പല നിറങ്ങളാണ് ഉത്രാളിക്കാവിന്! ചിലപ്പോഴതു കടുംപച്ച. കതിരണിയുന്നതിനു മു ൻപുള്ള നെൽച്ചെടികളുെട യൗവനകാലം. പിന്നീട് കതിരണിഞ്ഞ് മഞ്ഞനിറമാവും. മഞ്ഞച്ചേല വിരിച്ചതുപോലെ. കതിരുകൾ ഒന്നുകൂടി വിളഞ്ഞ് സ്വർണനിറമാവും. അസ്തമയസമയത്തു സ്വർണം ഉരുക്കിയൊഴിച്ചതുപോലെ ഉത്രാളിക്കാവും പരിസരവും തിളങ്ങും. ഈ വർണഭേദങ്ങൾക്കിടയിലും അകമലയിൽ നിന്നും മച്ചാട്ട് മലയിൽ നിന്നും തണുത്ത കാറ്റുവീശും. നട്ടുച്ചയ്ക്കു പോലും കാറ്റ് വിശ്രമിക്കാറില്ല.
മലകൾ കുട പിടിക്കുന്ന കാവാണിത്. കിഴക്ക് മച്ചാട്ടുമലയും പടിഞ്ഞാറ് അകമലയും. തെക്കുവടക്കായി നീണ്ടു നിവർന്നു കിടക്കുന്ന റെയിൽപ്പാളം. പാളത്തിന് ഇരുപുറങ്ങളിലും നെൽപ്പാടങ്ങൾ. മച്ചാട് മലയുടെ അടിവാരത്തിലെ നെൽപ്പാടങ്ങളുടെ മധ്യത്തിലാണ് ഉത്രാളിക്കാവ്. വടക്കാഞ്ചേരിക്കും െഷാർണൂരിനും ഇടയ്ക്കുള്ള തീവണ്ടിയാത്രയിൽ കാണാം ഐതിഹ്യങ്ങൾ ഉറങ്ങുന്ന ഉത്രാളിക്കാവ്.
മലഹരി രാഗം പാടെടി കിളിയേ...
പഴയ കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന കേളത്തച്ഛൻ തികഞ്ഞ മൂകാംബിക ഭക്തനായിരുന്നു. രണ്ടുമാസത്തോളമാണ് അന്നു മൂകാംബിക പോയിവരാനുള്ള യാത്രാസമയം. വാർധക്യത്തിന്റെ അവശതകൾ അലട്ടിത്തുടങ്ങിയപ്പോൾ കേളത്തച്ഛൻ ദേവിയോടു സങ്കടം പറഞ്ഞു. ആ യാത്രയിൽ കേളത്തച്ഛന്റെ കുടപ്പുറത്തേറി ദേവിയും പോന്നു. കേളത്തച്ഛന്റെ തറവാടിന് അടുത്ത് മുല്ലയ്ക്കലാണ് മൂകാംബികയിൽ നിന്നു വന്ന കേളത്തച്ഛൻ കുട വച്ചത്. ആ കുട പിന്നീട് എടുക്കാൻ സാധിച്ചില്ല.
കേളത്തച്ഛന്റെ അടുക്കളക്കാരനായിരുന്നു പള്ളിയത്ത് നായർ. അടുക്കളക്കാരനായ നായർ ചട്ടുകം പള്ളിവാളാക്കി തുള്ളുമായിരുന്നത്രേ! ഒരു ദിവസം ചൂലുമായി കാരണവർ നായരെ തല്ലി. എന്നാൽ കാരണവരുടെ കൈ പൊള്ളുകയും അനങ്ങാൻ കഴിയാതാവുകയും ചെയ്തു. അതിനുശേഷമാണ് കേളത്തച്ഛൻ പ്രശ്നം വയ്പ്പിച്ചതും മൂകാംബികാസാന്നിധ്യം അറിഞ്ഞതും.
