ADVERTISEMENT

ഒരു കോടി ശിവലിംഗങ്ങളുള്ള കർണാടക കമ്മസാന്ദ്രയിലെ കോടിലിംഗേശ്വര ക്ഷേത്രത്തിലേക്ക്... 

ദ്യ കാഴ്ചയിൽ ഭക്തിയുടെ ഭസ്മഗന്ധമാണോ കൗതുകത്തിന്റെ ജ്വാലയാണോ തെളിയുക? ബെംഗളൂരുവിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ മനസ്സിലേക്കു ഓടി വന്ന ചോദ്യം അതായിരുന്നു.

ADVERTISEMENT

‘ഒരു കോടി ശിവലിംഗങ്ങൾ ഉള്ള കോടിലിംഗേശ്വര ക്ഷേത്രം.’ ആ ഒറ്റ വരിയാണു യാത്രയ്ക്കുള്ള തിരിയിട്ടത്. ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗവും ഇവിടെയാണത്രേ. ബെംഗളൂരുവിൽ നിന്ന് 80 കിലോമീറ്റർ അകലെ കമ്മസാന്ദ്ര   ഗ്രാമത്തിലാണു ക്ഷേത്രമെന്ന അറിവു മാത്രം. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള നമ്പരുകൾ ‘മൗനത്തിലാണ്’. ആകാംക്ഷ ആളിത്തുടങ്ങി. ഒാരോ യാത്രയും എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഏതൊക്കെ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിലും നിശ്ചയിക്കപ്പെട്ട വഴിയേ തുറന്നു കിട്ടൂ. ആ ഉറപ്പിൽ കന്യാകുമാരിയിൽ നിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിൻ പാഞ്ഞു പോയി.

കമ്മസാന്ദ്രയിലെ പുലരി

ADVERTISEMENT

ആകാശ  നിലവിളക്കി‌ൽ സൂര്യൻ  ഒരു തിരി മാത്രം കൊളുത്തിയിട്ടേയുള്ളൂ. വെളിച്ചം പരന്നിട്ടില്ല. ബെംഗളൂരുവിന്റെ   തിരക്കും തിളക്കവും ഒന്നുമില്ലാത്ത നാട്ടുവഴിയിലൂടെയാണു ബസ് പായുന്നത്. ബസിനുള്ളിൽ ഒരു ഗ്രാമം മുഴുവനുമുണ്ട്. സ്റ്റീൽ പാത്രങ്ങൾ നിറച്ച കുട്ടയുമായി  കച്ചവടത്തിനിറങ്ങുന്നവർ, പ്ലാസ്റ്റിക് നൂലു മെടഞ്ഞ ബാഗിൽ ഉച്ചഭക്ഷണവുമായി ജോലിക്കു പോകുന്ന സ്ത്രീകൾ... വെറും 80 കിലോമീറ്റർ പുറകിലാണെങ്കിലും നാടും നഗരവും തമ്മിലുള്ള അകലം അദ്ഭുതപ്പെടുത്തുന്നതാണ്.  രണ്ടു കാലങ്ങൾ തമ്മിലുള്ള അകലം പോലെ. പാതി മയക്കം മുറിച്ചുകൊണ്ടു കണ്ടക്ടറുടെ വലിയ ശബ്ദം മുഴങ്ങി–‘കോടിലിംഗേശ്വര’

ദീപാരാധന കഴിഞ്ഞു നടതുറക്കുന്നതിനു തൊട്ടു മുന്നേയുള്ള ധൃതി ബസിനുള്ളിൽ. ചെറിയൊരു തിക്കും തിരക്കും.  ഇറങ്ങി നിന്നതു നാടിന്റെ നടുമുറ്റത്തേക്കാണ്. വലിയ ആൽമരത്തണൽ പച്ചയും നീലയും നിറമുള്ള കട വരാന്തകൾ.. നേർത്ത വെളിച്ചത്തിൽ ക്ഷേത്രകവാടം.  

shiv-temple-karnataka5
ADVERTISEMENT

തിരക്കിലേക്കു വെയിൽ വീണപ്പോൾ

രണ്ടു ലോഡ്ജുകളും ഭക്ഷണം കഴിക്കാൻ രണ്ടു മൂന്നു ചെറിയ ഹോട്ടലുകളും മാത്രമേയുള്ളൂ. കുളിച്ചു തയാറായി  ക്ഷേത്രത്തിലേക്കു നടന്നു. ആകാശത്തേക്കാണ് ആദ്യം കണ്ണു പോയത്. നീലാകാശം തൊട്ടു ശിവലിംഗം. ഭക്തിയുടെ വിസ്മയക്കാഴ്ച. മനസ്സിനുള്ളിൽ കർപ്പൂര നാളം ആളിത്തുടങ്ങി.  എത്രയും വേഗം ക്ഷേത്രത്തിലേക്കെത്തണം.

