ആവശ്യാനുസരണം മാറ്റാം, ചെലവും കുറവ്: മുറികൾക്ക് നൽകാം കണ്ണഞ്ചിപ്പിക്കും മോഡുലാർ ഡിസൈൻ The Rise of Modular Interior Design
Mail This Article
വീടിന്റെ ഇന്റീരിയറിൽ സ്ഥല ലഭ്യത ഒരു പ്രശ്നമാകുന്ന കാലം സമ്മാനിച്ച മിന്നുന്ന ആ ശയമാണു മോഡുലാർ. പെരുക്കാനും കുറയ്ക്കാനും വീടൊരു കൈലേസ് പോലെ മടക്കിയെടുക്കാനും മോഡുലാർ ഡിസൈനിങ് രീതിയിലൂടെ കഴിയും.
മുഖം മാറും ഇന്റീരിയർ
10x12 അടി നീളവും വീതിയുമുള്ള ഒരു മുറി പണിതുവെന്നിരിക്കട്ടേ. സാധാരണ നിലയിൽ കാലാകാലങ്ങളോളം അതൊരൊറ്റ മുറിയായി തുടരും. നീക്കാനാകാതെ അലമാരകൾ പർവതങ്ങളാകും. സ്റ്റോറേജ് സൗകര്യങ്ങൾ പുതിയ ഒന്നിനെയും സ്വീകരിക്കാനാകാതെ വലയും.
മോഡുലാർ രീതിയിൽ അതേ മുറി ഡിസൈൻ ചെയ്താ ൽ മുറിയെ ബാച്ചിലർ റൂമായോ, കപ്പിൾ റൂമായോ രണ്ടു പേർക്കുള്ള ഇരട്ട മുറിയായോ, പ്രൈവറ്റ് വർക്ക് സ്പേസ് കൂടി ചേർത്തു വിഭജിച്ചോ മാറ്റാനാകും. പുതുമയും ഊർജസ്വലതയും കൊണ്ടു സദാ സ്മാർട്ടായിരിക്കാൻ അവയ്ക്ക് കഴിയും. ടിവി യൂണിറ്റ്, ഭിത്തി സ്റ്റോറേജ്, മോഡുലാർ സോഫകൾ, ഡിസ്പ്ലേ യൂണിറ്റുകൾ, പാർട്ടിഷൻ യൂണിറ്റുകൾ മുതലായവ ഉപയോഗിക്കുന്നതു കൊണ്ടു ലേ ഔട്ട് എളുപ്പത്തിൽ മാറ്റാൻ കഴിയും.
ആഡംബരം എന്നാൽ ഫ്ലെക്സിബിലിറ്റി
മീശപിരിച്ചും ഗൗരവം നടിച്ചും അകലമിട്ടു നിൽക്കുന്ന ഗൃഹനാഥനിൽ നിന്നും കുട്ടികൾ ഓടി വന്നു വാരിപ്പുണരുന്ന പുതുതലമുറ അച്ഛന്മാരിലേക്ക് ആണുങ്ങൾ മാറിയതു പോലെയാണു മോഡുലാർ ഇന്റീരിയറിലേക്കുള്ള വീടുകളുടെ മാറ്റം. വഴക്കമുള്ള (Flexibility) നിർമാണ രീതിയാണ് മോഡുലാറിന്റെ പ്രധാന ഗുണം. ഫെക്സിബിലിറ്റിയാണല്ലോ പുതിയ ലോകത്തിന്റെ ആഡംബരം.
ആവശ്യാനുസരണം സ്റ്റോറേജുകളുടേയും ഫർണിച്ചറുകളുടേയും ക്രമം മാറ്റാനാകുന്നതു സ്ഥല ലഭ്യതയും സാമ്പത്തിക ലാഭവും ഉറപ്പാക്കും. ഭിത്തികൾക്കു പകരം പൊളിച്ചു മാറ്റി തിരികെ യോജിപ്പിക്കാവുന്ന പാർട്ടീഷനുകൾ, ഏരിയ തിരിക്കാവുന്ന മൂവബിൾ പാനലുകൾ, ആവശ്യമില്ലാത്തപ്പോൾ മടക്കി വയ്ക്കാവുന്നതോ എടുത്തു മാറ്റാവുന്നതോ ആയ വാൾ ഷെൽഫുകൾ, വാൾ മൗണ്ടഡ് ടേബിളുകൾ, സോഫയോ വർക്കിങ് ടേബിളോ ആകുന്ന ബെഡ്, ആകൃതി മാറ്റം വരുത്താവുന്ന ഫർണിച്ചറുകൾ, പുൾ ഔട്ട് സ്ലാബുകൾ, ചുവരിലേക്ക് മടക്കി ഒതുക്കാവുന്ന റിട്രാക്റ്റബിൾ ബെഡ് ഇവയെല്ലാം ഫ്ലെക്സിബിലിറ്റി പരമാവധിയാക്കും.
വേഗത്തിൽ ഇൻസ്റ്റലേഷൻ
ചെറുതും വലുതുമായ വീടുകൾക്ക് ഒരുപോലെ അനുയോജ്യമാണ് മോഡുലാർ രീതി. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ ഗുണനിലവാരമുള്ള മെറ്റീരിയലുകളായ കംപ്രസ്ഡ് ഷീറ്റ്സ്, വുഡ് / മെറ്റൽ ബോർഡുകൾ എന്നിവയും ആധുനിക ജീവിതത്തിന്റെ ആവശ്യങ്ങളും ചേർന്നാണ് മോഡുലാർ രീതിയെ ഇത്രമേൽ സ്വീകാര്യമാക്കിയത്.