പിന്നീട് അകമലയുെട താഴ്‌വാരത്തിൽ പാടത്തിനു നടുവിൽ പൂവമരത്തിന്റെ ചുവട്ടിലാണ് ദേവിസാന്നിധ്യം കണ്ടത്. ഉത്രാളി എന്നു പേരുള്ള ഒരു സ്ത്രീ പുല്ലരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ അരിവാൾ തൊട്ടടുത്ത പാറയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞെന്നും അങ്ങനെ ദേവീസാന്നിധ്യം വെളിപ്പെട്ടെന്നുമാണ് ഐതിഹ്യം.
ഇന്നും പറപുറപ്പാടിൽ ആദ്യത്തെ പറ കേളത്തച്ഛന്റെ തറവാട്ടിൽ നിന്നാണ്. കേരളത്തിൽ ഹരിജൻവേലയ്ക്ക് ഏറെ പ്രാധാന്യമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഉത്രാളിക്കാവ്. ആണ്ടി, പൂതൻ, തിറ, മൂക്കാംചാത്തൻ, നായാടി ഇങ്ങനെയുള്ള നാടൻ കലാരൂപങ്ങൾ തിരുനടയിൽ അവതരിപ്പിക്കപ്പെടുന്നു.
‘വിളിച്ചാൽ വിളി കേൾക്കും എന്നു നമ്മൾ പറയില്ലേ? അതുതന്നെയാണു ഭഗവതി. രുധിര മഹാകാളിയാണ് പ്രതിഷ്ഠാ സങ്കൽപം. നാടിന് ഭഗവതി നൽകുന്ന അനുഗ്രഹത്തിന് നാട്ടുകാർ കാണിക്കുന്ന സന്തോഷമാണ് പൂരം.’ ക്ഷേത്രം ഊരായ്മ കേളത്ത് പാർവതി വലിയമ്മ പറയുന്നു. കേളത്തച്ഛന്റെ പിൻമുറക്കാരിയാണു പാർവതി. ക്ഷേത്രത്തിന്റെ പാരമ്പര്യാവകാശവും ഈ കുടുംബത്തിനാണ്.
പൂപ്പടതൻ ആരവങ്ങൾ
വാൽക്കണ്ണാടി രൂപത്തിലുള്ള ശിലാവിഗ്രഹമാണ് ഇപ്പോഴത്തെ പ്രതിഷ്ഠ. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ പ്രളയത്തിൽ ക്ഷേത്ര ശ്രീകോവിലിനോടു ചേ ർന്നു നിന്ന പൂവമരം കടപുഴകി. അതിലെ അദ്ഭുതം ശ്രീകോവിലിനോ വിഗ്രഹത്തിനോ കേടുപാടുകളൊന്നും സംഭവിച്ചില്ല എന്നതാണ്.
ഇപ്പോഴുള്ള പൂവമരം കുമരനെല്ലൂർ ദേശത്തിലെ അയ്യത്ത് കിഴക്കേക്കര വീട്ടിലെ ചിന്നൻ മേനോൻ നട്ടതാണ്. നാട്ടിലെ സമ്പന്നകുടുംബാംഗമായ ചിന്നൻ മേനോൻ കറകളഞ്ഞ ദേവീഭക്തനായിരുന്നു. കുടുംബം പോലും ഉപേക്ഷിച്ച് അദ്ദേഹം ദേവീദാസനായി ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.
കുമരനെല്ലൂർ ദേശം എഴുന്നെള്ളിക്കുന്ന തിടമ്പ് ഇന്നും സൂക്ഷിക്കുന്നത് അയ്യത്ത് കിഴക്കേക്കര വീട്ടിലാണ്. ഈ വീട്ടിലെ പൂജാമുറിയിൽ കെടാവിളക്കുണ്ട്. ‘അതു ഞങ്ങൾക്കു കിട്ടിയ ഭാഗ്യമായാണു കാണുന്നത്.’ അയ്യത്ത് കിഴക്കേക്കര വീട്ടിലെ അമ്മൂട്ടിഅമ്മയുടെ വാക്കുകൾ.
അമ്മൂട്ടി അമ്മയുടെ മകൻ സതീഷ്കുമാറാണ് മൂന്നു പൂരദേശങ്ങളുടെയും കോഡിനേഷൻ കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നത്.