നോട്ടമെത്തുന്നിടത്തെല്ലാം  മഹാദേവസാന്നിധ്യം. ക്ഷേത്രമെത്തുന്നതിന് ഏതാണ്ട് ഒരു കിലോമീറ്റർ മുന്നേ തൊട്ടേ വഴിയരികിൽ ചെറിയ കൂടാരങ്ങളിൽ ശിവലിംഗങ്ങൾ സ്ഥാപിച്ചിരിക്കുന്നു.   ക്ഷേത്രത്തിനടുത്ത് എത്തും തോറും തിരക്കിന്റെ തിരയിളക്കം കണ്ടു തുടങ്ങി. പുലർച്ചെ കണ്ട കാഴ്ചകളായിരുന്നില്ല അപ്പോൾ. പാർ‌ക്കിങ് ഗ്രൗണ്ടിലേക്കു കയറാനായി വാഹനങ്ങളുടെ നീണ്ട നിര.  നൂറുകണക്കിനു പേർ നിൽക്കുന്ന വരിയിൽ സ്ഥാനം പിടിച്ചു. ഭക്തരുടെ കൈകളിൽ പൂക്കളും നാളികേരവും പൂജാദ്രവ്യങ്ങളും. നെയ് നിറച്ച ചിരാതുകളിലെ തിരികൾ പ്രാർഥനയുടെ നാളത്തിൽ എരിയാൻ കാത്തു നിൽക്കുന്നു.

shiva-temple-karnataka1

വരിയിൽ നിൽക്കും മുൻപ് ക്ഷേത്രം ജീവനക്കാരനായ സംബാംഗിയെ കണ്ടുമുട്ടി. അദ്ദേഹം ക്ഷേത്രചരിത്രം ചുരുക്കി പറഞ്ഞു. ‘‘സ്വാമി സാംബ ശിവമൂർത്തിയാണു കോടിലിംഗേശ്വര ക്ഷേത്രം സ്ഥാപിച്ചത്. അദ്ദേഹം കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഇഎംഎൽ ലെ വലിയ ഉദ്യോഗസ്ഥനായിരുന്നു. ഹെക്ടർ കണക്കിനു ഭൂമിയുടെ അവകാശിയും. വലിയ ശിവഭക്തനായ അദ്ദേഹം പ്രാർഥനയിലും ധ്യാനത്തിലും മുഴുകിയാണു ജീവിച്ചത്.

ഭക്തർക്കു ശിവലിംഗങ്ങൾ സ്ഥാപിച്ചു പൂജാദി കർമങ്ങള്‍ ചെയ്യാനാകണം; അതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെ ഏറ്റവും വലിയ സ്വപ്നം. എല്ലാവർക്കും അവരുടെ ദൈവത്തെ പ്രതിഷ്ഠിക്കാനാകുന്നത് എത്ര വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആ സ്വപ്നമാണ് ഈ ക്ഷേത്രം. ഒരു കോടി ശിവലിംഗങ്ങളായിരുന്നു സ്വപ്നം. 2018 ൽ അദ്ദേഹം സമാധിയായി.  

