തനിയേ തുറക്കുന്ന കർട്ടനും ഓൺ ആകുന്ന ഏസിയും ലൈറ്റും... ഹൊറർ മൂഡല്ല, ഇതാണു ട്രെൻഡാകുന്ന ഇന്റീരിയർ ഓട്ടമേഷൻ മൂഡ് Transform Your Home with Smart Automation
Mail This Article
രാവിലെ ഉറക്കമുണരുമ്പോൾ മുറിയിലെ കർട്ടൻ പതിയെ നീങ്ങി ഇളംവെയിൽ അകത്തേക്കു തലനീട്ടി ‘ഗുഡ് മോർണിങ്’ പറയുന്നതൊന്നു സങ്കൽപിച്ചു നോക്കിയേ. പുറത്ത് ഇടിവെട്ടി മഴ പെയ്യുമ്പോൾ ഇതേ കർട്ടൻ തനിയെ അടച്ചു പൂട്ടുന്നതും ചിന്തിച്ചു നോക്കൂ.
ഒന്നു വിരൽ ഞൊടിച്ചാൽ ഇന്റീരിയർ മാറിമറിയുമെന്നൊന്നും കുറച്ചു കാലം മുൻപുവരെ ആരും കരുതിയില്ല. പക്ഷേ ഇത് എഐ യുഗമാണ്. ടെക്നോളജിയിൽ മാത്രമല്ല, വീടിനുള്ളിലും മനസ്സറിയും മെഷീനുകൾ വന്നു കഴിഞ്ഞു. ഭംഗിക്ക് ഒട്ടും കുറവു വരുത്താതെ തന്നെ വീടിനെ ‘മാജിക് ഹോം’ ആക്കി മാറ്റാൻ ഇന്റീരിയർ ഓട്ടമേഷനിലൂടെ സാധിക്കും.
അകത്തളത്തിലെ വെളിച്ചവും ശബ്ദവും നിയന്ത്രിക്കാനും ഇൻഡോറിന്റെ മൂഡു മാറ്റാനും ഓട്ടോമേഷൻ ഗാഡ്ജറ്റുകൾ വിപണിയിലുണ്ട്. സ്മാർട് ഫോണിലൂടെ വൈഫൈയുമായി കണക്ട് ചെയ്തും അല്ലാതെയും സെറ്റ് ചെയ്യാവുന്ന ഓട്ടമേഷനെ കുറിച്ചറിയാം.
ഓട്ടോമേഷൻ പലതരം
∙ അകത്തളത്തിലെ മാറ്റങ്ങളെല്ലാം ഒന്നിച്ചു നിയന്ത്രിക്കാവുന്ന സ്വിച്ച് പാഡുകളാണ് (ടച്ച് പാഡ് ഡിസൈനർ സ്വിച്ച്) ഇന്നു ട്രെൻഡ്. ലൈറ്റിങ്ങും എസിയും കർട്ടനുമെല്ലാം ഒന്നിച്ചു നിയന്ത്രിക്കാവുന്ന ഡിസൈൻ എലമെന്റായി ഇതു മാറ്റാം. വീടിന്റെ ഡിസൈനുമായി ഇണങ്ങി ചേർന്നു ഭംഗി ഒട്ടും കളയാതെ ഇതു ഡിസൈനർ എലമെന്റായി ഇന്റീരിയറിനോട് ഇഴുകിചേർന്നിരിക്കും.
∙ ഓരോ റൂമിനെയും മനസ്സിലാക്കിയാണ് സ്മാർട് ഇന്റീരിയർ ചെയ്യുക. ബെഡ്റൂമിലേക്കു വെൽകം ചെയ്യാനും ഡേ ആൻഡ് നൈറ്റ് മാറ്റം തിരിച്ചറിയാനും ഉറങ്ങുമ്പോൾ ഗുഡ് നൈറ്റ് മോഡിലാക്കാനും ഇതിലൂടെ സാധിക്കും. ഞായറാഴ്ച ഓഫിസിലേക്കു പോകേണ്ടതില്ല എന്നും രാവിലെ കുറച്ചധികം ഉറങ്ങാമെന്നും പ്ലാനുണ്ടെങ്കിൽ അതിനു വേണ്ടി വൈകി അലാറം അടിക്കുന്ന തരത്തിലും കർട്ടനുകൾ ഓപ്പണാകുന്ന തരത്തിലും സെറ്റ് ചെയ്യാം.
∙ ഓരോ മോഡും അനുസരിച്ച് എഐയുമായി ബന്ധിപ്പിച്ച് സ്വിച്ച് പാഡുകളെ കണക്ട് ചെയ്യാം. അപ്പോൾ റിലാക്സ് മോഡിനു വേണ്ടി എസി ക്രമീകരിക്കുമ്പോൾ പുറത്തെ വെയിലും മഴയും കണക്കിലെടുത്തു ടെംപറേച്ചർ ക്രമീകരിക്കാൻ എസി തന്നെ എഐ ബുദ്ധി പ്രവർത്തിപ്പിച്ചുകൊള്ളും. ബെഡ്റൂമിലെ റൊമാന്റിക് ആംബിയൻസിനും കിഡ്സ് റൂമിലെ പ്ലേ ടൈം മൂഡിനും ഇത്തരത്തിൽ സ്മാർട് ലൈറ്റ് മോഡുകൾ സെറ്റ് ചെയ്യാം.