തിരുവുടലഴകൊട് പടയണി മുടിയെട്
തന്റെ ആശ്രിതരായിരുന്ന പള്ളിയത്ത് നായർ കുടുബത്തിനാണ് കേളത്തച്ഛൻ കോമരസ്ഥാനം കൊടുത്തത്. തലമുറ കൈമാറി ഇപ്പോഴും പള്ളിയത്ത് കുടുംബത്തിൽ തന്നെ ഈ സ്ഥാനം നിലനിൽക്കുന്നു. പള്ളിയത്ത് മാധവൻ നായരാണ് ഇപ്പോഴത്തെ കോമരം. ‘‘ഞങ്ങളുടെ പള്ളിയത്ത് തറവാട്ടിന്റെ മച്ചിൽ ഇപ്പോഴും അനേകം താളിയോലഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുണ്ട്. മന്ത്രങ്ങളും തന്ത്രങ്ങളും വൈദികവിധികളും ആഭിചാരവുമെല്ലാം അടങ്ങിയ ആ ഗ്രന്ഥശേഖരം പക്ഷേ, ഞങ്ങൾ കെട്ടഴിക്കാറില്ല. അതിനു ഞാൻ ഉൾപ്പെടെയുള്ള കോമരങ്ങളൊന്നും ശ്രമിച്ചിട്ടുമില്ല. ’ കോമരം മാധവൻ നായർ പറയുന്നു.
ഉത്രാളിക്കാവിന്റെ പൂജാദികാര്യങ്ങളിൽ നിർണായകസ്ഥാനമാണു കോമരത്തിന് ഉള്ളത്. പറയെടുപ്പിൽ മാത്രമല്ല കുഞ്ഞൂട്ടി മൂത്താർക്കുള്ള കലശനിവേദ്യം മുതൽ കോമരത്തിന് ഉത്രാളിക്കാവിൽ പ്രാധാന്യമുണ്ട്. കുഞ്ഞൂട്ടി മൂത്താർ തലമുറകൾക്കു മുൻപ് എങ്കക്കാടിൽ ജീവിച്ചിരുന്നു. ദൈവത്തിന്റെ കാണപ്പെട്ട പ്രതിനിധിയായി നാട്ടുകാർ അദ്ദേഹത്തെ കണക്കാക്കി. ഭഗവതിസേവ കൊണ്ട് നാട്ടിൽ അദ്ഭുതങ്ങൾ കാണിച്ചു. പിന്നീട് എപ്പോഴോ ഭഗവതിയെയും വരച്ചവരയിൽ നിർത്തിയെന്നും അങ്ങനെയൊരു സന്ദർഭത്തിൽ മൂത്താർ ദുരൂഹമായി അപ്രത്യക്ഷനായെന്നും പഴമക്കാർ ഇന്നും പറയുന്നു. എങ്കിലും ഉത്രാളിക്കാവിന് അടുത്തു തന്നെ കുഞ്ഞൂട്ടി മൂത്താർക്ക് ദൈവത്തറ ഒരുക്കിയിട്ടുണ്ട്. പൂരം തുടങ്ങുന്നതിനു മുൻപ് നേദ്യം സമർപ്പിച്ചു മൂത്താരെ പ്രീതിപ്പെടുത്തും. കോമരമാണ് ഈ പൂജയൊക്കെ ചെയ്യുന്നത്.
മുടി നീട്ടി വളർത്തി ഉത്രാളിയുടെ ഉപാസകനായി ഒറ്റയ്ക്കൊരു വീട്ടിലാണു കോമരത്തിന്റെ താമസം. തൊട്ടടുത്തു തന്നെ പള്ളിയത്ത് തറവാട്. വീട്ടുവളപ്പിൽ ദൈവത്തറയുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും തറവാടിന്റെ മച്ചിൽ നിന്നു പകരുന്ന ദീപത്തിൽ നിന്നാണ് ദൈവത്തറയിലെ വിളക്കും തെളിക്കുന്നത്. നാലുപതിറ്റാണ്ടായി കോമരം മാധവൻ നായർ ദേവിക്കു മുന്നിൽ കെട്ടിയാടുന്നു.