ആ സ്വപ്നം ഭക്തർ ഏറ്റെടുത്തു. ഇപ്പോൾ 97  ലക്ഷം കവിഞ്ഞു. കോടിയെത്തും മുൻപേ കമ്മസാന്ദ്ര എന്ന ഗ്രാമത്തിന്റെ പേരു തന്നെ കോടിലിംഗേശ്വരയായി മാറി.’’ ആകാശത്തേക്ക് കൈകൾ  ഉയർത്തി നിൽക്കുന്ന സംബാംഗിയുടെ മനസ്സിൽ അപ്പോൾ മഹാദേവൻ മാത്രം.‌

shiv-temple-karnataka3

1980ലാണു സ്വാമി സാംബശിവമൂർത്തിയും ഭാര്യ രുഗ്മിണിയും ചേർന്നു ക്ഷേത്രനിർമാണം പൂർത്തിയാക്കിയത്. ആദ്യം സ്ഥാപിച്ചതു പഞ്ചമുഖ ശിവലിംഗമായിരുന്നു. പിന്നീട് നൂറ്റൊന്നു ശിവലിംഗങ്ങൾ സ്ഥാപിച്ചു. അത് ആയിര ത്തി ഒന്നായി. വർഷം കഴിയും തോറും എണ്ണം കൂടി വന്നു. അങ്ങനെയാണു 97 ലക്ഷവും കഴിഞ്ഞ് ഒരു കോടിയിലേക്ക് അടുക്കുന്നത്.

ഇരുപതു രൂപ ടിക്കറ്റ് എടുത്തു വരിയിൽ സ്ഥാനം പിടിച്ചു. പതുക്കെ മതിൽ‌ക്കെട്ടിനകത്തേക്കു നടക്കുന്നതിനിടെ  മുന്നിൽ നിൽക്കുന്ന രണ്ടു പേരെ പരിചയപ്പെട്ടു.  ആർ.കെ സഹായും ഭാര്യ ജോത്സ്നയും. രണ്ടു പേരും കൃഷ്ണരാജ പുരത്തു നിന്നാണു വരുന്നത്.

‘‘പുരാണത്തിലൊക്കെ കോടിലിംഗേശ്വര ക്ഷേത്രത്തെക്കുറിച്ചു കേട്ടിട്ടുണ്ട്.  ലോകത്തില്‍ ഇതു പോലെ ക്ഷേത്രം ഉണ്ടാവുമോ എന്ന് സംശയമാണ്. കോടി  ശിവലിംഗങ്ങൾ.  ആ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ കിട്ടുന്ന എനർജി പറഞ്ഞറിയിക്കാനാവില്ലല്ലോ. ’’ കൈ കൂപ്പി ജ്യോത്സ്ന മുന്നോട്ടു നടന്നു.

കാതിൽ മുഴങ്ങുന്നു, ഓം നമഃ ശിവായ

ക്ഷേത്രവാതിൽ തുറന്ന് അകത്തേക്കു കയറിയപ്പോഴേക്കും നമഃശിവായ മന്ത്രതീർഥം മനസ്സിനുള്ളിൽ തൊട്ടു. ഒറ്റ നോട്ടത്തിലേ  അദ്ഭുതത്തിന്റെ ആരതി  ഉഴിയുന്ന കാഴ്ച. ഇരുവശവും കൃത്യമായ അകലത്തിൽ പല വലുപ്പത്തിലുള്ള ലക്ഷക്കണക്കിനു ശിവലിംഗങ്ങൾ.  ഇതിനു നടുക്കാണ് ക്ഷേത്രങ്ങൾ. പ്രധാന ക്ഷേത്രത്തിനു പുറമേ പന്ത്രണ്ടോളം ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്.

Karnataka-Koti-Lingeshwara-Temple-

നിലവിളക്കിലെ നാളം പോലെ ചുറ്റും പ്രാർഥനകൾ തെളിഞ്ഞു കത്തുന്നു. ചുണ്ടുകൾ നാമജപത്തിനായ് മാത്രം. ക്ഷേത്രത്തിനരികിലായി നിൽക്കുന്ന വൃക്ഷത്തിൽ പ്രാർഥനയോടെ ചരടു കെട്ടുന്നവരും തൊട്ടിൽ കെട്ടുന്നവരും.  ആയുരാരോഗ്യത്തോടെയുള്ള കുട്ടികൾ ജനിക്കാനാണു നാമജപത്തോടെ തൊട്ടിലു കെട്ടുന്നതെന്ന് ഒരു ഭക്തൻ.തൊട്ടപ്പുറം ക്ഷേത്രത്തിനോടു ചേർന്നു കൂവളമരം.  