∙ ഓട്ടമേഷനിൽ മ്യൂസിക്കിനു പ്രാധാന്യമുണ്ട്. സംഗീതത്തെ ഇന്റീരിയറുമായി ബ്ലെൻഡ് ചെയ്യുന്നതിലെ എഐ രീതിയാണ് ഇൻവിസിബിൾ സ്പീക്കർ. എവിടെ നിന്നു പാട്ടു കേൾക്കുന്നു എന്നു മനസ്സിലാകാത്ത തരത്തിൽ ഭിത്തിക്കുള്ളിൽ മറഞ്ഞിരിക്കുന്ന തരത്തിലും ടേബിൾ ലാംപിനു കീഴിലും ടീപ്പോയിലും ഗാർഡൻ കോർണറിലെ കല്ലായുമൊക്കെ ഇൻവിസിബിൾ സ്പീക്കറുകൾ വിപണിയിലുണ്ട്.
∙ എഐ ഉപയോഗിച്ചു തന്നെ ക്രിയേറ്റീവ് മോഡുകൾ സെറ്റ് ചെയ്യാം. പുറത്തെ വെളിച്ചവും ഉള്ളിലുള്ളവരുടെ ആവശ്യവുമനുസരിച്ചാണ് ഇതു മാറിമറിയുക. സ്വിച്ചിനു പകരം എഐ ടച് പാനൽ പിടിപ്പിച്ചാൽ വീട്ടിലെ ഓരോ അംഗവും ടച് പാനലിനു മുന്നിലെത്തുമ്പോൾ തന്നെ ആളെ തിരിച്ചറിഞ്ഞ് ഇന്റീരിയറിലൈ ലൈറ്റും മറ്റു കൺട്രോളുകളും മാറും. ഇതിനു വേണ്ടി ഓരോരുത്തരുടെയും ആവശ്യവും സൗകര്യവും അനുസരിച്ചുള്ള സെറ്റിങ്സ് വരുത്തിയാൽ മതി.
∙ വോയ്സ് കമാൻഡുകളിലൂടെ ഓരോ മുറിയിലെയും ഓരോ സംവിധാനവും എഐയിലൂടെ നിയന്ത്രിക്കാം. ലിവിങ് റൂമിലെ ഏസിക്കു തണുപ്പു കൂടുതലാണെന്നു പറഞ്ഞാൽ അതു തിരിച്ചറിഞ്ഞ് ഏസിയുടെ തണുപ്പു കുറയ്ക്കും. ലൈബ്രറി സ്പേസിലെ ലൈറ്റ് ഓൺ ചെയ്യാനും ഇങ്ങനെ ഉറക്കെയൊരു ‘ആത്മഗതം’ മതി.
∙ ലിവിങ് റൂമിലെ ഫർണിച്ചറുകളിലേക്കും മറ്റും വൈയിൽ നേരിട്ടു വീഴാത്ത തരത്തിൽ പൊസിഷൽ അഡ്ജസ്റ്റ് ആകുന്ന ഇന്റലിജന്റ് കർട്ടൻ സെറ്റിങ്ങുമുണ്ട്.
∙ സ്വിമ്മിങ് പൂളിന്റെ വെള്ളത്തിന്റെ അളവു മുതൽ കൃത്യസമയത്തു ഫിൽട്ടറേഷനും റീഫില്ലിങ്ങും നടത്താനും ഓട്ടമേഷനെ ആശ്രയിക്കാം. നിങ്ങൾ വീട്ടിലില്ലാത്ത സമയത്തു ചെടികൾ നനയ്ക്കാനും, വീടിനുള്ളിലെ വായുവിന്റെ ക്വാളിറ്റി കുറഞ്ഞാൽ സെൻസർ വഴി തിരിച്ചറിഞ്ഞ് പ്രശ്നം പരിഹരിക്കാനുള്ള നടപടികളെടുക്കാനും എഐ മതി.
