ഓണക്കാലത്തു മനം നിറയെ പ്രാർഥനകളുമായി പോകാം മൂവാറ്റുപുഴയാറിന്റെ തീരത്തെ വെള്ളൂർ വാമനസ്വാമി ക്ഷേത്രത്തിലേക്ക്...
മൂവാറ്റുപുഴയാറിൽ മുങ്ങിക്കയറി വന്ന കാറ്റ് അതിന്റെ കുളിരു മുഴുവൻ ചൊരിഞ്ഞിട്ടെന്നോണം ഇളകിയാർക്കുന്ന ആലിലകൾ. ഇളവെയിലിൽ തിളങ്ങുന്ന പ്രദക്ഷിണ വഴി. പടവുകൾ കയറി ക്ഷേത്രമുറ്റത്തെത്തുമ്പോൾ ഇടയ്ക്കയുടെ അകമ്പടിയോടെ പതിഞ്ഞ സ്വരത്തിൽ സോപാന സംഗീതത്തിന്റെ അലയൊലികൾ....
പദനഖനീര ജനിത ജന പാവന
കേശവ ധൃത വാമന രൂപ ജയ ജഗദീശ ഹരേ...
വെള്ളൂർ വാമനമൂർത്തിയുടെ തിരുനടയിലേക്കു നടക്കുമ്പോൾ ഇതിലും അർഥവത്തായി എന്തു കേൾക്കാൻ?
മാവേലിത്തമ്പുരാൻ വാണ കേരളത്തിൽ വാമനാവതാരത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അപൂർവമല്ല. മഹാബലിക്കൊപ്പം വാമനൻകൂടി ചേരുമ്പോഴാണ് ഓണക്കഥകൾ പൂർണതയിലെത്തുക. ഓണാഘോഷങ്ങളുടെ അവിഭാജ്യ ഭാഗമായ തൃക്കാക്കരയപ്പനിൽ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ പ്രശസ്തങ്ങളായ വാമന ക്ഷേത്രങ്ങളുണ്ട്.
കോട്ടയം ജില്ലയിലെ വെള്ളൂർ വാമന സ്വാമി ക്ഷേത്രത്തിലെ പ്രത്യേകത ഇവിടത്തെ പ്രതിഷ്ഠയുടെ ബാലഭാവമാണ്. പഴമയും ആചാര വിശേഷങ്ങളും നിർമാണ കൗതുകങ്ങളും അതിന്റെ പകിട്ട് ഏറ്റുന്നു.
മൂവാറ്റുപുഴയാറിന്റെ തീരത്തു നിന്ന് ഒരു വിളിപ്പാടകലെ, അൽപം ഉയരത്തിലുള്ള ക്ഷേത്രമതിൽക്കകത്തേക്കുപടികൾ കയറി. പഴയ മട്ടിൽ തടികൊണ്ടുള്ള ഉത്തരങ്ങളിൽ ഓടു മേഞ്ഞ മാളികകളോടു കൂടിയ നാലമ്പലം, കൊത്തുപണികളുള്ള മുഖപ്പ്, സാമാന്യം നീളവും ഉയരവുമുള്ള ബലിക്കൽപുര, ക്ഷേത്രത്തോളം പഴക്കം തോന്നിക്കാത്ത കൊടിമരം, ഉപദേവാലയങ്ങൾ... ക്ഷേത്രഘടകങ്ങളെല്ലാമുണ്ട് ആ മതിൽക്കകത്ത്.
ബലിക്കൽപ്പുരയിൽ തൊഴുതു നിൽക്കവേ നാലമ്പലത്തിൽ മണിമുഴങ്ങി, ഉഷഃപൂജ കഴിഞ്ഞു നട തുറക്കുമ്പോൾ ശ്രീകോവിലിനുള്ളിലെ വടു വാമനരൂപം കർപ്പൂര പ്രഭയിൽ തിളങ്ങുന്നു.
പെരുന്തച്ചന്റെ വൈഭവം
മുൻപിൽ നിന്നു നോക്കുമ്പോൾ സമചതുരം, വശങ്ങളിൽ നിന്നു നോക്കിയാൽ ദീർഘചതുരം, പിന്നിൽ നിന്നു നോക്കിയാൽ വൃത്താകാരം... ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ കാണാവുന്ന ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലാണ് വെള്ളൂരിലെ വാമനസ്വാമിയുടേത്.
