ADVERTISEMENT

ആയിരം വർഷം മുൻപ് അറിവിന്റെ കേദാരങ്ങളായിരുന്ന നളന്ദ, തക്ഷശില എന്നിവ പോലെ തന്നെ പ്രശസ്തമായിരുന്നു തിരുവനന്തപുരത്തെ കാന്തള്ളൂർ വിദ്യാപീഠവും മഹാദേവ ക്ഷേത്രവും.

ക്ഷേത്രമനയ്ക്കുള്ളിൽ കർക്കടകം കഠിനമായി പെയ്ത ഒരു പ്രഭാതമായിരുന്നു അത്! നൂറ്റാണ്ടുകൾ പഴക്കമുള്ള പേരാലിന്റെ ശിഖരങ്ങളിൽ പക്ഷികൾ ചിറകൊതുക്കിയിരുന്നു.  

ADVERTISEMENT

തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ നാലേക്കറിൽ പരന്നു കിടക്കുകയാണു വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രം. ആയിരം വർഷങ്ങൾക്കപ്പുറത്തു നിന്ന് ആരംഭിക്കുന്നതാണു ക്ഷേത്രത്തിന്റെ എഴുതപ്പെട്ട ചരിത്രം.  

ചേര–ചോള പാണ്ഡ്യന്മാരുെട ഭരണകാലത്തെ പല രേഖകളിലും കാന്തള്ളൂർ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ചേര–പാണ്ഡ്യ രാജാക്കന്മാർ യുദ്ധം ചെയ്തു വീരമൃത്യു വരിച്ചെന്നും അവരുടെ ഭാര്യമാർ ചിതയിൽ ചാ ടി ആത്മാഹുതി ചെയ്തെന്നും ആ സ്ഥലത്തു സ്വയംഭൂവായ മഹാദേവ വിഗ്രഹം വെളിവായെന്നുമാണ് ഐതിഹ്യകഥകൾ. അങ്ങനെ ജ്വാലയിൽ നിന്നുണ്ടായ മഹാദേവൻ പിന്നീട് ‘ജ്വാലാ മഹാേദവൻ’ എന്നും ജ്വാല ലോപിച്ചു ‘ശാല’ ആയതാെണന്നും കഥാഭേദങ്ങളുണ്ട്.

ADVERTISEMENT

‘‘രാജഭരണകാലത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ക്ഷേത്രത്തിന്റെ കൽചുമരുകളിൽ കാണാം. പ്രധാന ശ്രീകോവിലിന്റെ പുറംചുമരിൽ വട്ടെഴുത്തു ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള രാജേന്ദ്രചോളന്റെ ശിലാശാസനങ്ങൾക്ക് ആയിരം വർഷങ്ങളുടെ പഴക്കമാണ് പറയുന്നത്.’’ പ്രസിദ്ധ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ. എം.ജി. ശശിഭൂഷൻ പറയുന്നു. എഡി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കുവലയമാലയിലും  ക്ഷേത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിന്റെ വിദ്യാപീഠം

ADVERTISEMENT

പ്രാചീന ഭാരതത്തിലെ പ്രശസ്ത സർവകലാശാലകളായിരുന്ന നളന്ദ, തക്ഷശിലകൾ പോലെയായിരുന്നു  കേരളത്തിലെ കാന്തള്ളൂർ വിദ്യാപീഠവും. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളി‍ൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.

ശാസ്ത്രവും സാഹിത്യവും മുതൽ കായികാഭ്യാസം വ രെ ഇവിടെ പഠനവിഷയമായിരുന്നു എന്നും പരാമർശങ്ങളുണ്ട്. പൗരാണികത വിളിച്ചോതുന്നതാണു ക്ഷേത്രത്തിന്റെ ശില്പസൗന്ദര്യം. ക്ഷേത്രശില്പങ്ങളിൽ കാണുന്ന, കൊത്തുപണികളിൽ നൂറ്റാണ്ടുകളുടെ പിൻവിളിയുണ്ട്. മഹാദേവക്ഷേത്രത്തിനു കിഴക്കു വശത്തു കിള്ളിയാർ ഒഴുകുന്നു. തെക്കുവശത്താണു കിള്ളിപ്പാലം ഹൈസ്കൂൾ.