സുരക്ഷയ്ക്കും മൂഡ് മാറ്റത്തിനും
കോളിങ് ബെൽ കേട്ടാൽ വാതിലിലെ കുഞ്ഞുപഴുതിലൂടെ പുറത്താരാണെന്നു കണ്ട ശേഷം തുറക്കുന്ന നയന്റീസ് ഓർമയില്ലേ. അതിന്റെ ന്യൂജെൻ വെർഷനാണ് ഫ്രണ്ട് ഡോർ ആക്സസ് കൺട്രോൾ. വാതിലിനു പുറത്തു നിൽക്കുന്നയാളോടു സംസാരിക്കാനും അയാളുടെ മുഖം കാണാനും ഈ സംവിധാനത്തിലൂടെ പറ്റും. പ്രധാന വാതിലുകളും മറ്റു വാതിലുകളും ഫോണിലൂടെ അടയ്ക്കാനും തുറക്കാനും മാത്രമല്ല, വീട്ടിൽ ആരുമില്ലാത്ത പ്പോൾ വാതിൽക്കലെത്തുന്നവരുടെ വിഡിയോ അലർട് ഫോണിൽ കിട്ടാനുള്ള സംവിധാനവും ഓട്ടമേഷനിലുണ്ട്.
നിങ്ങൾ വീട്ടിലില്ലാത്തപ്പോഴോ രാത്രിയിലോ വീട്ടിൽ ഒ രാൾ അതിക്രമിച്ചു കടന്നാൽ എന്തുചെയ്യും ? മുന്നിലെത്തുന്ന വസ്തുക്കളുടെ ചലനങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടമാറ്റിക്കായി ഓൺ ആകുന്ന സെക്യൂരിറ്റി ലൈറ്റ് ആണ് ഇതിനുള്ള ഉത്തരം. ചലനങ്ങളും കാൽപെരുമാറ്റവും തിരിച്ചറിഞ്ഞ് ഓട്ടമാറ്റിക്കായി പ്രവർത്തിക്കുന്ന ഇവ കണ്ട് വീട്ടുകാർ ഉണർന്നെന്നു കരുതി കള്ളൻ തടിതപ്പും.
വീട്ടുടമ അറിയാതെ വീടിന്റെ പരിസരത്ത് ആരെങ്കിലും കടന്നാലോ, മോഷ്ടാക്കളോ മറ്റാരെങ്കിലുമോ അതിക്രമിച്ചു കടന്നാലോ സുരക്ഷാ അലാറം മുഴക്കുന്ന സംവിധാനവുമുണ്ട്. വീട്ടിൽ ആരുമില്ലാത്തപ്പോൾ അതു പുറത്തറിയാത്ത തരത്തിൽ ലൈറ്റ് ഓണാകുകയും ഓഫ് ആകുകയും ചെയ്യുന്ന തരത്തിലും സ്മാർട് ഹോം സെറ്റ് ചെയ്യാം.
പ്രയോജനങ്ങൾ കെങ്കേമം
പുറത്തു നിന്നു നോക്കിയാൽ അങ്ങനെ തോന്നുകയേയില്ല... എന്ന മട്ടിൽ ഇന്റീരിയറിന്റെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാതെയാണ് ഓട്ടമേഷൻ സംവിധാനങ്ങൾ പിടിപ്പിക്കുന്നത്. വീടിന്റെ പ്ലാൻ വരയ്ക്കുന്ന ഘട്ടത്തിൽ തന്നെ ഇത്തരം സംവിധാനങ്ങൾക്കു വേണ്ടിയുള്ള സ്പേസ് നിശ്ചയിക്കാം.
പുതിയ വീടുകളിൽ മാത്രമല്ല, നിലവിലുള്ള വീടുകളിലും ഹോം ഓട്ടോമേഷൻ സംവിധാനങ്ങൾ ഒരുക്കാം. ഇതിനായി വയറിങ്ങിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ഭിത്തിയിലും റൂഫിലും പാനലിങ് ചെയ്ത ശേഷം ഈ ക്രമീകരണങ്ങൾ ഒരുക്കാം.
കാണാനുള്ള ഭംഗിയും ഉപയോഗിക്കാനുമുള്ള എളുപ്പവും മാത്രമല്ല ഓട്ടമേഷന്റെ ഹൈലൈറ്റ്. ഉപകരണങ്ങൾ സെലക്ടീവ് ആയി മാത്രം പ്രവർത്തിപ്പിക്കുമ്പോൾ വൈദ്യുതോപയോഗവും കുറയും. നിശ്ചിതസമയം പ്രവർത്തിച്ച ശേഷം ഓഫ് ആകുന്ന തരത്തിൽ ഷെഡ്യൂൾ ചെയ്യുന്നതിലൂടെയും കറന്റ് ചാർജ് ലാഭിക്കാം.
ഇന്റീരിയർ ഓട്ടമേഷനിൽ അപ്ഡേഷനും വിൽപനാനന്തര സേവനവും പ്രധാനമാണ്. അതിനാൽ വിശ്വസ്തതയുള്ള ഏജൻസിയെ തന്നെ ഏൽപ്പിക്കണം.
വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട്- ശ്രീജിത് ഭാസ്കരൻ നായർ, ചീഫ് കൺസൽറ്റന്റ് ആൻഡ് ഡയറക്ടർ (Automation and AV), Gadgeon (ഇന്ത്യ, യുഎസ്എ, യൂറോപ്, മിഡിൽ ഈസ്റ്റ്)