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ തൊഴുത ശേഷം പ്രധാന ശിവക്ഷേത്രത്തിലേക്കു കടന്നു. പൂജാരി പ്രശാന്ത് തമിഴിലും കന്നടയിലും ഇംഗ്ലിഷിലും പ്രതിഷ്ഠയെക്കുറിച്ചുഭക്തരോടു പറയുന്നുണ്ട്.  ഇവിടെയാണു സ്വാമി സ്ഥാപിച്ച വിഗഹം. പല തരം പൂക്കൾകൊണ്ടും വലിയ മാലകൾ കൊണ്ടും മൂടിയിരിക്കുന്നു. മിഴികളടച്ചു കൈ കൂപ്പി. പൂക്കളും നാളികേരവും പ്രസാദമായി തന്ന് പൂജാരി പറഞ്ഞു.

‘‘പതിനായിരങ്ങളാണു ഭഗവാനെ കാണാൻ  ദിവസവും എത്തുന്നത്. ശിവരാത്രി, ദുർഗാഷ്ടമി, കാർത്തിക, നവരാത്രി എന്നിവയാണു പ്രധാന ദിവസങ്ങൾ. ജനുവരി ഒന്നിനും ഒരുപാടു ഭക്തർ എത്താറുണ്ട്, മുന്നോട്ടു നടന്നോളൂ ഉപദേവതമാരെ വന്ദിച്ച ശേഷം വലിയ ശിവലിംഗത്തിനു മുന്നിലേക്കു പോയാൽ മതി.’’.

ഉപദേവതമാരെ തൊഴുതു മുന്നോട്ടു നടന്നു. അന്നപൂർണേശ്വരി, കരുമാരി അമ്മ, വെങ്കട്ടരമണിസ്വാമി, സുബ്രഹ്മണ്യസ്വാമി, പാണ്ടുരംഗസ്വാമി, ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, പഞ്ചമുഖ ഗണപതി, ആഞ്ജനേയ സ്വാമി, കന്യക പരമേശ്വരി എന്നീ ഉപദേവതാ ക്ഷേത്രങ്ങളാണ് ഉള്ളത്.

ഈ വഴിയിലാണു പുണ്യം പകർന്ന രണ്ടു കാഴ്ചകളുള്ളത്. അതിലൊന്നു സഹസ്രനാമ ശിവലിംഗമായിരുന്നു. ആയിരം ശിവലിംഗങ്ങൾ ഒരൊറ്റ ശിലയിൽ കൊത്തിവച്ച  അപൂര്‍വ കാഴ്ച. ഇവിടെ വന്ദിക്കുന്നത് ആയിരം ശിവലിംഗ ദർശനത്തിനു  സമമാണെന്നാണു വിശ്വാസം. പഞ്ചമുഖശിവലിംഗവും ഈ കൂട്ടത്തിലുണ്ട്. 

മുന്നോട്ടു നടന്നപ്പോള്‍ മറ്റൊരു വിസ്മയക്കാഴ്ച. ദക്ഷിണേന്ത്യയിൽ മിക്ക ക്ഷേത്രങ്ങളിലും പൂജാരിമാരാണ് അഭിഷേകങ്ങൾ നടത്തുന്നത്. ഇവിടെ   ഭക്തർക്കു തന്നെ   ഭഗവാനു ജലധാര ചെയ്യാനുള്ള അവസരം ഉണ്ട്.

പൂമാലകൾ കൊണ്ടു മൂടിയ  ശിവലിംഗം. അതിനു മുകളിലേക്കു  ചെമ്പു നിറമുള്ള ചെറിയ കുടത്തിൽ വെള്ളം എടുത്തു പ്രാർഥനയോടെ ധാര ചെയ്യുന്നവരുടെ കണ്ണിൽ ഭക്തിയുടെ തിരയിളകുന്നു. നടന്നെത്തിയത് അദ്ഭുതത്തിന്റെ ആകാശത്തിലേക്കായിരുന്നു.   