‘‘ഈ സ്കൂൾ നിൽക്കുന്ന സ്ഥലമായിരുന്നത്രേ പഴയ വേദപാഠശാല.  ഈ സ്ഥലം ഇപ്പോഴും രേഖകളിൽ ‘കൊട്ടാരത്തുപുരയിടം’ എന്ന േപരിലും ‘ചെമ്പുപണിപ്പുര’ എന്ന പേരിലുമാണ് കാണുന്നത്. ഇതിൽ നിന്നു കൊട്ടാരവും ഈ ക്ഷേത്രവുമായുള്ള ബന്ധം വ്യക്തമാണ്.’’ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വലിയശാല പ്രവീൺ പറഞ്ഞു.  

ക്ഷേത്രത്തിന്റെ നിർമിതി ഒട്ടുമിക്കവാറും കരിങ്കല്ലിലാണ്. ദാരുശില്പങ്ങളെക്കാൾ കരിങ്കല്ലിൽ കൊത്തിയവയാണു കൂടുതലും.  കന്യാകുമാരി ജില്ലയിെല ശുചീന്ദ്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെയും കാന്തള്ളൂർ ക്ഷേത്രത്തിന്റെയും നിർമിതികളിൽ സമാനതകൾ ഏറെയുണ്ട്. ഉദാഹരണത്തിനു കൽമണ്ഡപത്തിന്റെ ആകൃതിയിലുള്ള പാഠകശാല. പിന്നെ ചുറ്റമ്പലം. രണ്ടു കൊടിമരമാണ് എന്ന അപൂർവതയുമുണ്ട്.  വിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപത്തിന്റെ മച്ചിൽ ഒറ്റക്കല്ലിൽ‍ തീർത്ത ശില്പം കാണാം. ചങ്ങലയാൽ ബന്ധിക്കപ്പെട്ട പാമ്പിന്റെ രൂപം അദ്ഭുതമുളവാക്കും.

ഒരാൾ പൊക്കമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ‘ക്ഷിപ്രപ്രസാദിയും ശാന്തസ്വരൂപനുമാണ് ഇവിടുത്തെ മഹാദേവ സങ്കൽപം. ദാരിദ്ര്യദുഃഖം മാറാനും മംഗല്യഭാഗ്യത്തിനും  ഭഗവാന്റെ അനുഗ്രഹം തേടി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു ഭക്തരെത്തുന്നു.’’ ക്ഷേത്രോപദേശക സമിതി സെക്രട്ടറി വി.വി.വിശാഖിന്റെ വാക്കുകൾ. മൂന്നു ശ്രീകോവിലുകൾ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ത്രിമൂർത്തി സങ്കല്പമാണെങ്കിലും ബ്രഹ്മാവിനായി പ്രത്യേക ക്ഷേത്രമോ ആരാധനയോ ഇല്ല. നടുവിലും ഇടതുവശത്തും ശിവലിംഗവും വലതുവശത്തു വെങ്കിടാചലപതി ഭാവത്തിൽ മഹാവിഷ്ണു പ്രതിഷ്്ഠയും. കടുശർക്കര യോഗത്തിലാണ് ഈ പ്രതിഷ്ഠ എന്നതുകൊണ്ട് ഇവിടെ നേരിട്ട് അഭിഷേകമില്ല.

kanthaloor-temple3
വേദപഠനം നടന്നുകൊണ്ടിരുന്ന കൽമണ്ഡപങ്ങളിൽ ഒന്ന്

ദേവതകൾ നിറഞ്ഞ നാലമ്പലം

നാലമ്പലത്തിനുള്ളിൽ ഗണപതിയും രണ്ടു ശിവക്ഷേത്രങ്ങളും മഹാവിഷ്ണുവുമുണ്ട്. ഇതിനുപുറമേ പടിഞ്ഞാറ് ദർശനമുള്ള മഹിഷാസുരമർദിനിക്കും അയ്യപ്പനും മുരുകനും പ്രത്യേകം ക്ഷേത്രങ്ങൾ. അഞ്ഞൂറിലധികം നാഗവിഗ്രഹങ്ങളുള്ള നാഗക്ഷേത്രം. ശ്രീകൃഷ്ണനും ഭൂതത്താനും നാലമ്പലത്തിനു പുറത്തുണ്ട്.

