശ്രീപ്രിയ
Mail This Article
അവധിക്കാലത്ത് അമ്മവീട്ടിലേക്കു പോകുന്നതായിരുന്നു ശ്രീപ്രിയയുടെ ആകെയുള്ള ‘പഠന യാത്രകൾ’. അതിനപ്പുറമുള്ള വിനോദയാത്രയ്ക്കു വീട്ടിലെ സാമ്പത്തികാവസ്ഥ പച്ചക്കൊടി വീശിയില്ല. അതുകൊണ്ടു തന്നെ സൈഡ് സീറ്റിലിരുന്നു കാറ്റിന്റെ കൈപിടിച്ചുള്ള ആ ബസ് യാത്രകൾ അവസാനിക്കല്ലേ എന്നു മോഹിക്കാറുണ്ടായിരുന്നു. ഇന്നും ചിറ്റൂർ കോളജിലെ മലയാളം അധ്യാപിക ഡോ. ശ്രീപ്രിയ യാത്രകൾക്കായി ബാഗ് എടുക്കുമ്പോൾ അതാണു മോഹിക്കുന്നത്, യാത്രയുടെ ഇഷ്ടം തീരുന്ന സ്റ്റോപ്പിൽ എത്തരുത്.
‘‘കോഴിക്കോട് സർവകലാശാലയിൽ എംഎയ്ക്കു പഠിക്കുമ്പോഴാണ് ആദ്യമായി ടൂർ പോകുന്നത്. ഊട്ടി മൈസൂർ – പതിവു പഠനയാത്രയാണെന്നു പുതു തലമുറ ചിരിയോടെ പറയും. പക്ഷേ, എനിക്കതിനു വിദേശയാത്രയുടെ ത്രില്ലുണ്ടായിരുന്നു.
പിന്നീട് റിസർച് ചെയ്യുന്ന സമയം. എന്റെ ഗൈഡായിരുന്ന ഡോ. ബാലസുബ്രഹ്മണ്യൻ സർ ദ്രവീഡിയൻ സർവകലാശാലയിൽ അധ്യാപകനായിരുന്നു. ആന്ധ്ര തമിഴ്നാട് കർണാടക ബോർഡറായിരുന്ന കുപ്പം ആണ് ക്യാംപസ്. ഗവേഷണ പഠനത്തിനായി അങ്ങോട്ടു യാത്രകൾ തുടങ്ങി. കോളജിൽ അധ്യാപികയായപ്പോഴാണ് മനസ്സിലെ ആദ്യ യാത്രയ്ക്കു ടിക്കറ്റ് എടുക്കുന്നത് – കശ്മീർ.’’
ഇന്ത്യയെ കണ്ടെത്തുക
‘‘14 വർഷമേ ആയുള്ളൂ യാത്ര ചെയ്തു തുടങ്ങിയിട്ട്. ഇനി ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിൽ കൂടി പോകാനുണ്ട്. ഇന്ത്യ മുഴുവൻ കാണുക. അതാണ് ആദ്യ ലക്ഷ്യം.
യാത്രകളെ ഇഷ്ടപ്പെടുന്ന അധ്യാപക കൂട്ടായ്മയ്ക്കൊപ്പമാണു യാത്ര തുടങ്ങിയത്. ഒന്നു രണ്ടു യാത്രകൾ കഴിഞ്ഞപ്പോൾ കൾച്ചറൽ കൊളീഗ്സ് എന്നു ഞങ്ങൾ പേരും ഇട്ടു. ഓരോ നാട്ടിലെയും സാംസ്കാരിക കാര്യങ്ങൾ അറിയാനുള്ള അവസരം കിട്ടി.
ഇപ്പോൾ പേടി തോന്നുന്ന അനുഭവങ്ങളുമുണ്ട്. ഗുവാഹത്തിയിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് 12 മണിക്കൂർ യാത്ര. അരുണാചൽ പ്രദേശിന്റെ പബ്ലിക് ട്രാൻസ്പോർട്ട് ബസ്. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വലിയ ശബ്ദം കേട്ടു. ഡീസൽ ടാങ്ക് ഊരിപ്പോയതാണ്. ആ ടാങ്ക് ബ സിനുള്ളിൽ വച്ചു നേരിട്ട് കണക്‌ഷൻ കൊടുത്തൊക്കെയാണ് വണ്ടിയോടിയത്. 2015ൽ നേപ്പാൾ യാത്ര. മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞും ഞങ്ങളുടെ സംഘത്തിലുണ്ട്. അവിടെ എത്തുന്നതിന് തൊട്ടുമുൻപാണ് ഭൂമികുലുക്കം ഉണ്ടായത്. എണ്ണായിരത്തോളം പേരാണ് മരിച്ചത്.
എന്റെ കൗമാരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയെന്നത് വലിയ കാര്യമായിരുന്നു. ഇപ്പോള്‍ ഒരുപാടു പേർ സോളോ ട്രിപ് നടത്തുന്നു. യാത്ര തുടങ്ങേണ്ടത് ഒരു സംഘത്തിനൊപ്പമാണെന്നാണ് എന്റെ കാഴ്ചപ്പാട്. ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കാകുന്ന അനുഭവം രസകരമാണ്.
ഹോ‘ബീ പോസിറ്റീവ്’
∙ ഏത് ഇടത്തോടും ഏതു ഭക്ഷണത്തോടും പൊരുത്തപ്പെടാൻ പറ്റുന്നു.
∙ മനുഷ്യൻ ഒരു വലിയ സംഭവമാണെന്ന അഹങ്കാരം പോയി. യാത്രകൾ സമ്മാനിക്കുന്ന സന്തോഷം ആസ്വദിക്കാനാകുന്നു.