നിറപറ വഴിയണ മലമേട്ടിൽ
അരി, മലര്, ശർക്കര, മഞ്ഞൾ – അതും ഒരു പറ. ഉത്രാളിക്കാവിൽ പറ വയ്ക്കൽ ഏറെ പ്രസിദ്ധമാണ്. ചുറ്റും വയലായതുകൊണ്ടാവും അരിപ്പറയ്ക്ക് ഇത്രയും പ്രാധാന്യം കൈവന്നത്. മഞ്ഞൾപറയും വിശേഷകരമായി കരുതുന്നു. പൂരംനാളുകളിൽ വീടുകളിലാണു പറയിടുന്നത്. എഴുന്നെള്ളത്ത് വീടുകളിലെത്തും പറയെടുക്കാൻ. വീട്ടുകാർ വിളക്കു കാണിച്ച് എഴുന്നെള്ളിപ്പിനെ വരവേൽക്കും.
കാളിയും ദാരികനും ഭൂതഗണങ്ങളും കഥാപാത്രങ്ങളാവുന്ന കലാരൂപങ്ങളുമായിട്ടാണ് വീടുകളിൽ പറയെടുപ്പ്. ചൊവ്വാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് ഈ പുറപ്പാട്. പൂരംനാളിലാണ് കാവു തീണ്ടൽ.
‘‘അമ്പലത്തിനു ചുറ്റും കിടക്കുന്ന വയലുകൾ സ്വകാര്യവ്യക്തികളുടേതാണ്. എന്നാൽ അവർ അത് ൈകമാറ്റം ചെയ്യാനോ നെൽകൃഷിക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനോ തയാറല്ല. അതിനു ഒറ്റക്കാരണമേയുള്ളു ഉത്രാളിക്കാവിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കുക. നാട്ടുകാരുടെ ഈ കരുതലാണ് ഉത്രാളിക്കാവിന്റെ ഭംഗിക്കു പിറകിൽ. ’’ ദേവസ്വം ഓഫിസറായ ജി. ശ്രീരാജ് പറയുന്നു.
ദേശപ്പൊലിമയുടെ പൂരം
പൂതനും തിറയും ആണ്ടിയും ആണ്ടിക്കിടാവും ശങ്കരനായാടിയുമെല്ലാം ആടിത്തിമിർക്കുന്ന ഈ പൂരപ്പറമ്പിൽ കുംഭമാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് പറപുറപ്പാടോടെ ഉത്സവാരംഭം. അതിനടുത്ത ചൊവ്വാഴ്ച പൂരത്തോടെ സമാപനം.
എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നിങ്ങനെ മൂന്നു ദേശങ്ങളിലായി ഉത്രാളിക്കാവ് പൂരം നിറഞ്ഞൊഴുകുന്നു. ഒരു ദേശത്തിനു 11 ആന എന്നതാണ് ഇപ്പോഴത്തെ പരമാവധി കണക്ക്. അങ്ങനെ പൂര ദിവസം 33 ആനകൾ. ഉത്രാളിക്കാവിന് ഏകദേശം പത്തുകിലോമീറ്റർ ചുറ്റളവിൽ പൂരത്തിന്റെ അലയൊലികൾ മുഴങ്ങും. കേരളത്തിലെ പ്രമുഖമായ അഞ്ചു പൂരങ്ങളിൽ ഒന്നാണ് ഉത്രാളിക്കാവിലേത്.
ചൊവ്വാഴ്ചത്തെ പൂരത്തിന്റെ തലേ ഞായർ ദിവസമാണ് സാംപിൾ വെടിക്കെട്ട്. അന്നാണ് മൂന്നു ദേശക്കാരും ചേർന്നു നടത്തുന്ന ആൽത്തറമേളം. പഞ്ചവാദ്യത്തിന്റെ സംഗീതവും പാണ്ടിമേളത്തിന്റെ രൗദ്രതയും കൂടിക്കലരും ഇവിടെയപ്പോൾ. തിങ്കളാഴ്ച ആനച്ചമയങ്ങളുടെ പ്രദർശനം. ചൊവ്വാഴ്ച പൂരദിവസം മൂന്നു ദേശങ്ങളുടെ വകയായി പന്ത്രണ്ടു െവടിക്കെട്ടാണു നടക്കുന്നത്.
പൂരത്തോടനുബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തെ ക ളിയാട്ടം ഏതെങ്കിലുമൊരു ദേശത്ത് ഉണ്ടാവും. യുവജനങ്ങൾ ഏഴുദിവസത്തെ വ്രതമെടുത്താണ് ഈ തെയ്യത്തിനു ഒരുങ്ങുന്നത്. ചൂട്ടിനുവേണ്ട പട്ട, കുരുത്തോല തുടങ്ങിയ ഒരുക്കങ്ങൾ ഒരുപാടുണ്ടാവും
‘‘മൂന്നു ദേശങ്ങളുടെ വകയായി ഉയരുന്ന ബഹുനില പന്തൽ ഒരു അദ്ഭുതമാണ്. കേരളത്തിൽ ഏറ്റവും പേരുകേട്ട ആനകളെയാണ് ഇവിടെ എഴുന്നെള്ളിക്കുന്നത്. മുൻപ് സന്ധ്യയ്ക്കായിരുന്നു കൂടിയെഴുന്നെള്ളത്ത്. അന്തിവെയിലിൽ തലയെടുപ്പുള്ള ഗജവീരന്മാർ അണിചേരുമ്പോൾ അതൊരു പ്രത്യേക ചന്തം തന്നെയായിരുന്നു. അതുപോലെ പ്രമുഖർ പങ്കെടുക്കുന്ന പഞ്ചവാദ്യം.’ ക്ഷേത്രഭാരവാഹി ശശികുമാർ കൊടയ്ക്കാടത്ത് പറയുന്നു.
എല്ലാം കഴിഞ്ഞാലും ഈ പാടവും അതിനു നടുവിൽ ഉ ത്രാളിക്കാവും കാവിൽ ഭഗവതിയുമുണ്ടാവും. ഉത്രാളിക്കാവിനോടു ഉപചാരം െചാല്ലി പിരിയുമ്പോൾ ഉള്ളിൽ അതേ ആഗ്രഹമായിരുന്നു; ഇനിയും വരണം ഈ മലഹരികൾ പാടുന്ന തിരുനടയിൽ.
തടസ്സങ്ങൾ നീക്കുന്നൊരമ്മ
മൂകാംബികയിൽ പൂജ നടത്തുന്നത് അഡിഗകളാണെങ്കിൽ ഉത്രാളിക്കാവിൽ അതു പരദേശി ബ്രാഹ്മണരാണ്. ഇപ്പോൾ ഗോപാലകൃഷ്ണ അയ്യരാണ് മുഖ്യപൂജാരി. ഹരിഹര അയ്യർ കീഴ്ശാന്തിയും. കാസർകോടാണു ഗോപാലകൃഷ്ണ അയ്യരുടെ സ്വദേശം. മുൻപ് ഇദ്ദേഹത്തിന്റെ പിതാവ് രാമയ്യരായിരുന്നു ഇവിടുത്തെ മുഖ്യപൂജാരി. അദ്ദേഹത്തിനു പ്രായമേറിയപ്പോഴാണ് ഗോപാലകൃഷ്ണ അയ്യർ സ്ഥാനമേറ്റത്. ‘ഇത്രയും ചൈതന്യമുള്ള ഒരു രുധിര മഹാകാളി കേരളത്തിൽ ഉണ്ടോ എന്നു സംശയമുണ്ട്. ’ അദ്ദേഹം പറയുന്നു.
പന്തീരുനാഴി പായസമാണ് ഉത്രാളിക്കാവിലെ പ്രധാന വഴിപാടുകളിൽ ഒന്ന്. തടസ്സങ്ങൾ ഇല്ലാതാക്കുന്നു എന്ന അർഥത്തിൽ ‘മുട്ടറുക്കലാണ്’ മറ്റൊരു പ്രധാന പൂജ. മുട്ട് എന്നാൽ തടസ്സം. ഇത് അകറ്റാനുള്ള വഴിപാടാണിതെന്നു വിശ്വാസം.
