വെയിൽച്ചൂടിൽ പഴുത്തു കിടക്കുകയാണു മറീന ബീച്ച്. കടലിൽ നിന്നു കനൽക്കാറ്റാണ് ഒാട്ടോയിലേക്ക് അടിച്ചു കയറുന്നതെന്നു തോന്നി. പക്ഷേ, രണ്ടു കിലോമീറ്റർ അപ്പുറമുള്ള സാന്തോം ചർച്ചിലേക്കു കാലെടുത്തു വച്ചപ്പോൾ മനസ്സിൽ നിറഞ്ഞതു വിശ്വാസത്തിന്റെ, പ്രാർഥനയുടെ തണുപ്പാണ്.
വെയിൽ കഴുകിയുണക്കിയ നീലാകാശത്തിലേക്കു തലയുയർത്തി നിൽക്കുന്നു സാന്തോം കത്തീഡ്രൽ ബസിലിക്ക. ഞായറാഴ്ചയാണ്, പതിനൊന്നരയ്ക്കുള്ള കുർബാന നടക്കുന്നുണ്ട്.
ചരിത്രത്തില്‍ ഇടം നേടിയ പള്ളിയാണ് മൈലാപ്പൂരിലെ സാന്തോം കത്തീഡ്രൽ. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്ന് വിശ്വാസികൾ ഈ തീരത്തേക്ക് ഒഴുകിയെത്തുന്നു. െഎതിഹ്യവൂം വിശ്വാസവും കഥകളും ഈ മുറ്റത്തു നിറയെയുണ്ട്. അപ്പോസ്തല ദൗത്യവുമായി ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യൻ തോമാശ്ലീഹയുടെ രക്തസാക്ഷിത്വം ഇവിടെയാണ്. ആ കബറിടത്തിനു മീതെയാണ് പള്ളി നിർമിച്ചിരിക്കുന്നത്. ലോകത്തു തന്നെ ആകെ മൂന്നിടത്താണു ശ്ലീഹമാരുടെ കബറിടത്തിനു മുകളിൽ ദേവാലയങ്ങൾ നിർമിച്ചിട്ടുള്ളത്. റോമിൽ വിശുദ്ധ പത്രോസിന്റെയും സ്പെയിനിൽ വിശുദ്ധ യാക്കോബിന്റെയും മൈലാപ്പൂരിൽ വിശുദ്ധ തോമാശ്ലീഹയുടെയും. ഇത്തരത്തില്‍ ഇന്ത്യയിലുള്ള ഏക പള്ളിയും ഇതാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഉപ്പുള്ള കടൽക്കാറ്റ് എന്നും കൈപിടിച്ചു കൊണ്ടിരുന്നിട്ടും പ്രായത്തെ തോൽപ്പിച്ച് തലയുയർത്തി നിൽക്കുന്ന ദേവാലയത്തിനകത്തേക്കു നടന്നു.
പ്രധാന പള്ളിക്ക് അകത്ത് കുർബാന അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. ഗോഥിക് വാസ്തു ശിൽപ കലയുടെ പ്രൗഢി എങ്ങും തെളിഞ്ഞു നിൽക്കുന്നുണ്ട്. പള്ളിയുടെ ഗോപുരത്തിന്റെ ഉയരം തറനിരപ്പിൽ നിന്നു 155 അടിയാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ഇത്രയും ഭംഗിയോടെയുള്ള നിർമാണം അദ്ഭുതപ്പെടുത്തുന്നതാണ്.
പ്രാർഥനയും ധൂപവും കുന്തിരിക്കത്തിന്റെ സുഗന്ധവും വെളിച്ചവും എല്ലാം അകത്തളത്തിൽ ദൈവീകമായ അന്തരീക്ഷമൊരുക്കുന്നു. കുർബാന കഴിഞ്ഞു. അകത്ത് ഇപ്പോഴുമുണ്ട് പ്രാർഥനയിൽ ലയിച്ചിരിക്കുന്നവർ. അവർക്കൊപ്പം നിന്നു കണ്ണുകളടച്ചു. ഇനി പുറത്തേയ്ക്കിറങ്ങാം, പള്ളിയുടെ കഥ കേൾക്കാം.
ഫീച്ചറിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ( മാർച്ച് 28–ഏപ്രിൽ 10) വായിക്കാം