പേരു പോലെ ആനയുടെ പിൻവശത്തോടു സാമ്യമുള്ളതാണു ശ്രീകോവിലിന്റെ പിറകുവശവും. ഇത്തരത്തിലുള്ള ശ്രീകോവിലുകൾ കേരളത്തിൽ ഏറെയൊന്നുമില്ല. സാമാന്യത്തിലേറെ വലുപ്പമുള്ള ശ്രീകോവിലിന്റെ അകത്തു തന്നെ രണ്ടു മുറികൾ കടന്നാണു ഗർഭഗൃഹം. ഓടു മേഞ്ഞതാണു ശ്രീകോവിൽ.
ക്ഷേത്ര നിർമാണകാലത്ത് ഉടമസ്ഥർക്കിടയിൽ ശ്രീകോവിലിന്റെ രൂപത്തെപ്പറ്റി അഭിപ്രായ ഭിന്നതയുണ്ടായപ്പോൾ എല്ലാവർക്കും സമ്മതമാകും വിധം ഗജപൃഷ്ഠ ശ്രീകോവിൽ നിർമിച്ചതു പെരുന്തച്ചനാണെന്നാണു വിശ്വാസം. സോപാനത്തിന്റെ ഇരുവശവും കൊത്തുപണികൾ കാണാം. വടക്കു വശത്തു ഭൂ, ലക്ഷ്മീ സമേതനായ വിഷ്ണുവിനെയും തെക്കു വശത്തു ഗണപതി, നടരാജരൂപങ്ങളുമാണ് ഉള്ളത്. നാലമ്പലത്തിനകത്തു ഗണപതി, മ ഹാദേവൻ, നാഗദൈവങ്ങൾ എന്നീ പ്രതിഷ്ഠകളുമുണ്ട്.
വെള്ളം പകർന്ന ഊര്
മഹാബലിയുടെ യാഗശാലയിലേക്കു കടന്നു വന്ന ബാല ബ്രഹ്മചാരിയുടെ രൂപത്തിലായിരുന്ന വാമനനെ തീർഥക്കിണ്ടിയിലെ ജലം വീഴ്ത്തി, അർഘ്യം നൽകി, സ്വാഗതം ചെയ്ത സ്ഥലം അഥവാ വെള്ളം പകർന്നു സ്വീകരിച്ച ഊര് വെള്ളൂര് ആയതാകാമെന്നു സ്ഥലനാമ ഐതിഹ്യങ്ങളിലൊന്ന്. മൂന്നടി മണ്ണു യാചിച്ച ബ്രഹ്മചാരിയുടെ ദാനാഭ്യർഥന നിറവേറ്റാൻ ഒരുങ്ങിയ മഹാബലിക്കു മുൻപിൽ വിശ്വരൂപം ധരിച്ചു ത്രിലോകങ്ങളും അളക്കാൻ ഒരുങ്ങുന്ന ത്രിവിക്രമരൂപിയായ വാമനനാണു തൃക്കാക്കരയിലെയും മറ്റു പല വാമനക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ. അതിൽ നിന്നു വൃത്യസ്തമായി ബ്രാഹ്മണ ബാലന്റെ രൂപത്തിലുള്ള വിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠാസങ്കൽപമായി നിത്യേന പൂജിക്കുന്നത്.
1500 വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പാണ്ഡവരുടെ വനവാസ കാലത്ത് അർജുനൻ ആരാധിച്ച വിഗ്രഹം സ്വപ്ന ദർശനത്തിന്റെ ഫലമായി ഒരു ബ്രാഹ്മണൻ നദിയിൽ നിന്നു കണ്ടെടുത്ത് ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് വിശ്വാസം. വെളളത്തിൽ നിന്നു വിഗ്രഹം ലഭിച്ച ഊരാണ് വെള്ളൂര് ആയതെന്നും പറയപ്പെടുന്നു.
കാലങ്ങൾക്കു മുൻപ് ഒട്ടേറെ ഭൂമിയും ആദായങ്ങളുമുണ്ടായിരുന്ന ക്ഷേത്രത്തിനു മതിലകത്തു തന്നെ നാലു പത്തായങ്ങളും നിലവറയും ആയി മാളികപ്പുരയും ഉണ്ടായിരുന്നു. പിൽക്കാലത്തു ഭൂമിയും ആദായങ്ങളും നഷ്ടമാകുകയും ചെയ്തതോടെ നാട്ടുകാരായ ഭക്തജനങ്ങളാണു ക്ഷേത്രത്തെ നവീകരിച്ചു പുനരുദ്ധരിച്ചത്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലാണു വെള്ളൂർ വാമനസ്വാമി ക്ഷേത്രം.