ആകാശം തൊടുന്ന പ്രാർഥനകൾ

വലിയ മാർബിൾ പ്രതലത്തിനു മുകളിൽ 108 അടി പൊക്കമുള്ള ശിവലിംഗം. നീലാകാശം അതിനു മേൽ കുട ചൂടി നിൽക്കുന്ന പോലെ പരന്നു കിടക്കുന്നു. കൈകളുയർത്തി നാമം ജപിക്കുന്നവർ, കണ്ണുകളടച്ചു ധ്യാനത്തിലിരിക്കുന്നവർ. ശിവലിംഗത്തെ ഫ്രെയിമിലാക്കി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നവരുടെ തിരക്കുമുണ്ട്. അവർക്കു ചുറ്റും ലക്ഷ ക്കണക്കിനു ശിവലിംഗങ്ങൾ...

വെയിൽ വെട്ടിത്തിളങ്ങി നിൽക്കുമ്പോഴും നൂറു കണക്കിനാളുകൾ കണ്ണടയ്ക്കാതെ ആകാശം നോക്കി നിൽക്കുകയാണ്. ഒന്നുറപ്പാണ്, ഉയരമെന്ന കൗതുകത്തിനൊപ്പം  ദൈവിക ചൈതന്യം  മനസ്സിൽ തൊടുന്നു.  ക്ഷേത്രത്തിലേക്കു കയറാനുള്ള വരിയിൽ വച്ചു കണ്ട ആ ഭക്തർ പറഞ്ഞതു പോലെ ഈ അന്തരീക്ഷത്തിനു  വാക്കുകൾ കൊണ്ടു പകർത്താനാവാത്ത ഊർജമുണ്ട്.

ശിവലിംഗത്തിനു മുകളിൽ ശിവരാത്രി ദിവസം പാലഭിഷേകം ചെയ്യാറുണ്ട്.  ആ അപൂർവ കാഴ്ചയ്ക്കു സാക്ഷിയാകാൻ പതിനായിരങ്ങളാണ് എത്തുന്നത്. ശിവലിംഗത്തിനു മുന്നിലായി നന്ദിയുടെ കൂറ്റൻ പ്രതിമ. 36 അടിയാണ് ഉയരം.  രണ്ടിനും നടുക്കായി ഉയർന്നു നിൽക്കുന്ന ത്രിശൂലം.

ശിവലിംഗത്തിനു സമീപം ചെരാതു കത്തിച്ചു പ്രാർഥിക്കുന്നവരുടെ തിരക്കാണ്.  കാറ്റിൽ നാളം കെടാതെ ദീപാർച്ചന നടത്തുകയാണു ബെംഗളൂരു സ്വദേശിനി പ്രിയങ്ക.   

‘‘രണ്ടാം തവണയാണു ഞാനിവിടെ വരുന്നത്.  ആദ്യം വന്നതു  വിവാഹം കഴിഞ്ഞപ്പോൾ ആണ്. കുഞ്ഞുണ്ടായിക്കഴിഞ്ഞു  വന്നു തൊഴാമെന്ന് ആഗ്രഹിച്ചിരുന്നു.’’ അച്ഛന്റെ തോളിലുറങ്ങുന്ന കു‍ഞ്ഞിനെ നോക്കി പ്രിയങ്കയുടെ പുഞ്ചിരി.

ചുറ്റും നിരത്തി വച്ച ശിവലിംഗങ്ങൾക്കിടയിലൂടെ നടന്നു. ചുവപ്പും മഞ്ഞയും പച്ചയും നീലയും നിറമുള്ള പ്രതലങ്ങളിലാണു ചിലതു സ്ഥാപിച്ചിരിക്കുന്നത്. സമർപ്പിച്ചവരുടെ വിവരങ്ങൾ കൊത്തി വച്ചിട്ടുണ്ട്. അതിൽ നടൻ ചിരഞ്ജീവിയുടെയും വിജയ്‌യുടെയും ഫാൻസിന്റെയും പേരുകൾ കണ്ടു. ‘ഭക്തർക്ക് എങ്ങനെയാണു പ്രതിഷ്ഠ നടത്താനാകുക?’ ചോദ്യത്തിനു മറുപടിയായി ക്ഷേത്രത്തിലെ ഗൈഡ് മഹാലക്ഷ്മി പറഞ്ഞു, ‘‘8000 മുതൽ ഒന്നരലക്ഷം രൂപ വരെയാണു സമർപ്പണത്തിനായി ചെലവാകുന്നത്. പല വലുപ്പത്തിലുള്ളവയുണ്ട്. ഒരടി പൊക്കം ഉള്ളവയ്ക്ക് എണ്ണായിരം രൂപയാണു ചെലവ്. പഞ്ചമുഖ ശിവലിഗ പ്രതിഷ്ഠയ്ക്കാണ് ഒന്നരലക്ഷം രൂപയാകുന്നത്. ’’   