തെക്കേടം, വടക്കേടം, നടുവിൽ എന്നിങ്ങനെ മൂന്നു ശ്രീകോവിലുകളും മൂന്നു മേൽശാന്തിമാരുമാണുള്ളത്. ജിഷ്ണുവാണു തെക്കേടത്ത് ശ്രീകോവിലിന്റെ മേൽശാന്തി. ‘ശിവന്റെ പ്രധാന പ്രതിഷ്ഠയാണു തെക്കേടത്ത്. അന്നു നിലനിന്നിരുന്ന സിലിണ്ടറിക്കൽ മാതൃകയിലാണു ഇവിടുത്തെ ശ്രീകോവിലുകളുടെ നിർമാണം.’ ജിഷ്ണു പറയുന്നു.‘തെക്കേടത്ത് ശിവനു കൊടുക്കുന്ന അതേ പ്രാധാന്യം തന്നെയാണു നടുവിൽ ശിവനുമെന്ന് മേൽശാന്തി രാഹുൽ. ‘ഇത്രയധികം ഉപദേവതകൾ ഒരുമിച്ചുള്ള ക്ഷേത്രം വളരെ കുറവായിരിക്കും. ഇത്രയും വിശാലമായ ക്ഷേത്രമനയും.’ വടക്കേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മേൽശാന്തി ഗിരീഷിന്റെ വാക്കുകൾ.

നിത്യവും മൂന്നു ശീവേലിയുണ്ട്. നാലമ്പലത്തിനു പുറത്താണെങ്കിലും ഉപദേവതാസ്ഥാനമുള്ള എല്ലാ ദേവീദേവന്മാർക്കും വിശേഷദിവസങ്ങളിൽ പ്രധാനപൂജയുണ്ട്. ദേവിക്ക് എല്ലാ പൗർണമി നാളുകളിലും പ്രത്യേകപൂജയും പായസവഴിപാടും നടത്തുന്നു. അയ്യപ്പന് മണ്ഡലകാലത്തും മുരുകന് സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് അഗ്നിക്കാവടിയും ശ്രീകൃഷ്ണന് ദശാവതാര ചാർത്തുമുണ്ട്.  

‘‘എട്ട് ഉപദേവതകളും 46 ബലിക്കല്ലുകളും ഉണ്ട്. വൈകുണ്ഠസമാനമാണു വിഷ്ണുക്ഷേത്രത്തിന് ഉൾവശം. വിഷ്ണു പ്രതിഷ്ഠയ്ക്കൊപ്പം ലക്ഷ്മിദേവി, ഭൂമിദേവി,  ഗരുഡൻ, നാരദൻ, വ്യാസൻ, എന്നീ  പ്രതിഷ്ഠകളുമുണ്ട്.’’ ക്ഷേത്രതന്ത്രി തിരുവല്ല കുഴിക്കാട്ടില്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു.

ഇവിടെ ഗണപതിക്ഷേത്രങ്ങൾ രണ്ടെണ്ണം. വടവൃക്ഷമായി പടർന്നുപന്തലിച്ചു നിൽക്കുന്ന പേരാലിന്റെ ചുവട്ടിലാണ് അഷ്ടബന്ധമില്ലാത്ത ഗണപതി. അപ്പം മൂടലാണു ഇവിടുത്തെ പ്രധാന ചടങ്ങ്. ക്ഷേത്രമതിൽക്കെട്ടിനകത്താെണങ്കിലും മനയ്ക്കു പുറത്താണ് ഈ ഗണപതിയുടെ സ്ഥാനം. േപരാലിന്റെ ചുവട്ടിലിരുന്നു ഗണപതിസ്തുതി ചൊല്ലുന്നവരെ ധാരാളമായി കണ്ടു.

thiruvananthapuram-kanthalloor-mahadeva-temple-2
ആൽമരച്ചോട്ടിലെ ഉണ്ണി ഗണപതി . മേൽശാന്തിമാർ ഗിരീഷ്, ജിഷ്ണു. തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാട് (box)

ശ്രീകോവിലിനുള്ളിൽ ‘ഒക്കത്ത് ഗണപതി’

ശ്രീകോവിലിലാണ് ഒക്കത്ത് ഗണപതി. ശിവപാർവതിമാരാൽ പരിലാളിക്കപ്പെടുന്ന ഭാവമാണ് ഒക്കത്ത് ഗണപതിക്ക്. പടിഞ്ഞാറേനടയിൽ പാർവതി സാന്നിധ്യമുണ്ട്. വിഷ്ണുക്ഷേത്രത്തിനോടു ചേർന്ന് തെക്കു ദർശനത്തോടു കൂടിയ വിഷ്വക്േസനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലും ശുചീന്ദ്രത്തുമാണ് വിഷ്വക്സേനപ്രതിഷ്ഠ കാണുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ഈ നടയിൽ വിശേഷാൽപൂജകളുണ്ട്.

മറ്റു മഹാദേവക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടുത്തെ പ്രത്യേകത പ്രധാന പ്രതിഷ്ഠയ്ക്ക് ഒപ്പം നന്ദികേശ പ്രതിഷ്ഠയില്ല എന്നതാണ്. ഇവിടെയുണ്ടായിരുന്ന നന്ദികേശൻ ഒരിക്കൽ ക്ഷേത്രാചാരങ്ങളിലുണ്ടായ പാകപ്പിഴയിൽ പിണങ്ങി കരമനയാറു കടന്നു പോയി എന്നാണു ഐതിഹ്യം. കാണാതായ  നന്ദികേശനെ അന്വേഷിച്ചുപോയ മഹാദേവൻ കരമനയാറിന്റെ തീരത്തുള്ള തളിക്ഷേത്രത്തിൽ വച്ചുകണ്ടുമുട്ടിയെന്നും അവിടെ തന്നെ തുടരാൻ അനുഗ്രഹിച്ചെന്നുമാണു കഥ. ആ സംഭവത്തിനുശേഷം എല്ലാ വർഷവും മഹാദേവൻ ത്രിമൂർത്തി സമേതനായി ആറാടാൻ തളിയിൽ ക്ഷേത്രത്തിൽ എത്താറുണ്ട്. നന്ദികേശനെ ഊട്ടിയ ശേഷമാണ് ഭഗവാന്റെ ആറാട്ടെഴുന്നള്ളത്ത് ഊരുചുറ്റി കാന്തള്ളൂരിൽ തിരിച്ചെത്തുന്നത്.

ചേര–ചോള യുദ്ധത്തിന്റെ ഭാഗമായിരുന്നു കാന്തള്ളൂർശാലയുടെ പതനത്തിനു കാരണമെന്നു പുരാതന പാഠം. വിഴിഞ്ഞം വെങ്ങാനൂർ ഭാഗത്ത് പ്രവർത്തിച്ചിരുന്ന വേദപഠനശാലയാണ് ചോളന്മാരുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനാണ് വലിയശാല ഭാഗത്തേക്കു മാറ്റിയതെന്നും വാദങ്ങളുണ്ട്.

 ടി. ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേ വനായകി’ എന്ന നോവലിൽ സുഗന്ധി എന്ന കല്പിതകഥാപാത്രം ആയ് രാജവംശത്തിന്റെ യുദ്ധകാലത്താണു ജീവിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലോ പതിനാലാം നൂറ്റാണ്ടിലോ  എഴുതപ്പെട്ടു എന്നു കരുതുന്ന അനന്തപുരവർണനം എന്ന പ്രാചീനകാവ്യത്തിൽ കാന്തള്ളൂർശാലയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്.

‘കാന്തിയുഞ്ചെൽവമും മിക്ക

കാന്തള്ളൂർച്ചാല കാണലാം

മൂന്റു കോയിലുമെൻ മുന്നിൽ

തോന്റും തത്രമഠങ്ങളും...’

(കാന്തിയും ഐശ്വര്യവും ഉള്ള മികച്ച കാന്തള്ളൂർശാല കാണാം. അവിടെയുള്ള മൂന്നു കോവിലുകളും മഠങ്ങളും സ്വപ്നത്തിലല്ലാതെ എന്റെ മുന്നിൽ കാണുന്നു.)

kanthaloor-temple
വിഷ്ണുക്ഷേത്രത്തിനു മുന്നിൽ സഹസ്രനാമം ചൊല്ലുന്ന ഭക്തജനങ്ങൾ

ഇപ്പോഴും അനന്തപുരവർണനം പോലെ തന്നെ. സ്വപ്നം പോലെ സുന്ദരമായ മൂന്നു കോവിലുകളും അവിടെത്തന്നെയുണ്ട്. അവ മഴ നനഞ്ഞു നിൽക്കുന്നു. പേരാലിൽ ഇപ്പോഴും പക്ഷികൾ ചിറകൊതുക്കിയിരിക്കുന്നു; ഇവിടെ ചരിത്രം പോലെയാണു കർക്കടകവും;

തോരുന്നതേയില്ല....

എല്ലാം മഹാദേവന്റെ അനുഗ്രഹം: കൈതപ്രം ദാമോദരൻ നമ്പൂതിരി

‘‘1970കളുടെ തുടക്കത്തിലാണ് ഞാൻ തിരുവനന്തപുരത്തു വലിയശാലയിലുള്ള കാന്തള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നത്. പ്രശസ്ത സംഗീതജ്ഞനായിരുന്ന നാരായണൻ മാഷിന്റെ ജഗതിയിലുള്ള വീട്ടിലാണു താമസം. ശാന്തിക്കാരനായി ജീവിക്കുക, ഒപ്പം സംഗീതം പഠിക്കുക. അതായിരുന്നു ലക്ഷ്യം. പുലർച്ചെ മൂന്നിനു എഴുന്നേൽക്കും.  അരമണിക്കൂർ സാധകം ചെയ്യും. പിന്നെ സൈക്കിളിൽ ക്ഷേത്രത്തിലേക്ക്. അഞ്ചുമണിക്കു നടതുറക്കും. 

