ബാൽക്കണിയിൽ വളർത്താൻ പറ്റിയ അലങ്കാര ചെടികൾ ഏതെല്ലാമെന്ന് അറിയാമോ? പരിപാലിക്കാൻ സമയം കുറവെങ്കിൽ ഇവ തിരഞ്ഞെടുക്കാം
Mail This Article
വീടിനുള്ളിൽ അലങ്കാരചെടികൾ വളർത്താൻ താൽപര്യമുള്ളവരുടെ പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇത്തരത്തിലുള്ള പൂച്ചെടിയുണ്ടോയെന്നത്. പലരും പൂവിട്ട ആന്തൂറിയവും പീസ് ലില്ലിയും മറ്റും വളർത്തി പരീക്ഷിക്കും. പക്ഷേ, ഉള്ള പൂവ് കൊഴിഞ്ഞുപോയാൽ പിന്നെ അവ പിന്നീട് പുഷ്പിക്കുക ബുദ്ധിമുട്ടാണ്.
എന്നാൽ, വരാന്ത, ബാൽക്കണി, കാർപോർച്ചിന്റെ വശങ്ങൾ, സൺഷേഡിനു താഴെ, മരത്തിന്റെ ചോല തുടങ്ങി രാവിലത്തെയോ ഉച്ചകഴിഞ്ഞത്തെയോ ചാഞ്ഞും ചെരിഞ്ഞും വെയിൽ കിട്ടുന്ന ഇടങ്ങളിൽ ഇവയും മറ്റു പല അലങ്കാര ചെടികളും നന്നായി വളരും, പൂവിടും.
നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടത്തു പൂവിടുന്ന റോസ്, ബൊഗൈൻവില്ല, ചെമ്പരത്തി തുടങ്ങിയവയൊന്നും തണലുള്ളിടത്തു നന്നായി വളരില്ല, ചിലപ്പോൾ ഒന്നോ രണ്ടോ പൂക്കൾ ഉണ്ടായാലായി. ഇത്തരം ഇടങ്ങൾ മനോഹരമാക്കാൻ പല വർണങ്ങളിൽ ഇലകളുള്ള അലങ്കാരച്ചെടികളാണു സാധാരണ ഉപയോഗിക്കുക. പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂക്കൾ വേണമെന്നുള്ളവർക്ക് ഇതിനായി പറ്റിയ ചെടികളെ പരിചയപ്പെടാം.
ചെടി പരിപാലിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്തെ സൗകര്യമനുസരിച്ചു നിലത്തും ചട്ടിയിലും പ്ലാന്റർ ബോക്സിലുമെല്ലാം വളർത്താൻ പറ്റിയ ചെടികൾ വിപണിയിൽ ലഭ്യമാണ്.
ഇവ സമൃദ്ധമായി പൂവിടാൻ പൂർണവളർച്ചയായ ചെടിക്ക് എൻപികെ രാസവളത്തിന്റെ നൈട്രജൻ കുറഞ്ഞ ഉൽപ്പന്നമായ എൻപികെ 00:40:37 ( 2 ഗ്രാം /ഒരു ലീറ്റർ വെള്ളം) രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന വിധത്തിൽ പൂവിടും വരെ നൽകാൻ മറക്കരുത്. കൂടാതെ പൂക്കൾ കൊഴിഞ്ഞ തണ്ടുകൾ മുറിച്ചുനീക്കുകയും വേണം.
വലിയ ശ്രദ്ധ വേണ്ടാത്ത ചെടികൾ
പീസ് ലില്ലി, ആന്തൂറിയം, ജെർബെറ, കലാത്തിയ റാറ്റിൽ സ്‌നേക് ഇനം, സിഗാർ ഇനം, ബ്രസീലിയൻ സ്റ്റാർ ഇനം, ഹെലിക്കോണിയയുടെ സെന്റ്. വിൻസെന്റ് റെഡ് ഇനം, ജമൈക്കൻ ഡ്വാർഫ് ഇനം, സിയാം ട്യൂലിപ്, റെഡ് ജിഞ്ചർ, സ്പൈഡർ ലില്ലി, ഹൈഡ്രാഞ്ചിയ തുടങ്ങിയവ. എല്ലാം നിലത്തും പ്ലാന്റർ ബോക്സിലും ഒരുപോലെ വളർത്താൻ പറ്റിയത്. ഒരു ദിവസം നനയ്ക്കാൻ മറന്നാലും ചെടിക്കു കാര്യമായി ഒരു ദോഷവും സംഭവിക്കില്ല.
ഇവയിൽ കലാത്തിയയുടെ സിഗാർ, റാറ്റിൽ സ്‌നേക് ഇനങ്ങൾ 6-7 അടി ഉയരത്തിൽ വളരുകായും കാലക്രമേണ ചുറ്റും തൈകൾ ഉണ്ടായി വന്നു കൂട്ടമായി തീരുകയും ചെയ്യുന്നതുകൊണ്ടു കൂടുതൽ സ്ഥലസൗകര്യം വേണ്ടിവരും. ഹെലിക്കോണിയ, പീസ് ലില്ലി, ആന്തൂറിയം സ്പൈഡർ ലില്ലി, സിയാം ട്യൂലിപ്, റെഡ് ജിഞ്ചർ, ഹൈഡ്രാഞ്ചിയ, ജെർബെറ, ഗ്രൗണ്ട് ഓർക്കിഡ് (സ്പാത്തോഗ്ലോട്ടിസ്) ഇവയെല്ലാം നിരയായി നിലത്തോ പ്ലാന്റർ ബോക്സുകളിലോ വളർത്താൻ യോജിച്ചവയാണ്.
നിലത്തു നടുമ്പോൾ മഴവെള്ളം അധികസമയം തങ്ങിനിൽക്കാതെ വേണം നിലമൊരുക്കാൻ. ഇവയെല്ലാം നന്നായി പുഷ്പ്പിക്കാൻ നൈട്രജൻ കുറഞ്ഞ രാസവളം നൽകുന്നതിനൊപ്പം ചെടിയിലുള്ള ഇലകളുടെ എണ്ണം കുറച്ചുനിർത്തുകയും വേണം. ഇതിനായി നന്നായി വളർച്ചയെത്തിയ ഇലകൾ മുറിച്ചു നീക്കണം.
അധിക ശ്രദ്ധ വേണം ഈ ചെടികൾക്ക് ആഫ്രിക്കൻ വയലറ്റ്, ഗ്ലോക്സീനിയ, ചൈനീസ് ബാൾസം, ഗുസ്‌മാനിയ, ബിൽബെർജിയ, അക്കുമിനെസ്, ബിഗോണിയയുടെ കെയ്ൻ ഇനം കൂടാതെ ഫെലനോപ്സിസ്, വാൻഡ, കാറ്റലിയ, ഓണസീഡിയം തുടങ്ങി ഒട്ടുമിക്ക അലങ്കാര ഓർക്കിഡുകൾ എല്ലാം നല്ല ശ്രദ്ധ നൽകി പരിപാലിക്കേണ്ട പൂച്ചെടികളാണ്. ചട്ടിയിലോ പ്ലാന്റർ ബോക്സിലോ വളർത്താം.
നന അധികമായലോ, കുറഞ്ഞാലോ അല്ലെങ്കിൽ വളർത്തുന്നിടത്ത് വെയിൽ അധികമായാലോ ചെടി കേടുവന്നു നശിക്കും. മഴ നേരിട്ടു കൊള്ളുന്നിടത്തും ഇവ യോജിച്ചതല്ല.
നന ജലം ചട്ടിയിൽ തങ്ങി നിൽക്കാതെ വേഗത്തിൽ വാർന്നു പോകുന്ന തരത്തിലുള്ള നടീൽ മിശ്രിതം ഇവയ്ക്ക് ഉപയോഗിക്കണം. ഇതിനായി ആറ്റുമണലോ പെർലൈറ്റോ നടീല്‍ മിശ്രിതത്തിൽ കലർത്തി ഉപയോഗിക്കാം.
ഓർക്കിഡുകൾക്കു കരിയും ഓടിന്റെ കഷണവും കലർന്നതു മതി. ജൈവവളം കീടങ്ങളെ ചെടിയിലേക്ക് ആകർഷിക്കും. പകരം രാസവളങ്ങൾ ഉപയോഗിക്കുന്നതു കീടനിയന്ത്രണത്തിന് ഉപകരിക്കും.