ഇൻസ്റ്റലേഷൻ വളരെ എളുപ്പമാണ്. മുൻകൂട്ടി ഉണ്ടാക്കിയ പീസുകൾ കൊണ്ടു വേഗത്തിലും പണിക്കാരുടെ സ ഹായമില്ലാതെയും സെറ്റ് ചെയ്യാനാകും. ‘സ്കെയിലബിലിറ്റി’ അഥവാ വലുപ്പം കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന ഗുണവുമുണ്ട്. യൂണിറ്റുകൾ പിന്നീടു കൂട്ടിച്ചേർക്കാനോ നീക്കം ചെയ്‌തുകളയാനോ കഴിയും.
നവോത്ഥാനം കൊണ്ടുവന്ന അടുക്കള
അടുക്കളയിൽ നിന്നാണ് അരങ്ങത്തേക്ക് മോഡുലാർ വിപ്ലവം ചുവടു വച്ചത്. ഇന്ന് ഏറെക്കുറേ അരങ്ങു വാഴുക തന്നെയാണ് മോഡുലാർ. വീട്ടിലെ ഒതുങ്ങിയ മൂലയിലുള്ള, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമായ അടുക്കളയെ വീടിന്റെ ഹൃദയം തന്നെയാക്കി മാറ്റി മോഡുലാർ. സ്മാർട്ട് കാബിനറ്റുകൾ, പുൾ-ഔട്ട് ട്രോളികൾ, ഇൻബിൽറ്റ് ഓവനുകൾ, സ്ലൈഡിങ് ഡ്രോയറുകൾ ഇവയെല്ലാം അടുക്കളയെ സൗന്ദര്യത്തിന്റെയും കാര്യക്ഷമതയുടെയും സമന്വയമാക്കി.
അതിഥിയെ സ്വീകരിക്കാൻ തക്കവിധം മാറിയ അടുക്കളകൾ മറ്റു മുറികളോടു ചോദിച്ചു, ‘പോരുന്നോ എന്റെ കൂടെ...’. അതോടെ എല്ലാ മുറികളും മോഡുലാർ ഡിസൈനിങ്ങിലേക്കു ചുവടു മാറി. മോഡുലാർ ആശയം ഇപ്പോൾ ഏറ്റവും കാര്യക്ഷമമാക്കിയിരിക്കുന്നത് ബെഡ്റൂമുകളെ യാണ്. കട്ടിലിനൊപ്പം മികച്ച സ്റ്റോറേജ് സംവിധാനങ്ങ ൾ, സ്വതന്ത്രമായി നീക്കി മാറ്റാവുന്ന അലമാരകൾ, ഉറക്കം വരും വരെ ജോലി ചെയ്യാവുന്ന ഫോൾഡബിൾ വർക്ക് സ്റ്റേഷനുകൾ എന്നിവ ബെഡ് റൂമിനെ ‘മോസ്റ്റ് എലിജിബിൾ റൂം’ ആക്കിയിരിക്കുന്നു.
വളരുന്ന സാങ്കേതികവിദ്യ
ഡിസൈൻ സാങ്കേതികവിദ്യയുമായി ചേർന്നു മുന്നേറുന്ന ഈ കാലത്ത് ലൈറ്റിങ്, ഇലക്ട്രിക്കൽ സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, സ്മാർട്ട് ഹോം ടെക്നോളജി, സെക്യൂരിറ്റി സിസ്റ്റംസ് എന്നിവ എളുപ്പത്തിൽ മോഡുലാർ ഘടനയയിൽ സംയോജിപ്പിക്കാനാകും. സ്മാർട്ട് ലൈറ്റിങ്, ബിൽറ്റ് ഇൻ വയർലെസ് ചാർജിങ്, അഡ്ജസ്റ്റബിൾ സെറ്റിങ്സ്, ഫോണിൽ നിന്നു നിയന്ത്രിക്കാവുന്ന ആപ്പൂകൾ എന്നിവയെല്ലാം ചേർന്നു സൗകര്യം, മാനേജ് ചെയ്യാൻ എളുപ്പം, സൗന്ദര്യപരമായി ആകർഷകം, വഴക്കം എന്നീ ഗുണങ്ങൾ മോഡുലാറിനു പ്രദാനം ചെയ്തു. ഭാവിയിലെ മോഡുലാർ സംവിധാനങ്ങൾ കൂടുതൽ ബുദ്ധിപൂർവവും പരിസ്ഥിതി സൗഹൃദവുമാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഡിസൈനിങ് വിത്ത് എആർ & എഐ
ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെയും വരവ് മോഡുലാർ ഇന്റീരിയറുകളുടെ കാര്യക്ഷമതയും സ്വീകാര്യതയും വർധിപ്പിക്കുന്നതിനു കാരണമായി. ഓഗ്‌മെന്റഡ് റിയാലിറ്റി വഴി ഉപയോക്താക്കൾക്ക് മോഡുലാർ ഡിസൈനുകൾ യഥാർഥമെന്നോണം കാണാനും വേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമാകും. ഇതിലൂടെ അനുമാനങ്ങൾക്കു പകരം വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്താനാകും.
ഉപയോക്താക്കളുടെ ജീവിതശൈലിയും ഉപയോഗ പാറ്റേണും പരിശോധിച്ച് അനുയോജ്യമായ ലേ ഔട്ടുകളിലേക്ക് എത്താനും സ്റ്റോറേജ് സൗകര്യങ്ങൾ ഏറ്റവും കാര്യക്ഷമമായി പ്ലാൻ ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സഹായിക്കും.
വിവരങ്ങൾക്ക് കടപ്പാട്
സൈറ മാത്യു
ആർക്കിടെക്റ്റ് & പാർട്ണർ
മാത്യു & സൈറ ആർക്കിടെക്റ്റ്സ്, കൊച്ചി