പഞ്ചസാരയിടാത്ത പാൽപ്പായസം
ഒട്ടേറെ അപൂർവമായ ആചാരങ്ങൾ വെള്ളൂർ വാമന ക്ഷേത്രത്തിൽ കാണാം. അതിലൊന്നാണു രണ്ടു തിടപ്പള്ളി. രാവിലെ നാലമ്പലത്തിന്റെ തെക്കുകിഴക്കേ മൂലയിലുള്ള തിടപ്പള്ളിയിലാണു നിവേദ്യങ്ങൾ തയാറാക്കുന്നതെങ്കിൽ വൈകുന്നേരം വടക്കുകിഴക്കേ മൂലയിലുള്ള തിടപ്പള്ളിയിലാണ്. അതേപോലെ ഇവിടെ പാൽപ്പാസയത്തിൽ പഞ്ചസാര ഉപയോഗിക്കുന്നില്ല.
ബലിക്കൽപുര കടന്ന് അകത്തേക്കു വരുമ്പോൾ വലിയമ്പലത്തിൽ മിഴാവ് കാണാം. പ്രൗഢിയുടെയും സമ്പദ്സമൃദ്ധിയുടെയും ഉയരങ്ങളിലായിരുന്ന ക്ഷേത്രത്തിൽ വഴിപാടായി ഒട്ടേറെ നാൾ ചാക്യാർകൂത്ത് അരങ്ങേറിയിരുന്നു. ഭഗവാൻ കൂത്ത് കേൾക്കാൻ ആ മണ്ഡപത്തിൽ വന്നിരിക്കും എന്നാണു വിശ്വാസം. അതുകൊണ്ടു കൂത്ത് അവസാനിച്ച ശേഷം മാത്രമേ ക്ഷേത്ര നട അടയ്ക്കാറുമുണ്ടായിരുന്നുള്ളു. നാലമ്പലത്തിന്റെ രണ്ടു മണ്ഡപങ്ങളിലും ഓരോ മിഴാവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു മിഴാവേയുള്ളു.
ദീർഘാകൃതിയിലുള്ള ബലിക്കൽപുരയുടെ മുകൾത്തട്ട് കൊത്തുപണി നിറഞ്ഞതാണ്. അവിടെ നിന്ന് തെക്കോട്ട് ഇറങ്ങുമ്പോൾ ക്ഷേത്രഭിത്തിയിൽ പുരാതനമായൊരു ശിലാഫലകം പതിച്ചു വച്ചിരിക്കുന്നതു കാണാം. ഏതോ കാലത്ത് അക്ഷരങ്ങൾ ആലേഖനം ചെയ്ത ശിലയാണത്, എങ്കിലും ഇന്നുവരെ അതു വായിക്കാൻ ശ്രമിച്ചവർക്കൊന്നും ആ ഉദ്യമത്തിൽ വിജയിക്കാനായില്ല.
നിത്യവും പുലർച്ചെ അഞ്ചിനു പള്ളിയുണർന്നാൽ ഉഷഃപൂജയും പന്തീരടിക്കും ശേഷം ഒൻപതരയോടെ ഉച്ചപ്പൂജ നടക്കും. പത്തിനു നടയടച്ചാൽ വൈകിട്ട് 5.30 നു നട തുറക്കും. സന്ധ്യാസമയത്തു ദീപാരാധനയും 7.30 ന് അത്താഴപൂജയും കഴിയും.
നാലമ്പലത്തിനു പുറത്ത് ഉപദേവതമാരായി ശാസ്താവും ദുർഗയും വടക്കുവശത്തു വിഷ്ണുവുമുണ്ട്. മകരമാസത്തിലെ തിരുവോണം ആറാട്ടായാണ് ഇവിടെ കൊടിയേറി ഉത്സവം നടക്കുന്നത്.
ബാലഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ ഇവിടെ ആനയും കരിമരുന്നു പ്രയോഗങ്ങളും ഉത്സവകാലത്തും പതിവില്ല. പണ്ടൊരു കാലത്ത് ആനയെ എഴുന്നള്ളിക്കാൻ കൊണ്ടുവന്നു എന്നും, ആ ആന അവിടെത്തന്നെ ശിലയായി മാറി എന്നും വിശ്വാസമുണ്ട്.
എല്ലാ മലയാള മാസത്തിലെയും തിരുവോണം തോറും നടത്തപ്പെടുന്ന തിരുവോണം ഊട്ടും ഭൂമിപൂജയും ഇവിടെ വിശേഷ വഴിപാടുകളാണ്.
HOW TO REACH
വെള്ളൂർ ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്ററേയുള്ളു വാമന സ്വാമി ക്ഷേത്രത്തിലേക്ക്. തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിൽ നിന്നും പിറവത്തു നിന്നും ഈ റൂട്ടിൽ ബസ്സുണ്ട്. ട്രെയിനിൽ വരുമ്പോൾ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ.