സമ്മർദം അകറ്റാം, മാനസികാരോഗ്യം മെച്ചപ്പെടുത്താം: ബയോഫിലിക് ഇടങ്ങളൊരുങ്ങുന്നതിങ്ങനെ How to Integrate Nature into Your Living Space
Mail This Article
ഒരേസമയം ശ്വസിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന, പ്രകൃതി നിറയുന്ന ഇടങ്ങളെ ബയോഫിലിക്ക് സ്പേസുകൾ എന്നു വിളിക്കാം. വീട്, ഓഫിസ്, സ്കൂൾ, കോളജ് തുടങ്ങി ഏതൊരിടത്തേയും ബയോഫിലിക്ക് ആക്കി മാറ്റാവുന്നതാണ്.
തിരക്കേറിയ ജീവിതത്തിന്റെ സമ്മർദം അകറ്റി മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഇത്തരം ഇടങ്ങള്‍ക്കു വലിയ പങ്കുണ്ട്. ചെറിയ ഇടങ്ങളിലും ഹരിതശോഭ വർധിപ്പിക്കാം എന്നതിനു സാക്ഷ്യങ്ങൾ ഏറെയുണ്ട്. പഞ്ചഭൂതങ്ങളുമായി സമരസപ്പെടലാണ് ഇവിടെ മൂല ആശയം.
കാറ്റും വെളിച്ചവും ആവോളം
- സ്വാഭാവികമായ വെളിച്ചവും കാറ്റും ഏതു കെട്ടിടത്തിനും ജീവൻ പകരും.
- വലിയ ജനാലകളിലൂടെ സൂര്യപ്രകാശത്തെ ഉള്ളിലേക്കാനയിക്കാം.
- മുകളിൽ നിന്നു വെളിച്ചം താഴേക്കു വീഴുന്ന സ്കൈ ലൈറ്റുകൾ, തുറന്ന ഇടങ്ങൾ എന്നിവയും ഇതേ ഫലം ചെയ്യും.
- പാഷ്യോ, ബാൽക്കണി, നടുമുറ്റം തുടങ്ങിയവയും വീടിനുള്ളിലെ വായൂ സഞ്ചാരം നിലനിർത്തും.
- കാറ്റിന്റെ ദിശയിൽ വിൻഡ് ചൈമുകൾ വെയ്ക്കാം. അലങ്കാര വസ്തു എന്നതിനപ്പുറം വീടിന്റെ മൂഡ് മെച്ചപ്പെടുത്താൻ ഇവ സഹായിക്കും.
- അടച്ചുപൂട്ടിയ, കരിപുരണ്ട അടുക്കളകൾ ഇന്നെവിടേയുമില്ല. ഏതൊരിടവും പോലെ അടുക്കളയും വീടിന്റെ തുറസായ ഭാഗമായിക്കഴിഞ്ഞു.
- നിർബന്ധമായും എയർ ഹോൾ, വെന്റിലേഷന്‍ എന്നിവ സ്ഥാപിക്കുക.
വീടിനുള്ളിലെ പച്ചത്തുരുത്തുകൾ
- ഇൻഡോർ പ്ലാന്റുകൾ കണ്ണിനു കുളിർമ നൽകുന്നതിനൊപ്പം വീടിനുള്ളിലെ വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഹാംഗിങ് പ്ലാന്ററുകൾ, വെർട്ടിക്കൽ ഗാർഡൻ തുടങ്ങിയവയും ആകാം.
- ജനാലകളും വാതിലുകളും പ്രകൃതിയിലേക്കു തുറക്കാം.
- പ്രകൃതിയിലേക്കു നോക്കിയിരിക്കാൻ പാകത്തിനു വീട്ടിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കാവുന്നതാണ്.
പ്രകൃതിയിലുണ്ട് വേണ്ടതെല്ലാം
- ദീർഘചതുരത്തിലും അറകളിലും ജീവിതത്തെ ഒതുക്കാതെ ഭൂമിയുടെ ഘടന മനസ്സിലാക്കി വീടു നിർമിക്കാം.
- മുള, ചൂരൽ, വെട്ടുകല്ല്, കുമ്മായം തുടങ്ങി പ്രകൃതി ദത്തമായി ലഭിക്കുന്ന വിഭവങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം.
- മണ്ണിന്റെയും തടിയുടേയുമെല്ലാം സ്വാഭാവിക ടെക്സ്ചറിന് മനസ്സിനേയും ശരീരത്തേയും ആശ്വസിപ്പിക്കാനുള്ള പ്രാപ്തിയുണ്ട്.
- പടിക്കെട്ടുകൾക്കും മറ്റും മുള, തെങ്ങിൻ തടി മുതലായകൊണ്ട് കൈവരികൾ തീർക്കാം.
- വിലയേറിയ ടൈലുകൾക്കും മാർബിളിനും പകരം നാടൻ തറയോടുകൾ പാകാം.
- ബ്രൗൺ, ബെയ്ജ്, ടെറക്കോട്ട തുടങ്ങിയ എർത്തി നിറങ്ങൾ തിരഞ്ഞെടുക്കാം.
- വീട്ടിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ കോട്ടൺ, ലിനൻ, പളുങ്ക്, ഓട്, കളിമണ്ണ് തുടങ്ങി പ്രകൃതിദത്തമായ പകരക്കാരെ ഉൾപ്പെടുത്തുക.
മനസ്സ് ശാന്തമാക്കുന്ന ജലാശയങ്ങൾ
- നമ്മുടെ മനസ്സിനെ ശാന്തമാക്കാനും ഇന്ദ്രിയാനുഭവങ്ങളുടെ മാറ്റു കൂട്ടാനും ജലാശയങ്ങൾ സഹായിക്കും.
- ചെറുകുളങ്ങൾ, താമരപ്പൊയ്ക, ഫൗണ്ടെയ്ൻ തുടങ്ങി വീടിന്റെയോ ഓഫിസിന്റെയോ പല ഭാഗങ്ങളിലായി ചെറിയ ജല സാന്നിധ്യങ്ങൾ ഒരുക്കാം.
- പാഷ്യോയോട് ചേർന്നും പാർട്ടി സ്പേസുകളിലും സ്വിമ്മിങ് പൂളുകൾ നിർമിക്കുന്നതും ഇപ്പോൾ ട്രെൻഡ് ആണ്.
അവനവനോടുള്ള സ്നേഹത്തിന്റെ മറ്റൊരു തലമാണ് ബയോഫിലിക് അകങ്ങളെന്നു നിസംശയം പറയാം. വിവരങ്ങൾക്കു കടപ്പാട്- പദ്മശ്രീ ഡോ.ജി. ശങ്കർ, ചെയർമാൻ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്, തിരുവനന്തപുരം