100 രൂപയായിരുന്നു മാസശമ്പളം. അതും  മണ്ഡലകാലം കഴിഞ്ഞ് ഒന്നിച്ചേ കിട്ടൂ. പലപ്പോഴും ഇടനിലക്കാർ വഴി കയ്യിലെത്തുമ്പോൾ പകുതിയേ ഉണ്ടാകാറുള്ളു. ഭക്തർ തരുന്ന ദക്ഷിണയിലാണു ജീവിതം മുന്നോട്ടു  പോയത്. അമ്പതു പൈസയും ഒരു രൂപയുമൊക്കെ കൂട്ടി വയ്ക്കും. അപൂർവമായി അഞ്ചു രൂപയും കിട്ടാറുണ്ട്. അന്നത്തെ വലിയ ദക്ഷിണയാണ് അഞ്ചു രൂപ. കനത്ത മഴ പെയ്യുന്ന ദിവസം ചിലപ്പോൾ ആരും വരില്ല.  രാവിലെ ദക്ഷിണ കിട്ടിയാലേ അന്നു പ്രഭാതഭക്ഷണമുള്ളൂ. അങ്ങനെ പട്ടിണിയായ ദിവസങ്ങളുമുണ്ട്.  പൂജയെല്ലാം കഴിഞ്ഞു രാത്രി എട്ടു മണിക്കാണു നട അടയ്ക്കുന്നത്.  

പ്രസിദ്ധ സംഗീതജ്ഞൻ വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ ക്ഷേത്രത്തിനടുത്തായിരുന്നു താമസം. ക്ഷേത്രത്തിനടുത്തുള്ള നമ്പിമഠം ഇന്നും  പ്രിയപ്പെട്ട ഓർമയാണ്. ക്ഷേത്രജീവനക്കാരിലെ കലാകാരന്മാരുമായി നല്ല ബന്ധമായിരുന്നു. ഒഴിവുസമയങ്ങളിൽ ഞങ്ങൾ സംഗീതസഭ കൂടും. രണ്ടുമൂന്നുകൊല്ലം കഴിഞ്ഞപ്പോൾ കാന്തള്ളൂരിൽ നിന്നു ഞാൻ ഇടപ്പഴഞ്ഞിയിലേക്ക് മേൽശാന്തിയായി പോയി. അവിടെ നിന്നാണു സിനിമയിലേക്കുള്ള വഴികൾ തുറന്നുകിട്ടുന്നത്. 

കാലം കുറേയങ്ങു കഴിഞ്ഞു. എങ്കിലും  കാന്തള്ളൂർ ക്ഷേത്രവും ജഗതിയിൽ നിന്നു കൊച്ചാർ റോഡുവഴിയുള്ള സൈക്കിൾ യാത്രയും ഭക്തർ തന്നിരുന്ന ദക്ഷിണ കൊണ്ടു കഴിച്ച ആഹാരവും ഞാൻ മറന്നിട്ടില്ല.

കാന്തള്ളൂർ മഹാദേവനു മുന്നിൽ പ്രണമിക്കുന്നു . ഓം നമഃശിവായ’’

Unveiling the Rich History of Kanthalloor Mahadeva Temple:

Kanthalloor, the ancient educational center of Thiruvananthapuram, was as renowned as Nalanda and Takshashila a thousand years ago. Located near the Sree Padmanabhaswamy Temple, this Mahadeva temple boasts a written history stretching back over a millennium, with mentions in records from the Chera, Chola, and Pandya periods. Legends link its origin to a self-manifested Shiva Lingam amidst flames after the demise of Chera-Pandya kings and their wives. Historical inscriptions, including a 1000-year-old Shila Shasan by Rajendra Chola, are preserved on the temple walls, attesting to its historical significance. The temple complex itself is a marvel of architecture, featuring intricate stone carvings and unique structural elements. It served as a significant Vidya Peetham, attracting students from across India and neighboring countries, offering education in various disciplines from science and literature to physical training. The article details its rich history, architectural grandeur, and the presence of various deities, highlighting its enduring cultural and religious importance.

ADVERTISEMENT