Karnataka-Koti-Lingeshwara-Temple-Journey
1. സ്വാമിജിയുടെ സമാധി

ശക്തി പീഠത്തിനരികിൽ

കാഴ്ചയുടെ ആകാശപ്പൊക്കത്തിൽ നിന്നിറങ്ങി താഴേക്കു നടന്നു. പടികൾ ഇറങ്ങി ചെല്ലുന്നതും  ശിവലിംഗങ്ങൾക്കിടയിലേക്കു തന്നെ. ഈ ഇടത്തിനു ശക്തി പീഠം എന്നാണുപേരെന്നു മഹാലക്ഷ്മി. ലോകത്തിലെ 17 ശക്തിസ്വരൂപങ്ങളെ ഇവിടെ സ്ഥാപിച്ചിരിക്കുന്നു എന്നാണു വിശ്വാസം. ദുർഗയുടെയും പാർവതിയുടെയും പ്രതിഷ്ഠകൾ കണ്ണാടിക്കൂടിനുള്ളിലുണ്ട്.

ക്ഷേത്ര  പരിസരത്തു  തന്നെയാണു സ്വാമിജിയുടെ സ മാധി ഗൃഹം. പീഠത്തിൽ ദൈവികമായ ചിരി വിതറി സ്വാമിയുടെ മുഖം.  മാർബിൾ തണുപ്പിലേക്കു കയറി നിന്നു.  ഭ ക്തർക്കു തന്നെ പ്രതിഷ്ഠ നടത്താമെന്ന, കോടി ശിവലിംഗ പുണ്യം വിതറുന്ന ഇടമായി ഒരു കുഞ്ഞുഗ്രാമത്തെ മാറ്റിയ ആ സ്വപ്നത്തെ വന്ദിച്ചു പുറത്തേക്കിറങ്ങി.   

കാഴ്ചകൾക്കൊടുവിൽ പടിക്കെട്ടുകളിൽ വിശ്രമിക്കുന്ന  ഭക്തർ.  അവർക്കൊപ്പം ആരിവേപ്പിന്റെ തണലിൽ ഇരുന്നു. ഭസ്മത്തിന്റെ, ചന്ദനത്തിരിയുടെ ഗന്ധമുണ്ട്. അകത്തു നിന്നു ശംഖനാദവും മണിയൊച്ചയും ഒഴുകിയെത്തുന്നു. കണ്ണടച്ചിരുന്നു. നാദവും ഗന്ധവും മനസ്സില്‍ നിറഞ്ഞു തുടങ്ങി. വെയിൽച്ചൂടിലും വീശിയടിക്കുന്ന കാറ്റ് ഇലകളിൽ ശിവനടനം തുടങ്ങിക്കഴിഞ്ഞു.

‘ശംഭോ ശങ്കര നമഃശിവായ

ഗിരിജാ ശങ്കര നമഃശിവായ...’

കഥകളുടെ ഏടുകളിൽ നിന്ന്...

കോടിശിവലിംഗ ക്ഷേത്രമെന്ന സങ്കൽപത്തെ കുറിച്ച് പുരാണത്തിൽ ഒരുപാടു കഥകളുണ്ട്. അതിലൊന്ന് മ ഞ്ജുനാഥന്റേതാണ്. ധർമസ്ഥലി ദേശത്തു ജീവിച്ച   ബ്രാഹ്മണനായിരുന്ന മഞ്ജുനാഥൻ.  ഗുസ്തിയിലൊക്കെയായിരുന്നു  കമ്പം. ദൈവവിശ്വാസമില്ലെന്നു മാത്രമല്ല പരിഹാസവും പതിവുണ്ടായിരുന്നു  പെട്ടെന്നൊരു ദിവസം അദ്ദേഹം വലിയ ശിവഭക്തനായി. നാട്ടുകാർ അതൊട്ടു വിശ്വസിച്ചുമില്ല.

മഞ്ജുനാഥൻ ഒരിക്കൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ തൊഴാനെത്തി. അകത്തേക്കു കയറിയ ഉടൻ ക്ഷേത്രദീപങ്ങൾ ഒന്നൊന്നായി അണഞ്ഞു തുടങ്ങി. അദ്ദേഹം ഞെട്ടിപ്പോയി. മഞ്ജുനാഥന്റെ ഭക്തിയില്ലായ്മയാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്ന് നാട്ടുകാർ  പ റഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ അദ്ദേഹം ഭക്തിപൂർവം കീർത്തനങ്ങൾ ആലപിച്ചു. അ തോടെ വിളക്കുകൾ ഒന്നൊന്നായി തെളിഞ്ഞു. കൂടെ നിന്നവർ  കൈകൾ കൂപ്പി.

 മഞ്ജുനാഥൻ പശ്ചാത്താപം കൊണ്ട് എരിയാൻ തുടങ്ങി. പണ്ടത്തെ പരിഹാസവും അഹങ്കാരവുമാണ് എല്ലാ കുഴപ്പങ്ങൾക്കു കാരണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കോടിപ്രാവശ്യം അദ്ദേഹം ‘ഓം നമശിവായ’ മ ന്ത്രം ജപിച്ചു. പ്രായശ്ചിത്തമായി ഒരു കോടി ശിവലിംഗങ്ങൾ സ്ഥാപിക്കാൻ  തീരുമാനിച്ചു. ഇതാണു കോടി ലിംഗേശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു സങ്കൽപം.

TRAVEL INFO

എങ്ങനെയെത്താം: ട്രെയിനിലാണു യാത്രയെങ്കിൽ ബംഗാരപ്പേട്ട് സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്ന് 13 കിലോമീറ്റർ. റെയിൽവെ സ്റ്റേഷനിൽ നിന്നു ബസ്സിനോ ഒാട്ടോയ്ക്കോ പോകാം. ബെംഗളൂരുവിൽ നിന്ന് എൺപതു കിലോമീറ്റർ ദൂരം. നേരിട്ടു ബസ് കുറവാണ്. ബെംഗാരപ്പേട്ടിലോ കെ.ജി.എഫിലോ എത്തി കോടിലിംഗേശ്വരയിലേക്ക് എത്താം. കെ. ജി.എഫിൽ നിന്നു 12 രൂപയാണ് ടിക്കറ്റ് നിരക്ക്  . 
താമസം: രണ്ടു ലോഡ്ജുകൾ മാത്രം. റസ്റ്ററന്റുകളും കുറവ്.

ക്ഷേത്രസമയം: രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ

അടുത്തു കാണാനുള്ള മറ്റു സ്ഥലങ്ങൾ: മുൾപാതൽ, കോലാരമ്മ, നരസിംഹസ്വാമി ക്ഷേത്രം തുടങ്ങി എട്ടോളം ക്ഷേത്രങ്ങളുണ്ട്.

കെജിഎഫ് സിനിമയിലെ  കൊലാർ ഗോൾഡ് മൈ ൻസ് ഇതിനടുത്താണ്. സ്വർണ ഖനികളും  കമ്പനികളും അടച്ചിട്ടിരിക്കുകയാണ്. സ്വർണ ഖനനം നടത്തിയ ശേഷമുള്ള മണ്ണുമല ഇപ്പോഴുമുണ്ട്.

Karnataka's Koti Lingeshwara Temple: A Million Devotional Wonders:

Koti Lingeshwara Temple, located in Kammasandra, Karnataka, is a spiritual destination renowned for housing nearly one crore Shiva Lingas. The temple, approximately 80 kilometers from Bengaluru, boasts the largest Shiva Linga in Asia. Founded by Swami Sambha Shivamurthy, a former BEML official, the temple's inception was driven by his aspiration to enable devotees to consecrate their own Shiva Lingas. Initially envisioned with one crore Shiva Lingas, the dream is being realized by devotees, with the current count exceeding 97 lakhs. The vast complex features numerous Shiva Lingas of varying sizes, alongside dedicated shrines for various deities. Devotees can even perform Abhishekams themselves, adding a unique participatory element to the pilgrimage. The temple's spiritual ambiance and the sheer scale of its offerings draw thousands of visitors daily, making it a significant pilgrimage site.

ADVERTISEMENT