േദഹമുട്ട്, വിദ്യാമുട്ട്, കർമമുട്ട് അങ്ങനെ പലവിധം തടസ്സങ്ങളെ നാളികേരത്തിൽ ആവാഹിക്കുന്നതായി സങ്കൽപിച്ച് ശ്രീകോവിലിനു മുന്നിലുള്ള ഗുരുതിത്തറയിൽ എറിഞ്ഞുടയ്ക്കുന്ന ചടങ്ങാണിത്. ദിവസപൂജയാണു മറ്റൊരു വഴിപാട്. അതുപോലെ വർഷത്തിൽ 365 ദിവസവും ഇവിടെ ചുറ്റുവിളക്കോടു കൂടിയ നിറമാലയുണ്ട്. പക്ഷേ, ഭഗവതിക്കൊരു ചുറ്റുവിളക്കിന് അവസരം കിട്ടാൻ ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. അത്ര തിരക്കാണ്. സന്ധ്യയ്ക്കു ദീപാരാധന സമയത്തു വയലിനു നടുവിൽ ചുറ്റുവിളക്കുകൾ തെളിയും. അപ്പോൾ അകലെ വയലേലകളിൽ നിന്നു രാപ്പക്ഷികൾ നാമം ജപിക്കും. വയലിനു നടുവിൽ ഉത്രാളിക്കാവ് ഒരു നക്ഷത്രക്കൂടാരം പോലെ തിളങ്ങും.
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
ഉത്രാളിക്കാവ് അമ്മയുെട അനുഗ്രഹം ഏറ്റുവാങ്ങിയ ഒട്ടേറെ കലാകാരന്മാരുണ്ട് മലയാള സിനിമയിൽ. എങ്കക്കാടിന്റെ മണ്ണിൽ ജനിച്ചു വളർന്ന പി. എൻ. മേനോനും അനന്തരവൻ ഭരതനും അതിൽ രണ്ടുപേർ മാത്രം. എങ്കക്കാട് പാടത്ത് തറവാടു വീടിനോടു ചേർന്ന് ഭരതൻ നിർമിച്ച മണ്ഡപം ഇപ്പോഴുമുണ്ട്. വീടിനു കിഴക്കേഭാഗത്ത് മച്ചാട് നീലമലയും എങ്കക്കാട് ക്ഷേത്രത്തിലേക്കു പോകുന്ന പച്ചപ്പാടവും ഒരേസമയം കാണാവുന്ന രീതിയിലാണ് ഈ മണ്ഡപം. ഭരതന്റെ സൗഹൃദത്തിൽ നിന്ന് ധാരാളം പേർ വടക്കാഞ്ചേരിയിലെത്തുമായിരുന്നു. നെടുമുടി വേണുവും ഇന്നസെന്റും ഒടുവിൽ ഉണ്ണികൃഷ്ണനും പവിത്രനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുമൊക്കെ അതിൽ ചിലർ മാത്രം. ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ച ഉത്രാളിക്കാവ് ഭക്തിഗാന കസറ്റ് ഇറങ്ങിയിട്ടുണ്ട്.
‘ഉത്രാളിക്കാവ് ഏറെ ഇഷ്ടപ്പെട്ട ഇടമാണ്. ഭരതൻ ഉണ്ടായിരുന്ന സമയത്ത് പൂരത്തിനു പോയിട്ടുണ്ട്. പൂരപ്പറമ്പിൽ നിന്നാണ് എനിക്ക് ‘കണ്ണെത്താ ദൂരെ മറുതീരം...’ എന്ന ഗാനം കിട്ടിയത്. വിദ്യാരംഭം എന്ന സിനിമയ്ക്കുവേണ്ടി ‘ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ...’ എന്ന പാട്ടും ഞാൻ എഴുതിയിട്ടുണ്ട്.’ കൈതപ്രം പറയുന്നു.